UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രീയക്കാരും ഭക്തി വില്‍പ്പനക്കാരും നമ്മളെ ബഹളം കൂട്ടി കൊല്ലുമ്പോള്‍

‘ശബ്ദം  താഴ്ത്തി ചിന്തയെ ബലപ്പെടുത്തുക’ എന്നൊരു അറബിപ്പഴമൊഴിയുണ്ട്. ഗഹനമായ കാര്യങ്ങള്‍ പതിഞ്ഞ ശബ്ദത്തില്‍ ഉച്ചരിക്കപ്പെടുന്നു. വിദ്വാന്റെ ആഭരണമാണ് മൗനമെന്നും പറയും. ഇതൊന്നും കേരളത്തിലെ ഭക്തി വ്യാപാരികള്‍ക്കും രാഷ്ട്രീയക്കച്ചവടക്കാര്‍ക്കും അറിയില്ല. എത്രത്തോളം ശബ്ദമുയര്‍ത്തി പറയുന്നോ അത്രത്തോളം കേമമെന്നാണ് സാദാ രാഷ്ട്രീയക്കാരുടെയും ഭക്തിവില്‍പ്പനക്കാരുടെയും വിചാരം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശബ്ദശല്യം ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് ഈ രണ്ടുകൂട്ടരില്‍ നിന്നുമാണ്.

ജീവിതം അര്‍ത്ഥശൂന്യമായ വെറും ശബ്ദകോലാഹലമാണെന്ന് വിശ്വമഹാകവി ഷെയ്ക്‌സ്പിയര്‍ പറഞ്ഞിട്ടുണ്ടല്ലോ എന്ന ഭാവത്തിലാണ് ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്നത്. യുക്തിചിന്തയും ശാസ്ത്രബോധവും വെടിഞ്ഞ് വിശ്വാസത്തിന്റെ പേരില്‍ ഉച്ചഭാഷിണി കെട്ടി അലറിവിളിക്കാന്‍ ആര്‍ക്കും മടിയില്ല. ജനങ്ങളില്‍ ഭക്തിപാരവശ്യം നിറയ്ക്കാന്‍ കേരളത്തില്‍ എല്ലാ മതക്കാരുടെയും ആരാധനാലയങ്ങള്‍ രാക്ഷസരൂപത്തില്‍ പെരുകുകയാണ്. ഒരു മണിയൊച്ചയോ ഒരു ബാങ്ക് വിളിയോ ഒരു നാമജപമോ കൊണ്ടൊന്നും ആരുടെയും ഭക്തിപ്രകടനങ്ങള്‍ അവസാനിക്കുന്നില്ല. അവിരാമമായ ആലാപനങ്ങള്‍, പാരായണങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവയാല്‍ ജനങ്ങളെയെല്ലാം ഇളക്കിമറിച്ചേ അടങ്ങൂ എന്ന വാശിയില്‍ ഭക്തിയെ ഭീകരമായ വിഭക്തിയിലേക്ക് നയിക്കുകയാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍. ദൈവം പൊട്ടനാണെന്നാണ് ഇവരുടെ വിചാരം.

