UPDATES

ഫ്രഞ്ചുകാരനായ അന്ത്രെ മൊല്ലന്തേന്‍ എഴുതിയ കൊടി സുനിയുടെ ഡിഎന്‍എ- ഭാഗം 4

എങ്ങനെയാണ് ഒരാള്‍ രാഷ്ട്രീയ ഗുണ്ടയായി മാറുന്നത്? കേരളത്തിലെ രാഷ്ട്രീയ അധോലോകത്തെ അക്രമത്തിന്റെ വ്യാപാരികള്‍-പരമ്പര തുടരുന്നു

ഈ പരമ്പര കേരളത്തിലെ രാഷ്ട്രീയ അധോലോകങ്ങളിലൂടെ നടത്തുന്ന ഒരു യാത്രയാണ്. അറിയാതിരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കാത്ത കേരളത്തെ കുറിച്ചുള്ള കഥയാണിത്. നമ്മുടെ രാഷ്ട്രീയക്കാര്‍ ഇതുവരെ പറയാന്‍ തയ്യാറാകാതിരുന്ന കഥ. നമ്മുടെ പരമ്പരാഗത മാധ്യമങ്ങളും ഇതുവരെ വ്യക്തതയോടെ പറയാന്‍ കൂട്ടാക്കാതിരുന്ന കഥ. കേരളത്തിന്റെ പുകള്‍പ്പെറ്റ ജനാധിപത്യനേട്ടങ്ങളെ നിര്‍വീര്യമാക്കുന്ന കഥകള്‍ കൂടിയാണിത്. ഇത് അക്രമങ്ങളെക്കുറിച്ചാണ്, രക്തപങ്കിലവും അസ്വസ്ഥതപ്പെടുത്തുന്നതുമാണവ. എന്നിരിക്കില്‍ പോലും, ഇത് തീര്‍ച്ചയായും പറയേണ്ട കാര്യങ്ങള്‍. ആദ്യ രണ്ടുഭാഗങ്ങള്‍ ഇവിടെ വായിക്കാം:

1. കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകവും പീതാംബരന്‍ എന്ന ലോക്കല്‍ നേതാവും

2കണ്ണൂരിലെ കരുത്തന്‍; കയ്യൂക്കിന്റെ രാഷ്ടീയവും ക്വൊട്ടേഷന്‍ മാഫിയകളും

3. ആലപ്പുഴ: കേരളത്തിലെ ഗുണ്ടകളുടെ ‘രാഷ്ട്രീയ’ തലസ്ഥാനം

ഭാഗം 4 – ഫ്രഞ്ചുകാരനായ അന്ത്രെ മൊല്ലന്തേന്‍ എഴുതിയ കൊടി സുനിയുടെ ഡിഎന്‍എ

1721 മാര്‍ച്ച് മാസത്തില്‍ ഫ്രഞ്ച് പതാക പാറിക്കളിക്കുന്ന ഒരു പായ് കപ്പല്‍ അറബിക്കടലില്‍ മയ്യഴിയുടെ അടുത്തായി നങ്കൂരമിട്ടു. സെങ്ങ് ലൂയി എന്നായിരുന്നു ആ കപ്പലിന്റെ പേര്. കപ്പലില്‍ നിന്നിറങ്ങിയ വെള്ളക്കാരന്‍ വടകര വാഴുന്നവരുടെ കോവിലകത്തില്‍ എത്തി. അത് ഫ്രഞ്ചുകാരനായ അന്ത്രെ മൊല്ലന്തേന്‍ ആയിരുന്നു. വാഴുന്നവരുടെ മുന്‍പില്‍ അയാള്‍ക്ക് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. സുഗന്ധവ്യഞ്ജന കച്ചവടം നടത്താന്‍ ഒരു പാണ്ട്യാല കെട്ടാന്‍ അയാളെ അനുവദിക്കണം. അങ്ങനെ ദിവസങ്ങള്‍ നീണ്ട കൂടിയാലോചനകള്‍ക്കൊടുവില്‍ 1721 ഏപ്രില്‍ 2-ന് വാഴുന്നോരും മൊല്ലന്തേനും ഒരു കരാറില്‍ ഒപ്പുവെച്ചു. ആ കരാര്‍ മയ്യഴി എന്ന ഭൂഭാഗത്തിന്റെ മാത്രമല്ല മയ്യഴിയില്‍ ജനിച്ചു വീണവരുടെയും മയ്യഴിയുടെ അയല്‍ ദേശങ്ങളില്‍ ഉള്ളവരുടെയും ഡിഎന്‍എയെ മാറ്റി എഴുതി.

സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞു ആര്‍എംപി എന്ന പാര്‍ട്ടിയുണ്ടാക്കിയ ഒഞ്ചിയത്തെ ജനകീയ നേതാവ് ടി.പി ചന്ദ്രശേഖരനെ കൊന്ന കേസിലെ മൂന്നാം പ്രതി കണ്ണൂർ നിടുമ്പ്രം ചൊക്ലി ഷാരോൺ വില്ല മീത്തലെചാലിൽ വീട്ടിൽ എൻ.കെ. സുനിൽകുമാർ എന്ന കൊടി സുനിയെ കുറിച്ച് എന്തെങ്കിലും എഴുതണമെങ്കില്‍ കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍ കിടക്കുന്ന മയ്യഴി അഥവാ മാഹി എന്ന ‘അരാജക’ റിപ്പബ്ലിക്കിനെ കുറിച്ച് കൂടി അറിയണം. രാഷ്ട്രീയ പാര്‍ട്ടിയുടെയും നിയമ വിരുദ്ധ കച്ചവടങ്ങളുടെയും തണലില്‍ കൊടി സുനി എന്ന രാഷ്ട്രീയ അധോലോക ഗുണ്ട രൂപം കൊള്ളുന്നത് അവിടെ നിന്നാണ്.

ചെമ്പ്ര എന്ന ‘നോ മാന്‍സ് ലാന്‍ഡും’ മാഹി എന്ന ‘അരാജക’ റിപ്പബ്ലിക്കും

മയ്യഴിപ്പുഴയുടെ തീരങ്ങളിലും ദൈവത്തിന്റെ വികൃതികളിലും എം മുകുന്ദന്‍ പകര്‍ത്തിവെച്ച കാല്‍പ്പനിക ചാരുതയുള്ള മയ്യഴിയെ കുറിച്ചല്ല ഇവിടെ എഴുതുന്നത്. മയ്യഴിയിലെ ഒരു ഗ്രാമമായ ചെമ്പ്രയെ കുറിച്ച് പറഞ്ഞപ്പോള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കെ എ ആന്‍റണി പറഞ്ഞത് ചെമ്പ്രയെ കുരിച്ചെഴുതുമ്പോള്‍ നോ മാന്‍സ് ലാന്‍ഡ് എന്നു തന്നെ എഴുതണമെന്നാണ്. “അല്‍പ്പം അതിശയോക്തിയായിരിക്കാം… അമേരിക്ക-മെക്സിക്കൊ അതിര്‍ത്തി പ്രദേശം പോലെ, അല്ലെങ്കില്‍ പാക് അധിനിവേശ കാശ്മീര്‍ പോലെയാണ് ചെമ്പ്ര”, കെ എ ആന്‍റണി പറഞ്ഞു നിര്‍ത്തി. പന്ന്യന്നൂര്‍കാരനായ ഷിബിന്‍ പറഞ്ഞത് അവരുടെ കുട്ടിക്കാലത്ത് പേടിയോടെ മാത്രം കേട്ട സ്ഥലങ്ങളില്‍ ഒന്നായിരുന്നു മയ്യഴിയുടെ ഭാഗമായ ചെമ്പ്ര എന്നാണ്. പേര് പുറത്തുപറയരുത് എന്ന കണ്ടീഷനോടെ ഒരു ചെമ്പ്ര സ്വദേശി പറഞ്ഞത് ആര്‍എസ്എസുകാരായ രാഷ്ട്രീയ കൊലയാളികളുടെ പ്രധാന ഒളിത്താവളമായിരുന്നു ഈ ദേശം എന്നാണ്. എന്നാല്‍ 1000 വര്‍ഷം പഴക്കമുള്ള ചെമ്പ്ര ലിഖിതങ്ങള്‍ (എം ആര്‍ രാഘവ വാര്യര്‍ അടക്കം പഠനം നടത്തിയ) കണ്ടെത്തിയ സജീവമായ ചരിത്രമുള്ള ഒരു ഭൂതകാലം കൂടി ചെമ്പ്രയ്ക്കുണ്ട് എന്നു ചരിത്രകാരന്‍മാര്‍ നമ്മളെ ഓര്‍മ്മിപ്പിക്കും.

