UPDATES

ആലപ്പുഴ: കേരളത്തിലെ ഗുണ്ടകളുടെ ‘രാഷ്ട്രീയ’ തലസ്ഥാനം- ഭാഗം 3

എങ്ങനെയാണ് ഒരാള്‍ രാഷ്ട്രീയ ഗുണ്ടയായി മാറുന്നത്? കേരളത്തിലെ രാഷ്ട്രീയ അധോലോകത്തെ അക്രമത്തിന്റെ വ്യാപാരികള്‍-പരമ്പര തുടരുന്നു

ഈ പരമ്പര കേരളത്തിലെ രാഷ്ട്രീയ അധോലോകങ്ങളിലൂടെ നടത്തുന്ന ഒരു യാത്രയാണ്. അറിയാതിരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കാത്ത കേരളത്തെ കുറിച്ചുള്ള കഥയാണിത്. നമ്മുടെ രാഷ്ട്രീയക്കാര്‍ ഇതുവരെ പറയാന്‍ തയ്യാറാകാതിരുന്ന കഥ. നമ്മുടെ പരമ്പരാഗത മാധ്യമങ്ങളും ഇതുവരെ വ്യക്തതയോടെ പറയാന്‍ കൂട്ടാക്കാതിരുന്ന കഥ. കേരളത്തിന്റെ പുകള്‍പ്പെറ്റ ജനാധിപത്യനേട്ടങ്ങളെ നിര്‍വീര്യമാക്കുന്ന കഥകള്‍ കൂടിയാണിത്. ഇത് അക്രമങ്ങളെക്കുറിച്ചാണ്, രക്തപങ്കിലവും അസ്വസ്ഥതപ്പെടുത്തുന്നതുമാണവ. എന്നിരിക്കില്‍ പോലും, ഇത് തീര്‍ച്ചയായും പറയേണ്ട കാര്യങ്ങള്‍. ആദ്യ രണ്ടുഭാഗങ്ങള്‍ ഇവിടെ വായിക്കാം:

1. കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകവും പീതാംബരന്‍ എന്ന ലോക്കല്‍ നേതാവും

2. കണ്ണൂരിലെ കരുത്തന്‍; കയ്യൂക്കിന്റെ രാഷ്ടീയവും ക്വൊട്ടേഷന്‍ മാഫിയകളും

ഭാഗം 3- ആലപ്പുഴ: കേരളത്തിന്റെ ഗുണ്ടാ തലസ്ഥാനം

ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ നിന്നാവാം തുടക്കം. ജീവനോടെ അവശേഷിച്ചാല്‍ തല്ലും കുത്തും വെട്ടും എല്ലാം ചെന്ന് അവസാനിക്കുന്ന മുറികള്‍. അങ്ങനെയൊരു മുറിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവനോടെ കണ്ണുതുറന്ന് തനിക്ക് ശ്വാസം ഉണ്ടെന്ന് ഉറപ്പിച്ച ഒരു ഉദ്യോഗസ്ഥനുണ്ട്. എക്‌സൈസ് വകുപ്പിലെ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്‍. കണ്ണുതുറന്ന് ഓര്‍മ്മകള്‍ തിരികെ വന്നപ്പോള്‍ സംഭവിച്ചതെല്ലാം ഒന്ന് റിവൈന്‍ഡ് ചെയ്ത് നോക്കി. ഓര്‍മ്മയില്‍ തെളിഞ്ഞതെല്ലാം തടിച്ച ഇരുമ്പു കമ്പികളും സൈക്കിള്‍ ചെയിനും മുഖം പകുതി മറച്ച ആളുകളുമായിരുന്നു. അവര്‍ ആരാണെന്ന് ആ ഉദ്യോഗസ്ഥന് ഇപ്പോഴുമറിയില്ല. പക്ഷെ അതിന്റെ കാരണമെന്തെന്നും കാരണക്കാരാരെന്നും അയാള്‍ക്ക് ഉത്തമബോധ്യമുണ്ട്.

ഉള്‍ഗ്രാമത്തിലെ ഒരു ഷാപ്പുമായി ബന്ധപ്പെട്ടാണ് തര്‍ക്കം തുടങ്ങുന്നത്. കൂട്ടത്തിലുള്ളവര്‍ പോലും ഒറ്റുകാരാവാന്‍ സാധ്യതയുള്ളതിനാല്‍ ഉദ്യോഗസ്ഥന്‍ ആരെയും അറിയിക്കാതെ തന്റേതായ വഴികളില്‍ പരിശോധനകള്‍ക്കിറങ്ങുന്നത് ഒരു പതിവായിരുന്നു. പല തവണ പല വേഷത്തില്‍ ഷാപ്പുകളില്‍ എത്തി റിപ്പോര്‍ട്ട് ചെയ്യുന്നതായിരുന്നു രീതി. തര്‍ക്കമുണ്ടായ ഷാപ്പിലും ഇത്തരത്തില്‍ ഒറ്റക്കെത്തി നടത്തിയ പരിശോധനയില്‍ മായം കലര്‍ത്തുന്നത് നേരില്‍ കണ്ട് തൊണ്ടിയടക്കം പിടിച്ചെടുത്തു. ഷാപ്പിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റും കണ്ടെടുത്ത് കേസ് ചാര്‍ജ് ചെയ്തു. ഉദ്യോഗസ്ഥന്‍ ഓഫീസിലെത്തുന്നതിന് മുന്നെ വന്നു ഫോണ്‍ കോളുകള്‍. ‘അഡ്ജസ്റ്റ്‌മെന്റ്’ തന്നെയായിരുന്നു വിളിച്ചവരുടെ ഉദ്ദേശം. എന്നാല്‍ ചെയ്യുന്ന ജോലിയില്‍ കൃത്രിമം കാണിക്കാന്‍ ആ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. പോരാത്തതിന് തുടര്‍ച്ചയായ പരിശോധനയില്‍, സ്പിരിറ്റ് കടത്തുന്ന വാഹനങ്ങളും ഈ ഉദ്യോഗസ്ഥന്റെ വലയിലായി.

