UPDATES

രാഷ്ട്രീയ ക്രിമിനലുകളും പോലീസും; കൂട്ടുകൃഷിയില്‍ തളിര്‍ക്കുന്ന അധോലോകം- ഭാഗം 8

കേരളത്തില്‍ രാഷ്ട്രീയ ക്രിമനലുകള്‍ വര്‍ദ്ധിക്കാനും അവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ കൂടാനും ഒരു പ്രധാന കാരണം പോലീസ് തന്നെയാണ് എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്

ഈ പരമ്പര കേരളത്തിലെ രാഷ്ട്രീയ അധോലോകങ്ങളിലൂടെ നടത്തുന്ന ഒരു യാത്രയാണ്. അറിയാതിരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കാത്ത കേരളത്തെ കുറിച്ചുള്ള കഥയാണിത്. നമ്മുടെ രാഷ്ട്രീയക്കാര്‍ ഇതുവരെ പറയാന്‍ തയ്യാറാകാതിരുന്ന കഥ. നമ്മുടെ പരമ്പരാഗത മാധ്യമങ്ങളും ഇതുവരെ വ്യക്തതയോടെ പറയാന്‍ കൂട്ടാക്കാതിരുന്ന കഥ. കേരളത്തിന്റെ പുകള്‍പ്പെറ്റ ജനാധിപത്യനേട്ടങ്ങളെ നിര്‍വീര്യമാക്കുന്ന കഥകള്‍ കൂടിയാണിത്. ഇത് അക്രമങ്ങളെക്കുറിച്ചാണ്, രക്തപങ്കിലവും അസ്വസ്ഥതപ്പെടുത്തുന്നതുമാണവ. എന്നിരിക്കില്‍ പോലും, ഇത് തീര്‍ച്ചയായും പറയേണ്ട കാര്യങ്ങള്‍. ആദ്യ ഏഴു ഭാഗങ്ങള്‍ ഇവിടെ വായിക്കാം

1. പീതാംബരന്‍: ഗള്‍ഫുകാരന്‍, കരാറുകാരന്‍, സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം, ഇരട്ടക്കൊലക്കേസിലെ പ്രതി; പരമ്പര-ഭാഗം 1

2. കണ്ണൂരിലെ കരുത്തന്‍; കയ്യൂക്കിന്റെ രാഷ്ടീയവും ക്വൊട്ടേഷന്‍ മാഫിയകളും

3. ആലപ്പുഴ: കേരളത്തിലെ ഗുണ്ടകളുടെ ‘രാഷ്ട്രീയ’ തലസ്ഥാനം

4. ഫ്രഞ്ചുകാരനായ അന്ത്രെ മൊല്ലന്തേന്‍ എഴുതിയ കൊടി സുനിയുടെ ഡിഎന്‍എ

5. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ക്വൊട്ടേഷൻ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ്സ്

6ടി.കെ ഫയാസിനും അബു ലൈസിനും ഒപ്പം നിന്ന് സെൽഫി എടുക്കുന്ന മലബാര്‍ രാഷ്ട്രീയം; സ്വര്‍ണ്ണക്കടത്ത്, കുഴല്‍പ്പണ മേഖലയിലെ പുതിയ താരോദയങ്ങള്‍

7. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി, എസ്എന്‍ഡിപി യൂത്ത് മൂവ്മെന്‍റ് ജില്ലാ ട്രഷറര്‍; പോള്‍ മുത്തൂറ്റ് കൊലക്കേസ് സാക്ഷി ഓംപ്രകാശിന്റെ ഗുണ്ടാ ‘റൂട്ട്’ ഇങ്ങനെ

