UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോടതി പരിശോധിച്ചത് സാങ്കേതികത്വം മാത്രം; പ്രോസിക്യൂഷന് വീഴ്ചയുണ്ടായോ എന്നതും പരിശോധിക്കണം

Avatar

ടി എന്‍ സീമ

തീര്‍ച്ചയായിട്ടും കടുത്ത നിരാശ ഉണ്ടാക്കുന്ന ഒരു വിധിയാണ് വന്നിട്ടുള്ളത്. തെളിവുകളെ സംബന്ധിച്ചുള്ള സാങ്കേതികത്വത്തിലാണ്  കോടതി പൂര്‍ണ്ണമായും ഊന്നല്‍ നല്‍കിയിരിക്കുന്നത്. പക്ഷെ സൌമ്യ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു എന്നത് നമുക്കറിയാവുന്നതാണ്. സൌമ്യ ട്രെയിനില്‍ നിന്നു വീണിരുന്നു. മാനഭംഗ ശ്രമത്തിനിടയിലാണ് വീണത്‌. അല്ലെങ്കില്‍ അത്തരം ആക്രമണ ശ്രമത്തിനിടയിലാണ് വീണത്‌. വീണതാണോ ചാടിയതാണോ തള്ളിയിട്ടതാണോ എന്ന സാങ്കേതികതയാണ്‌ കോടതി ഇവിടെ വിധി പറയാന്‍ ആശ്രയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സുപ്രീം കോടതിയുടെ വിധിന്യായ സംവിധാനത്തിന്റെ ഭാഗത്ത് നിന്ന് വന്നിട്ടുള്ള, നമ്മളെ ഏറെ നിരാശപ്പെടുത്തുന്ന കാര്യം കോടതി സാങ്കേതികത്വം മാത്രം പരിശോധിച്ചു എന്നുള്ളതാണ്.

അടുത്തത് പ്രൊസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോ എന്നുള്ളതാണ്. അത് പരിശോധിക്കേണ്ടതാണ്. കാരണം കീഴ്ക്കോടതിയില്‍ ഹാജരാക്കിയിട്ടുള്ള തെളിവുകളെല്ലാം വളരെ ശാസ്ത്രീയമായിട്ടുള്ള തെളിവുകള്‍ ആണ്.  ഫോറന്‍സിക് തെളിവുകള്‍ എല്ലാം തന്നെ കോടതിയില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞതു കൊണ്ടുതന്നെയാണ് കീഴ്ക്കോടതി പരാമാവധി ശിക്ഷ വിധിച്ചത്. അത്തരം തെളിവുകള്‍ തന്നെയാണ് സുപ്രീം കോടതിയിലും കൊണ്ടുപോയിട്ടുള്ളത്. പക്ഷെ ഇതിനകത്ത് വീഴ്ചയെ സംബന്ധിച്ചുള്ള അല്ലെങ്കില്‍ മരണകാരണമായ വീഴ്ചയെ സംബന്ധിച്ചിട്ടുള്ള കാര്യങ്ങള്‍, സാക്ഷി മൊഴികളില്‍ വന്നിട്ടുള്ള വൈരുധ്യങ്ങള്‍ തുടങ്ങിയവ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെങ്കില്‍ അല്ലെങ്കില്‍ അവിടെ എന്ത് പോരായ്മയാണ് പ്രോസിക്യൂഷന്‍ ഭാഗത്ത് സംഭവിച്ചിട്ടുള്ളത് എന്നത് പരിശോധിക്കപ്പെടുകതന്നെ വേണം.

ഒരു പുനഃപരിശോധന ഹര്‍ജി കൊടുക്കണം എന്നതാണ് ഞങ്ങളുടെ നിലപാട്. കാരണം സുപ്രീം കോടതിയില്‍ കേസ് ഇപ്പോള്‍ പരിശോധിച്ചിട്ടുള്ളത് ക്രിമിനല്‍ കേസുകളില്‍ സ്പെഷലൈസേഷന്‍ നടത്തിയിട്ടുള്ള ജഡ്ജിമാരാണ്. അല്ലെങ്കില്‍ ആ രംഗത്ത്‌ പ്രഗത്ഭരായ ആളുകളാണ്. ഇത്തരം കാര്യങ്ങള്‍ തലനാരിഴ കീറി പരിശോധിക്കുമ്പോള്‍ സാമൂഹ്യ യാഥാര്‍ത്ഥ്യം അതായത് സ്ത്രീകളുടെ സുരക്ഷിതത്വം പോലുള്ള കാര്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട് അതുംകൂടി പരിഗണിക്കുന്ന തരത്തില്‍ ഒരു റീ പെറ്റിഷന്‍ കൊടുക്കണം. 