ആദ്യം ഷാപ്പ് ഉടമകളും അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരുമാണ് ഉദ്യോഗസ്ഥനെ നേരില്‍ ചെന്നുകണ്ടതും ഫോണില്‍ വിളിച്ചതും. വഴങ്ങാതായപ്പോള്‍ പ്രധാന വ്യക്തിത്വങ്ങള്‍ ചെറിയ മുന്നറിയിപ്പും ഭീഷണിയുമായി എത്താന്‍ തുടങ്ങി. ഉദ്യോഗസ്ഥന്‍ കൂടുതലന്വേഷിച്ചപ്പോഴാണ് സിപിഎം പ്രാദേശിക നേതാവിന്റെയാണ് ഷാപ്പ്. ബിനാമി പേരില്‍ മറ്റാരുടേയോ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു എന്ന് മാത്രം. അതോടെ കാര്യങ്ങളില്‍ വ്യക്തത കൈവന്നു. വഴങ്ങില്ല എന്ന് മനസ്സിലാക്കിയപ്പോള്‍, “നമ്മടെ ആളുകളിറങ്ങും. പിന്നെ കയ്യും കാലും അനങ്ങത്തില്ല. അവന്‍മാര്‍ എന്താണ് ചെയ്യാന്‍ പോവുന്നതെന്ന് ഞങ്ങള്‍ക്ക് പോലും പറയാന്‍ പറ്റില്ല. ചിലപ്പോ ജീവനും കാണില്ല” എന്ന പ്രമുഖനായ നേതാവിന്റെ ഭീഷണിക്ക് പോലും ഉദ്യോഗസ്ഥന്റെ തീരുമാനം മാറ്റാനായില്ല. രണ്ട് ദിവസം കഴിഞ്ഞില്ല, സ്വന്തം ബൈക്കില്‍ അടുത്ത ജില്ലയിലുള്ള വീട്ടിലേക്ക് മടങ്ങും വഴിയാണ് ചിലര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. കുറേ ദൂരം ഓടി. “ഓടിയോടി കുറ്റിക്കാടിനിടയില്‍ പോലും പോയി ഒളിച്ചു. എന്നിട്ടും അവര്‍ പിടികൂടി. കണ്ണ് തുറക്കുമ്പോള്‍ ആശുപത്രിയിലാണ്”, പോലീസ് വന്ന് മൊഴിയെടുത്തു. ഉദ്യോഗസ്ഥന്‍ രേഖാമൂലം പരാതി നല്‍കി. അക്രമികളെന്ന പേരില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. “രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും കയ്യാളന്‍മാരായിരുന്നു അവര്. അതും ചേര്‍ത്താണ് പരാതി നല്‍കിയത്. അതൊന്നും ആരും അന്വേഷിച്ചില്ല. ഒന്നര വര്‍ഷം കഴിഞ്ഞാണ് ഞാന്‍ പിന്നീട് ജോലിയില്‍ കയറുന്നത്. ഒരു കാലിന് ഇപ്പോഴും ചെറിയ മുടന്തുണ്ട്. ഒരു യൂണിയനിലും ഇല്ലാതിരുന്നതുകൊണ്ട് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ആരും സഹായിച്ചില്ല. പിന്നെ ഞാനൊന്നിനും പോയിട്ടില്ല. എല്ലാ ഇടപാടുകളും അറിയും. പക്ഷെ ഞാന്‍ പ്രതികരിച്ചിട്ടേയില്ല. എന്തിനാ നമ്മള് വെറുതെ? ഇവിടെ രാഷ്ട്രീയക്കാര്‍ പറയുന്നതേ നടക്കൂ”, ആ ഉദ്യോഗസ്ഥന്‍ പറയുന്നു.

രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ ഉള്ളത് ആലപ്പുഴയിലാണ്- 336 പേര്‍. മെട്രോ നഗരമായ കൊച്ചിയെയും പൂര്‍ണമായും നഗരാന്തരീക്ഷമുള്ള തിരുവനന്തപുരത്തേയും കടത്തിവെട്ടി ഗുണ്ടകളുടെ കാര്യത്തില്‍ ആലപ്പുഴ മുന്നോട്ട് പോയി. കായല്‍, ആറ്, കടല്‍, വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍, നാടന്‍ കള്ള് ഈ ചേരുവകള്‍ ചേരുന്നതാണ് ആലപ്പുഴ ജില്ല. ഈ ചേരുവകകളിലാണ് രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ചിലരെങ്കിലും തഴച്ച് വളരുന്നത്; ഒപ്പം ക്വൊട്ടേഷന്‍ ബിസിനസും.