ഭാഗം 8- രാഷ്ട്രീയ ക്രിമിനലിസവും പോലീസും; കൂട്ടുകൃഷിയില്‍ തളിര്‍ക്കുന്ന അധോലോകം

പൊതുജനങ്ങള്‍ക്ക് വിശ്വാസവും ക്രിമിനലുകള്‍ക്കു ഭയവും പോലീസിനു മേല്‍ ഉണ്ടാകുമ്പോഴാണ് ഒരു സമൂഹത്തില്‍ സമാധാനം നിലനില്‍ക്കുന്നത്. ഇത് രണ്ടും ഈ രീതിയില്‍ ഫലവത്താകുന്നില്ല എന്നതാണ് പൊതുവിലെ അവസ്ഥ. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നിടത്താണ് പോലീസീനുമേല്‍ ഉണ്ടാകുന്ന രാഷ്ട്രീയ സമ്മര്‍ദ്ദം ഉത്തരമാകുന്നത്. രാഷ്ട്രീയ കടന്നു കയറ്റം പോലീസിനെ അവരുടെ കൃത്യനിര്‍വഹണത്തില്‍ പലതരത്തിലാണ് നിരുത്സാഹപ്പെടുത്തുന്നത്. രാഷ്ട്രീയക്കാര്‍ക്കു വേണ്ടി ദാസ്യപ്പണി എടുക്കുന്നവരാണ് പോലീസ് എന്ന ധാരണ ജനങ്ങള്‍ക്ക് ഉണ്ടാകുമ്പോള്‍ പോലീസിനു മേലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടുക മാത്രമല്ല, ക്രിമിനലുകള്‍ക്കുമേലുള്ള ഭയം ഇരട്ടിക്കുകയും ചെയ്യുന്നുണ്ട്. ഈ ഭയമാണ് രാഷ്ട്രീയ ക്രിമിനലുകള്‍ ഉപയോഗപ്പെടുത്തുന്നത്.

കേരളത്തില്‍ രാഷ്ട്രീയ ക്രിമനലുകള്‍ വര്‍ദ്ധിക്കാനും അവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ കൂടാനും ഒരു പ്രധാന കാരണം പോലീസ് തന്നെയാണ് എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടുന്നതോ രാഷ്ട്രീയ ബന്ധമുള്ളവര്‍ ചെയ്യുന്നതോ ആയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പ്രതികളായവര്‍ പിടിക്കപ്പെടാതെ പോകുന്നതിനും ഇത്തരക്കാര്‍ക്ക് തങ്ങളുടെ ബിസിനസുകള്‍ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന സഹായങ്ങളാണ് കാരണം. കൃത്യമായ വിവരങ്ങള്‍ അപ്പപ്പോള്‍ എത്തിച്ചുകൊടുക്കുന്നതു മുതല്‍ കൊലക്കേസുകളില്‍ നിന്നും രക്ഷപ്പെടുത്തിയെടുക്കുന്നതുവരെ പോലീസ് ചെയ്തുകൊടുക്കുന്ന ഉപകാരങ്ങളാണ്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രമാദമായൊരു കൊലപാതകത്തിന്റെ പിന്നിലെ പോലീസ് ഇടപെടല്‍, നമ്മുടെ നീതിനിര്‍വഹണ സംവിധാനം രാഷ്ട്രീയ ക്രിമിനലുകളുമായി എത്രത്തോളമാണ് ചേര്‍ന്നു നില്‍ക്കുന്നതെന്നതിന് ഉദാഹരണമാണ്. ആ രാഷ്ട്രീയ കൊലയ്ക്കു പിന്നില്‍ ഇപ്പോള്‍ ജയിലുകളില്‍ കഴിയുന്നവര്‍ മാത്രമല്ല ഉള്ളതെന്നും ഉന്നതരായ ചില രാഷ്ട്രീയ നേതാക്കന്മാര്‍ ഉണ്ടെന്നതും ഇപ്പോഴും ചാരം മൂടാത്ത പരാതിയാണ്. പക്ഷേ, ആ പരാതിയിലെ യാഥാര്‍ത്ഥ്യം ഒരു കാലത്തും പുറത്തു വരാന്‍ പോകുന്നില്ല എന്നതാണ് അതിലും വലിയ യാഥാര്‍ത്ഥ്യം. കാരണം, ഇവിടെ നിലനില്‍ക്കുന്ന രാഷ്ട്രീയ-പോലീസ് അവിശുദ്ധ കൂട്ടുകെട്ട് അത്രയ്ക്ക് ശക്തമാണ്.

