UPDATES

എംപിമാരുടെ സസ്‌പെന്‍ഷന്‍; ലോകസഭ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ് പ്രതിഷേധം

അഴിമുഖം പ്രതിനിധി

കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ഇന്നലെ പാര്‍ലമെന്റില്‍ നിന്ന് 250 കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയതതില്‍ പ്രതിഷേധിച്ച് ഇന്ന് പാര്‍ലമെന്റ് ബഹിഷ്‌കരിച്ചാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭം തെരുവിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് ഉച്ചയ്ക്കുശേഷം ബിജെപി ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. പാര്‍ലമെന്റിനു പുറത്തെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ സമരം ആരംഭിച്ചിട്ടുണ്ട്.

പാര്‍ലമെന്റിനകത്ത് പ്ലക്കാര്‍ഡ് ഉയര്‍ത്തി നടുത്തളത്തില്‍ ഇറങ്ങിയതിനായിരുന്നു ഇന്നലെ കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സുമിത്ര മഹാജന്‍ സസ്‌പെന്‍ഡ് ചെയ്തത്.കേരളത്തില്‍ നിന്നുള്ള കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം കെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍പ്പെടുന്നു. അഞ്ച് ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ ലോക്‌സഭയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

കോണ്‍ഗ്രസിനെ പിന്തുണച്ച് ഇടതുപക്ഷം. ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി തുടങ്ങി പത്തു പ്രതിപക്ഷ പാര്‍ട്ടികളും പാര്‍ലമെന്റ് ബഹിഷ്‌കരിക്കുന്നുണ്ട്.

അതേസമയം സഭയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതുകൊണ്ടാണ് എം പിമാരെ സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ ഭാവിക്കുവേണ്ടിയാണ് സസ്‌പെന്‍ഷന്‍ എന്നും സുമിത്ര മഹാജന്‍ പറഞ്ഞു. രാജ്യപുരോഗതി തടയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപിയും ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