UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: സോവിയറ്റ് അന്തര്‍വാഹിനി കുടുങ്ങുന്നു; പാരിസില്‍ കലാപം

Avatar

1981 ഒക്ടോബര്‍ 27
സോവിയറ്റ് അന്തര്‍വാഹിനി പാറക്കെട്ടില്‍ കുടുങ്ങുന്നു

സോവിയറ്റ് നാവികസേനയുടെ വിസ്‌കി ക്ലാസ് അന്തര്‍വാഹിനി എസ്-63 സ്വീഡന്റെ തെക്കന്‍ തീരത്ത് പാറക്കെട്ടില്‍ കുടുങ്ങിപ്പോകുന്നു.1981 ഒക്ടോബര്‍ 27 ന് നടന്ന ഈ സംഭവം സോവിയറ്റ് യൂണിയനും സ്വീഡനും തമ്മിലുള്ള അകല്‍ച്ചയ്ക്കും കാരണമായി.

സ്വീഡന്റെ തെക്കന്‍ തീരത്തുള്ള നാവികസേനാസ്ഥാനത്തിന് എതാണ്ട് പത്തു കിലോമീറ്റര്‍ അകലെയുള്ള പാറക്കെട്ടുകളിലാണ് അന്തര്‍വാഹിനി കുടുങ്ങുന്നത്. ‘വിസ്‌കി ഓണ്‍ ദി റോക്‌സ്’ എന്നാണ് ഈ സംഭവം പിന്നീട് ചരിത്രം രേഖപ്പെടുത്തിയത്. തങ്ങളുടെ തീരത്ത് ഒരു വിദേശ അന്തര്‍വാഹിനി അടുത്തതു കണ്ട സ്വീഡന്‍ നാവികസേന ഉടന്‍ തന്നെ ഒരു നാവികോദ്യോഗസ്ഥനെ സോവിയറ്റ് അന്തര്‍വാഹിനിയുടെ ക്യാപ്റ്റനെ കണ്ട് കാരണം അന്വേഷിച്ചറിയാനായി അയച്ചു.ഇതേസമയം അന്തര്‍വാഹിനിയെ തിരിച്ചുപിടിക്കാനായി സോവിയറ്റ് യൂണിയന്‍ മറ്റൊരു കപ്പല്‍ അയച്ചുവെങ്കിലും ഈ അന്തര്‍വാഹിനിയെ സ്വീഡന്‍ നാവികസേന തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു. സോവിയറ്റ് യൂണിയന്‍ അയച്ച കപ്പലിനോട് തിരികെപ്പോകാനും അവര്‍ ആവശ്യപ്പെട്ടു. ഈ കപ്പല്‍ തിരികെ പോയെങ്കിലും അന്തര്‍വാഹിനി വലിച്ചുകൊണ്ടുപോകാനായി കൊണ്ടുവന്ന വലിയ നൗക അവിടെ തന്നെ നിലകൊള്ളുകയായിരുന്നു. ഈ നൗകയെ പിന്‍വലിക്കാന്‍ സ്വീഡിഷ് ടോര്‍പിഡോകള്‍ ഇടപെടേണ്ടി വന്നു.

2005 ഒക്ടോബര്‍ 27
പാരിസില്‍ കലാപം

അക്രമങ്ങള്‍ ഗ്രസിച്ച പാരിസ് തെരുവുകള്‍ കലാപത്തിലേക്ക് വീഴുന്നത് 2005 ഒക്ടോബര്‍ അവസാനത്തോടെയാണ്. അറബ് വംശജരും തെക്കേ ആഫ്രിക്കക്കാരും കറുത്തവര്‍ഗ്ഗക്കാരും ചേര്‍ന്ന് നഗരാതിര്‍ത്തികളില്‍ ആക്രമണം അഴിച്ചുവിട്ടു. കെട്ടിടങ്ങളും വാഹനങ്ങളും അവര്‍ തീയിട്ടു. ഫ്രഞ്ച് സര്‍ക്കാര്‍ നവംബര്‍ 8 ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്നുമാസത്തോളം ഈ അടിയന്തരാവസ്ഥ നിലനിന്നു.

ക്ലിഷേ-സൗസ്-ബോയ്‌സിലെ ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റിലേക്ക് അതിക്രമിച്ചു കയറിയതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ പരിഭ്രാന്തരായ മൂന്നു ചെറുപ്പക്കാര്‍ ഒരു പവര്‍ സ്റ്റേഷനില്‍ ഒളിക്കാന്‍ ശ്രമിച്ചു. ഇവരില്‍ രണ്ടുപേരെ പോലീസ് വൈദ്യുതിപ്രവഹിപ്പിച്ച് വധിക്കുകയും ഒരാള്‍ക്ക് സാരമായി ഷോക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് കലാപം ആരംഭിക്കുന്നത്. മരിച്ച ചെറുപ്പക്കാരുടെ സമുദായങ്ങളാണ് കലാപത്തിന് നേതൃത്വം കൊടുത്തത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