അമ്പലമല്ലേ, പള്ളിയല്ലേ എന്ന് പറഞ്ഞ് സമാന്യജനങ്ങള്‍ എല്ലാ ശബ്ദശല്യങ്ങളും സഹിക്കുകയാണ്. ഇതിനെല്ലാം വ്യവസ്ഥയും വെള്ളിയാഴ്ചയും ഉണ്ടെന്ന കാര്യം അറിവുള്ളവരെന്ന് ഭാവിക്കുന്നവര്‍പോലും അവഗണിക്കുന്നു. ജനവാസ പ്രദേശങ്ങളില്‍ ഭീകരകോളാമ്പികള്‍ വച്ച് ശബ്ദമലിനീകരണമുണ്ടാക്കരുതെന്ന് നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഉച്ചഭാഷിണി ഉപയോഗത്തിന് അനുമതി നല്‍കുന്ന പൊലീസ് ശബ്ദത്തിന്റെ തോത് നിയന്ത്രിക്കണം. തെങ്ങില്‍ ഉയരത്തില്‍ കോളാമ്പി കെട്ടി ഒച്ചകൂട്ടുന്നത് തടയണം. പക്ഷേ മതസ്ഥാപനങ്ങളുടെ സംഘടിത സ്വഭാവം അനുസരിച്ച് നിയമപാലകര്‍ കണ്ണടയ്ക്കുകയാണ്. രാഷ്ട്രീയമേളകളുടെ ഉച്ചഭാഷിണി ഉപയോഗത്തിലും നിയമം കണ്ണടയ്ക്കും. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ ശബ്ദമലിനീകരണത്തിനെതിരെ പതിനായിരക്കണക്കിന് പരാതികളുണ്ട്. തീരെ അസഹനീയമാകുമ്പോഴാണ് ആരെങ്കിലും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുക. ഒരു താക്കീതോ മുന്നറിയിപ്പോ നല്‍കിയാല്‍ താല്‍ക്കാലിക ശമനമുണ്ടായെന്നുവരും. പിന്നെ അത്രയ്ക്കായോ എന്ന വാശിയോടെ കോളാമ്പി അലറി വിളിക്കും. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍, ഹൃദ്രോഗം മൂലം വിഷമജീവിതം നയിക്കുന്നവര്‍, കടുത്ത രക്തസമ്മര്‍ദ്ദമുള്ളവര്‍ തുടങ്ങി ലക്ഷോപലക്ഷം പേര്‍ മാരകശബ്ദ ശല്യത്തിന്റെ ഇരകളാണ്. ടെലിഫോണ്‍ സംഭാഷണം പോലും നടത്താനാകാത്തവിധം അലോസരപ്പെടുത്തുന്ന ശബ്ദമാലിന്യത്തിന്റെ ഭീകരഭാവം കണ്ടില്ലെന്ന് ഭാവിക്കാന്‍ ആര്‍ക്ക് പറ്റും? കേരളംപോലെ ജനസാന്ദ്രതയേറിയ ഒരു പ്രദേശത്ത് ഉച്ചഭാഷിണി ഉപയോഗത്തിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് ഒരു പരിഷ്‌കൃത ഭരണകൂടത്തിന്റെ അടിയന്തര ബാധ്യതയാണ്. നമ്മുടെ ഭരണകൂടം പരിഷ്‌കൃത സ്വഭാവമുള്ളതാണെന്ന് ആര് അവകാശപ്പെടുന്നു?

ഇങ്ങനൊക്കെ വിചാരിച്ച് ഇരിക്കുമ്പോള്‍ ഈയിടെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസീഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ പേരില്‍ ഒരു ലേഖനം ചന്ദ്രിക ദിനപ്പത്രത്തില്‍ വായിച്ചു. മോസ്‌ക്കുകളില്‍ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കണമെന്നും ബാങ്ക്‌വിളികള്‍ പരിസരവാസികള്‍ക്ക് അസഹ്യമുണ്ടാക്കരുതെന്നും വിശ്വാസിസമൂഹത്തോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഉത്തരകേരളത്തിലെ നിരവധി മുസ്ലിം ആരാധനാലയങ്ങളുടെ ഖാസിസ്ഥാനമുള്ള ഹൈദരാലി ശിബാഹ് തങ്ങളുടെ അര്‍ത്ഥവത്തും അവസരോചിതവും ആയ ഈ ആഹ്വാനം കേരളത്തിലെ ഇതര മതവിശ്വാസികളും ഗൗരവത്തോടെ കാണേണ്ടതാണ്. ശബരിമല തീര്‍ത്ഥാടനകാലം വരുന്നു. കൂടാതെ അതോടനുബന്ധിച്ചു തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പും എത്തുന്നു. അയ്യപ്പഭക്തന്മാര്‍ ഭജനപ്പാട്ടും ശരണംവിളികളും കൊണ്ട് കേരളം ശബ്ദമുഖരിതമാക്കും. തിരഞ്ഞെടുപ്പ് പ്രചാരകരുടെ ജാഥകളും കവലപ്രസംഗങ്ങളും അതിനു മുമ്പ് തുടങ്ങും. കെ. സുധാകരനെപ്പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ കണ്ണൂരില്‍ അടക്കംപറഞ്ഞാല്‍ തിരുവനന്തപുരത്തു കേള്‍ക്കാം. മൈക്കിനു മുന്നില്‍ സുധാകരനും ഇ.