1947ല്‍ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യ വിട്ടെങ്കിലും ഫ്രഞ്ചുകാര്‍ അവരുടെ അധീനതയിലുള്ള ഇന്ത്യയിലെ പ്രദേശങ്ങള്‍ വിടാന്‍ തയ്യാറായില്ല. ഐ കെ കുമാരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ മഹാജനസഭയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും നടത്തിയ വിമോചന പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 1954 ജൂലായില്‍ ഫ്രഞ്ചുകാര്‍ മാഹി വിട്ടു. അങ്ങനെ കേരളത്തിനകത്തെ ഈ കൊച്ചു പ്രദേശം കാതങ്ങള്‍ അകലെയുള്ള പോണ്ടിച്ചേരിയുടെ ഭാഗമായി മാറി. ആദ്യം കേന്ദ്ര ഭരണ പ്രദേശവും പിന്നീട് സംസ്ഥാനവുമായി മാറിയ പോണ്ടിച്ചേരി (ഇപ്പോഴത്തെ പുതുച്ചേരി) മാഹിയെ ഭരിച്ചു. മഹാജനസഭക്കാരും കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും മാഹിയെ പ്രതിനിധീകരിച്ചു പുതുച്ചേരി ജനപ്രതിനിധി സഭയിലേക്ക് പോയി.

ഭരണകേന്ദ്രത്തില്‍ നിന്നും അകന്ന ഭൂഭാഗം എന്ന നിലയില്‍ ഭരണം അതിന്റെ ഏറ്റവും കുറഞ്ഞ തോതില്‍ ദൃശ്യമായ പ്രദേശമായിരുന്നു മാഹി. നിയമവാഴ്ച പരിതാപകരമായിരുന്നു. മാഹി പോലീസ് പല കാര്യങ്ങളിലും നോക്കുക്കുത്തിയായി. ആര്‍ക്കും എന്തും ചെയ്യാവുന്ന മാഫിയാ സംസ്കാരം മാഹിയെ ചുറ്റിപ്പറ്റി വളര്‍ന്ന് വന്നു. കോണ്‍ഗ്രസ്സും സിപിഎമ്മും ബിജെപിയും അതിനു വേണ്ട വെള്ളവും വളവും പകര്‍ന്നു.

ഇതിന്റെ മറവില്‍ നിരവധി നിയമ വിരുദ്ധ പ്രവര്‍ത്തികളുടെ കേന്ദ്രമായി മാഹിയും പ്രദേശങ്ങളും മാറി. കേരളത്തെ അപേക്ഷിച്ച് വാണിജ്യ നികുതി കുറഞ്ഞ പ്രദേശമെന്ന നിലയില്‍ മാഹിയുടെ റോഡിന് ഇരുവശവും മദ്യഷോപ്പുകള്‍ കൂണുപോലെ മുളച്ചുപൊന്തി. നിരവധി ബാറുകള്‍ തുറക്കപ്പെട്ടു. കേരളത്തില്‍ നിന്നും മദ്യപാനികള്‍ മാഹിയിലേക്ക് ഒഴുകി. (കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ട മാഹിയുടെ ജനസംഖ്യയില്‍ ഒരാള്‍ രണ്ടര ലിറ്റര്‍ മദ്യം കഴിക്കും എന്ന രീതിയിലാണ് മാഹിയിലെ മദ്യകച്ചവടം) മദ്യ വിപണിയോടനുബന്ധിച്ച് ഒരു തൊഴില്‍ സമൂഹം തന്നെ മാഹിയിലും പള്ളൂരുമൊക്കെ രൂപപ്പെട്ടു. അതില്‍ മദ്യ കയറ്റിറക്ക് തൊഴിലാളികള്‍ മുതല്‍ ബാറിനു സെക്യൂരിറ്റി നല്‍കുന്ന സംഘങ്ങളും കേരളത്തിലേക്ക് മദ്യം കടത്തുന്നവരും ഒക്കെ ഉണ്ടായി. കേരളത്തില്‍ നിന്നെത്തുന്ന മദ്യപാനികള്‍ മാഹിയുടെ ഉള്‍പ്രദേശങ്ങളില്‍ തമ്പടിച്ചു. പണം വെച്ചു ശീട്ട് കളിക്കുന്ന സംഘങ്ങള്‍ വളര്‍ന്നു. അതിന് നടത്തിപ്പുകാരും കാവല്‍ക്കാരും ഉണ്ടായി. മദ്യം കൂടാതെ കോഴിക്കടത്തും മണല്‍ ക്കടത്തും വളര്‍ന്നു. അതിന് എസ്കോര്‍ട്ട് പോവുക യുവാക്കളുടെ പ്രധാന തൊഴില്‍ മേഖലയായി മാറി.

