UPDATES

വിദേശം

സാമ്പത്തിക പ്രതിസന്ധി; ഉണര്‍ന്നിട്ടും ഉയര്‍ത്തെഴുന്നേല്‍ക്കാനാവാതെ ദക്ഷിണ കൊറിയ

Avatar

എന്‍ഡ കുറാന്‍, സിന്തിയ കിം
(ബ്ലൂംബര്‍ഗ് ന്യൂസ്)

കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈനീസ് സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോയത് ലോകരാജ്യങ്ങള്‍ ഗൗരവത്തോടെ വിലയിരുത്തിയതാണ്. ഏഷ്യന്‍ വിപണികളിലെല്ലാം അതിന്റെ പ്രതിഫലനം ഏറിയും കുറഞ്ഞും ദൃശ്യമായെങ്കിലും ചൈനീസ് പ്രതിസന്ധി സാരമായി ബാധിച്ച മറ്റൊരു രാജ്യം അടുത്തു കിടക്കുന്ന ദക്ഷിണ കൊറിയായിരുന്നു ചൈനീസ് പ്രതിസന്ധിക്കു പുറമേ മെയ് മാസത്തില്‍ പടര്‍ന്നു പിടിച്ച മെര്‍സ് രോഗം ദക്ഷിണ കൊറിയയെ സംമ്പന്ധിച്ച് ഇരട്ടിപ്രഹരമായിരുന്നു. എന്നാല്‍ പരാധീനതകളെ മറികടന്നു രാജ്യം സാമ്പത്തിക ഉണര്‍വിന്റെ പാതയിലേക്കു നീങ്ങുന്നതായാണ് അവിടെ നിന്നുള്ള പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ മാസം തുടങ്ങിയ ഷോപ്പിംഗ് ഫെസ്റ്റിവല്‍ കൊറിയന്‍ ബ്ലാക്ക് ഫ്രൈഡെ (അമേരിക്കന്‍ വില്‍പ്പനമേളയുടെ കൊറിയന്‍ പതിപ്പാണിത്) ഉപഭോക്താക്കളുടെ വിശ്വാസം വീണ്ടെടുക്കുന്നതിലും, ബിസിനസ് രംഗത്ത് ഉണര്‍വുണ്ടാക്കുന്നതിലും വിജയമാണെന്നു പറയാം. വില്‍പ്പന നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചതോടെ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ വ്യാപാരികളും ഉത്സാഹിക്കുന്നുണ്ട്. എന്നാല്‍ ഇതൊരു താല്‍ക്കാലിക പ്രതിഭാസമാണെന്നതാണ് സാമ്പത്തിക രംഗം നേരിടുന്ന വലിയ വെല്ലുവിളി.

റീടെയില്‍ വ്യാപാരം മെര്‍സ് രോഗബാധയ്ക്കു മുമ്പുണ്ടായിരുന്ന നിലവാരത്തിലേക്കുയര്‍ന്നിട്ടുണ്ട്. ഉത്പ്പാദനവും കയറ്റുമതിയും നിലവില്‍ താഴ്ന്നു തന്നെയാണെങ്കിലും പഴയ നിലയിലേക്കു തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതായി ധനമന്ത്രാലയത്തില്‍ നിന്നും ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

നിക്ഷേപക രംഗത്തും പുതിയൊരുണര്‍വ് പ്രകടമായിട്ടുണ്ട്. സാങ്കേതിക മേഖലയില്‍ വമ്പന്‍ നിക്ഷേപം നടത്തിയിട്ടുള്ള സാംസങ് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ വിപണിയിലെ ഓഹരി പങ്കാളിത്തം കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കൂടിയ നിലയിലാണ്. സെപ്റ്റംബര്‍ ആദ്യ പാദത്തോടെ വരുമാനത്തില്‍ 80 ശതമാനത്തോളമുണ്ടായ വര്‍ദ്ധനയാണ് ഇപ്പോഴവരെ കൂടുതല്‍ ഓഹരി നിക്ഷേപത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്. കണക്കു കൂട്ടലുകളെയെല്ലാം കവച്ചു വെച്ച ആ നേട്ടം ലോകോത്തര സാങ്കേതികതയുടെ വക്താക്കള്‍ക്ക് മുന്നില്‍ പുനരുദ്ധാരണത്തിന്റെ പുതിയ സാധ്യതകളാണ് തുറന്നിരിക്കുന്നത്.