പി. ജയരാജനും മറ്റും പ്രസംഗിക്കുകയാണെന്ന് പറയാനാവില്ല. അലറുകയാണ്. ദൈവം പൊട്ടനാണെന്ന് ചില ഭക്തിവ്യാപാരികള്‍ കരുതുന്നതുപോലെ ജനങ്ങള്‍ക്ക് ശ്രവണവൈകല്യമുണ്ടെന്ന ഭാവത്തിലാണ് നമ്മുടെ ജനനേതാക്കള്‍ മൈക്കിനു മുന്നില്‍ നിന്ന് ബഹളം വയ്ക്കുന്നത്. സ്‌നേഹമുള്ള അനുയായികള്‍ നേതാക്കളെ ഉപദേശിക്കണം. മൈക്കില്‍ മിതമായി പറഞ്ഞാല്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കും. പറയുന്ന വാചകങ്ങളില്‍ കഴമ്പുണ്ടായാല്‍ മതി. ഇല്ലെങ്കില്‍ എത്ര വലിയ ആശയമായാലും ശബ്ദഘോഷത്താല്‍ ആരുമൊന്നും ഗൗനിക്കില്ല. പ്രസംഗം കഴിയുമ്പോള്‍ ഇടിവെട്ടി മഴപെയ്ത് കഴിഞ്ഞ പ്രതീതിയായിരിക്കും. പരിസരവാസികളുടെ രക്തസമ്മര്‍ദ്ദം കൂട്ടിയതുമാത്രം മിച്ചം.

പഞ്ചായത്തുകളും നഗരപ്രദേശങ്ങളും ഒരുപോലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനൊരുങ്ങുകയാണ്. പകല്‍ മുഴുവന്‍ കേരളം പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ പിടിയാലാകും. ഉച്ചഭാഷിണി വഴിയുള്ള പ്രചാരണത്തില്‍ നിന്ന് പരസ്പര മത്സരം തുടങ്ങും. എത്ര നിയന്ത്രിച്ചാലും കൈവിട്ടുപോകാനെളുപ്പം. നേതാക്കള്‍ കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ നാനാതരം മാലിന്യങ്ങളാല്‍ പൊറുതിമുട്ടുന്ന കേരളം വരുംമാസങ്ങളില്‍ ഏറെ കഷ്ടപ്പെടും. ശബ്ദംകൊണ്ട് ജനങ്ങളെ ആരും ഭ്രാന്തുപിടിപ്പിക്കരുത്. ഉച്ചഭാഷിണി ഉപയോഗത്തിന് നിലവിലുള്ള നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പൊലീസിന് സ്വാതന്ത്ര്യം നല്‍കേണ്ടതാണ്. രാഷ്ട്രീയക്കാര്‍ അന്യോന്യം മൈക്കുവച്ച് വീരവാദം മുഴക്കി മത്സരിക്കുന്നതിനേക്കാള്‍ ആവേശമാണ് നാട്ടിന്‍പുറങ്ങളില്‍ അടുത്തടുത്തുള്ള അമ്പലങ്ങളുടെ മത്സരം. ഒരു അമ്പലക്കമ്മിറ്റി സപ്താഹയജ്ഞം നടത്തുമ്പോള്‍ മറ്റേക്കൂട്ടര്‍ ചിറപ്പുത്സവം നടത്തും. ദിവസങ്ങളോളം രാപകല്‍ നീണ്ടുനില്‍ക്കുന്ന തുടര്‍ പരിപാടികളിലെ പ്രധാന വില്ലന്മാര്‍ പണപ്പിരിവും ഉച്ചഭാഷിണിയുമാണ്. ഭക്തര്‍ ഇഷ്ടമുള്ള സംഭാവന അര്‍പ്പിക്കട്ടെ. വിശ്വാസികള്‍ സമാധാനപൂര്‍വ്വം ദൈവദര്‍ശനം നടത്തി മടങ്ങട്ടെ. ആരാധനാ സ്വാതന്ത്ര്യം വ്യക്തിയുടെ മൗലികാവകാശമാണ്. പക്ഷേ അതിന്റെ പേരില്‍ ഉച്ചഭാഷിണി വച്ച് ജനങ്ങളെ ശല്യപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. മണ്ഡലോത്സവകാലത്ത് ക്ഷേത്രഭാരവാഹികള്‍ മുന്‍കരുതലെടുത്തില്ലെങ്കില്‍ ഭ്രാന്തമായ ഭക്തിപ്രകടനങ്ങള്‍ ശബ്ദശല്യമായി വന്ന് ജനങ്ങളെ ദ്രോഹിക്കും, രോഗികളാക്കും.

