UPDATES

കായികം

ലങ്കാദഹനം നടത്തി ദക്ഷിണാഫ്രിക്കയുടെ സെമി പ്രവേശം

 

അഴിമുഖം പ്രതിനിധി

നാല് സെഞ്ച്വറികളുമായി ലോകകപ്പില്‍ ചരിത്രം കുറിച്ച കുമാര്‍ സംഗക്കാര ഏകദിന ക്രിക്കറ്റില്‍ നിന്നുള്ള തന്റെ  വിടവാങ്ങല്‍ മത്സരം ഒരിക്കല്‍പ്പോലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടില്ലെന്ന് ഉറപ്പ്. ദക്ഷിണാഫ്രിക്കന്‍ ടീം നടത്തിയ ലങ്കാദഹനത്തിന്റെ പൊള്ളല്‍ അദ്ദേഹത്തിന്റെ ബാക്കി ജീവിതത്തെ നീറ്റിക്കൊണ്ടിരിക്കും. ഒരുപക്ഷേ കടുത്ത ദക്ഷിണാഫ്രിക്കന്‍ ആരാധാകര്‍പോലും ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് തന്റെ അവസാന മത്സരവും പൂര്‍ത്തിയാക്കി ഏവരുടെയും സിനേഹാദരങ്ങളും സ്വീകരിച്ച് നടന്നകന്ന ആ ലോകോത്തര ബാറ്റ്‌സ്മാനെയോര്‍ത്ത് മനസില്‍ പറഞ്ഞിട്ടുണ്ടാകും- സംഗ, നിങ്ങള്‍ക്ക് ഇങ്ങനെയൊരു മടക്കം ഉണ്ടാകരുതായിരുന്നു…കളി മികവുകൊണ്ടും മാന്യതകൊണ്ടും ഔന്നിത്യങ്ങളില്‍ നില്‍ക്കുന്ന ആ കളിക്കാരനോട് എല്ലാവര്‍ക്കും ഇതേ വികാരം തന്നെയായിരിക്കും തോന്നുക.

സംഗയുടെ അതേ വേദന തന്നെയായിരിക്കും രാജ്യന്ത്ര ക്രിക്കറ്റില്‍ നിന്നു തന്നെ വിരമിക്കുന്ന ജയവര്‍ദ്ധനയ്ക്കും. തീര്‍ത്തും പരാജിതനായി തന്നെയാണ് മുന്‍ ക്യാപ്റ്റന്റെ മടക്കം. എടുത്തു പറയത്ത ഒരു ഇന്നിംഗ്‌സ് പോലും ഈ ലോകകപ്പില്‍ കളിക്കാന്‍ ജയവര്‍ദ്ധനയ്ക്ക് സാധിച്ചിട്ടില്ല.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത്രയും ഏകപക്ഷീയമായൊരു മത്സരം നടന്നിട്ടുണ്ടാകില്ല. 37.2 ഓവറില്‍ വെറും 133 റണ്‍സിന് പുറത്തായ ലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക വിജയം നേടിയത് 18 ഓവറില്‍! അതും ഒരേയൊരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി. 16 റണ്‍സോടെ ഹാഷിം അംല പുറത്തായപ്പോള്‍ ഡിക്വോക്ക് 57 പന്തുകളില്‍ നിന്ന് 78 റണ്‍സും ഡുപ്ലിസ് 21 റണ്‍സുമായി പുറത്താകാതെ നിന്നു.

ഒരിക്കല്‍ ലോകകിരീടം തലയിലണിഞ്ഞവരും കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ വരെയെത്തിയ ടീമുമായ ലങ്കയില്‍ നിന്ന് ഏറെ പിന്നില്‍ നില്‍ക്കുന്നൊരു ടീമിനെയാണ് ഇന്ന് സിഡ്‌നിയില്‍ കണ്ടത്. കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും എതിരാളികള്‍ക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ ലങ്കയ്ക്ക് കഴിഞ്ഞില്ല. മുങ്ങിത്താഴ്ന്ന കപ്പിലിനെ ഒറ്റയ്ക്ക് കരയ്ക്കടിപ്പിക്കാന്‍ നോക്കിയത് സംഗക്കാരമാത്രം. മറുവശത്താകട്ടെ കാലങ്ങളായി പേറുന്ന നാണക്കേട് ഇത്തവണ കിരീട നേട്ടത്തിലൂടെ ഇല്ലാതാക്കാന്‍ ഉറച്ചു തന്നെയായിരുന്നു ഡിവില്ലിയേഴ്‌സും കൂട്ടരും. ഇന്നത്തെ തകര്‍പ്പന്‍ വിജയത്തിന് അവരുടെ ബൗളര്‍മാരെയാണ് പുകഴ്‌ത്തേണ്ടത്. സ്പിന്നിനെതിരെ കളിക്കാന്‍ അറിയാത്തവര്‍ എന്ന പേരുദോഷം കേള്‍പ്പിക്കുന്ന ടീം തന്നെ തങ്ങളുടെ സ്പിന്നര്‍മാരെ ഉപയോഗിച്ച് എതിരാളികളെ ഇല്ലായ്മ ചെയ്യുകയായിരുന്നു. അതും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു ടീമിനെ തന്നെ. സ്പിന്‍ ബൗളിംഗിനെ അതിവിദഗ്ദമായി നേരിടുന്നവരെന്നാണല്ലോ ഏഷ്യന്‍ ശക്തികളെക്കുറിച്ച് പറയാറുള്ളത്.

ദക്ഷിണാഫിക്കക്കാര്‍ ബാറ്റ് ചെയ്യാന്‍ വരുന്നതിനു മുമ്പ് തന്നെ തങ്ങള്‍ തോല്‍വി സമ്മതിച്ചെന്ന മട്ടായിരുന്നു ശ്രീലങ്കക്കാര്‍ക്ക്. അതുകൊണ്ട് തന്നെ സൗത്താഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തികച്ചും ലാഘവത്തോടെ തന്നെ കളിക്കാന്‍ പറ്റി.കൂടുതല്‍ നേരം ലങ്കന്‍ ഫീല്‍ഡര്‍മാരെ ഗ്രൗണ്ടില്‍ നിര്‍ത്തി വിഷമിപ്പിക്കണ്ട എന്ന കരുതി പതിനെട്ട് ഓവറില്‍ തന്നെ ചടങ്ങുകള്‍ തീര്‍ക്കാനും അവര്‍ക്കായി. 

സെമിയില്‍ ന്യൂസിലാന്‍ഡ്-വെസ്റ്റീന്‍ഡീസ് മത്സരത്തിലെ വിജയിയെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേരിടേണ്ടത്.

 

 

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