UPDATES

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ക്വൊട്ടേഷൻ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ്സ്-ഭാഗം 5

എങ്ങനെയാണ് ഒരാള്‍ രാഷ്ട്രീയ ഗുണ്ടയായി മാറുന്നത്? കേരളത്തിലെ രാഷ്ട്രീയ അധോലോകത്തെ അക്രമത്തിന്റെ വ്യാപാരികള്‍-പരമ്പര തുടരുന്നു

കെ എ ആന്റണി

കെ എ ആന്റണി

ഈ പരമ്പര കേരളത്തിലെ രാഷ്ട്രീയ അധോലോകങ്ങളിലൂടെ നടത്തുന്ന ഒരു യാത്രയാണ്. അറിയാതിരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കാത്ത കേരളത്തെ കുറിച്ചുള്ള കഥയാണിത്. നമ്മുടെ രാഷ്ട്രീയക്കാര്‍ ഇതുവരെ പറയാന്‍ തയ്യാറാകാതിരുന്ന കഥ. നമ്മുടെ പരമ്പരാഗത മാധ്യമങ്ങളും ഇതുവരെ വ്യക്തതയോടെ പറയാന്‍ കൂട്ടാക്കാതിരുന്ന കഥ. കേരളത്തിന്റെ പുകള്‍പ്പെറ്റ ജനാധിപത്യനേട്ടങ്ങളെ നിര്‍വീര്യമാക്കുന്ന കഥകള്‍ കൂടിയാണിത്. ഇത് അക്രമങ്ങളെക്കുറിച്ചാണ്, രക്തപങ്കിലവും അസ്വസ്ഥതപ്പെടുത്തുന്നതുമാണവ. എന്നിരിക്കില്‍ പോലും, ഇത് തീര്‍ച്ചയായും പറയേണ്ട കാര്യങ്ങള്‍. ആദ്യ രണ്ടുഭാഗങ്ങള്‍ ഇവിടെ വായിക്കാം:

1. കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകവും പീതാംബരന്‍ എന്ന ലോക്കല്‍ നേതാവും

2. കണ്ണൂരിലെ കരുത്തന്‍; കയ്യൂക്കിന്റെ രാഷ്ടീയവും ക്വൊട്ടേഷന്‍ മാഫിയകളും

3. ആലപ്പുഴ: കേരളത്തിലെ ഗുണ്ടകളുടെ ‘രാഷ്ട്രീയ’ തലസ്ഥാനം

4. ഫ്രഞ്ചുകാരനായ അന്ത്രെ മൊല്ലന്തേന്‍ എഴുതിയ കൊടി സുനിയുടെ ഡിഎന്‍എ

ഭാഗം -5 നിലമ്പൂരിലെ സഖാവ് കുഞ്ഞാലിയെ ഇല്ലാതാക്കിയവര്‍ ലക്ഷ്യമിട്ടത് ഏറനാട്ടിലെ കമ്യൂണിസ്റ്റ് വളര്‍ച്ച തടയല്‍

കാലം ഇത്തിരി പിന്നോട്ടാണ്. കൃത്യമായി പറഞ്ഞാൽ 1969 ജൂലൈ 8. അന്നാണ് നിലമ്പൂർ എംഎൽഎ ആയിരുന്ന സഖാവ് കുഞ്ഞാലി എന്ന കെ (കരിക്കാടൻ) കുഞ്ഞാലി ഒരു വാടക കൊലയാളിയുടെ തോക്കിന് ഇരയായത്. മരിക്കുമ്പോൾ കുഞ്ഞാലിക്കു പ്രായം 45. ഒരു പക്ഷെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ക്വൊട്ടേഷൻ കൊലപാതകം ആയിരുന്നു സഖാവ് കുഞ്ഞാലിയുടേത്. നിലമ്പൂർ എന്ന് പറയുമ്പോൾ ഒരു പക്ഷെ പുതുതലമുറയ്ക്ക് തേക്ക്, തേക്ക് മ്യൂസിയം എന്നൊക്കെയേ അറിയാനിടയുള്ളൂ. നിലമ്പൂർ കോവിലകത്തിനും കേരളത്തിൽ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് ആഴത്തിൽ വേരോട്ടം ലഭിച്ച ഒരു മണ്ണുകൂടിയായിരുന്നു നിലമ്പൂർ ഉൾപ്പെടുന്ന പഴയ ഏറനാട്ടിലേത്. കമ്യൂണിസം പോലെ തന്നെ മാജിക്കും നാടകവുമൊക്കെ പൂത്തുലഞ്ഞ ഏറനാട്ടിൽ സായിപ്പിന്റെ തെക്ക് മാത്രമല്ല, റബ്ബറും നന്നായി തഴച്ചുവളർന്നു. ആ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് ഏറനാട്ടിൽ കമ്യൂണിസം പച്ചപിടിച്ചത്. നിലമ്പൂർ കോവിലകത്തിനും നിലമ്പൂർ പാട്ടുത്സവത്തിനും അതിന്റെ പ്രൗഢി നഷ്ടമായെങ്കിലും ചാലിയാർ പുഴയും അതിന്റെ തീരത്തെ പഴയ തലമുറയിൽ പെട്ടവർ ഇന്നും ഓർമയിൽ സൂക്ഷിക്കുന്ന അരുമയാർന്ന പേര് തന്നെയാണ് സഖാവ് കുഞ്ഞാലിയുടേത്.