ഈ കേസില്‍ തന്നെ കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു പറയുന്ന രാഷ്ട്രീയ നേതൃത്വങ്ങളിലേക്ക് അന്വേഷണം ഒരു ഘട്ടത്തിലും എത്തിയിട്ടില്ല. അവര്‍ക്കതില്‍ പങ്ക് ഇല്ലാത്തതുകൊണ്ടോ തെളിവ് ഇല്ലാത്തതുകൊണ്ടോ അല്ല. ഉണ്ടാകുമായിരുന്ന തെളിവുകള്‍ നശിപ്പിച്ചതുകൊണ്ട്. ആര് നശിപ്പിച്ചു? പോലീസ് നശിപ്പിച്ചു. ഈ ഉന്നത രാഷ്ട്രീയക്കാരെ കൊലയുമായി ബന്ധപ്പെടുത്താവുന്ന സുപ്രധാന തെളിവുകളായിരുന്നു അവരുടെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍. പക്ഷേ, ഇനിയാ തെളുകള്‍ ഒരിക്കലും നീതി നിര്‍വഹണത്തിനു സഹായകമാകില്ല. കാരണം, അന്വേഷിച്ചവര്‍ അവരുടെ കോള്‍ ഡീറ്റെയ്ല്‍സ് എടുത്തില്ല. തങ്ങളുടെ ശത്രുവിനെ കൊല്ലണമെന്ന് എതിരാളികള്‍ ആദ്യം തീരുമാനിക്കുന്ന ഒരു ദിവസമുണ്ട്. ആ തീരുമാനം എടുക്കുന്ന ദിവസം ഉന്നതനായ ഒരു രാഷ്ട്രീയ നേതാവും ആ കേസില്‍ പിടിയിലായ പ്രതിയും ജില്ലാ തലത്തില്‍ ശക്തനായ അതേ പാര്‍ട്ടിയിലെ മറ്റൊരു നേതാവും കൂടി ഉന്നതന്റെ കാറില്‍ ഇന്ന സ്ഥലം വരെ യാത്ര ചെയ്തിരുന്നുവെന്ന് അന്വേഷണത്തില്‍ മനസിലായ കാര്യമാണ്. അവര്‍ ഒരിടത്ത് തങ്ങുകയും അവിടെ വച്ച് പാര്‍ട്ടിയിലെ മറ്റൊരു ഉന്നതനായ രാഷ്ട്രീയ നേതാവിനെ വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് കേസിലെ പ്രധാനപ്പെട്ട പ്രതിയും ഇവരുടെ കൂടെയുണ്ടായിരുന്നു. ഇതൊക്കെ പോലീസിന് മനസിലായ കാര്യങ്ങളാണ്. ഇതേ പ്രതി ഈ രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഒരു പ്രധാനപ്പെട്ട പരിപാടി നടക്കുന്ന സ്ഥലത്തും ചെന്നിരുന്നു. എത്രയും പെട്ടെന്ന് ഏല്‍പ്പിച്ച കാര്യം ചെയ്യണമെന്ന കര്‍ശന നിര്‍ദേശം അവിടെവച്ചാണ് കൊടുക്കുന്നത്. ഇതേ തുടര്‍ന്ന് മൂന്നു തവണ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. പിന്നെയവര്‍ അത് ഏറ്റവും ക്രൂരമായി തന്നെ നടപ്പാക്കുകയും ചെയ്തു.

ഇതെല്ലാം തമ്മില്‍ ബന്ധിപ്പിക്കാന്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ സഹായിക്കുമായിരുന്നു. പക്ഷേ, അന്വേഷിച്ചവര്‍ കോള്‍ ഡീറ്റെയ്ല്‍സിന്റെ സര്‍ട്ടിഫൈഡ് കോപ്പികള്‍ എടുത്തില്ല. സര്‍ട്ടിഫൈഡ് കോപ്പികള്‍ എടുക്കാന്‍ പറ്റാതിരുന്നതുകൊണ്ടാണ് കേസ് രാഷ്ട്രീയ ഉന്നതരുടെ അടുത്തേക്ക് എത്താതെ പോകുന്നത്. അതായത്, തെളിവുകളുടെ അഭാവം! പോലീസ് ഉദ്യോഗസ്ഥര്‍ മന:പൂര്‍വം ചെയ്ത കുറ്റം തന്നെയാണതെന്നു പറയുന്നത് പൊലീസില്‍ തന്നെയുള്ളവരാണ്. ഉന്നതരായ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചേര്‍ന്നു നടത്തിയ ക്രൈം. ഇതിനു നേതൃത്വം വഹിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥന് തന്റെ സര്‍വീസ് തീരും മുന്നേ വിശിഷ്ടമായൊരു പദവി കിട്ടുകയും ചെയ്തു. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടം എന്ന മര്യാദ രാഷ്ട്രീയ-പൊലീസ് കൂട്ടുകെട്ടിനിടയില്‍ ഉണ്ട്.