ഒരു കാലത്ത് കെട്ടിട നിര്‍മ്മാണ സാമഗ്രികളും ഇലക്ട്രിക്കല്‍ സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന മാഹിയിലേക്ക് കേരളത്തില്‍ നിന്നുള്ള ആളുകള്‍ അതിനായി വരാന്‍ തുടങ്ങി. കേരള ഗവണ്‍മെന്‍റിന്റെ ചെക്ക് പോസ്റ്റുകള്‍ കോഴിക്കോട് റൂട്ടില്‍ അഴിയൂരും തലശ്ശേരി റൂട്ടില്‍ മാഹി പാലത്തിന് ഇപ്പുറവും ഉണ്ടെങ്കിലും കടത്തുകള്‍ നിര്‍ബാധം തുടര്‍ന്നു. അതിനു സഹായിക്കുന്ന നല്ല കടത്തുകാര്‍ ആവശ്യമായി വന്നു. തലശ്ശേരിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിച്ച് മാഹി ബില്‍ തരുന്ന ഏര്‍പ്പാടുകള്‍ വരെ ഉണ്ടായി. ഇങ്ങനെ മാഹിയിലെ ഒരു വിഭാഗം യുവാക്കള്‍ എളുപ്പത്തില്‍ പണം ഉണ്ടാക്കാന്‍ വേണ്ടി ഇത്തരത്തിലുള്ള നിയമ വിരുദ്ധമായ തൊഴില്‍ മേഖലകളിലേക്ക് നിരന്തരം കടന്നു വന്നുകൊണ്ടിരുന്നു. അവരില്‍ ഒരാളാണ് കൊടി സുനിയും.

ആര്‍എസ്എസ് പോക്കറ്റായ ചെമ്പ്രയാണ് കൊടി സുനിയുടെ നാട് എന്നാണ് പൊതുവേ മാധ്യമങ്ങളിലൂടെ പറഞ്ഞു കേട്ടിട്ടുള്ളതും പലരും പറയുന്നതും. എന്നാല്‍ ചെമ്പ്രയ്ക്കടുത്തുള്ള പള്ളൂര്‍ വയലില്‍ നിന്നുള്ളയാളാണ് കൊടി സുനി എന്നും ആര്‍എസ്എസ് പോക്കറ്റായ ചെമ്പ്രയിലൂടെ ബൈക്കൊടിച്ചു പോയി ധീരത പ്രദര്‍ശിപ്പിക്കുക അയാള്‍ക്ക് ഒരു ഹരമാണെന്നുമാണ് ചിലര്‍ പറയുന്നത്. സിപിഎമ്മിന്റെ പ്രവര്‍ത്തകനായ കൊടി സുനി ആ പാര്‍ട്ടിയുടെ ആക്ഷനുകളില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെയാണ് സിപിഎം പാര്‍ട്ടി ഗ്രാമമായ ചൊക്ലിക്ക് സമീപമുള്ള നീടുമ്പ്രത്തേക്ക് താമസമാക്കിയതെന്നും പറയപ്പെടുന്നു. പാര്‍ട്ടി തങ്ങളുടെ വിശ്വസ്ഥനായ കൊലയാളിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റുകയായിരുന്നു എന്നു വേണമെങ്കില്‍ പറയാം.

1996ല്‍ പന്ന്യന്നൂരില്‍ വെച്ചു ബിജെപി ജില്ല പ്രസിഡണ്ട് പന്ന്യന്നൂര്‍ ചന്ദ്രന്‍ കൊല ചെയ്യപെട്ടപ്പോള്‍ നിരവധി ശൃംഖലാ കൊലപാതകങ്ങള്‍ കണ്ണൂരും പരിസര പ്രദേശങ്ങളിലും അരങ്ങേറി. ഒരു സെവന്‍സ് ഫുട്ബോള്‍ മത്സരം പോലെ അടിക്ക് തിരിച്ചടികള്‍ നിരവധി ഉണ്ടായി. ആ കാലത്ത് ആര്‍എസ്എസ് ഗുണ്ടാ സംഘം ഒളിപ്പാര്‍ത്ത പ്രദേശമായിരുന്നു ചെമ്പ്ര. അന്നത്തെ ചെറുപ്രായക്കാരനാണ് കൊടി സുനി. സ്വാഭാവികമായും ഇരുപക്ഷത്തുമുള്ള വീരന്‍മാരായ രാഷ്ട്രീയ കൊലപാതകികളെ കണ്ടുവളര്‍ന്ന അയാളും അതിലേക്കു തന്നെ തിരിഞ്ഞത് സ്വാഭാവികം.