പള്ളികളും ക്ഷേത്രങ്ങളും ഈശ്വരസാന്നിധ്യമുള്ള സാംസ്‌ക്കാരിക സങ്കേതങ്ങളാണ്. സ്വച്ഛതയും മനസ്സമാധാനവും ലഭിക്കാനാണ് ഭക്തര്‍ ആരാധനാലയങ്ങളില്‍ വരുന്നത്. പുറമെ അറിവും ആനന്ദവും അവിടെ നിന്ന് ലഭിക്കുമെങ്കില്‍ നല്ലതുതന്നെ. പുരാണേതിഹാസ പാരായണവും ആത്മീയ പഠനക്ലാസ്സുകളും അദ്ധ്യാത്മിക പ്രഭാഷണങ്ങളും നൃത്തകലാപരിപാടികളും എല്ലാം ഇഷ്ടപ്പെടുന്നവരാണ് ഭക്തര്‍. മിതവും ന്യായവുമായ തരത്തില്‍ ക്ഷേത്രസങ്കേതങ്ങളില്‍ അവയെല്ലാം ആകാം. പക്ഷേ ഉച്ചഭാഷണിയിലൂടെ അതെല്ലാം ദേശാന്തരങ്ങളില്‍ കേള്‍പ്പിക്കേണ്ട ആവശ്യം ഇന്നത്തെ കാലത്ത് ഒരിടത്തുമില്ല. ആവശ്യമുള്ളവര്‍ സാംസ്‌ക്കാരിക പരിപാടികള്‍ യഥാസ്ഥലത്ത് വന്ന് ആസ്വദിക്കും. ഉച്ചസ്ഥായിയില്‍ ഒന്നും ആരുടെയും കര്‍ണങ്ങളില്‍ കുത്തിക്കയറ്റരുത്. അതിനാല്‍ ആരാധനാലയങ്ങളും രാഷ്ട്രീയ സംഘടനകളും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ഒരു പൊതു പെരുമാറ്റച്ചട്ടം ഉണ്ടാക്കി പാലിക്കുന്നത് ഉചിതമായിരിക്കും. കാരണം, സംസ്‌കാരമെന്ന വാക്കിന്റെ വലിയ അര്‍ത്ഥം അന്യരെപ്പറ്റിയുള്ള കരുതല്‍ എന്നാണ്. അക്കാര്യം പലപ്പോഴും മറന്നുപോകുന്നതുകൊണ്ടാണ് ഹൈദരാലി ശിഹാബ് തങ്ങളെപ്പോലുള്ളവര്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നത്.

വിഖ്യാതനായ കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം ലോകസഞ്ചാരം മതിയാക്കി ജീവിതസായാഹ്നത്തില്‍ തിരുവനന്തപുരത്തുവന്ന് സ്ഥലംവാങ്ങി വീടുവച്ചു താമസിച്ചു. തന്റെ 12 സെന്റ് സ്ഥലത്ത് അബു ഫലവൃക്ഷങ്ങളും പൂച്ചെടികളും നട്ടുവളര്‍ത്തി. ലാറിബേക്കര്‍ രൂപകല്‍പ്പന ചെയ്ത മനോഹരമായ ഭവനത്തില്‍ ഭാര്യയോടൊത്ത് എഴുത്തും വരയും വിശ്രമവുമായി കഴിഞ്ഞ അബു ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ അക്കാലത്ത് ഒരു രേഖനം എഴുതി. ”കേരളത്തില്‍ എല്ലാം അതിവേഗം വളരുന്നു” എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. തിരുവനന്തപുരത്തെ ജീവിതാനുഭവങ്ങളെ ലണ്ടന്‍, ഡല്‍ഹി, മുംബൈ നഗരജീവിതാനുഭവങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്തു. ഏതു വേനലിലും ഒരു ചാറ്റമഴി പെയ്യുന്ന, കുളിര്‍മ്മയുള്ള