മണലിലും നിലംനികത്തലിലും കള്ളിലും വസ്തുതര്‍ക്കത്തിലും കൊഴുക്കുന്ന ഗുണ്ടാ-രാഷ്ട്രീയ കൂട്ടുകെട്ട്

സ്ഥലത്തെ പ്രധാന ഗുണ്ട. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി അംഗവുമാണ്. നാല് കൊലക്കേസില്‍ പ്രതി. ഇപ്പോള്‍ പ്രധാന ജോലി നിലംനികത്ത്. അഞ്ച് ലക്ഷം രൂപ കൊടുത്താല്‍ രണ്ട് മണിക്കൂറിനുള്ളില്‍ 10 സെന്റ് നിലം നികത്തി നല്‍കും. രാത്രിയോ പകലെന്നോ വ്യത്യാസം രതീഷിനും സംഘത്തിനുമില്ല. ആവശ്യക്കാരന്റെ സൌകര്യം പോലെ ഏത് സമയത്തുമാവാം. നികത്തേണ്ട സ്ഥലത്ത് രതീഷിന്റെ ടിപ്പര്‍ ലോറി വന്ന് നിന്നാല്‍ പിന്നെ നാട്ടുകാരാരും പേടിച്ചിട്ട് പ്രദേശത്തേക്കടുക്കില്ല. റവന്യൂ വകുപ്പും പോലീസും പ്രദേശത്തേക്കേ വരില്ല. രതീഷ് ഒരുദാഹരണം മാത്രമാണ്. സര്‍ക്കാര്‍ പ്രസിദ്ധികരിച്ച ലിസ്റ്റിലുള്‍പ്പെട്ട 336 പേരില്‍ മുന്നൂറോളം പേരും ആലപ്പുഴയുടെ തെക്കന്‍ മേഖലകളിലുള്ളവരാണ്. കുട്ടനാട് മുതല്‍ ഓണാട്ടുകര വരെ നീണ്ടു കിടക്കുന്ന നിലങ്ങളാണ് ഇത്തരം ഗുണ്ടാസംഘങ്ങളുടെ പ്രധാന വരുമാനമാര്‍ഗം. നിലംനികത്തലിന് സര്‍ക്കാര്‍ അനുമതി നല്‍കാതിരിക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തികളാക്കി ആവശ്യക്കാരനെ തൃപ്തിപ്പെടുത്തുക എന്നതാണ് ഗുണ്ടാസംഘങ്ങള്‍ ചെയ്യുന്നത്. നിലംനികത്തണമെന്ന് ആവശ്യവുമായി ഗുണ്ടാസംഘത്തലവനെ നേരിട്ട് കണ്ട് പ്രതിഫലത്തുക തീരുമാനിക്കേണ്ട ആവശ്യമേയുള്ളൂ. പൊതു അവധി ദിവസങ്ങളിലാണ് കൂടുതലും നികത്തലുകള്‍ നടക്കുന്നത്. കായലിനോടും ആറുകളോടും ചേര്‍ന്ന സ്ഥലങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തിനിടെ മൂന്നിരട്ടി വരെ വില വര്‍ധിച്ചു. ഒരു സ്ഥലം ഒരു വര്‍ഷത്തിനിടെ ഏഴ് പേരുടെ കൈമറിഞ്ഞ് പോയ സംഭവം വരെയുണ്ട്. ഈ സ്ഥലങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ പിടിമുറുക്കി തുടങ്ങിയിട്ട് കാലമേറെയായി. ഇതിനുള്ള സഹായ സഹകരണങ്ങള്‍ ചെയ്ത് കൊടുക്കുകയെന്നതും പ്രദേശത്തെ ഗുണ്ടകളുടെ ജോലികളില്‍ പെടുന്നു. നിലം നികത്തിയാലും കുഴിച്ചാലും കായല്‍ കയ്യേറി റിസോര്‍ട്ടും കെട്ടിടങ്ങളും പണിതാലും നാട്ടുകാരില്‍ നിന്ന് എതിര്‍പ്പിന്റെ ഒരു ശബ്ദം പോലും പുറത്തുവരാതിരിക്കാന്‍ ഇവര്‍ തങ്ങളാലാവുന്നത് ചെയ്യും. രാഷ്ട്രീപാര്‍ട്ടി പ്രവര്‍ത്തകനായതിനാല്‍ ഇയാള്‍ക്കെതിരെ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യപ്പെടാറുമില്ല.