സിപിഎം പടുവിലായി ലോക്കൽ കമ്മിറ്റിയംഗം മോഹനനെ വധിച്ച കേസില്‍ അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകന്‍ കുപ്പി സുബിഷും ഇതേ കാലത്ത് ചെമ്പ്രയില്‍ വളര്‍ന്നു വന്നയാളാണ്. കൊടി സുനി ഒന്നാം പ്രതിയും സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രതികളുമായ തലശ്ശേരി ഫസല്‍ വധക്കേസില്‍ കുപ്പി സുബീഷിന്റെ മൊഴിയുടെ ഓഡിയോ സമീപകാലത്ത് വലിയ വിവാദമായിരുന്നു. 2016 ഒക്ടോബര്‍ 22ന് ഫസലിനെ കൊന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരായ താന്‍ ഉള്‍പ്പെടുന്ന സംഘമായിരുന്നു എന്നായിരുന്നു മൊഴി. ഒരു കൊലക്കേസില്‍ പെട്ട് ഗള്‍ഫിലേക്ക് കടന്ന ചെമ്പ്ര സ്വദേശിയായ പ്രഭീഷും സംഘത്തില്‍ ഉള്‍പ്പെട്ടതായി സുബീഷിന്റെ മൊഴിയില്‍ ഉണ്ട്.

കേരളത്തില്‍ കൊല നടത്തി മാഹിയിലേക്കും മാഹിയില്‍ കൊല നടത്തി കേരളത്തിലേക്കും കടക്കുക എന്നതായിരുന്നു രാഷ്ട്രീയ കൊലയാളികളുടെ സ്ഥിരം രീതി. പോണ്ടിച്ചേരി പോലീസ് കൊലയാളികള്‍ക്ക് സുരക്ഷിതമായി വിഹരിക്കാനുള്ള അവസരവും ഒരുക്കി കൊടുത്തിരുന്നു. 2018 മെയില്‍ സിപിഎം നേതാവും മാഹി മുന്‍ നഗരസഭാ കൌണ്‍സിലറുമായ കണ്ണിപ്പോയില്‍ ബാബുവിനെ കൊലപ്പെടുത്തിയ പ്രതികളില്‍ ചിലര്‍ നിര്‍ബാധം വിഹരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഒടുവില്‍ സിപിഎമ്മിന്റെ കേരളത്തിലെ ഉന്നത നേതാക്കളും പുതുച്ചേരി ഗവര്‍ണ്ണര്‍ കിരണ്‍ ബേദിയും ചെലുത്തിയ സമ്മര്‍ദത്തിന്റെ ഫലമായാണ് അറസ്റ്റുകള്‍ നടന്നത്. ബിജെപി പുതുച്ചേരി സംസ്ഥാന സമിതി അംഗം വിജയന്‍ പൂവച്ചേരിയടക്കം പിന്നീട് അറസ്റ്റിലായി. ബാബു കൊല ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുളില്‍ ബിജെപി പ്രവര്‍ത്തകന്‍ ഷമോജിനെ കൊല ചെയ്ത സിപിഎംകാര്‍ കടന്നത് കേരളത്തിലേക്കാണ്.

1947ല്‍ മയ്യഴി ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെടുകയും മയ്യഴി കേരളത്തിന്റെ ഭാഗമായ ഒരു പ്രദേശമായിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇന്ന് കാണുന്ന കൊടി സുനിയും കുപ്പി സുബീഷും ഉള്‍പ്പെട്ട ഒരു സംഘം ക്രിമിനലുകളുടെ ജനിതക ഘടന മറ്റൊന്നായേനെ. അതേ, ഫ്രഞ്ചുകാരനായ അന്ത്രെ മൊല്ലന്തേനാണ് കൊടി സുനിയുടെ ഡിഎന്‍എ മാറ്റിയെഴുതിയത്.

കേരള മന:സാക്ഷിയെ ഞെട്ടിച്ച ടിപി ചന്ദ്രശേഖരന്‍ വധം

2012 മെയ്‌ 4-ന് രാത്രി 10 മണിക്ക് വടകരക്കടുത്ത് വള്ളിക്കാട് വെച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകം എന്നു പോലീസ് കണ്ടെത്തിയ കേസില്‍ കൊടി സുനി മൂന്നാം പ്രതിയാണ്. എം സി അനൂപ്, കിര്‍മ്മാണി മനോജ്, ഷാഫി, ടി കെ രജീഷ്, അണ്ണന്‍ സിജിത്ത് തുടങ്ങിയവരാണ് മറ്റ് പ്രതികള്‍. സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തന് ഗൂഡാലോചനയില്‍ പങ്കുണ്ടെന്നും തെളിയിക്കപ്പെട്ട കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ഒന്നരക്കൊല്ലം തടവില്‍ കിടന്നു.

ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഈ കേസാണ് കൊടി സുനി എന്ന രാഷ്ട്രീയ ക്വട്ടേഷന്‍ ഗുണ്ടയ്ക്ക് താര പരിവേഷം നല്‍കിയത്. പാര്‍ട്ടി ഗ്രാമമായ മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി മലയില്‍ നിന്നും മഴ പെയ്യുന്ന പാതിരാത്രിയില്‍ കൊടി സുനിയെയും സംഘത്തെയും അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പിടികൂടിയത് ഒരു ത്രില്ലര്‍ പോലെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരള പോലീസിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ക്രൈം ഇന്‍വെസ്റ്റിഗേഷനോടുവില്‍ കൊടി സുനിയും സംഘവും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയായിരുന്നു.

ജയിലിനകത്തെ കൊടി സുനിയുടെ ക്വട്ടേഷന്‍ ഓപ്പറേഷന്‍

ജയിലിനകത്തെ ആഡംബര ജീവിതവും ജയിലിനുള്ളില്‍ നിന്നും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഓപ്പറേറ്റ് ചെയ്തുകൊണ്ടുമാണ് കൊടി സുനി പിന്നീട് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍, ക്വട്ടേഷന്‍ ജോലികള്‍ തുടങ്ങിയവ ജയിലില്‍ വെച്ച് ആസൂത്രണം ചെയ്യുകയും പരോളിലെത്തി ഇക്കാര്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നതാണ് സുനിയുടെ രീതി. ജയിലില്‍ നിന്നു ഇതിനായി വിളിച്ചത് ആയിരത്തിലേറെ കാളുകളാണ് എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിരുന്ന് കവര്‍ച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയത് മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട്ട് കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നതാണ് കേസ്. ഈ കേസില്‍ സുനിയെ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (5) കോടതി പോലീസിന് അനുമതി നല്‍കുകയും ചെയ്തു. 2016 ജൂലായ് 16ന് രാവിലെ ആറോടെ ദേശീയപാതയില്‍ നല്ലളം മോഡേണ്‍ സ്റ്റോപ്പിന് സമീപം കാര്‍ യാത്രക്കാരനെ ആക്രമിച്ചാണ് സ്വര്‍ണം കവര്‍ന്നത്. കവര്‍ച്ച നടത്താനും സ്വര്‍ണം മറിച്ചുവില്‍ക്കാനും സുനി ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തല്‍.

നിരവധി പിടിച്ചുപറി, മോഷണ കേസുകളില്‍ പ്രതിയായ കോഴിക്കോട് പൊക്കുന്ന് സ്വദേശി രഞ്ജിത്ത് എന്ന കാക്ക രഞ്ജിത്ത് (34), കൊല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ രാജേഷ് ഖന്ന എന്നിവരുമായി ചേര്‍ന്നാണ് കൊടി സുനി പദ്ധതി നടപ്പാക്കിയത്. രാജേഷ് ഖന്നയെ കാപ്പ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ ഇട്ടിരുന്നു. അപ്പോഴാണ് കൊടി സുനിയുമായി ബന്ധമുണ്ടാവുന്നതും. കവര്‍ച്ചക്കേസ് അന്വേഷിച്ച സംഘം 2016 ഓഗസ്റ്റ് 29ന് കാക്ക രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. പിറ്റേന്ന് രാജേഷ് ഖന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കൊടി സുനിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കാക്ക രഞ്ജിത്ത് അടക്കം ആറ് പേരാണ് ഈ കേസില്‍ അറസ്റ്റിലായത്. ഇതില്‍ നാല് പേര്‍ പിടിച്ചുപറി നടത്തിയ സംഘത്തില്‍പ്പെട്ടവരാണ്. അവര്‍ കവര്‍ന്ന സ്വര്‍ണം ഗുരുവായൂരിലെത്തി കാക്ക രഞ്ജിത്തിന് കൈമാറുകയായിരുന്നു. കാക്ക രഞ്ജിത്ത് അത് കൊല്ലത്തെത്തിച്ച് രാജേഷ് ഖന്നയ്ക്ക് നല്‍കി. ടിപി വധ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ ഒരു അഭിഭാഷകന്‍ ഈ കേസിലെ ഒരു പ്രതിക്ക് വേണ്ടിയും ഹാജരായതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ അഭിഭാഷകനെ ഏര്‍പ്പെടുത്തിയതും സുനി തന്നെയാണെന്നാണ് പൊലീസിന്റെ സംശയം.