ചൈനയിലുണ്ടായ മാന്ദ്യം മൂലം വിദേശ കയറ്റുമതിയില്‍ ഈ വര്‍ഷമിതു വരെയായി ഇടിവു മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. സെപ്റ്റംബറില്‍ 8.3 ശതമാനമാണ് കയറ്റുമതിയില്‍ ഇടിവ് നേരിട്ടത്. എന്നാല്‍ അഭയാര്‍ത്ഥി പ്രവാഹവും മറ്റു കാരണങ്ങളും കൊണ്ട് യൂറോപ്പില്‍ നിന്നുള്ള കയറ്റുമതി ആവശ്യം തുടര്‍ന്നുള്ള മാസങ്ങളില്‍ വര്‍ദ്ധിക്കുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത് വര്‍ഷാവസാനത്തോടെ യൂറോപ്പിലും അമേരിക്കയിലും അവധി വ്യപാര സീസണ്‍ ആരംഭിക്കുന്നതോടെ സാമ്പത്തിക രംഗം കൂടുതല്‍ ഊര്‍ജ്ജസ്വലമാകുമെന്ന പ്രതീക്ഷയുമുണ്ട്.

ലോക രാജ്യങ്ങളുടെ ഓഹരി വിപണി സാഹചര്യങ്ങളും, സാമ്പത്തിക സ്ഥിതിയുമെല്ലാം അവലോകനം ചെയ്ത് റേറ്റിംഗ് നടത്തുന്ന അമേരിക്കയിലെ സ്വകാര്യ സാമ്പത്തികകാര്യ ഏജന്‍സി Standard & Poor’s Financial Services LLC (S&P) നടത്തിയ സാമ്പത്തിക സാഹചര്യം സുരക്ഷിതമാണെന്ന വിലയിരുത്തലും, കടപരിധി ഉയര്‍ത്തി നല്‍കിയതും ദക്ഷിണ കൊറിയയെ സംമ്പദ്ധിച്ച് ശുഭ സൂചനകളാണ്.

മാറിയ സാഹചര്യം കണക്കിലെടുത്തു ഇക്കഴിഞ്ഞ 15നു ചേര്‍ന്ന സെന്‍ട്രല്‍ ബാങ്ക് യോഗം പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നു വിലയിരുത്തലുകളുണ്ടായിരുന്നെങ്കിലും തല്‍സ്ഥിതി തുടരാനാണ് തീരുമാനമായത്. ഇപ്പോഴത്തെ മാറ്റം താത്ക്കാലിക പ്രതിഭാസമാണെന്നും, സാഹചര്യം മാറാനിടയുണ്ടെന്നുമുള്ള നിഗമനത്തിലാണ് യോഗം അത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.കഴിഞ്ഞ 2014 ഓഗസ്റ്റു മുതല്‍ തുടര്‍ച്ചയായി നാലു തവണയാണ് റിപ്പോ നിരക്കില്‍ കുറവു വരുത്തിയത്. അത്തരത്തില്‍ കഴിഞ്ഞ സെപ്റ്റംപറില്‍ രേഖപ്പെടുത്തിയ 1.5 ശതമാനം റിപ്പോ നിരക്ക് ഈ കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്.

