UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യാദവഗുസ്തിയില്‍ നേട്ടം ആര്‍ക്കൊക്കെ?

Avatar

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയിലെ യാദവ കുടുംബത്തില്‍ ഉണ്ടായ തര്‍ക്കം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ കക്ഷിയുടെ വിയജ്യസാധ്യതകളെ മാത്രമല്ല, കളത്തിലുള്ള എല്ലാ കക്ഷികളെയും സ്വാധീനിക്കും.

എസ് പിയില്‍ ഒരു പിളര്‍പ്പുണ്ടായാല്‍ അതു പാര്‍ട്ടി സ്വന്തം പോലെ കൊണ്ടുനടക്കുന്ന യാദവ-മുസ്ലീം വോടുബാങ്കില്‍ വിള്ളലുണ്ടാക്കും. അത് മറ്റ് കക്ഷികളിലേക്കായി ചിതറിപ്പോകും. എസ് പിയുടെ കുഴപ്പങ്ങളില്‍ നിന്നും വലിയ നേട്ടം കിട്ടുക ബി എസ് പിക്കും ബി ജെ പിക്കും ആയിരിക്കും.

ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രീയമായി ഏറെ നിര്‍ണായകമായ ഈ സംസ്ഥാനത്ത് കഴിഞ്ഞ ഏതാണ്ട് രണ്ടു പതിറ്റാണ്ടായി എസ് പിയും ബി എസ് പിയുമാണ് മാറിമാറി സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. ബി ജെ പിയെ തടയാന്‍ ആകാത്തവണ്ണം എസ് പി ദുര്‍ബലമാകുന്നു എന്നു കണ്ടാല്‍ മുസ്ലീം വോട്ടുകള്‍ ബി എസ് പിയിലേക്ക് പോകാം എന്നു ജെ എന്‍ യുവിലെ അദ്ധ്യാപകന്‍ ബദ്രി നാരായണ്‍ പറയുന്നു. ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പി ശക്തമായ മത്സരം കാഴ്ച്ചവെക്കുന്നതിനാല്‍ മുസ്ലീം വോട്ടുകള്‍ ധ്രുവീകരിച്ചേക്കും.

“യാദവ വോട്ടുകള്‍ രണ്ടു എസ് പി വിഭാഗങ്ങള്‍ക്കും യാദവേതര ഒ ബി സി വോട്ടുകള്‍ ബി ജെ പിയിലെക്കുമായി മാറിപ്പോകാം. പല യാദവന്മാരും ഇന്നിപ്പോള്‍ ബ്രാഹ്മണവത്കരിക്കപ്പെട്ടിരിക്കുന്നു. അവര്‍ ‌ബി‌ ജെ പിയുമായി ചേര്‍ന്നേക്കും,” ബദ്രി നാരായണ്‍ പറഞ്ഞു.

ഉപരിവര്‍ഗമാകാന്‍ ആഗ്രഹിക്കുന്നവരുടെ ഹിന്ദുത്വ വോട്ടുകളുടെ അടിസ്ഥാനത്തില്‍ ഒരു എതിര്‍ ധ്രുവീകരണം സൃഷ്ടിച്ച ബി ജെ പി 2014-ലെ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമാണ് ഉണ്ടാക്കിയത്.

അപ്ന ദളുമായി സഖ്യത്തിലേര്‍പ്പെട്ട ബി ജെ പി സംസ്ഥാനത്തെ 80 ലോക്സഭാ മണ്ഡലങ്ങളില്‍ 73-ഉം നേടി. സമാനമായ പ്രകടനം 2017-ലും അവരെ മുന്നിലെത്തിച്ചേക്കാം എന്നും രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു.

മുഖ്യമന്ത്രിയെന്ന നിലയില്‍, നഗര വോട്ടര്‍മാര്‍ക്കിടയില്‍, പ്രത്യേകിച്ചു സ്ത്രീകള്‍ക്കിടയില്‍, അഖിലേഷ് യാദവ് ഒരു ജനപ്രിയനാണ്. തന്റെ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തെ തന്റെ അഴിമതി രഹിത പ്രതിച്ഛായ വെച്ചു ആദ്യവട്ടം മുഖ്യമന്ത്രിയായ അഖിലേഷിന് തടയാനാകുമോ എന്നു കണ്ടറിയണം. പാര്‍ട്ടിയിലെ പിളര്‍പ്പ് ഒരര്‍ത്ഥത്തില്‍ അഖിലേഷിനെ സഹായിക്കും.

നവംബര്‍ 2015-ല്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം ബി ജെ പിയെ തറപറ്റിച്ചത് യു പിയിലും ആവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ക്കും സാധ്യതയുണ്ട്.

അങ്ങനെ സംഭവിച്ചാല്‍ എസ് പിയിലെ പിളര്‍ന്നുപോന്ന ഒരു വിഭാഗത്തിനൊപ്പം കോണ്‍ഗ്രസ്  കൂടുകയും ഒപ്പം പടിഞ്ഞാറന്‍ യു പിയില്‍ അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക് ദളും ചേര്‍ന്ന് ആര്‍ ജെ ഡിയുടെ ലാലുപ്രസാദ് യാദവിന്റെയും ജെ ഡി (യു)വിന്റെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും പിന്തുണയോടെ ഒരു സഖ്യം രൂപപ്പെടാനുള്ള സാധ്യതയും ശക്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