പരോളിലിറങ്ങി യുവാവിനെ മര്‍ദിച്ച കേസില്‍ അറസ്റ്റ്

പരോളില്‍ ഇറങ്ങിയ സമയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ മര്‍ദിച്ചതിന് കൊടി സുനിയെ അറസ്റ്റ് ചെയ്ത ഈ കഴിഞ്ഞ ആഴ്ചയാണ്. കൈതേരി സ്വദേശി മുഹമ്മദ് റിക്‌സാനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുവെന്ന പരാതിയില്‍ കൂത്തുപറമ്പ് പോലീസ് സുനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ സുനിയെ പിന്നീട് രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിനും മര്‍ദനത്തിനും കാരണമായി പോലീസ് പറയുന്നത്. കൊടി സുനിയടക്കം 20 പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്തിനായി സുനിയും സംഘവും റിക്സാന്‍റെ സഹോദരനെ ഗള്‍ഫിലേക്കയച്ചിരുന്നു. എന്നാല്‍ തിരികെയെത്തിയ യുവാവിന്റെ കൈയില്‍ നിന്ന് യാത്രക്കിടെ സ്വര്‍ണം നഷ്ടപ്പെട്ടു. സ്വര്‍ണ്ണം നഷ്ടമായതോടെ സഹോദരന്റെ കൈയില്‍ നിന്ന് പണം തിരികെക്കിട്ടാന്‍ റിക്‌സാനെ തട്ടിക്കൊണ്ടുപോയി കൊടി സുനിയും സംഘവും മര്‍ദിച്ചുവെന്നും അവിടെ നിന്ന് രക്ഷപ്പെട്ട യുവാവിനെ വീട്ടിലെത്തിയും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടിലേക്കായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയിലാണ് കൊടി സുനിയെ അറസ്റ്റ് ചെയ്തത്. കൊടി സുനി പരോളില്‍ ഇറങ്ങിയ സമയത്താണ് ഈ കുറ്റം ചെയ്തതെന്ന് പോലീസ് പറയുന്നു. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ചെമ്പ്രയിലെ ‘അന്തര്‍സംസ്ഥാന കൊള്ളക്കാര്‍’

രാഷ്ട്രീയ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ എങ്ങനെയാണ് അന്തര്‍ സംസ്ഥാന കുറ്റവാളി സംഘത്തിന്റെ ഭാഗമാകുന്നത് എന്നതിന്റെ മികച്ച ദൃഷ്ടാന്തമാണ് കൊടി സുനി. ചെമ്പ്ര സ്വദേശിയായ ഒരാള്‍ പറഞ്ഞത് സമീപ വര്‍ഷങ്ങളില്‍ ചെമ്പ്രയില്‍ നിന്നുള്ള കുറഞ്ഞത് മൂന്നു പേരെങ്കിലും അന്തര്‍സംസ്ഥാന മോഷണ സംഘത്തില്‍ ഉള്‍പ്പെട്ടതായി വാര്‍ത്തകളില്‍ കണ്ടിട്ടുണ്ട് എന്നാണ്. ഇവരുടെയൊക്കെ ആദ്യ തട്ടകം രാഷ്ട്രീയമാണ് എന്നതാണ് വേദനാജനകമെന്ന് ഒരു കാലത്ത് മാഹിയിലും പരിസര പ്രദേശങ്ങളില്‍ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അതിന്റെ പേരില്‍ ഇത്തരം ക്രിമിനലുകളുടെ കയ്യില്‍ നിന്നും ജീവനടക്കം ഭീഷണി നേരിടുകയും ചെയ്ത ഇയാള്‍ പറയുന്നു.

“എളുപ്പത്തില്‍ പണം ഉണ്ടാക്കാന്‍ കഴിയുന്ന നിയമ വിരുദ്ധ ബിസിനസുകളാണ് ഈ യുവാക്കളെ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലേക്ക് നയിച്ചത്. ജി എസ് ടി വന്നതോടെ ഇത്തരം ബിസിനസുകളുടെ ഗ്ലാമര്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഇത്തരക്കാര്‍ സ്വര്‍ണ്ണക്കടത്ത്, ക്വാറി, മണല്‍ മാഫിയ രംഗങ്ങളില്‍ തങ്ങളുടെ ഇടപെടല്‍ ഊര്‍ജ്ജിതമാക്കുന്നുണ്ട് എന്നതാണ് സമീപകാല സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.” കണ്ണൂരിലെ മാധ്യമ പ്രവര്‍ത്തകനായ സി കെ വിജയന്‍ പറഞ്ഞു.

