UPDATES

സയന്‍സ്/ടെക്നോളജി

അതേ, ‘ഇന്‍സ്റ്റഗ്രാം’ ഒരു അമേരിക്കക്കാരനെ ചൊവ്വയിലിറങ്ങാന്‍ സഹായിക്കുമായിരിക്കും!

Avatar

ആഡം മിന്‍റര്‍
(ബ്ളൂംബര്‍ഗ് ന്യൂസ്)

ബരാക്ക് ഒബാമയുടെ സ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രഭാഷണത്തിനു ശേഷം, മിക്ക അമേരിക്കക്കാര്‍ക്കും സ്കോട്ട് കെല്ലിയെപ്പറ്റി രണ്ടു കാര്യങ്ങളറിയാം…ഒന്ന്, അദ്ദേഹം ഒരു വര്‍ഷത്തേക്ക് ബഹിരാകാശത്തേക്ക് പോവുകയാണ്; രണ്ട്, പ്രസിഡന്‍റ് ഒബാമ അദ്ദേഹത്തോട് അത് ‘ഇന്‍സ്റ്റഗ്രാം’ ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്നാല്‍ കൌതുകകരമെന്നു പറയട്ടെ, ഒബാമ ഇതിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുത പറഞ്ഞില്ല; സ്കോട്ട് ഇതുവരെ ഏതൊരു അമേരിക്കക്കാരന്‍ ചിലവഴിച്ചതിലും കൂടുതല്‍ സമയം ഭ്രമണപഥത്തില്‍ ചിലവഴിക്കാന്‍ പോകുന്നു എന്നത്. (തൊണ്ണൂറുകളുടെ പകുതിയില്‍ മിർ ബഹിരാകാശ നിലയത്തില്‍തുടര്‍ച്ചയായി 437ദിവസം ജീവിച്ച് ഒരു റഷ്യന്‍ ബഹിരാകാശ സഞ്ചാരിറെക്കോര്ഡിട്ടിരുന്നു). ദീര്‍ഘകാലം ബഹിരാകാശ പെടകങ്ങളില്‍ ജീവിക്കേണ്ടി വരുന്ന മനുഷ്യര്‍ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നുള്ള വിവരണം നാസക്കു നല്‍കുകയാണ് സ്കോട്ടിന്റെ യാത്രോദ്ദ്യേശം എന്ന് ഒബാമ ചുരുക്കി അവതരിപ്പിച്ചതേയുള്ളൂ.

യു.എസ്സിന്റെ ബഹിരാകാശ യാത്രകളില്‍ ഒബാമ ഒരുപാട് താത്പര്യം കാണിച്ചിട്ടില്ല; പ്രത്യേകിച്ച് ഒരു കാലഘട്ടത്തെ അടക്കിഭരിച്ചിരുന്ന, വലിയ, ഗവണ്‍മെന്‍റ് ധനസഹായത്തോടുകൂടിയുള്ള ബഹിരാകാശയാത്രാ മിഷനുകളോട്. അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലെത്തിച്ച് അവിടെ ഒരു അടിത്തറയുണ്ടാക്കാന്‍ പോന്ന ജോര്‍ജ് ബുഷിന്റെ നക്ഷത്രരാശി പര്യടന പരിപാടിയെ (കോണ്‍സ്ടലേഷന്‍ പ്രോഗ്രാം) രണ്ടായിരത്തി പത്തില്‍ ഒബാമ പിന്‍വലിച്ചു. അതേ സാമ്പത്തികപരമായ കാരണങ്ങള്‍ പറഞ്ഞ് ചാന്ദ്ര പര്യവേഷണങ്ങളിലും അദ്ദേഹം താത്പര്യക്കുറവ് കാട്ടി. ചാന്ദ്ര പര്യടനം നടത്തുവാന്‍, അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷന്റെ (ഐ.എസ്.എസ്) 150 ബില്ല്യന്‍ ഡോളറിലും പലമടങ്ങ്‌ (രണ്ട് മുതല്‍ നാല് വരെ ഇരട്ടി) ചിലവാകുമെന്ന്  കഴിഞ്ഞ വേനല്‍ക്കാലത്ത് ഒരു ദേശീയ ഗവേഷണ കൌണ്‍സില്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എങ്കിലും,ചുവന്ന ഗ്രഹത്തില്‍ ഒരു യുഎസ് പതാക നാട്ടണമെന്നുള്ള മോഹം ഒബാമ പൂര്‍ണമായി ഉപേക്ഷിച്ചില്ല. തന്റെ മറ്റു നിരവധി പരിപാടികള്‍ക്കൊപ്പം, കൂടുതല്‍ പ്രായോഗികമായ, ചെലവ് കുറഞ്ഞ ചൊവ്വാപര്യടന പ്രക്രിയകളെ പറ്റി ചിന്തിക്കുന്നുണ്ട് അദ്ദേഹം. വിജയിക്കാന്‍ ചുരുങ്ങിയ സാദ്ധ്യതയുള്ള ഒരു ‘അതിമോഹ’ത്തില്‍ ഒരുപാട് സാമ്പത്തിക വിഭവശേഷി ചിലവാക്കുന്നതിനേക്കാള്‍ നാസ ഇപ്പോള്‍ ചെറിയ ചെറിയ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുവാന്‍ തുടങ്ങിയിരിക്കുന്നു; അവ വിജയിക്കുകയാണെങ്കില്‍, ഒരിക്കല്‍ ചൊവ്വയിലെത്തിച്ചേരാനുള്ള വിവരങ്ങളും സാങ്കേതികവിദ്യയും അതില്‍ നിന്നും വികസിപ്പിച്ചെടുക്കാമെന്ന ലക്ഷ്യത്തോടെ.