ആവശ്യക്കാരേറെയുള്ള കായല്‍ മണലും ആറ്റുമണലും- ഇതുമായി ബന്ധപ്പെട്ടാണ് ഗുണ്ടാസംഘങ്ങളുടെ അടുത്ത പ്രവര്‍ത്തനം. ആവശ്യനുസരണം മണല്‍ വാരാനും കടത്താനും ഗുണ്ടാ കാവല്‍ ലഭ്യമാണ്. മണല്‍ വാരുന്നയിടത്തും ലോഡ് കയറ്റുന്നയിടത്തും അഞ്ച് വീതം ഗുണ്ടകളെ നിര്‍ത്തിയാണ് ഓപ്പറേഷന്‍. വേണമെങ്കില്‍, പണക്കിഴിയുടെ കനം കൂടുകയാണെങ്കില്‍ മാത്രം, മണല്‍ വാരുന്നതും ചുമട്ടുതൊഴിലാളിയാവാനും വരെ ഇവര്‍ തയ്യാറാണ്. എത്തിക്കേണ്ടിടത്ത് എത്തിക്കും വരെ ഒരു സംഘം ഗുണ്ടകളും മണല്‍ ലോറിയെ അനുഗമിക്കും. ആലപ്പുഴ ജില്ലയ്ക്കകത്തും മറ്റ് ജില്ലകളിലേക്കും ഈ മണല്‍ ലോറികള്‍ പായുക പതിവാണ്. സ്വന്തമായി ടിപ്പര്‍ ലോറിയുള്ള ഗുണ്ടാ സംഘങ്ങള്‍ ആ ലോറിയില്‍ തന്നെ ആവശ്യക്കാരന് മണലെത്തിച്ച് കൊടുക്കും. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ കടല്‍ത്തീരങ്ങളെ സമ്പുഷ്ടമാക്കുന്ന കരിമണലാണ് മറ്റൊരു കനി. കരിമണല്‍ കടത്ത് പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ തീരത്തു നിന്ന് കരിമണല്‍ വ്യാപകമായി കടത്തിക്കൊണ്ട് പോവുന്നതായി നാട്ടുകാര്‍ പറയുന്നു. കോടികള്‍ വിലമതിക്കുന്ന കരിമണല്‍ ശേഖരത്തില്‍ നോട്ടമിട്ടിരിക്കുന്നവരില്‍ വ്യവസായിക പ്രമുഖരും രാഷ്ട്രീയ നേതാക്കളടക്കമുള്ളവരുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ സംസാരം. എന്നാല്‍ രാത്രിയുടെ മറവില്‍ നടക്കുന്ന കരിമണല്‍ കടത്ത് പിടിക്കാന്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. ഗുണ്ടാ ആക്രമണം തന്നെയാണ് ഇവരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഏത് രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വന്നാലും ഇവര്‍ ശക്തരായി തുടരുകയും ചെയ്യുന്നു.

ഗുണ്ടാ സംഘങ്ങളുടെ ‘സഹായം’ ഏറെ ആവശ്യപ്പെടുന്ന മറ്റൊന്നാണ് ആലപ്പുഴയിലെ കള്ള് വ്യവസായം. കുട്ടനാട്ടിലെ ‘നാടന്‍ കള്ള്’ കുടിക്കാനെത്തുന്നവര്‍ക്ക് നല്‍കാനുള്ള സ്പിരിറ്റ് എത്തിച്ചുകൊടുക്കുന്നത് ഈ ഗുണ്ടാസംഘങ്ങളുടെ എസ്‌കോര്‍ട്ടോടെയാണ്. സ്പിരിറ്റ് കടത്ത്, സുരക്ഷിതമായി ഒളിപ്പിക്കല്‍, കള്ള് കലക്കല്‍, കൃത്രിമ കള്ളുത്പാദനം എന്നീ പ്രവൃത്തികളില്‍ നല്ല പ്രതിഫലം വാങ്ങി പങ്കെടുക്കുന്നതിനൊപ്പം എക്സൈസ് റെയ്ഡ് ഒഴിവാക്കുക, റെയ്ഡ് നടന്നാല്‍ കൃത്രിമക്കള്ള് പിടിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നീ അധിക ചുമതലകളും കൂടി ഇവര്‍ നിര്‍വഹിക്കണം. ഇതുവഴി ലക്ഷങ്ങളാണ് ഗുണ്ടാ സംഘങ്ങള്‍ കൈപ്പറ്റുന്നത്. കായംകുളം, ഹരിപ്പാട് പ്രദേശങ്ങളിലാണ് വ്യാജക്കള്ള് നിര്‍മ്മാണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ പ്രദേശങ്ങളിലുള്ള ഗുണ്ടാസംഘങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവിന് ഇതും കാരണമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. എക്‌സൈസ് പിടിക്കുന്ന കേസുകളില്‍ ബഹുഭൂരിഭാഗത്തിലും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിപ്രവര്‍ത്തകരോ നേതാക്കളോ തന്നെ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ അബ്കാരി കേസുകളില്‍ നടപടിയും കുറവാണ് എന്ന് എക്‌സൈസ്.

