UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമ്മള്‍ തിരിച്ചുപിടിക്കേണ്ടതുണ്ട്, തര്‍ക്കിക്കാനുള്ള ജനാധിപത്യ ഇടം

Avatar

ടീം അഴിമുഖം/എഡിറ്റോറിയല്‍

അടുത്തകാലത്തായി അഭിപ്രായസ്വാതന്ത്ര്യം, മറ്റുള്ളവരുടെ വീക്ഷണങ്ങളെയും മതാചാരങ്ങളെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെപ്പറ്റിയെല്ലാം വളരെയധികം എഴുതപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഈയിടെ നടന്ന പല സംഭവങ്ങളും, ദളിതരുടെ മേല്‍ നടക്കുന്ന അതിക്രമങ്ങള്‍ ഉള്‍പ്പെടെ, കാണിക്കുന്നത് എഴുതപ്പെട്ട ഈ കാര്യങ്ങളില്‍ ഇന്ത്യന്‍ ജനാധിപത്യം വിശ്വാസം വീണ്ടെടുക്കേണ്ടിയിരിക്കുന്നു എന്നാണ്.

വ്യത്യസ്തതകളും ഭിന്നതകളും അവയുടെ പ്രകടിപ്പിക്കലുകളും ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനമാണ്. വ്യത്യസ്തമായൊരു അഭിപ്രായത്തെ അപമാനിക്കുന്നത് അസഹിഷ്ണുതയിലേക്കുള്ള ഒരു പടിയാണ്. ആ വഴി ചെന്നവസാനിക്കുക ഒരു കാഴ്ചപ്പാട് മാത്രം സ്വീകരിക്കുന്ന സമൂഹത്തിലും രാഷ്ട്രീയവ്യവസ്ഥിതിയിലുമാണ്. ഏകാധിപത്യ കാഴ്ചപ്പാടിലാണ്. ഈ കാഴ്ചപ്പാട് എന്നും സര്‍ക്കാരിന്റെയോ സമൂഹത്തിലെ പ്രബലസംഘങ്ങളുടെയോ ആയിരിക്കും.

സ്വാതന്ത്ര്യസമരകാലം മുതലും ജനാധിപത്യ ഭരണഘടന സ്വീകരിച്ചതുമുതല്‍ കൂടുതല്‍ ശക്തമായും ഇന്ത്യ ഇത്തരം ഏകവീക്ഷണം അടിച്ചേല്‍പിക്കുന്നതില്‍നിന്നു വിട്ടുനിന്നിട്ടേയുള്ളൂ. അത് ഭൂതകാലത്തെപ്പറ്റിയായാലും വര്‍ത്തമാനത്തെപ്പറ്റിയായാലും ഭാവിയെപ്പറ്റിയായാലും. ബഹുസ്വരതയും സംവദിക്കാനും അഭിപ്രായഭിന്നത രേഖപ്പെടുത്താനുമുള്ള സാംസ്‌കാരിക സ്വാതന്ത്ര്യവും ഇന്ത്യയുടെ പാരമ്പര്യത്തിന്റെ അവശ്യഘടകമാണെന്ന് അമര്‍ത്യ സെന്നിനെപ്പോലുള്ള പണ്ഡിതര്‍ എന്നും പറഞ്ഞിട്ടുണ്ട്. ഈ ബഹുസ്വരത എക്കാലവും പാടിയും പറഞ്ഞും ആഘോഷിക്കപ്പെട്ടിട്ടുമുണ്ട്.

ബഹുസ്വരതയുടെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ഈ പാരമ്പര്യത്തിനെതിരെ പ്രബലമായ ആശയങ്ങള്‍ അടിച്ചേല്‍പിക്കാനും വ്യത്യസ്തമായതിനെ അടിച്ചമര്‍ത്താനും എന്നും സമ്മര്‍ദങ്ങളുണ്ടായിരുന്നു.  ചിലപ്പോള്‍ ശക്തമായതും ചിലപ്പോള്‍ അത്ര ശക്തമല്ലാത്തതും. പുരാതനഭാരതത്തില്‍ ബ്രാഹ്മണിസമെന്ന ആശയസംഹിത ബുദ്ധിസത്തെയും ജെയിനിസത്തെയും യുക്തിവാദത്തെയും താഴ്ന്ന ജാതിക്കാരെയും അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ഇസ്ലാമിന്റെ വരവ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ഇസ്ലാം മതത്തിലെ തീവ്രപ്രവണതകളെ സൂഫി വിശ്വാസങ്ങളും ആചാരങ്ങളും വെല്ലുവിളിച്ചു.

