UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനങ്ങളുടെ വാ കൂടി മൂടിക്കെട്ടരുത്

Avatar

റഫീഖ് തിരുവള്ളൂര്‍

ജനങ്ങൾ എന്നും പേരുള്ള നമുക്ക് അറിയാവുന്ന കാര്യം ഇത്രയുമാണ്. കേരളത്തില്‍ നമ്മുടെ ഒരു സഹോദരിയെ വളരെ മൃഗീയമായി മാനഭംഗപ്പെടുത്തി ആരോ കൊന്നു കളഞ്ഞു. കുടുംബം പുലർത്താനായി വീട്ടിൽ നിന്നകലെ ജോലിക്ക് പോയി തീവണ്ടിക്കു മടങ്ങി വരുന്ന ഒരു പെൺകുട്ടി. കൊല്ലപ്പെടുന്നതിനു മുമ്പ് അവൾ അമ്മയെ വിളിച്ചിരുന്നു. അവസാനമായി അമ്മയോട് പറഞ്ഞത് നല്ല വിശപ്പുണ്ട് അമ്മേ, വല്ലതും ഒരുക്കി വെക്കണേ എന്നായിരുന്നു. അമ്മ നല്ല ഭക്ഷണം ഉണ്ടാക്കിവെച്ചു മകളെ കാത്തിരുന്നു. അവളാണു കൊല്ലപ്പെട്ടത്. ആ അമ്മയുടെ കരച്ചിൽ കേരളത്തിലെ മാധ്യമങ്ങൾ എഡിറ്റ് ചെയ്തും, ചെയ്യാതെയും കാണിച്ചു തന്നു. ഗോവിന്ദ ചാമിയെന്ന ഒറ്റക്കയ്യനായ, തീവണ്ടികളിൽ ഭിക്ഷയെടുക്കുന്ന ആളാണിത് ചെയ്തതെന്നും പോലീസും മാധ്യമങ്ങളും കോടതികളും പറഞ്ഞു. ജനങ്ങൾ ആ കുറ്റവാളിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ കിട്ടുമെന്നും അതിനുപോന്ന നിയമ സംവിധാനം നാട്ടിലുണ്ടെന്നും അതാ അമ്മയ്ക്കു കിട്ടുന്ന നീതി ആകുമെന്നും വിശ്വസിച്ചു. ഈ ജനമാണു ഇന്നു കോടതിയെ കുറ്റപ്പെടുത്തി സംസാരിച്ചത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ഗോവിന്ദ ചാമിയുടെ വധശിക്ഷ റദ്ദാക്കി എന്നറിഞ്ഞവർ നീതിപീഠത്തെ വിമർശിച്ചു പലതും പറഞ്ഞു എഴുതി. ചില മാധ്യമങ്ങൾ അതു ശരിയല്ലെന്നു കാണിച്ചു നിയമജ്ഞരെ കൊണ്ട് തന്നെ വിശദാംശങ്ങൾ എഴുതിച്ചു. മലയാളികൾ ആഗ്രഹിക്കുന്ന പോലെ ഗോവിന്ദച്ചാമിയുടെ വധശിക്ഷ കോടതി ശരിവെയ്ക്കണമോ, തെളിവ് എന്നൊരു സംഗതി കോടതിക്ക് ആവശ്യമില്ലെന്നാണോ എന്നൊക്കെയാണു ന്യായ ഭാഗം. സുപ്രീം കോടതിക്കു മുമ്പാകെ പ്രൊസിക്യൂഷൻ പരാജയം, സൌമ്യക്കു നീതി കിട്ടിയില്ല എന്നു പ്രതിഭാഗം വക്കീൽ പറയുന്ന അവസ്ഥ. കോടതിയെ വിമർശിക്കല്ലേ, കൃത്യമായ തെളിവുകൾ ഹാജരാക്കാതിരുന്ന പ്രോസിക്യൂഷനെ കുറ്റപ്പെടുത്തൂ എന്നു നിർദേശം. ഇന്നത്തെ വിധി കോടതിയിലുള്ള വിശ്വാസം കൂട്ടുന്നതാണെന്നു പോലും ചിലർക്ക് അഭിപ്രായം.