ക്വട്ടേഷനും രാഷ്ട്രീയപ്രവര്‍ത്തനവും

ബിജെപിയിലെ പ്രമുഖനായ നേതാവ് ‘പ്രമുഖ’നായതിനെ പിന്നിലെ കഥയാണ്. സിപിഎമ്മുകാരെ ഞെട്ടിച്ച കൊലപാതമായിരുന്നു സ്ഥലത്തെ തൊഴിലാളി യൂണിയന്‍ നേതാവിന്റേത്. ബിഎംഎസ് നേതാവിനെ കൊന്നതിന്റെ തിരിച്ചടിയായി ആസൂത്രണം ചെയ്ത കൊലപാതകം. ക്ഷേത്രങ്ങളോട് ചേര്‍ന്ന് ആര്‍എസ്എസ് ശാഖകളുടെ പ്രവര്‍ത്തനത്തിന് അന്ന് മുഖ്യ പങ്കുവഹിച്ചിരുന്ന നേതാവാണ് ആ കൊലയ്ക്ക് പിന്നില്‍. നാട്ടിലെ നേതാവായി നടന്നയാള്‍ അതോടെ വീരപരിവേഷം കിട്ടി മുന്‍നിരയിലേക്കെത്തി. സമാധാന പ്രേമിയെന്നും സാത്വികനെന്നും പൊതുവെ പറയപ്പെടുന്ന ഒരു നേതാവ് കൃത്യമായി ആസൂത്രണം ചെയ്തും പങ്കെടുത്തും നടപ്പാക്കിയ കൊലപാതകം ഏറെ കോളിളിക്കങ്ങള്‍ സൃഷ്ടിച്ചതായിരുന്നു. ഇത് പഴയ കഥയെങ്കില്‍ ഇപ്പോഴത്തെ കാര്യങ്ങള്‍ ഇങ്ങനെയാണ്:

“ഞങ്ങളുടെ നേരേ നിങ്ങള്‍ കണ്ണടച്ചാല്‍ നിങ്ങള്‍ക്ക് നേരേ ഞങ്ങളും കണ്ണടയ്ക്കും” എന്നാണ് ഗുണ്ടകളുടെ കാര്യത്തില്‍ ആലപ്പുഴയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പോളിസി. ഒളിഞ്ഞും തെളിഞ്ഞും ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്നതും തട്ടുകേട് പറ്റാതെ സംരക്ഷിക്കുന്നതും രാഷ്ട്രീയപാര്‍ട്ടിക്കാര്‍ തന്നെ. “പുറത്തു നടന്നാല്‍ സാമൂഹ്യ വിരുദ്ധരായി നടക്കേണ്ട ചെറുപ്പക്കാരെ ഞങ്ങള്‍ കൂടെക്കൂട്ടി രാഷ്ട്രീയ സാമൂഹ്യ ബോധമുള്ളവരാക്കുകയാണ്” എന്നാണ് ഇതിനെക്കുറിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് പറഞ്ഞത്. പുറത്ത് വെറുതെ നടന്നാല്‍ സാമൂഹ്യ വിരുദ്ധരായി തീര്‍ന്നേക്കാവുന്ന ഇക്കൂട്ടരെക്കൊണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മെച്ചമല്ലാതെ മറ്റൊന്നുമില്ലെന്നും ഇദ്ദേഹം തുറന്ന് സമ്മതിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കയ്യും കാലും പിടിച്ചാലും പിരിവ് നല്‍കാന്‍ തയ്യാറാവാത്തവര്‍ പാര്‍ട്ടിയ്ക്കുള്ളിലെ ഈ ‘മര്യാദരാമന്‍മാരെ’ കണ്ടാല്‍ പേടിച്ചിട്ടാണെങ്കിലും ചോദിക്കുന്ന തുക സംഭാവനയായി നല്‍കും. പാര്‍ട്ടി പരിപാടികളിലും സമരങ്ങളിലും പ്രാതിനിധ്യം കൂട്ടാനും ശക്തിപ്രകടനത്തിനും ഇവര്‍ തന്നെ ധാരാളം. ഇതിനെല്ലാം പുറമെ അടി, ഇടി, വെട്ട്, കുത്ത് അങ്ങനെ രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെടുന്ന ഏത് ജോലിയും വൃത്തിയായി ചെയ്ത് തീര്‍ക്കും. ഗുണ്ടകളെ പരസ്പരം വീതംവച്ച് രാഷ്ട്രീപാര്‍ട്ടിക്കാര്‍ പലതരത്തില്‍ ലാഭമുണ്ടാക്കുമ്പോള്‍ ഗുണ്ടകളെ പിടികൂടണമെന്നും കാപ്പ ചുമത്തി അകത്താക്കണമെന്നും ആവശ്യപ്പെടാനുള്ള ധൈര്യം ഏത് രാഷ്ട്രീയ നേതാവിനുണ്ടാവും?