ഇതേ കേസിന്റെ അന്വേഷണ ചുമതല മറ്റൊരു ഐപിഎസ് ഉദ്യോദസ്ഥന്റെ ചുമലിലും വന്നിരുന്നു. മുന്‍ അന്വേഷണങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പോലീസ് ഇടപെടലുകള്‍ നടന്നിട്ടുണ്ടോയെന്നു കൂടി തിരക്കിയറിയണമായിരുന്നു. ആ ഉദ്യോഗസ്ഥന്‍ സത്യസന്ധനായ ഐപിഎസുകാരനായിരുന്നു. രാഷ്ട്രീയക്കാരോട് ബന്ധം ഉണ്ടാക്കാനൊന്നും പോകാതെ താന്‍ ചെയ്യുന്ന ജോലി വൃത്തിയായി ചെയ്യണമെന്നു മാത്രം ആഗ്രഹിച്ചിരുന്നയാള്‍. പക്ഷേ, ഈ കേസ് അദ്ദേഹത്തിനു മുന്നോട്ടുകൊണ്ടപോകാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ടെന്നാല്‍, അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള വഴികളൊക്കെ അടഞ്ഞിരുന്നു. അല്ലെങ്കില്‍ അടച്ചിരുന്നു. പിടിയിലായവര്‍ മാത്രമല്ല മറ്റു ചിലര്‍ക്കു കൂടി ആ ക്രൂരതയില്‍ പങ്കുണ്ടെന്ന് അദ്ദേഹത്തിനു വ്യക്തമായിരുന്നു. പക്ഷേ, അവരിലേക്ക് എത്താന്‍ വഴിയില്ലായിരുന്നു. നിര്‍ണായക തെളിവുകള്‍ ആകുമായിരുന്ന കോള്‍ ഡീറ്റെയ്ല്‍സിന്റെ സര്‍ട്ടിഫൈഡ് റെക്കോര്‍ഡ്‌സ് ആ സമയത്ത് വീണ്ടെടുക്കാനും മാര്‍ഗമില്ലായിരുന്നു. ഇതൊക്കെ ചൂണ്ടിക്കാണിച്ച് അദ്ദേഹം ഒരു റിപ്പോര്‍ട്ട് കൊടുത്തിരുന്നു. റിപ്പോര്‍ട്ടില്‍ ഈ കേസിനെ കുറിച്ചുള്ള പല നിര്‍ണായക വസ്തുതകളും ഉണ്ട്. പക്ഷേ, ആ റിപ്പോര്‍ട്ട് ആരോ ഇന്നും പൂഴ്ത്തിവച്ചിരിക്കുകയാണ്. ഉന്നതന്മാരിലേക്ക് അന്വേഷണം കൊണ്ടുപോകാന്‍ അദ്ദേഹം തയ്യാറായിരുന്നെങ്കില്‍ പോലും തന്റെ സഹപ്രവര്‍ത്തകര്‍ പോലും സ്‌നേഹരൂപേണ നല്‍കിയ ഉപദേശങ്ങളും ഒന്നിനും നില്‍ക്കേണ്ട എന്നായിരുന്നു. കാരണം, അദ്ദേഹത്തിന്റെ നീക്കം ശക്തരായ ശത്രുക്കളെ ഉണ്ടാക്കി കൊടുക്കുമെന്നല്ലാതെ അദ്ദേഹം ആഗ്രഹിക്കുന്ന പോലെ ഒന്നും തന്നെ നടക്കില്ലെന്ന് ഉപദേശം കൊടുത്തവര്‍ക്ക് നല്ലതുപോലെ അറിയാമായിരുന്നു. മാത്രമല്ല, ഈ അന്വേഷണം അദ്ദേഹം ഒറ്റയ്ക്കു വിചാരിച്ചാല്‍ ഒരു തരിപോലും മുന്നോട്ടു കൊണ്ടുപോകാനും കഴിയില്ല. കാരണം, തെളിവ് കിട്ടണമെങ്കില്‍ രാഷ്ട്രീയ ഉന്നതന്റെ കാര്‍ ഡ്രൈവരെ ചോദ്യം ചെയ്യണം, ശക്തനായ രാഷട്രീയ നേതാവിനെ ചോദ്യം ചെയ്യണം. അതൊന്നും നടക്കില്ല. ബാക്കി പ്രതികളൊക്കെ ജയിലിലാണ്. അവരെ ചോദ്യം ചെയ്യാന്‍ പറ്റില്ല. അവരുടെ അടുത്തേക്ക് പോലും പോകാന്‍ പറ്റില്ല. അതിനു സമ്മതിക്കില്ല. ഇതൊക്കെ മനസിലാക്കിയതോടെയാണ് ആ ഐപിഎസ് ഉദ്യോഗസ്ഥന്‍, കേസ് അന്വേഷണം ഇനിയും മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റില്ലെന്നു കാണിച്ച് റിപ്പോര്‍ട്ട് എഴുതിയയച്ചത്. കോള്‍ ഡീറ്റെയ്ല്‍സെങ്കിലും എടുത്ത് വച്ചിരുന്നെങ്കില്‍ അന്വേഷണത്തെ അത് സഹായിക്കുമായിരുന്നുവെന്ന് അദ്ദേഹം കുറിച്ചിരുന്നു.

