അഴിമുഖം പ്രതിനിധി
റവന്യൂ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന പ്രത്യേക സര്‍ക്കാര്‍ അഭിഭാഷകയെ മാറ്റി സര്‍ക്കാര്‍ ഉത്തരവ്. സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡറായ സുശീല ആര് ഭട്ടിനെയാണ് സ്ഥാനത്തു നിന്നും നീക്കി ഉത്തരവ് ഇറങ്ങിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഏറ്റെടുത്ത പല കേസുകളിലും സുശീല ആര് ഭട്ടിന്റെ ഇടപെടല്‍ വളരെ ശ്രദ്ധേയമായിരുന്നു. ഹാരിസണ്‍, ടാറ്റ എന്നീ കമ്പനികളുമായുള്ള കേസുകള്‍ പലതും സുശീല ഭട്ടിന് നല്‍കിയിരുന്നത് പ്രത്യേക ഉത്തരവിലൂടെയാണ്. ആ പ്രത്യേക ഉത്തരവാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഹാരിസണ്‍ എസ്റ്റേറ്റ് കേസ് നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ എത്തിനില്‍ക്കെയാണ് ഈ സ്ഥാനമാറ്റം.
ടാറ്റയുടെ മൂന്നാറിലെ ഭൂമിയിലുള്ള അവകാശവും ഗോയങ്കെയ്ക്ക് ഹാരിസണ്‍സ് മലയാളം കമ്പനിയിലുള്ള ഭൂമിയുടെ അവകാശവും അഡ്വ. സുശീലാ ഭട്ട് കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഹാരിസണിന്റെ 30000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ കാരണമായത് സുശീല ഭട്ട് ആയിരുന്നു. കെ സുധാകരന് വനമന്ത്രി ആയിരിക്കെയാണ് സുശീല ഭട്ട് സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡറുടെ സ്ഥാനത്തേക്ക് എത്തുന്നത്. വനം വകുപ്പിന്റെ കേസുകള്‍ വാദിക്കാന്‍ തുടങ്ങിയതോടെയാണ് സുശീല ഭട്ട് ശ്രദ്ധാകേന്ദ്രമായിത്തുടങ്ങിയത്.
പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് അസാധുവാകുമെന്ന സന്ദര്‍ഭത്തില്‍ അന്നത്തെ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കേസ് ഏല്‍പ്പിച്ചത് സുശീല ഭട്ടിനെയായിരുന്നു. ഈ കേസില്‍ പ്രസിഡന്റിന്റെ ഒപ്പ് കിട്ടുന്നത് വരെ നിയമപ്രതിരോധം തീര്‍ത്തത് സുശീല ഭട്ട് ആയിരുന്നു. തുടര്‍ന്ന് 2004-05 കാലയളവില്‍ ചന്ദനക്കേസുകളില്‍ അഡ്വ. സുശീല മാത്രം ഹാജരായാല്‍ മതി എന്നുള്ള ഒരു ഉത്തരവും തിരുവഞ്ചൂര്‍ ഇറക്കിയിരുന്നു. ഇതേ ഉത്തരവ് തന്നെ പലതവണ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.
കരുണ എസ്റ്റേറ്റിനു കരമടയ്ക്കാന്‍ ഉള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത് ഇവരുടെ എതിര്‍പ്പ് അവഗണിച്ചാണ്. ഈ തീരുമാനത്തെ സുശീല ഭട്ട് അനുകൂലിച്ചു എന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ഉന്നതതലയോഗത്തില്‍ സുശീലാ ഭട്ട് എതിര്‍ത്തുവെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി എജിയ്ക്ക് അയച്ച കത്തില്‍ നിന്നും വ്യക്തമായിരുന്നു.
കരുണ എസ്റ്റേറ്റിന് അനുകൂലമായ നടപടി ഹൈക്കോടതിയിലെ മറ്റു കേസുകളെ ബാധിക്കും എന്നായിരുന്നു സുശീലാ ഭട്ടിന്റെ നിലപാട്. എന്നാല്‍ ഇത് ഉന്നതതലയോഗത്തില്‍ ഈ അഭിപ്രായം അംഗീകരിക്കുകയുണ്ടായില്ല.
സുശീല ഭട്ടിനെ സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്തു നിന്നും മാറ്റാന്‍ ഹാരിസണും ടാറ്റയും വന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് ഈ രണ്ടു കമ്പനികളുടെ കേസുകള്‍ ഇവരില്‍ നിന്നും മാറ്റെണ്ടതില്ല എന്ന് വനമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ ഉത്തരവ് ഇറക്കിയിരുന്നു.
രണ്ടു കമ്പനികള്‍ക്കും എതിരെ സുശീല ഭട്ട് സ്വീകരിച്ച നിലപാടുകള്‍ കാരണം ഒരുലക്ഷം ഏക്കറോളം ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചിരുന്നു. ഹാരിസണ്‍സ് മലയാളം കമ്പനി സംസ്ഥാനത്ത് അനധികൃതമായാണ് ഭൂമി കൈവശം വച്ചിരിക്കുന്നത് എന്ന വാദം ഹൈക്കോടതി സിംഗിള്‍ ബഞ്ച് ശരിവെക്കുകയായിരുന്നു. ഭരണഘടനാ പ്രശ്നങ്ങള്‍ കാരണം കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ഡിവിഷന് ബഞ്ചിനു കൈമാറിയിരിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്ലീഡറെ മാറ്റുന്നത് കേസിനെ ബാധിക്കും എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
സര്‍ക്കാര്‍ മാറിയതോടെ പല വകുപ്പുകളിലെയും സര്‍ക്കാര്‍ പ്ലീഡര്‍മാരെ മാറ്റാനുള്ള ശ്രമം നടക്കുന്നതിന്റെ ഭാഗമായാണ് സുശീലാ ഭട്ടിനും സ്ഥാനചലനം ഉണ്ടാവുന്നത്.