സുദേഷ് (പേര് യഥാര്‍ഥമല്ല) ഒരു തൊഴിലാളിയുടെ മകനായിരുന്നു. ചെറുപ്പത്തില്‍ ആര്‍എസ്എസ് ശാഖയില്‍ പോയിരുന്നയാള്‍. നാട്ടിലെ ചെറിയ അടിപിടി കേസുകളെല്ലാം ഉള്‍പ്പെട്ടിരുന്ന സുദേഷ് ഒരു ദിവസം ഒരു കേസില്‍ അറസ്റ്റിലായി. ജയിലില്‍ നിന്ന് ഇയാള്‍ പുറത്തിറങ്ങിയത് മറ്റൊരാളായാണ്. പിന്നീടുള്ള ഇയാളുടെ വളര്‍ച്ച കണ്ട് നാട്ടുകാര്‍ പോലും കണ്ണുതള്ളി. നാട്ടുകാര്‍ക്ക് എപ്പോഴും സഹായഹസ്തവുമായി എത്തുന്ന സുദേഷിന് മറ്റൊരു മുഖമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകനായ ഗുണ്ടയെന്നോ ഗുണ്ടയായ രാഷ്ട്രീയ പ്രവര്‍ത്തകനെന്നോ സുദേഷിനെ വിശേഷിപ്പിക്കേണ്ടതെന്ന് ഇവര്‍ക്ക് സംശയമാണ്. മണല്‍മാഫിയയ്ക്ക് വേണ്ടിയും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടിയും ആക്രമണങ്ങളില്‍ ഏറെക്കാലം മുന്‍നിരയില്‍ തന്നെ ഇയാളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് ഇടനിലക്കാരനെന്ന് പറയാവുന്ന ഒരു നിലയിലേക്ക് മാറി. തല്ലാനും കൊല്ലാനും ആളെ അയച്ചുകൊടുക്കുന്ന ക്വൊട്ടേഷന്‍ ബിസിനസുകാരില്‍ ഒരാളാണ് സുദേഷ് ഇന്ന്. കക്കൂസ് മാലിന്യങ്ങള്‍ നിറയ്ക്കാനുള്ള വാഹനങ്ങള്‍ വിട്ടുനല്‍കുന്ന ഇടപാട് മുതല്‍ അത് പൊതുസ്ഥലത്ത് തട്ടുന്നതിന് വരെ നേരിട്ടിറങ്ങുകയും ഇടനിലനില്‍ക്കുകയും ചെയ്യുന്ന ഈ വ്യക്തി ഇന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും പൊതുസമ്മതനുമാണ്. പൊതുപ്രവര്‍ത്തകനായി നാട്ടില്‍ സജീവമാണ് ഇയാള്‍. വലിയ വീടും കോടിക്കണക്കിന് പണം കൈമറിയുന്ന ബിസിനസും രാഷ്ട്രീയ സ്വാധീനവുമുള്ള ഒരാളായി ഇപ്പോള്‍ നാട്ടില്‍ വിലസുന്നു.

ജില്ലയുടെ തെക്കന്‍ മേഖലയിലെ പോലീസ് സ്‌റ്റേഷനില്‍ ഒരു യുവതി താന്‍ കൂട്ട ലൈംഗികാതിക്രമത്തിനിരയായതായി പരാതി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളായി പേര് ചേര്‍ക്കപ്പെട്ടവര്‍ ആറ് പേര്‍. മൂന്ന് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രവര്‍ത്തകര്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. മൂന്ന് പാര്‍ട്ടിയിലാണെങ്കിലും മണല്‍ മാഫിയക്കും, നിലംനികത്തിനും വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്തിരുന്നവരായിരുന്നു ഇവര്‍. ഇതാണ് പാര്‍ട്ടി ഭേദങ്ങള്‍ക്കിടയിലും ഇവരെ ഒന്നിച്ച് നിര്‍ത്തിയിരുന്നത്. യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും പിന്നീട് അത് വെളിച്ചം കണ്ടില്ല. പ്രതികളെ പിടിക്കാനായില്ല എന്ന ന്യായമാണ് പോലീസ് യുവതിയോട് അറിയിച്ചത്. എന്നാല്‍ അന്ന് മുതല്‍ യുവതിയ്ക്ക് സുരക്ഷിതമായി വീട്ടില്‍ കഴിയാനാവാത്ത അവസ്ഥയായി. മൂന്ന് പാര്‍ട്ടികളിലേയും പ്രദേശിക നേതാക്കളും ഗുണ്ടകളും വീട്ടില്‍ കയറിയിറങ്ങി. മൊഴിമാറ്റണം, പരാതി പിന്‍വലിക്കണം തുടങ്ങി നിരവധി ആവശ്യങ്ങളുമായാണ് അവര്‍ എത്തിയത്. അതിന് വഴങ്ങാതിരുന്നതോടെ വീടിന് നേരെ ആക്രമണമായി. രണ്ട് തവണ ആക്രമണമുണ്ടായി പോലീസില്‍ പരാതിപ്പെട്ടെങ്കിലും അതിനും നടപടിയുണ്ടായില്ല. യുവതി പരാതിപ്പെട്ടവരെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനവും ഫണ്ട് പിരിവും ക്വൊട്ടേഷന്‍ ജോലികളുമായി നാട്ടില്‍ സജീവമാണ്.