എന്നാൽ ജനങ്ങൾക്കങ്ങനെ കരുതാൻ കഴിയാത്തതെന്തുകൊണ്ടാണ്..? കാരണം അവരുടെ മുമ്പാകെ, കോടതി ഒരു വ്യവസ്ഥയെ പ്രതിനിധാനം ചെയ്യുന്ന അഭയ സ്ഥാനമാണ്. കോടതിയാണു നീതി കിട്ടുന്ന ഇടമെന്നും തങ്ങൾ തിരഞ്ഞെടുത്ത സർക്കാർ നിയമം നടപ്പാക്കുമെന്നും കരുതുന്ന ജനം ഇവയൊക്കെ ചേർന്ന സിസ്റ്റത്തിലാണു വിശ്വാസമർപ്പിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം അവർക്കറിയാവുന്നതും അവരാഗ്രഹിക്കുന്നതും കുറ്റവാളിക്ക് ഈ വ്യവസ്ഥ വഴിക്ക് അർഹിക്കുന്ന ശിക്ഷ കിട്ടണം എന്നതാണ്. അതിനു നമ്മുടെ സർക്കാരുണ്ട്, കോടതിയുണ്ട് എന്നതാണ്. സർക്കാരും പ്രൊസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും ജഡ്ജിമാരുമൊക്കെ ഉൾപ്പെട്ട ഈ സിസ്റ്റമാണവർക്കു മുമ്പാകെ ഉള്ളത്. അക്കൂട്ടത്തിൽ സർക്കാർ അങ്ങനെ ചെയ്തു, കോടതി ഇങ്ങനെ ചോദിച്ചു, പ്രൊസിക്യൂഷൻ തെളിവുണ്ടാക്കിയില്ല എന്നിങ്ങനെ വേറിട്ടു വിശകലനം ചെയ്യാൻ അവർക്കാവില്ല, കേസിന്റെ നൂലാമാലകളിലല്ല, ഇരയുടെ നീതിയിൽ മാത്രമാണവരുടെ നോട്ടം. അവരുടെ മുമ്പാകെ ഈ വ്യവസ്ഥ പൊതുവിലാണു പരാജയം ആയനുഭവപ്പെടുന്നത്, അതിനു കാരണം ആ അമ്മ ഇപ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്നു എന്നതാണ്. ആ കരച്ചിലു കണ്ടിട്ടാണവർ കോടതിയെ അവിശ്വസിക്കുന്നു എന്നു പറയുന്നത്, നീതിന്യായം നാട്ടിൽ നടപ്പാകുന്നില്ല എന്നു ഖേദിക്കുന്നത്. പണം കേസുകൾ ജയിക്കുന്നു എന്നു വിലപിക്കുന്നത്. വാദിക്കാനറിയാത്ത വക്കീലിനെ വച്ചാൽ കേസു തോൽക്കില്ലേ എന്ന് ആ അമ്മ കരഞ്ഞു പറയുന്നു.

