UPDATES

കായികം

പ്രതിരോധിച്ച് സമനില പിടിക്കാന്‍ ദക്ഷിണാഫ്രിക്ക

Avatar

അഴിമുഖം പ്രതിനിധി

രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുകയെന്ന അപൂര്‍വ നേട്ടം കൈവരിച്ച് അജിന്‍ക്യ രഹാനെ. 72 ഓവറില്‍ നിന്ന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 മാത്രം സ്‌കോര്‍ ചെയ്ത് പ്രതിരോധത്തിലൂടെ സമനില പിടിക്കാന്‍ ദക്ഷിണാഫ്രിക്ക. അജിന്‍ക്യ രഹാനയുടെ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 481 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് വിജയലക്ഷ്യമായി നല്‍കിയത്. നാളെ അവസാന ദിനം 3-0-ന് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ സമനില പിടിക്കാന്‍ ദക്ഷിണാഫ്രിക്കയുടെ പക്കല്‍ എട്ട് വിക്കറ്റ് മാത്രമാണ് അവശേഷിക്കുന്നത്.

സമനിലയ്ക്കുവേണ്ടിയുള്ള ദക്ഷിണാഫ്രിക്കയുടെ പോരാട്ടം നയിക്കുന്നത് ക്യാപ്റ്റന്‍ ഹാഷിം ആംല തന്നെയാണ്. തന്റെ വഴിക്ക് വന്ന എന്തിനേയും ഏതിനേയും ക്രീസില്‍ വന്‍മതിലായി നിന്ന് തടഞ്ഞിട്ട ആംല 207 പന്തില്‍ നിന്ന് കേവലം 23 റണ്‍സ് എടുത്ത് പുറത്താകാതെ നില്‍ക്കുന്നുണ്ട്. അടിച്ചു കളി വീരനായ എബി ഡിവില്ലേഴ്‌സും ക്ഷമയോടെ ക്രീസില്‍ വേരുകളാഴ്ത്തി ഇന്ത്യന്‍ സ്പിന്നാക്രമണത്തെ ക്രീസില്‍ തടുത്തിട്ടു കൊണ്ട് ക്യാപ്റ്റന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. 91 പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമാണ് എബിയുടെ ബാറ്റില്‍ നിന്ന് പിറന്നത്.

രഹാനെ നൂറടിച്ചപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇന്ത്യ രണ്ടാം ഇന്നിങ്‌സ് അഞ്ച് വിക്കറ്റിന് 267 റണ്‍സിന് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രഹാനെയുടെ ആറാമത് ടെസ്റ്റ് സെഞ്ച്വറിയാണ് ഇന്നത്തേത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു മത്സരത്തിന്റെ രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടിയവരുടെ ആഭിജാത്യ സംഘത്തില്‍ രഹാനെയും ഇടം പിടിച്ചു. വിജയ് ഹസാരെ ഒരു തവണയും സുനില്‍ ഗവാസ്‌കര്‍ മൂന്നു തവണയും രണ്ടുതവണ രാഹുല്‍ ദ്രാവിഡും ഒരിക്കല്‍ വിരാട് കോഹ്ലിയും ഈ നേട്ടം ഇന്ത്യയ്ക്കായി കൈവരിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയുടെ വീണ രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയത് രവിചന്ദ്ര അശ്വിനാണ്. 23 ഓവറില്‍ 29 റണ്‍സ് വിട്ടു കൊടുത്താണ് രണ്ട് വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തിയത്. രവീന്ദ്ര ജഡേജ 23 ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടു നല്‍കി. ദക്ഷിണാഫ്രിക്കന്‍ ജോഡിയുടെ കടുത്ത പ്രതിരോധത്തില്‍ വലഞ്ഞ ഇന്ത്യന്‍ നായകന്‍ കോഹ്ലി ശിഖര്‍ ധവാനേയും മുരളി വിജയിനേയും ബൗളിങ് ഏല്‍പ്പിച്ചെങ്കിലും ആംല-ഡിവില്ലേഴ്‌സ് കൂട്ടൂകെട്ടിനെ പൊളിക്കാനായില്ല. ഈ കൂട്ടുകെട്ടിന്റെ ആദ്യ റണ്‍സ് വന്നത് 63 പന്തുകള്‍ക്ക് ശേഷമാണ്. കളി നിര്‍ത്തുമ്പോള്‍ 29.2 ഓവറില്‍ ഈ കൂട്ടുകെട്ട് തട്ടിയിട്ട് എടുത്തത് 23 റണ്‍സ് മാത്രവും.

46 പന്തുകളെ നേരിട്ടാണ് ആംല ആദ്യ റണ്‍ എടുത്തത്. ആദ്യ നൂറു പന്തില്‍ നിന്ന് വെറും ആറ് റണ്‍സാണ് ആംല സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. ഈ മത്സരം ആംലയും കൂട്ടരും സമനിലയില്‍ പിടിക്കുകയാണെങ്കില്‍ ക്രിക്കറ്റ് ചരിത്രത്തിലെ മഹാഗാഥകളിലൊന്നാകുമത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