കണ്ണൂരിന് സമാനമായ രീതിയില്‍ ആലപ്പുഴയും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് വേദിയാവുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാണാനാവുന്നത്. ഇത്തരം കൊലപാതകങ്ങളിലുള്ള പോലീസ് അന്വേഷണങ്ങളില്‍ ഗുണ്ടാതലവന്‍മാരും രാഷ്ട്രീയ നേതാക്കളുമായുള്ള അവിശുദ്ധ ബന്ധം പലപ്പോഴും വെളിപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഭാര്യയുടേയും കുഞ്ഞിന്റെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തനം ഉപേക്ഷിച്ച് യൂത്ത്കോണ്‍ഗ്രസില്‍ അംഗത്വം നേടിയതിന്റെ പ്രതികാരമാണെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചിരുന്നു. എന്നാല്‍ പോലീസ് രേഖകളില്‍ കൊല്ലപ്പെട്ടയാള്‍ നിരവധി അക്രമ കേസുകളില്‍ പ്രതിയായിരുന്നെന്നും യൂത്ത് കോണ്‍ഗ്രസിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് വരെ ഇയാള്‍ ബിജെപി പ്രവര്‍ത്തകനായിരുന്നെന്നും സ്ഥിരീകരിച്ചിരുന്നു.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്നായിരുന്നു കണക്കുകൂട്ടല്‍. അതിന്റെ പേരില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി ഹര്‍ത്താലും നടത്തി. പിന്നീടുള്ള പോലീസ് അന്വേഷണത്തില്‍ ഗുണ്ടാ സംഘത്തലവനായിരിക്കെ ചെയ്ത അക്രമങ്ങളായിരുന്നു കൊലപാതകത്തിന് വഴിവച്ചതെന്ന വ്യക്തമായി. ക്വട്ടേഷന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചാണ് അയാള്‍ രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമായത്. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടിയും അക്രമങ്ങള്‍ നടത്താന്‍ മുന്നില്‍ തന്നെ നിന്നു. ഒടുവില്‍ കത്തിക്ക് ഇരയായി.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉല്ലാസ് എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടു. ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. റോഡില്‍ സംസാരിക്കുന്നതിനിടെ എന്തോ വാക്കുതര്‍ക്കമുണ്ടായതിന്റെ പേരില്‍ ഒരാള്‍ കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ശേഷം പ്രതി സ്വയം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഉല്ലാസും പ്രതിയും വിവിധ ഗുണ്ടാസംഘങ്ങളില്‍ പെട്ടവരായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഫെബ്രുവരി 10ന് വിഷ്ണു എന്ന മറ്റൊരു യുവാവും കൊല്ലപ്പെട്ടു. ഉല്ലാസിന്റെ മരണം നടന്ന ദിവസം പടക്കം പൊട്ടിച്ച് ആഘോഷിച്ചെന്ന കാരണത്താല്‍ ഉല്ലാസിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടപ്പിലാക്കിയതാണ് ചേപ്പാട് സ്വദേശി ജിഷ്ണുവിന്റെ വധം. ജിഷ്ണു ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്നെങ്കിലും ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞതോടെ പകരംവീട്ടലുകള്‍ അവിടംകൊണ്ട് അവസാനിച്ചു. ജിഷ്ണുവും ക്വട്ടേഷന്‍ ഗുണ്ടാ സംഘത്തില്‍ പെട്ടയാളായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ മൂന്ന് കൊലപാതകങ്ങള്‍ക്കും പിന്നില്‍ സിപിഎം, കോണ്‍ഗ്രസ്, ബിജെപി ഗുണ്ടാ ബന്ധങ്ങളാണ് കാരണമായി വിലയിരുത്തുന്നത്. ഇത്തരത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഗുണ്ടാരാജിനെ വളര്‍ത്തുമ്പോള്‍ കാപ്പ നിയമ പ്രകാരം അറസ്റ്റിലാവേണ്ടവരുടെ പട്ടികയില്‍ ആലപ്പുഴയില്‍ നിന്നുള്ളവര്‍ ഒന്നാമതെത്തിയതില്‍ അത്ഭുതപ്പെടേണ്ടതില്ല. കൊലപാതക കേസുകള്‍ മാറ്റിനിര്‍ത്തുമ്പോള്‍ തന്നെ റിയല്‍ എസ്റ്റേറ്റ്, കഞ്ചാവ്, മണല്‍ മാഫിയകളുടെ അക്രമ കേസുകളിലും ആലപ്പുഴ ജില്ല ഒട്ടും പിന്നിലല്ല. എന്നാല്‍ മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലുള്‍പ്പെടെ ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും പ്രതിപ്പട്ടികയിലുള്ളവര്‍ യഥേഷ്ടം സ്വൈര്യവിഹാരം നടത്തുന്നത് രാഷ്ട്രീയ നേതാക്കളുടെ സഹായം ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് നേതാവിന്റേയും ജില്ലാ പഞ്ചായത്ത് അംഗത്തിന്റേയും നേതൃത്വത്തില്‍ ഗുണ്ടാ ആക്രമണത്തിലെ പ്രതികളെ ബലമായി സ്റ്റേഷനില്‍ നിന്ന് പിടിച്ചിറക്കുകയും എസ്.ഐയെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു. ഭരണം മാറിയപ്പോള്‍ സമാന രീതിയില്‍ തന്നെ എസ്.ഐയെ അസഭ്യം പറഞ്ഞും പോലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചും ഡിവൈഎഫ്ഐയുടെ ജില്ലാ നേതാവും കരീലക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ തന്നെ കരുത്ത് തെളിയിച്ചു. ഈ സംഭവങ്ങളെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഭരണകക്ഷി നേതാക്കള്‍ തന്നെയാണ് പോലീസിന്റെ പ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കുന്നതെന്നും ഗുണ്ടാ സംഘങ്ങള്‍ക്ക് സഹായം ചെയ്യുന്നതെന്നും മനസ്സിലാക്കാം. കരുവാറ്റ, ഊട്ടുപറമ്പ്, കണ്ടല്ലൂര്‍, ചാരുംമൂട്, നൂറനാട് ഭാഗങ്ങളിലെ ഗുണ്ടാസംഘങ്ങള്‍ക്കും വിവിധ രാഷ്ട്രീയ നേതാക്കള്‍ ഒത്താശ ചെയ്യുന്നത് നേരത്തെ തന്നെ വിവാദമായിരുന്നു. ഗുണ്ടാ ആക്രമണ കേസുകളില്‍ പ്രതിയാവുന്നവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യാതിരിക്കാനുള്ള ഇടപെടലുകള്‍ നടത്തുകയും കേസെടുത്താല്‍ അതിനെതിരെ പ്രതിഷേധം നടത്തുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നടപടിയെ നാട്ടുകാരും മാധ്യമങ്ങളും പലപ്പോഴും ചോദ്യം ചെയ്തിരുന്നു.