കുഞ്ഞാലി കൊലചെയ്യപ്പെട്ട ജൂലൈ 8- ന് നിലമ്പൂരിൽ മറ്റൊരു സംഭവം കൂടി ഉണ്ടായി. കോൺഗ്രസ് പാർട്ടിയുടെ തൊഴിലാളി സംഘടനയായ ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിൽ തോട്ടം തൊഴിലാളികളുടെ ഒരു പ്രതിക്ഷേധ യോഗം അവിടെ സംഘടിപ്പിക്കപ്പെടുകയുണ്ടായി. ഐഎൻടിയുസി പ്രവർത്തകരെ സിഐടിയുക്കാർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു പൊതു യോഗം. പൊതുയോഗത്തിനു മുൻപായി നടന്ന പ്രതിഷേധ പ്രകടനത്തിൽ പ്രധാനമായും ഉയർന്ന മുദ്രാവാക്യം ‘കുഞ്ഞാലി വന്നാല്‍ കൊത്തിയരിയും’ എന്നതായിരുന്നു.

പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎൻടിയുസി നേതാവ് ആര്യാടൻ മുഹമ്മദ് പ്രസംഗിച്ചുകൊണ്ടു നിൽക്കേ സ്ഥലം എംഎൽഎ കുഞ്ഞാലി ഒരു ജീപ്പിൽ അവിടെ വന്നിറങ്ങി. തികച്ചും അക്ഷോഭ്യനായി അദ്ദഹം യോഗവേദിക്ക് മുന്നിലേക്ക് നടന്നു വരുന്നത് കണ്ട് പ്രതിഷേധക്കാർ സ്ഥലം കാലിയാക്കിയത്രേ. ആര്യാടനും സ്ഥലം വിട്ടു. അന്ന് രാത്രി നിലമ്പൂർ അങ്ങാടിയിലുള്ള പാർട്ടി ഓഫീസിൽ ഇരിക്കുമ്പോഴാണ് കുഞ്ഞാലിയെ ആരോ ഒരാൾ ജനാലയിലൂടെ വെടിവെച്ചത്. കുഞ്ഞാലിയെ ഉടനെ തന്നെ മഞ്ചേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞാലിയെ കൊന്നത് വാടക കൊലയാളി ആയിരുന്നെങ്കിലും കൊലക്കു പിന്നിൽ ആര്യാടൻ ആണെന്ന ആക്ഷേപം ശക്തമായിരുന്നു. കുഞ്ഞാലിയുടെ മരണമൊഴി പോലീസ് തിരുത്തിയെന്ന ആക്ഷേപവും ഉണ്ടായി. തെളിവിന്റെ അഭാവത്തിൽ ആര്യാടൻ രക്ഷപ്പെട്ടു.

ഇതിനൊരു അനുബന്ധം കൂടിയുണ്ട്. പിന്നീട് ആന്റണി കോൺഗ്രസ്സുമായി ഉണ്ടാക്കിയ താത്ക്കാലിക ബാന്ധവത്തിന്റെ പേരിൽ ഇതേ ആര്യാടനെ നിലമ്പൂരിൽ നിന്നും സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ചെടുക്കേണ്ട ഗതികേടും സിപിഎമ്മിനുണ്ടായി. സഖാവ് കുഞ്ഞാലിയുടെ കുടുംബക്കാരായ നാടകാചാര്യൻ കെ.ടി മുഹമ്മദ് അടക്കമുള്ളവരുടെ എതിർപ്പിനെ മറികടന്നായിരുന്നു ഇത്. അധികം വൈകാതെ ആന്റണി കോൺഗ്രസ് സിപിഎം ബാന്ധവം ഒഴിവാക്കി. കുഞ്ഞാലിയുടെ തണലിൽ ഏറനാട്ടിൽ വളർന്ന കമ്മ്യൂണിസ്റ്റ് പച്ചയും അതോടെ പതുക്കെ പതുക്കെ മാഞ്ഞു തുടങ്ങി.