ഈ റിപ്പോര്‍ട്ടിന്റെ പേരില്‍ അദ്ദേഹത്തിന് ഭീഷണി ഉണ്ടായി. കാരണം, റിപ്പോര്‍ട്ടില്‍ ഇന്ന് അധികാരം നിയന്ത്രിക്കുന്ന രാഷ്ട്രീയ ഉന്നതനെ കുറിച്ചും അധികാരത്തിന്റെ സംരക്ഷണം ലഭിക്കുന്ന മറ്റൊരു നേതാവിനെ കുറിച്ചും പറയുന്നണ്ടെന്നത് തന്നെ. കൂടാതെ, എന്തുകൊണ്ട് ആ കൊലപാതക അന്വേഷണം മുന്നോട്ടു പോയില്ല എന്ന കാരണവും വ്യക്തമാക്കുന്നുണ്ട്. അതൊക്കെ തന്നെയാണ് അദ്ദേഹത്തെ ശത്രുവാക്കി കണ്ടതിനും ഇപ്പോഴും പലതരം ദ്രോഹം ഏല്‍പ്പിക്കുന്നതിനും അടിസ്ഥാനം. ആ ദ്രോഹിക്കലില്‍ ഒരു പ്രത്യേകതയുണ്ട്. സ്ഥാനം കൊടുക്കാതെയോ സ്ഥലം മാറ്റിയോ അല്ല അദ്ദേഹത്തെ ശിക്ഷിക്കുന്നത്. പ്രമുഖമായൊരു സ്ഥാനം തന്നെ നല്‍കി. പക്ഷേ, എല്ലാക്കുറ്റങ്ങളും കുറ്റപ്പെടുത്തലുകളും അദ്ദേഹത്തിന്റെ തലയില്‍വച്ച് കെട്ടി പൊതു സമൂഹത്തിനു മുന്നില്‍ കഴിവ് കെട്ട ഒരു ഉദ്യോഗസ്ഥനാക്കി അദ്ദേഹത്തെ ചിത്രീകരിക്കുകയാണ്.

ഇതേ രീതികള്‍ തന്നെ ഈയടുത്ത കാലത്ത് നടന്ന പല രാഷ്ട്രീയ കൊലപാതകങ്ങളുടെ പിന്നിലും നടക്കുന്നുണ്ട്. കൊലകള്‍ക്ക് പിന്നില്‍ മാസ്റ്റര്‍ ബ്രയിന്‍ ആയി നിന്നവര്‍ എല്ലാം രക്ഷപ്പെടും. പോലീസ് വേണ്ട സഹായം ചെയ്തു കൊടുക്കും. ഈ കേസുകളിലൊക്കെ കൊല നടത്തിയവരെന്ന പേരില്‍ പെട്ടെന്നു തന്നെ ചിലരെ പിടികൂടുന്നതുപോലും ഒരു തന്ത്രമാണ്. കാരണം മറ്റൊരു ഇടപെടലും വരരുതെന്നും തങ്ങള്‍ക്ക് സംരക്ഷിക്കേണ്ടവരിലേക്ക് ആ ഇടപെടല്‍ നീണ്ടു പോകരുതെന്നും പോലീസിനുണ്ട്.

രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇടപെട്ട കേസ് ആണെങ്കില്‍ അതില്‍ ഇടപെടാന്‍ തയ്യാറായി വരുന്ന പൊലീസ് ഉദ്യോഗസ്ഥരുണ്ട്. കാരണം, തങ്ങള്‍ക്ക് ഇതിലൂടെ കിട്ടുന്ന ലാഭം വളരെ വലുതാണെന്ന് അവര്‍ക്ക് അറിയാം. ആദ്യം ഇത്തരം ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്, തങ്ങളുടെ കൂട്ടത്തില്‍ നിന്നും നീതിപൂര്‍വമായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നവരെ ഒതുക്കുക എന്നാണ്. മറ്റു ചിലരാണെങ്കില്‍ തങ്ങളുടെ മേലുദ്യോഗസ്ഥന്റെ താത്പര്യം എന്താണെന്നു തിരച്ചറിഞ്ഞ് അതിനനുകൂലമായി നില്‍ക്കും. മേലുദ്യോഗസ്ഥന്റെ പ്രീതി കിട്ടിയാല്‍ സ്ഥലമാറ്റം, ആഗ്രഹിച്ച പോസ്റ്റിംഗ് തുടങ്ങിയ ഒരുപാട് ഗുണങ്ങള്‍ ഉണ്ടാകും. ക്രിമിനല്‍ രാഷ്ട്രീയവുമായി അവിശുദ്ധ കൂട്ടുകെട്ട് പോലീസില്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളാകുന്നവരെയെല്ലാം രക്ഷിക്കാന്‍ പോലീസിന് താത്പര്യമുണ്ട്. ഒരുവേള രാഷ്ട്രീയ സമ്മര്‍ദ്ദമോ സഹായം തേടിയുള്ള വിളിയോ വരുന്നതിനു മുന്നേ തന്നെ അവര്‍ സ്വയം മുന്‍കൈയെടുത്ത് പ്രതികളെ രക്ഷിക്കാനുള്ള വഴികള്‍ ഒരുക്കി വയ്ക്കും. അതല്ലെങ്കില്‍ ഇവിടെ നടന്ന പ്രമാദമായ പല രാഷ്ട്രീയ കൊലകളിലും കൊന്നവര്‍ മാത്രമല്ല, കൊല്ലിച്ചവരും പിടിയിലാകുമായിരുന്നു. ഇന്നേവരെ ഏതെങ്കിലും മുതിര്‍ന്ന രാഷ്ട്രീയ നേതാവിനു മേല്‍ രാഷ്ട്രീയ കൊലക്കുറ്റങ്ങള്‍ എത്തിയിട്ടില്ല. ആരോപണങ്ങള്‍ ഉണ്ടായാല്‍ പോലും നേതാക്കന്മാരെ സംരക്ഷിക്കാനും നിയമത്തിനു മുന്നില്‍ പെടാതിരിക്കാനും പോലീസിന്റെ ഭാഗത്തു നിന്നും ഇടപെടല്‍ ഉണ്ടാകും.

ഇവിടെ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളാക്കി പോലീസ് പിടികൂടുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആ കൊലകളില്‍ പങ്കെടുത്തവരാകില്ല. പാര്‍ട്ടികള്‍ നല്‍കുന്ന ലിസ്റ്റ് ആണ് പോലീസ് പ്രതിപ്പട്ടികയാക്കുന്നത്. പൊതുവില്‍ ആ പട്ടിക പോലീസ് സ്വമനസാലെ സ്വീകരിക്കുന്നതാണെങ്കില്‍ മറ്റു ചിസ സന്ദര്‍ഭങ്ങളില്‍ സമ്മര്‍ദ്ദത്തിനു പുറത്ത് അംഗീകരിക്കേണ്ടി വരികയാണ്. കൊല്ലാന്‍ നിയോഗിച്ചവരെന്നപോല്‍, പ്രതികളാകാന്‍ നിശ്ചയിക്കപ്പെട്ടവരും പാര്‍ട്ടികള്‍ക്ക് സ്വന്തമായുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കാനും നേതാക്കന്മാരിലേക്ക് സംശയങ്ങള്‍ നീണ്ടെത്താതിരിക്കാനും കൂടിയാണ് ഇത്തരത്തില്‍ പ്രതികളെ സമര്‍പ്പിക്കുന്നത്. വടക്കന്‍ കേരളത്തിലെ പല കേസുകളിലും യഥാര്‍ത്ഥ പ്രതികളല്ല, ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്നതെന്നും ഇക്കാര്യങ്ങള്‍ പോലീസിനു തന്നെ അറിയാവുന്നതായിട്ടും അനുസരിക്കയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നുവെന്നും ഒരു റിട്ടയേര്‍ഡ് എസ് പി തന്നെ സമ്മതിക്കുന്നുണ്ട്. പാര്‍ട്ടി ഓഫിസുകളില്‍ നിന്നും പ്രതികളാക്കേണ്ടവരുടെ ലിസ്റ്റ് വരികയാണ്. ഈ ലിസ്റ്റിലുള്ളവര്‍ ഒന്നുകില്‍ നേരിട്ട് വന്ന് കീഴടങ്ങും, കുറച്ചു കൂടി വിശ്വാസ്യത വരട്ടെയെന്നു കരുതി പ്രതികളുള്ള സ്ഥലം പറഞ്ഞു തരും അവിടെ പോയി പിടികൂടും. യഥാര്‍ത്ഥപ്രതികളെ മറച്ചു വയ്‌ക്കേണ്ട ആവശ്യം പാര്‍ട്ടികള്‍ക്ക് ഉണ്ട്. കാരണം, കൊല ചെയ്തവരെ എതിരാളികള്‍ ഹിറ്റ്‌ലിസ്റ്റ് ചെയ്യും. തിരിച്ചടിക്കും. അതൊഴിവാക്കാന്‍ കൂടിയാണ് യഥാര്‍ത്ഥ പ്രതികളെ മറച്ചു വയ്ക്കുന്നതെന്നാണ് ഈ പോലീസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നത്. കൃത്യമായ പരിശീലനമൊക്കെ കിട്ടിയവരായിരിക്കും. അവരെ നഷ്ടപ്പെടുത്താത്തെ നോക്കേണ്ടത് പാര്‍ട്ടികളുടെ ആവശ്യം കൂടിയാണല്ലോ എന്നും ഈ ഉദ്യോഗസ്ഥന്‍ ചോദിക്കുന്നു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മേല്‍പ്പറഞ്ഞ രീതികള്‍ വ്യത്യാസപ്പെട്ടിരുന്നു. നേരിട്ട് പങ്കെടുത്തവര്‍ തന്നെ പിടിയിലായി. അത് പോലീസിലെ ചിലരുടെ മിടുക്ക്. പിടിക്കപ്പെടാതിരിക്കാന്‍ ആവുന്നതൊക്കെ പല ഭാഗത്തു നിന്നും ചെയ്തു നോക്കിയെങ്കിലും പെട്ടുപോവുകയായിരുന്നു. വലിയ മാധ്യമശ്രദ്ധ നേടുന്ന കേസുകള്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായ പ്രതിരോധവുമായി എത്തുന്ന കേസുകളൊക്കെയാണ് ഇത്തരത്തില്‍ വാടക പ്രതികളില്‍ ചെന്നെത്താതെ പോകുന്നത്. സോഷ്യല്‍ മീഡിയയൊക്കെ ശക്തമായി നില്‍ക്കുന്നതുകൊണ്ട് അതിന്റെ സമ്മര്‍ദ്ദം കൂടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമേലുണ്ട്. മുന്‍പൊക്കെ ലോക്കല്‍ പോലീസില്‍ തന്നെ തുടങ്ങിയവസാനിക്കുകയായിരുന്നു ഇത്തരം കൊലപാതക കേസുകള്‍. ഇപ്പോള്‍ അതല്ല, കേന്ദ്ര ഏജന്‍സികള്‍ വരെ അന്വേഷണത്തിനു എത്തും. ജനകീയ ഇടപെടലുകളും ഇപ്പോള്‍ സജീവമാണ്. പ്രത്യേകിച്ച് കൊലപാതക രാഷ്ട്രീയത്തിനെതിരേ പൊതുസമൂഹത്തില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്ന സാഹചര്യം കൂടി ആയതുകൊണ്ട്. എങ്കില്‍ പോലും അധികാരത്തിന്റെ പിന്‍ബലത്തില്‍ ഇപ്പോഴും രാഷ്ട്രീയപ്പാര്‍ട്ടികള്‍ വാടക പ്രതികളെ പോലീസില്‍ ഏല്‍പ്പിക്കുന്നുണ്ട്. പോലീസ് അതിന് കൂട്ടുനില്‍ക്കുന്നുമുണ്ട്.