പി കൃഷ്ണപിള്ളയും ഇകെ നായനാരുമൊക്കെ ഒളിവില്‍ പാര്‍ത്ത മയ്യഴി

അഴിയൂരുകാരനായ സി എച്ച് ഗംഗാധരന്‍ എഴുതിയ ‘മയ്യഴി’ എന്ന ചരിത്ര പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു. “സ്വതന്ത്ര ഭാരതത്തിലെ ഭരണാധികാരികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിരോധനം കല്‍പ്പിച്ചപ്പോള്‍, പാര്‍ട്ടിയുടെ പല നേതാക്കളുടെയും തലയ്ക്ക് വില കണക്കാക്കിയപ്പോള്‍ സ്വതന്ത്രഭാരതത്തില്‍ ഉള്‍പ്പെടാത്ത മയ്യഴി കമ്യൂണിസ്റ്റുകാര്‍ക്ക് ഒരു അഭയതാവളമായി മാറി. മലബാറില്‍ നിരവധി കര്‍ഷക സമരങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ജന്മിമാരും എം എസ് പ്പിക്കാരും ചേര്‍ന്ന് വേട്ടയാടിപ്പിടിച്ചു വെടിവെച്ചു കൊല്ലുന്നു. മയ്യഴിയിലെ ഷെല്‍ട്ടറില്‍ സഖാക്കള്‍ സുരക്ഷിതരായിരുന്നു.”

“കല്‍ക്കട്ട തീസീസിന്റെ കാലത്ത് പി കൃഷ്ണപിള്ളയും ഈ കെ നായനാരുമടക്കമുള്ള പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കള്‍ ഒളിവില്‍ കഴിഞ്ഞ ഇടങ്ങളിലാണ് കൊടി സുനിയെ പോലുള്ളവര്‍ വളര്‍ന്നു വന്നത്. ചരിത്രത്തിന്റെ വൈരുദ്ധ്യമല്ലാതെ മറ്റെന്ത് പറയാന്‍…”, മാധ്യമ പ്രവര്‍ത്തകന്‍ വരുണ്‍ രമേഷ് പറയുന്നു.

കൊടി സുനിയുടെ പേരിന്റെ കൂടെ കൊടിയുണ്ട് എന്നു കരുതി അയാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാണ് എന്നു തെറ്റിദ്ധരിക്കരുത് എന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പൊതുസമൂഹത്തിന് മുന്‍പില്‍ വിശദീകരിക്കേണ്ടി വരുന്നത് ആ വൈരുദ്ധ്യത്തിന്റെ പ്രഹസനമാണ്.

കൊടി സുനിയുടെ പേരിലെ ‘കൊടി’ എന്ന മിത്ത്

കൊടി സുനിയുടെ പേരിലെ കൊടിക്ക് പിന്നില്‍ രണ്ടു കഥകളാണ് കേട്ടത്. മറ്റ് പാര്‍ട്ടികളുടെ കൊടി എവിടെ കണ്ടാലും അത് വലിച്ചു പറിച്ചു കളഞ്ഞ് സിപിഎമ്മിന്റെ കൊടി കെട്ടുക സുനിയുടെ രീതിയാണ് എന്നതാണ് ഒരു കഥ. മറ്റൊന്ന് ആര്‍എസ്എസ് പോക്കറ്റായ ചെമ്പ്രയില്‍ ആദ്യമായി സിപിഎം കൊടി കെട്ടിയ ആളാണ് സുനി, അങ്ങനെയാണ് ആ പേര്‍ വന്നത് എന്നാണ്. എന്തായാലും കൊടി സുനിയോടുള്ള വീരാരാധനയുടെ ബാക്കിപത്രമാണ് ചിലപ്പോള്‍ സത്യവുമായി പുലബന്ധം പോലുമില്ലാത്ത ഈ ഭാവനാ വിലാസങ്ങള്‍. ഇത്തരം കഥകള്‍ കേട്ടു വളരുന്ന ഒരു തലമുറ കൊടി സുനിമാരായി മാറുമെന്നതിന് വടക്കന്‍ മലബാറിന്റെ കഴിഞ്ഞ 50 വര്‍ഷത്തെ രാഷ്ട്രീയ കൊലപാതക ചരിത്രത്തില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്.

Also Read: എങ്ങനെയാണ് ഒരാള്‍ രാഷ്ട്രീയ ഗുണ്ടയായി മാറുന്നത്? കേരളത്തിലെ രാഷ്ട്രീയ അധോലോകത്തെ അക്രമത്തിന്റെ വ്യാപാരികള്‍-പരമ്പര ആരംഭിക്കുന്നു

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