ഉദാഹരണത്തിന് സമീപകാലത്ത് വിക്ഷേപിച്ച ഓറിയോൺ സ്പേസ് കാപ്സ്യൂള്‍. (അപ്പോളോക്കു ശേഷം, ഭൂമിയുടെ ഭ്രമണ പഥം വിട്ടു സഞ്ചരിക്കാന്‍ രൂപപ്പെടുത്തിയ, മനുഷ്യരടങ്ങിയ ആദ്യത്തെ യു.എസ്സ്. ബഹിരാകാശ പേടകം). സ്പെയ്സ്-എക്സ് മുതലായ സ്വകാര്യ ബഹിരാകാശ കമ്പനികള്‍ സ്വന്തമായി റോക്കറ്റും ബഹിരാകാശ പേടകങ്ങളുമൊക്കെ ഉണ്ടാകാന്‍ തുടങ്ങിയ സമയത്ത്, ഓറിയോൺ സ്പേസ് കാപ്സ്യൂള്‍ വിലകൂടിയതും അനാവശ്യവുമായിരുന്നെന്ന് വാദിക്കാം. എന്നാല്‍ സ്വകാര്യ ബഹിരാകാശ കമ്പനികളോടുള്ള നാസയുടെ സഹകരണം എതിര്‍ക്കാമായിരുന്ന കോണ്‍ഗ്രസ് അനുഭാവികളെ അത് തൃപ്തരാക്കി. ഏറ്റവും പ്രധാനമായി, പര്യവേഷണങ്ങള്‍ കൊണ്ടുവരാനും നിയന്ത്രിക്കാനുമുള്ള നാസയുടെ ലോകപ്രശസ്തമായ വൈദഗ്ധ്യത്തെ നിലനിര്‍ത്താനും മിനുക്കാനും ഓറിയോൺ ഒരു അവസരമായി.

ചൊവ്വാപര്യവേഷണത്തിന് ഏറ്റവും നിര്‍ണായകമായ ഒന്നാണ് അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലുള്ള കെല്ലിയുടെ ഒരു വര്‍ഷം നീണ്ട  യാത്ര. യാഥാസ്ഥിതിക കണക്കുകൾ പറയുന്നത് ചൊവ്വയിലേക്ക് പറക്കാന്‍ ഏകദേശം മൂന്നു വർഷമെടുക്കുമെന്നാണ്. ഒരു മനുഷ്യന് അത് സാധിക്കുമോ? തുടര്‍ച്ചയായി ഒരു വര്‍ഷം ബഹിരാകാശത്ത് കഴിഞ്ഞിട്ടുള്ളവര്‍ നാല് റഷ്യക്കാരാണ്, അതും അവസാനമായി തൊണ്ണൂറുകളില്‍. തുടര്‍ന്ന് താമസിക്കാനുള്ള ചെറിയ ശ്രമങ്ങള്‍ പോലും പുതിയ ശാരീരിക പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഉദാഹരണത്തിന്, ആറുമാസമോ അതില്‍ കുറവോ കാലഘട്ടത്തില്‍ ബഹിരാകാശത്ത് കഴിയുന്നവരില്‍ കാഴ്ച മങ്ങലും രോഗ പ്രതിരോധ ശേഷിത്തകര്‍ച്ചയുമുണ്ടാകുമെന്ന്  കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി ശാസ്ത്രജ്ഞര്‍ മനസ്സിലാക്കിക്കഴിഞ്ഞു.

ഈ പ്രശ്നങ്ങള്‍ ദീര്‍ഘകാല യാത്രികരില്‍ എങ്ങനെ നിലകൊള്ളും എന്ന് മനസ്സിലാക്കുവാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്ന, ദീര്‍ഘകാലം ബഹിരാകാശത്ത് കഴിഞ്ഞ ചുരുങ്ങിയ സഞ്ചാരകരില്‍ ഒരാളാവും സ്കോട്ട് കെല്ലി. അത്തരത്തിലുള്ള അറിവ്, പുതിയ ബഹിരാകാശ പേടകങ്ങളുടെ നിര്‍മാണത്തില്‍ നിര്‍ണായകമായേക്കും. 

(ആഡം മിന്റര്‍, ഏഷ്യ കേന്ദ്രീകരിച്ചുള്ള രാഷ്ടീയ, സാംസ്കാരിക, വ്യാവസായിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