കപ്പല്‍, സ്റ്റീല്‍, ടീവി, ഇലക്‌ട്രോണിക്‌സ് വ്യവസായങ്ങളെ ആശ്രയിച്ചു കഴിയുന്ന ദക്ഷിണ കൊറിയന്‍ സാമ്പത്തിക രംഗം ഇനിയും ആശങ്കകളില്‍ നിന്നും പൂര്‍ണമായി മുക്തമായിട്ടില്ലെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. പ്രതിസന്ധി വിട്ടുമാറിയിട്ടില്ലാത്ത ചൈനീസ് സാമ്പത്തിക രംഗത്തെ പ്രശ്ങ്ങളും അതിനു പുറമേ ഏഷ്യന്‍ ആസ്ഥികളുടെ കുത്തൊഴുക്കിനെ തുടര്‍ന്നു അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസരര്‍വ് വരും മാസങ്ങളില്‍ പലിശ നിരക്ക് ഉയര്‍ത്താനുള്ള സാധ്യതയും ഗൗരവത്തോടെ കാണണമെന്നാണ് അവര്‍ പറയുന്നത്.

കയറ്റുമതിയിയില്‍ ഇടിവു നേരിട്ടു തുടങ്ങിയതോടെ ഉത്പ്പാദനം പാടെ വെട്ടിച്ചുരുക്കി ഉള്ളവ എങ്ങനെയെങ്കിലും വിറ്റഴിക്കാനുള്ള നീക്കത്തിലാണ് നിര്‍മ്മാതാക്കള്‍. ഇനി പെട്ടെന്ന് ആവശ്യം കൂടിയാലും അതിനനുസരിച്ച് ഉത്പ്പാദനം കൂടി വരാന്‍ സമയമെടുക്കുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

നൂതന നിര്‍മ്മാണ രീതികളോ കണ്ടു പിടിത്തങ്ങളോ ഉണ്ടാകാത്തതും, ആളുകളുടേയും കമ്പനികളുടേയും കടം പെരുകിക്കൊണ്ടിരിക്കുന്നതും, വൃദ്ധ ജനങ്ങളേറി വരുന്ന ജനസംഖ്യയും, അതു മൂലമുണ്ടാവുന്ന തൊഴിലാളിക്ഷാമവവുമെല്ലാം രാജ്യം നേരിടുന്ന മറ്റു പ്രതിസന്ധികളാണ്.

ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതു കൊണ്ടു തന്നെ താത്ക്കാലികമായുണ്ടാകുന്ന ചെറിയ ഉണര്‍വു കൊണ്ടൊന്നും ദക്ഷിണ കൊറിയന്‍ സാമ്പത്തിക രംഗത്ത് വലിയ മെച്ചമുണ്ടാകാനിടയില്ല. 2.8 ശതമാനമാണ് ഇക്കൊല്ലത്തേക്ക് സെന്‍ട്രല്‍ ബാങ്ക് പ്രവചിക്കുന്ന ജി.ഡി.പി. വളര്‍ച്ച. ചൈനീസ് പ്രതിസന്ധി ഉണ്ടാകുന്നതിനു മുമ്പു വരെ രാജ്യമനുഭവിച്ചിരുന്ന ശരാശരി ജി.ഡി.പി വളര്‍ച്ചയുടെ എത്രയോ കുറവാണിത്. ഗവണ്‍മെന്റ് ലക്ഷ്യം വയ്ക്കുന്ന 3.1 ശതമാനം ജി.ഡി.പി നേടിയെടുക്കുന്നതിന് ഒട്ടേറെ തടസ്സങ്ങളുണ്ടെന്നു ധനമന്ത്രി ചോയി ക്യുവാങ് ഹവാന്‍ തന്നെ സമ്മതിക്കുന്നു. കൊറിയന്‍ സാമ്പത്തിക രംഗത്ത് പുറത്തു നിന്നുള്ള വെല്ലുവിളികള്‍ തുടര്‍ന്നുമുണ്ടാകുമെന്നും അങ്ങനെ വന്നാല്‍ സെന്‍ട്രല്‍ ബാങ്കിന് വീണ്ടും റിപ്പോ നിരക്കില്‍ വെട്ടിച്ചുരുക്കല്‍ നടത്തേണ്ടി വരുമെന്നും രാജ്യത്തെ പ്രമുഖ ബിസിനസ് മാധ്യമങ്ങളും വിലയിരുത്തുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