നൂറനാട് പോലീസ് സ്റ്റേഷനില്‍ ഗുണ്ടാ നേതാക്കളെ സംരക്ഷിക്കാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നെങ്കില്‍ കനകക്കുന്ന്, തൃക്കുന്നപ്പുഴ സ്റ്റേഷനുകളില്‍ പ്രതിഷേധത്തിന് പിന്നാലെ എസ്.ഐയെ സ്ഥലം മാറ്റിയും ഗുണ്ടകള്‍ക്കൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ ഗര്‍വ് തെളിയിച്ചു. കായംകുളം മാര്‍ക്കറ്റിന് സമീപം വ്യാപാര സ്ഥാപനത്തില്‍ പിരിവിനെത്തിയ ഡിവൈഎഫ്ഐ നേതാക്കളോട് സഹകരിച്ചില്ലെന്ന ഒറ്റക്കാരണത്താല്‍ തൊട്ടടുത്ത ദിവസം തന്നെ സ്ഥാപനം തല്ലിത്തകര്‍ത്ത് അവര്‍ പ്രതികാരം തീര്‍ത്തു. കടയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ അക്രമികളാരെന്ന് വ്യക്തമായതോടെ ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് പറഞ്ഞ് സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ മുഖം രക്ഷിച്ചെങ്കിലും ഇവരെ പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാടുകളാണ് നഗരസഭാ ചെയര്‍മാന്‍ അടക്കമുള്ളവര്‍ സ്വീകരിച്ചതെന്ന് പിന്നീട് ആരോപണമുണ്ടായി. ഇതിന് പിന്നാലെ സിപിഐയുടെ സജീവ പ്രവര്‍ത്തകനെ ഇതേ അക്രമികള്‍ തന്നെ പൊതു റോഡിലിട്ട് തല്ലിച്ചതച്ചതും രാഷ്ട്രീയ വൈരാഗ്യത്തിനപ്പുറം ഗുണ്ടാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നെന്ന് സിപിഐ ഉള്‍പ്പെടയുള്ള രാഷ്ട്രീയ സംഘടനകള്‍ പരസ്യമായി പറഞ്ഞിരുന്നു.

പഞ്ചായത്ത്‌ മുതല്‍ കേന്ദ്ര വകുപ്പ് വരെ സുസംഘടിതമായ ഭരണ നിര്‍വഹണ സംവിധാനമുള്ള ഒരു രാജ്യമാണ് ഇന്ത്യ. എങ്കില്‍ പോലും ഇതിനു സമാന്തരമായി ഈ ഭരണഘടനാ സംവിധാനങ്ങളെയൊക്കെ നോക്കുകുത്തിളാക്കി ‘നിയമം’ നടപ്പാവുന്നത് ഇതുപോലെ ആലപ്പുഴയില്‍ മാത്രമല്ല. മിക്ക ജില്ലകളിലും ഇതൊക്കെ തന്നെ ഏറിയും കുറഞ്ഞും നടക്കുന്നുണ്ട്. എങ്ങനെയാണ് രാഷ്ട്രീയവും ഇത്തരത്തിലുള്ള അനധികൃത, മാഫിയ ഇടപാടുകളും നമ്മുടെ സമൂഹത്തിന്റെ താഴേത്തട്ടില്‍ തഴച്ചു വളരുന്നത് എന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവ.

 Also Read: ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന ഇന്ത്യന്‍ സമൂഹമേ, ‘Period. End of Sentence’ നുള്ള ഓസ്കാര്‍ പുരസ്കരം നിങ്ങള്‍ക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