ബ്രിട്ടീഷുകാരുടെ വരവോടെ വന്ന ആധുനിക ആശയങ്ങള്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ കൂടുതല്‍ പ്രകടമാക്കി. രാഷ്ട്രീയത്തിലും സമൂഹത്തിലും ഒരേ വീക്ഷണം കൊണ്ടുവരാന്‍ ഭരണകൂടം ശ്രമിച്ചു. അഭിപ്രായവ്യത്യാസങ്ങളെ അടിച്ചമര്‍ത്തുകയോ അച്ചടക്കമെന്ന പേരില്‍ ഇല്ലാതാക്കുകയോ ചെയ്യാനും ശ്രമമുണ്ടായി. ജനാധിപത്യസമൂഹത്തില്‍ ഈ ശ്രമം ഒരിക്കലും പൂര്‍ണവിജയം കണ്ടില്ല.

ബുദ്ധിജീവികളില്‍ ഒരു വിഭാഗം, മാധ്യമങ്ങള്‍, സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ തുടങ്ങി പല ഉപകരണങ്ങളും ‘സമ്മതം നിര്‍മ്മിക്കാനായി’ ഭരണകൂടം ഉപയോഗിക്കുന്നു. എന്നാല്‍ എക്കാലത്തും ഇതിനെതിരെ പ്രസ്ഥാനങ്ങളും അഭിപ്രായങ്ങളും നിലനിന്നു. തുടര്‍ന്നുണ്ടാകുന്ന സംവാദം ജനാധിപത്യത്തെ കാത്തു. ഈ സംവാദസ്ഥലം – തര്‍ക്കം നിറഞ്ഞതും വ്യത്യസ്തവും ബഹളമയവുമായ – ആഗോളതലത്തില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍, ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നതു നിഷേധിക്കാനാകില്ല.

ഭരണകൂടത്തിന്റെ ആശയസംഹിതയില്‍ വിശ്വസിക്കുന്നവര്‍ ചില ആശയങ്ങളും വിഷയങ്ങളും ചര്‍ച്ചകള്‍ക്ക് അതീതമാണെന്നു വിശ്വസിക്കുന്നതും വളരെ പ്രകടമാണ്. ഇത് ചോദ്യം ചെയ്യപ്പെടരുതാത്തതും സംവാദങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടരുതാത്തതുമാണെന്ന് അവര്‍ കരുതുന്നു. ദേശീയത, ദേശം, ദേശസംരക്ഷണത്തിനായുള്ള പട്ടാളനടപടികള്‍, ചില മതവീക്ഷണങ്ങളും ആചാരങ്ങളും എന്നിവയൊക്കെ ഇതില്‍പ്പെടും. ഇവയെപ്പറ്റിയുള്ള ഭരണകൂടത്തിന്റെ വീക്ഷണഗതികളെ ചോദ്യം ചെയ്യുന്ന ആരും ദേശവിരുദ്ധരെന്നും രാജ്യദ്രോഹികളെന്നും മുദ്രകുത്തപ്പെടുന്നു.

ബഹുസ്വരതയുടെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും സംസ്‌കാരത്തില്‍ ചോദ്യം ചെയ്യപ്പെടേണ്ടാത്തതായി ഒന്നുമില്ല. ഇന്ത്യ ജനാധിപത്യമായി തുടരണമെങ്കില്‍ വ്യക്തികള്‍ക്ക് അഭിപ്രായങ്ങളും ഭയമില്ലാതെ അവ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും വേണം. ചില അഭിപ്രായങ്ങള്‍ അസ്വാസ്ഥ്യജനകമാകാം. അവയ്‌ക്കൊപ്പം ജീവിക്കാനും അവയ്‌ക്കെതിരെ തര്‍ക്കിക്കാനും മറ്റുള്ളവര്‍ക്കു കഴിയണം. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. അത് നിലനിര്‍ത്തപ്പെടുക തന്നെ വേണം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