മലിനമുക്തമായ കാറ്റും, തെളിമയുള്ള വെള്ളവും താന്‍ നട്ടുവളര്‍ത്തിയ മാവ്, പ്ലാവ്, പേര, ചാമ്പ എന്നിവയിലെ മധുര ഫലങ്ങളും അബുവിന് തിരുവനന്തപുരത്തെ ജീവിതം ഹൃദ്യമായ അനുഭവമാക്കി. എന്നാല്‍ ആ മധുരാനുഭൂതികള്‍ ഏറെക്കാലം നീണ്ടുനിന്നില്ല. അബുവിന്റെ വീടിനടുത്ത് ഭക്തിപ്രകര്‍ഷം ചേക്കേറി. പ്രാര്‍ത്ഥനയും പ്രഭാഷണവും അനേകം ഉച്ചഭാഷണികളിലൂടെ രാപകല്‍ ഒഴുകാന്‍ തുടങ്ങി. ശബ്ദം ഇത്രമാത്രം ഭീകരനാണെന്ന് അതിനുമുമ്പ് ലോകത്ത് ഒരിടത്തുവച്ചും അബുവിന് അനുഭവപ്പെട്ടിട്ടില്ല. വിദേശങ്ങളില്‍ മോട്ടോര്‍വേയിലെ വാഹനഇരമ്പല്‍ ശബ്ദം തടയാന്‍ കൂറ്റന്‍ മതില്‍ റോഡിന് ഇരുവശവും കെട്ടിയിട്ടുള്ള കാര്യം അദ്ദേഹം ഓര്‍ത്തു. വിമാനങ്ങള്‍ ഉയരുകയും താഴുകയും ചെയ്യുമ്പോള്‍ ശബ്ദശല്യം ഏല്‍ക്കാതിരിക്കാന്‍ ലണ്ടനിലെ ഹീത്രൂ വിമാനത്താവളപരിസരത്തെ വീടുകള്‍ക്ക് സൗണ്ട്പ്രൂഫ് മേല്‍ക്കൂരയും ചുമരും ഉള്ള കാര്യം അബു മനസ്സിലാക്കിയിരുന്നു. ഭക്തിഭ്രാന്തുപിടിച്ചവര്‍ പരിസരം മറന്ന് ഉച്ചഭാഷിണി വച്ച് ജനങ്ങളെ ദ്രോഹിക്കുന്നത് കേരളത്തിന് ഭൂഷണമല്ലെന്ന് അബു എഴുതി. രാത്രികാലത്ത് മനസ്സമാധാനത്തോടെ തന്റെ വീട്ടില്‍ കിടന്ന് ഉറങ്ങാന്‍പോലുമാകാതെ അബുവും കുടുംബവും കോവളത്തുപോയി ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. കോടതി കര്‍ശനമായി വിലക്കിയിട്ടുള്ള കോളാമ്പികള്‍ കൂറ്റന്‍ പെട്ടികളില്‍ മറച്ചുവച്ച് ഒച്ചകൂട്ടി ജനങ്ങളെ ദ്രോഹിക്കുമ്പോള്‍ നിയമം അറച്ചു നില്‍ക്കുന്നതെന്ത് എന്ന് അബു എബ്രഹാമിനെപ്പോലെ നിരവധിപേര്‍ക്ക് തോന്നാറുണ്ട്.

മണ്ണും വെള്ളവും മലിനം. ശ്വസിക്കേണ്ട വായു മലിനം. ഭക്ഷ്യവസ്തുക്കളിലെല്ലാം മായം. മരുന്നില്‍ മായം. കൂട്ടത്തില്‍ മലയാളി ശബ്ദമാലിന്യവും സഹിച്ചുകൊള്ളുക. കേരളം ജീവിതയോഗ്യമല്ലാതാക്കുന്നത് കേരളീയര്‍തന്നെ. ഏതോ വിഡ്ഢി പറഞ്ഞ കടങ്കഥയാണ് ജീവിതമെന്ന് ആംഗലേയ മഹാകവിയെ സ്മരിച്ച് സമാധാനിക്കാം. വേറെന്തു ചെയ്യാന്‍? വാചാലമായ മൗനം എന്നും നിശ്ശബ്ദതയുടെ മുഴക്കം എന്നും കവിതയില്‍ വായിക്കാം. ജീവിതത്തില്‍ നഷ്ടപ്പെടുന്നതു കലയില്‍ വീണ്ടെടുക്കുമെന്ന് പറയാറുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