ഒന്നുറപ്പിച്ച് പറയാം, ഇവിടുത്തെ രാഷ്ട്രീയ, ക്രിമിനല്‍ സംഘങ്ങളെ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതില്‍ പോലീസിന് വ്യക്തമായ പങ്കുണ്ട്. കൊലക്കേസുകളിലായാലും മറ്റേത് കേസുകളിലായാലും രാഷ്ട്രീയ ബന്ധമുള്ളവരുടെ ജയില്‍വാസം പോലും എങ്ങനെയാണെന്നു നോക്കൂ. ജയിലുകളില്‍ അവര്‍ സുഖവാസത്തിലാണ്. ജയിലുകള്‍ ഭരിക്കുന്നത് രാഷ്ട്രീയക്കാരാണ്. കൊടുംക്രിമിനലുകള്‍ക്ക് ജയിലുകളില്‍ ഉദ്യോഗസ്ഥരെക്കാളും അധികാരം ഉണ്ട്. വാര്‍ഡന്മാരും ജയിലര്‍മാരമെല്ലാം ഈ ക്രിമിനലുകളെ സഹായിച്ചാണ് നില്‍ക്കുന്നത്. ജയിലില്‍ ഇതാണെങ്കില്‍ പോലീസിന്റെ കാര്യത്തില്‍ ഇവരുടെ പരസ്യമായ തേര്‍വാഴ്ച്ചയാണ്. ഒരു പോലീസുകാരന്റെ ട്രാന്‍സ്ഫറില്‍ പോലും തീരുമാനം എടുക്കുന്നത് രാഷ്ട്രീയക്കാരാണ്. വാസ്തവത്തില്‍ രാഷ്ട്രീയക്കാരന് ഇക്കാര്യത്തില്‍ യാതൊരു അവകാശവുമില്ല. അതൊക്കെ ചെയ്യേണ്ടത് ഇവിടുത്തെ ഉദ്യോഗസ്ഥരാണ്. ഒരു ജില്ലയിലെ പോലീസുകാരെ മാറ്റുന്നത് ജില്ല പോലീസ് മേധാവിയാണ്. പക്ഷേ, അതല്ല ഇവിടെ നടക്കുന്നത്. രാഷ്ട്രീയക്കാരന്‍ കൊടുക്കുന്ന ലിസ്റ്റ് പ്രകാരമാണ് പലതും നടക്കുന്നത്. ഇതിനു കൂട പിടിക്കാന്‍ പോലീസ് അസോസിയേഷന്‍ നേതാക്കളുമുണ്ട്. ഇതൊക്കെ തെളിയിക്കുന്നത് ഇവിടുത്തെ രാഷ്ട്രീയ ക്രിമിനല്‍ ബിസിനസിന്റെ വളര്‍ച്ചയ്ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നുവെന്നു തന്നെയാണ്. ഇതു പറയുന്നതിലൂടെ പൊലീസുകാരെ മൊത്തത്തില്‍ ആക്ഷേപിക്കുകയല്ല. പലരും നിര്‍ബന്ധപൂര്‍വം അതിനു തയ്യാറാകേണ്ടി വരുന്നതാണ്. എതിര്‍ത്തു നില്‍ക്കാന്‍ നോക്കുന്നവരെ ഉപദ്രവിക്കും. അത് രാഷ്ട്രീയക്കാരാല്‍ മാത്രമല്ല, സേനയ്ക്കുള്ളില്‍ നിന്നും. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ രാഷ്ട്രീയ കൊലയില്‍ സത്യസന്ധമായി അന്വേഷണം നടത്തിയവരൊക്കെ ഇന്നും ഇത്തരം ഉപദ്രവങ്ങള്‍ നേരിടുന്നുണ്ട്. കേരളത്തിലെ രണ്ട് പ്രബല പാര്‍ട്ടികളില്‍ നിന്നും പോലീസിനു നേരെ ഇത്തരം ഉപദ്രവങ്ങള്‍ ഉണ്ടാകും. ഈ പാര്‍ട്ടികളില്‍ ഒന്ന്, പോലീസുകാരെ അങ്ങോട്ടുമിങ്ങോട്ടും സ്ഥലം മാറ്റി ഓടിക്കാറാണ് പതിവ്. ഇവരുടെ കൂട്ടത്തില്‍ തന്നെ ആരുടെയെങ്കിലും പിടിച്ച് പ്രീതി വാങ്ങിച്ചെടുക്കുകയാണെങ്കില്‍ ഈ ഓട്ടം അവസാനിപ്പിക്കാനും അടങ്ങിയൊതുങ്ങി പണിയെടുത്തു പോകാനും പറ്റും. പക്ഷേ, മറ്റേ പാര്‍ട്ടിക്കാരില്‍ നിന്നും അത്തരം ഒരു സഹായവും കിട്ടില്ല. അവര്‍ പരമാവധി ശിക്ഷിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ ഈ പാര്‍ട്ടിക്കാരുടെ ശത്രുത ഏറ്റുവാങ്ങാന്‍ പോലീസുകാര്‍ പൊതുവില്‍ തയ്യാറാകില്ല.

ഒരു സാധാരണക്കാരനായ പൊലീസ് ഉദ്യോഗസ്ഥന് സര്‍വീസില്‍ നിന്നും വിരമിക്കുന്നതുവരെ സമാധാനത്തോടെ ജീവിക്കാമെന്നൊരു വിശ്വാസം ഇല്ല. അങ്ങനെയൊരു വിശ്വാസം ഉണ്ടാകണമെങ്കില്‍ ഒന്നുകില്‍ ഒന്നും ചെയ്യാതിരിക്കുക, അല്ലെങ്കില്‍ രാഷ്ട്രീയക്കാരന്‍ പറയുന്നത് മാത്രം ചെയ്യുക. ഈ രണ്ടു വഴികള്‍ മാത്രമെയുള്ളൂ. ഇതാണ് ഇവിടുത്തെ പോലീസിന്റെ കഷ്ടവും നഷ്ടവും. നഷ്ടമെന്നു പറയുമ്പോള്‍ അത് പൊതുജനത്തിനു കൂടിയാണ്.

(തുടരും)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