വാടക കൊലയാളികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താൻ ശ്രമിച്ചതിന്റെ മറ്റൊരു ഉദാഹരണമാണ് 1995-ൽ സിപിഎം നേതാവ് ഇ.പി ജയരാജന് നേരെ രാജധാനി എക്സ്പ്രസ് ട്രെയിനിൽ വെച്ചുണ്ടായ വധശ്രമം. ഹൈദരാബാദിൽ നടന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ജയരാജനെ ട്രെയിനുള്ളിൽ മുഖം കഴുകിക്കൊണ്ട് നിൽക്കെ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. ട്രെയിൻ ആന്ധ്രാപ്രദേശിലെ ഓങ്കോളിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ട വി ശശി, പി ദിനേശ് എന്ന പ്രതികളെ പിന്നീട് ഡൽഹിയിൽ വെച്ച് പോലീസ് അറസ്റ്റുചെയ്തു. ഇവരെ വാടകയ്ക്കെടുത്തത് കോൺഗ്രസ് നേതാവ് കെ. സുധാകരൻ ആണെന്ന ആരോപണം ശക്തമായിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തിൽ സുധാകരൻ രക്ഷപ്പെട്ടു.
ജയാരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ ആന്ധ്രയിൽ നിന്നുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ അന്ന് സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എം.വി രാഘവനാണ് തന്നെ രക്ഷപ്പെടുത്തിയതെന്നു അടുത്തിടെ എംവിആർ ചരമ വാർഷിക ദിനത്തിൽ സി.പി ജോൺ വിഭാഗം സിഎംപി, കണ്ണൂരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കവേ സുധാകരൻ തുറന്നു പറയുകയുണ്ടായി. രണ്ടു ദിവസം എംവിആർ തന്നെ അദ്ദഹത്തിന്റെ ഔദ്യോഗിക വസതിയിൽ ഒളിപ്പിച്ചു താമസിപ്പിച്ചുവെന്നും ഇക്കാര്യം എങ്ങനെയോ മണത്തറിഞ്ഞ സ്പെഷ്യൽ ബ്രാഞ്ചുകാർ വന്നപ്പോൾ എംവിആർ കളവു പറഞ്ഞ് അവരെ മടക്കി അയച്ചുവെന്നുമാണ് സുധാകരൻ വെളിപ്പെടുത്തിയത്.

വധ ശ്രമത്തിൽ സുധാകരനുള്ള പങ്കു തെളിയിക്കുന്നതിൽ സിപിഎം പരാജയപ്പെട്ടെങ്കിലും പ്രതികളിലൊരാളായ ദിനേശനെ ആന്ധ്ര കോടതി 19 വര്‍ഷം തടവിന് ശിക്ഷിച്ചു. കോടതി വിട്ടയച്ച മറ്റൊരു പ്രതി വിക്രംച്ചാലിൽ ശശിയെ കൂത്തുപറമ്പിൽ വെച്ച് ഒരു സംഘമാളുകൾ വെട്ടിക്കൊലപ്പെടുത്തി. ജയരാജൻ ആക്രമിക്കപ്പെടുന്നതിന് ഏതാനും മാസം മുൻപ് സുധാകരന് നേരെയും കണ്ണൂർ പേരാവൂരിനടത്തുവച്ച് ഒരു ആക്രമണം നടന്നിരുന്നു. സുധാകരൻ സഞ്ചരിച്ചിരുന്ന കാറിനുനേരെ അക്രമികൾ ബോംബ് എറിയുകയായിരുന്നു. സുധാകരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും കാറിൽ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിരുന്ന ടി.പി രാജീവൻ എന്ന യുവാവിന് പരിക്കേൽക്കുകയുണ്ടായി. ഈ വധശ്രമത്തിന് പ്രതികാരം തീർക്കാൻ വേണ്ടിയാണ് വാടക കൊലയാളികളെ ഉപയോഗിച്ച് ഇ.പി ജയരാജനെ വകവരുത്താൻ ശ്രമിച്ചതെന്നായിരുന്നു അന്നത്തെ ആരോപണം.