നേരത്തെ ഹൈക്കോടതിയില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറാണ് വാദിച്ചത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ സുപ്രീം കോടതിയില്‍ കൊണ്ടുപോകണം എന്ന് തന്നെയായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിച്ചില്ല. അതുകൊണ്ടാണ് പഴയ വക്കീല്‍ ഹാജരാകാതിരുന്നത്. കീഴ്ക്കോടതിയില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരായതാണ്‌ അവിടെ വിധിയിലേക്ക് നയിച്ചത് എന്നുള്ളതാണ് സൗമ്യയുടെ അമ്മയുടെ നിലപാട്. സ്വാഭാവികമായിട്ടും അവരെ സംബന്ധിച്ചു ഒരു അമ്മയ്ക്ക് ഒരിക്കലും പരിഹരിക്കാനാവാത്ത ദുരന്തമാണ് സംഭവിച്ചത്. അവരുടെ വിശ്വാസം സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നെങ്കില്‍ അനുകൂലമായ വിധി ഉണ്ടാകുമായിരുന്നു എന്നാണ്. പക്ഷെ ഏത് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയാലും തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരമാവധി വാദിച്ച് ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ കഴിയുക എന്നുള്ളതാണ്. ട്രെയിനില്‍ നിന്നുള്ള വീഴ്ച്ചയെ സംബന്ധിച്ചുള്ള സാങ്കേതികത്വം നേരത്തെയുണ്ട്. കീഴ്ക്കോടതി ആയാലും ഹൈക്കോടതി ആയാലും പെണ്‍കുട്ടിക്ക് നേരെയുള്ള അതിക്രൂരമായ ആക്രമണം ഉയര്‍ത്തിയിട്ടുള്ള സാമൂഹിക പ്രതികരണങ്ങളെ കൂടി പരിഗണിച്ചുകൊണ്ടാണ് വാദം നടന്നതും. 

പുതിയ നിയമം അനുസരിച്ച് ബലാത്സംഗത്തിന് കൊടുക്കാവുന്ന പരമാവധി ശിക്ഷ ഏഴ് വര്‍ഷമാണ്‌. പക്ഷെ ഇവിടെ കൊലപാതകം കൂടി നടന്നിട്ടുണ്ട്. കൊലപാതകം എങ്ങനെ സംഭവിച്ചു എന്നുള്ളതിനെ കുറിച്ച് മാത്രമാണ് സംശയം വന്നിട്ടുള്ളത്. നിര്‍ഭയ കേസ് നടന്നിട്ടുള്ളതും പുതിയ നിയമം വരുന്നതിനു മുന്‍പാണ്. ആ കേസിലും മരണകാരണം റേപ്പിനിടയില്‍ ഉണ്ടാക്കിയ മുറിവുകളാണ്. ആ മുറിവുകളാണോ മരണ കാരണം ആയതെന്ന കാര്യത്തിലൊന്നും കോടതിക്ക് സംശയമുണ്ടായില്ല. കാരണം അത് നേരിട്ട് നടത്തിയ ആക്രമണമാണെന്ന രീതിയിലുള്ള തെളിവുകള്‍ പുറത്തു വന്നിരുന്നു. അതുകൊണ്ട് അവര്‍ക്ക് വധശിക്ഷ കിട്ടി.

എന്ത് തന്നെയായാലും ഈ വിധി കേരളത്തിലെ സ്ത്രീ സമൂഹത്തിനു ഞെട്ടലും ഭീതിയും ഉണ്ടാക്കുന്നതാണ്. ഒന്നരവര്‍ഷം കൊണ്ട് പ്രതി പുറത്ത് വരും. അതുകൊണ്ട് എത്രയും പെട്ടെന്നു റീ പെറ്റീഷന്‍ കൊടുക്കുന്ന നടപടികളുമായി മുന്നോട്ടു പോകും. അതിനുവേണ്ടി പരമാധി സാമൂഹ്യ സമ്മര്‍ദ്ദം ഉയര്‍ത്തിക്കൊണ്ട് വരും.

(ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റായ ഡോ. ടി എന്‍ സീമയുമായി അഴിമുഖം പ്രതിനിധി സഫിയ സംസാരിച്ച് തയ്യാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