കുറ്റവാളിക്ക് തങ്ങൾ അടക്കുന്ന നികുതി പണത്തില്‍ നിന്ന് ഭക്ഷണം കൊടുത്ത് കൊണ്ടിരിക്കുകയാണ്, നീതിന്യായം, നീതിന്യായം എന്നു പറഞ്ഞതുകൊണ്ട് കാര്യമില്ല, നിങ്ങള്‍ അവനെ തുറന്ന് വിടുക, അവന്‍ അങ്ങനെ ജീവിക്കണ്ട, പോറ്റിപ്പോറ്റി അവനിപ്പോള്‍ നല്ല ഫുഡ്, നല്ല സൗകര്യങ്ങള്‍, പോലീസ് പ്രോട്ടക്ഷന്‍, വൈദ്യ പരിശോധന. എന്തിനിത്? ഇവരെ പോറ്റുക എന്ന കുറ്റം കൂടെ സിസ്റ്റം ചെയ്യാതിരിക്കുകയാണു വേണ്ടത് എന്നൊക്കെ തോന്നുന്ന നികുതിദായകരും സംസാരിക്കട്ടെ, കണ്ണു കെട്ടിയ ദേവതക്കു മുമ്പാകെ വാമൂടിക്കെട്ടാതെ സർ. സർക്കാർ പ്രതിഭാഗം വക്കീലിനെ വച്ചു നിയമ സഹായം നൽകേണ്ടി വന്നേക്കും എന്നു കരുതിയ ഒരു കേസിൽ ആരാണു കിടയറ്റ അഭിഭാഷകനെ ഹാജരാക്കിയത്, മള്ളൂര്‍ വക്കീലും പത്തായിരം രൂപയുമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാമെന്ന ചൊല്ല് പണ്ടുണ്ടായിരുന്നു. ഗോവിന്ദച്ചാമിക്ക് ഹാജരാകുന്ന ആളൂര്‍ വക്കീലും ആ ഗണത്തിലേക്കുയർന്നിരിക്കുന്നു. ജനത്തിനു സംശയങ്ങളും ധാരാളമുണ്ട്.

സൗമ്യയുടെ അമ്മ ടി.വി.യില്‍ കരയുന്നത് നമ്മള്‍ കണ്ടു. ആ കുടുംബത്തെയും അവരനുഭവിക്കുന്ന വേദനയും നേരിട്ടറിഞ്ഞ ഒരു സുഹൃത്തുണ്ട്. സൗമ്യ മരിക്കുന്നതിന് മുമ്പ് അമ്മയോട് ഫോണില്‍ സംസാരിച്ചതിനെ പറ്റി അമ്മ നേരിൽ പറയുന്നതു കേട്ട ഒരാൾ. വിശക്കുന്നമ്മേ, എനിക്ക് നല്ല വിശപ്പുണ്ട് എന്തെങ്കിലും ഉണ്ടാക്കി വെക്കണേ എന്നാണത്. ഷൊര്‍ണ്ണൂര്‍ എത്തുന്നതിന് മുമ്പ് വിളിച്ചിട്ടാണിത് പറയുന്നത്. അവള്‍ക്കിഷ്ടപ്പെട്ട ബിരിയാണിയുടെ പൊതിച്ചോറുമായി കാത്തിരിക്കുകയായിരുന്നു അമ്മ. ആ വിശന്നു വരുന്ന മകളെ പിന്നെ ജീവനോടെ കണ്ടിട്ടില്ലാത്ത ആ അമ്മയെ നമ്മുടെ നീതിപീഠവും, സർക്കാരും വീണ്ടും കരയിക്കുന്നതാണിന്നലെ കണ്ടത്. നിയമവും വ്യവസ്ഥയും ഇഴകീറുന്നവർക്ക് ആ കരച്ചിലു കാണാനാകുന്നില്ല എന്നതാണു നമ്മുടെ ശാപം. കഥയിലോ സിനിമയിലോ ആയിരുന്നുവെങ്കിൽ നമ്മൾ ഏറെ വ്യാകുലപ്പെടുന്ന അങ്ങനെ ഒരമ്മ. സങ്കല്പങ്ങളേക്കാൾ തീഷ്ണമായ ആ യാഥാർത്ഥ്യത്തെ നേരിൽ അഭിമുഖീകരിച്ച ഒരമ്മ. ചില്ലറ പൈസക്ക് എറണാകുളത്തെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അവളെ പിറ്റെ ദിവസം പെണ്ണ് കാണാന്‍ വരാനിരുന്ന ഒരാളുണ്ട്. അവനെ കണ്ടു സംസാരിച്ചപ്പോൾ, ഭൂമിയില്‍ മനുഷ്യനായി ജീവിക്കുന്നല്ലോ എന്ന് ലജ്ജ തോന്നി എന്നാണന്നു സുഹൃത്തെഴുതിയത്. 

സൗമ്യയെ നമ്മള്‍ മറന്നു. ഗോവിന്ദ ചാമിയെ ഇപ്പോഴും പോറ്റുന്നുണ്ട്. ഇതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അപകടകരമായ അവസ്ഥ. അത് മാറേണ്ടിയിരിക്കുന്നു. സൗമ്യയെ മറക്കുകയും ഗോവിന്ദചാമിയെ സംരക്ഷിക്കുകയും ചെയ്യുന്നതായാണു ആളുകൾക്ക് തോന്നുന്നത്. അവരാണു വാട്ട്സാപ്പിലും ഫേസ്ബുക്കിലും സംസാരിക്കുന്നത്. മുമ്പിങ്ങനെ മനസ്സു തുറന്നു സംസാരിക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല. മരിച്ചു പോയില്ലെ എന്റെ കുട്ടി, തിരിച്ചുവരുമോ അവളിനി, വിശന്നു കൊണ്ടാണല്ലൊ എന്റെ കുട്ടി മരിച്ചു പോയത് എന്ന് പറഞ്ഞിട്ട് കരഞ്ഞ അമ്മയെ ഇന്നു വീണ്ടും കരയിച്ചു, അവരു പറഞ്ഞത് നെഞ്ചു പിളരുന്ന വേദന എന്നാണ്.

നീതിന്യായ വ്യവസ്ഥയില്‍, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ വിശ്വാസമൊന്നും വെച്ചു പുലര്‍ത്താത്ത ജനങ്ങൾക്കും ഇന്നും പ്രതീക്ഷയുണ്ട്. അവരെ നിരാശരാക്കുന്നതാണു വിധിയെന്ന് അറിഞ്ഞപ്പോഴാണ് അവര്‍ പ്രതികരിക്കാന്‍ തുടങ്ങിയത്, സ്റ്റാറ്റസുകള്‍ ഇടാന്‍ തുടങ്ങിയത്. പ്രൊസിക്യൂഷൻ പരാജയം, പോലീസ് അന്വേഷണം പരാജയം എന്നതല്ല, കോടതി വിധി എന്തായിരുന്നു, അതാർക്ക് അനുകൂലമായി എന്നതാണു സാധാരണക്കാരന്റെ നോട്ടം, കോടതികളെ വിശ്വസിക്കാം എന്നതാണവരുടെ പ്രത്യാശ. ജുഡീഷ്യറി ശക്തമാവുന്നതിന് കാരണം തന്നെ ഒരു പ്രദേശത്തെ രാഷ്ട്രീയാധികാരം താഴെ പോകുമ്പോഴാണ്. കോടതി തെറ്റു വരുത്തില്ല, തെറ്റു പറ്റില്ല (പറ്റാമ്പാടില്ലെന്നാണല്ലോ), പ്രൊസിക്യൂഷനു തെറ്റു പറ്റീട്ടില്ലെന്ന് മന്ത്രി ബാലനും പറയുന്നു, ഗോവിന്ദച്ചാമിക്കും തെറ്റു പറ്റീട്ടില്ല; സൗമ്യക്കും നമുക്കും മാത്രം തെറ്റി/പറ്റി എന്നു വിചാരിക്കുന്ന ജനത്തെ, അവരുടെ നിശ്ശബ്ദതയെ ആണു പേടിക്കേണ്ടത്. അവരുടെ അഭിപ്രായ പ്രകടനത്തെ അല്ല, അതുകൊണ്ടവർ സംസാരിക്കട്ടെ. കുഴപ്പം നമ്മുടേതാണ് നമ്മളും നിയമം പഠിച്ചിരുന്നെങ്കിൽ ഈ കരുണയും മൃദുല വികാരങ്ങളും ചങ്കിലെ കൊളുത്തിപ്പിടുത്തവും നമുക്കും ഉണ്ടാകുമായിരുന്നില്ല എന്നു പൗരന്മാർ വിചാരിക്കുന്ന ഒരു നാട്ടിലെ നീതിക്കും ന്യായത്തിനും തകരാറുകൾ ഉണ്ട്, അത് വിപത്സൂചകമാണ്.

(കവിയും മാധ്യമപ്രവര്‍ത്തകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