രാഷ്ട്രീയത്തിൽ മാത്രമല്ല മതവിശ്വാസവുമായി ബന്ധപ്പെട്ടും ക്വൊട്ടേഷൻ ഏർപ്പാട് ഉണ്ടെന്നു വ്യക്തമാകുന്ന ഒന്നാണ് പണ്ഡിതനും മതപ്രഭാഷകനുമായിരുന്ന ചേകന്നൂർ മൗലവിയുടെ തിരോധാനം. 1993 ജൂലൈ 29-നാണ് എടപ്പാൾ കാവിൽപ്പടി സ്വദേശിയും ഖുർആൻ സുന്നത്തു സൊസൈറ്റി എന്ന സംഘടനയുടെ സ്ഥാപകനുമായിരുന്ന അബു ഹസ്സൻ മൗലവി എന്ന ചേകന്നൂർ മൗലവിയെ മതപ്രഭാഷണത്തിനെന്നു പറഞ്ഞ് വീട്ടിൽ നിന്നും ഒരു കാറിൽ കയറ്റി കൊണ്ടുപോയത്. ഏറെ കോളിളക്കം സൃഷ്ട്ടിച്ച ഈ കേസ് സിബിഐ അന്വേഷിച്ചെങ്കിലും മൗലവിയെ കൊണ്ടുപോയവർ അയാളെ കൊന്നു കുഴിച്ചുമൂടി എന്നല്ലാതെ അവർ ശവം മറവു ചെയ്തു എന്ന് പറഞ്ഞ സ്ഥലത്തു നിന്നും ഒന്നും കണ്ടെടുക്കാനായില്ല. മലബാറിലെ ഒരു പ്രമുഖ മതനേതാവിന് നേരെയായാണ് സംശയത്തിന്റെ മുന നീണ്ടതെങ്കിലും അയാളെ തൊടാൻ പോലും സിബിഐക്കു കഴിഞ്ഞില്ല.

ക്വൊട്ടേഷൻ കൊലപാതകമല്ലെങ്കിലും ഒരു ക്വൊട്ടേഷൻ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട ഒരു സംഭവം 1982 ൽ കൊല്ലത്ത് അരങ്ങേറി. ആർഎസ്പി പ്രവർത്തകനായിരുന്ന സരസൻ എന്നയാൾ പെട്ടെന്നൊരു ദിനം അപ്രത്യക്ഷനായി. ആയിടയ്ക്ക് ആർഎസ്പിയിൽ നിന്നും സരസനെ പുറത്താക്കിയിരുന്നതിനാൽ സരസന്റെ തിരോധാനം ആർഎസ്പി നേതാവ് ബേബി ജോണിനെതിരെ ഉപയോഗപ്പെടുത്താൻ രാഷ്ട്രീയ എതിരാളികൾക്ക് എളുപ്പത്തിൽ കഴിഞ്ഞു. അസംബ്ലി തിരെഞ്ഞെടുപ്പ് നടക്കുന്ന സമയം. ചവറയിൽ നിന്നും ബേബി ജോൺ വീണ്ടും ജനവിധി തേടുന്നു. സരസനെ ബേബി ജോൺ കൊന്നു കായലിൽ തള്ളിയെന്നൊക്കെ ആയിരുന്നു അന്നത്തെ കോൺഗ്രസ് പ്രചാരണം. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന് പറഞ്ഞതുപോലുള്ള പ്രകൃതക്കാരനായിരുന്നു ബേബി ജോൺ എങ്കിലും അദ്ദേഹം വല്ലാതെ തളർന്നു പോയി. തിരഞ്ഞെടുപ്പിൽ ബേബി ജോൺ ജയിച്ചെങ്കിലും സരസ്സനെ കൊന്നയാൾ എന്ന ദുഷ്പ്പേര് മായാതെ തന്നെ നിന്നു; അഞ്ചു വർഷത്തിന് ശേഷം കർണാടകത്തിൽ നിന്നും സരസനെ അറസ്റ്റ് ചെയ്ത് കേരളത്തിൽ എത്തിക്കുന്നതുവരെ.

കേരളത്തിലെ ഒരു പ്രമുഖ കോൺഗ്രസ് നേതാവിന്റെ നിർദ്ദേശപ്രകാരം സരസ്സനെ തട്ടിക്കൊണ്ടുപോയി അന്ന് കർണാടകത്തിൽ മുഖ്യമന്ത്രിയായിരുന്ന ഗുണ്ടു റാവുവിന്റെ സഹായത്തോടെ അവിടെ തടങ്കലിൽ പാർപ്പിച്ചുവെന്നായിരുന്നു സരസൻ അറസ്റ്റിലായപ്പോൾ ബേബി ജോണിന്റെ പ്രതികരണം. തന്നെ ആയുധധാരികളായ ഒരു സംഘം ആളുകൾ ബലമായി തട്ടിക്കൊണ്ടുപോയി ഒരു മുറിയിൽ പൂട്ടിയിയിടുകയായിരുന്നുവെന്നായിരുന്നു സരസൻ പോലീസിന് നൽകിയ മൊഴി. വാസ്തവം എന്തുതന്നെയായാലും അന്ന് എല്ലാ വിരലുകളും നീണ്ടത് കെ. കരുണാകരന് നേരെയായിരുന്നു.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