UPDATES

മുന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍, എസ്എന്‍ഡിപി യൂത്ത് മൂവ്മെന്‍റ് ജില്ലാ ട്രഷറര്‍; തിരുവനന്തപുരം അധോലോകത്തിന്റെ മുഖം മാറ്റിയ ഓംപ്രകാശ് ഗുണ്ടകള്‍ക്കിടയിലെ ‘സ്റ്റൈല്‍ മന്നന്‍’

തലസ്ഥാനത്തെ ഗുണ്ടകളുടെ ഇടയിലെ സ്റ്റൈല്‍ മന്നനായ ഓംപ്രകാശിന് ഇന്നും നിരവധി ആരാധകര്‍

ഈ പരമ്പര കേരളത്തിലെ രാഷ്ട്രീയ അധോലോകങ്ങളിലൂടെ നടത്തുന്ന ഒരു യാത്രയാണ്. അറിയാതിരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കാത്ത കേരളത്തെ കുറിച്ചുള്ള കഥയാണിത്. നമ്മുടെ രാഷ്ട്രീയക്കാര്‍ ഇതുവരെ പറയാന്‍ തയ്യാറാകാതിരുന്ന കഥ. നമ്മുടെ പരമ്പരാഗത മാധ്യമങ്ങളും ഇതുവരെ വ്യക്തതയോടെ പറയാന്‍ കൂട്ടാക്കാതിരുന്ന കഥ. കേരളത്തിന്റെ പുകള്‍പ്പെറ്റ ജനാധിപത്യനേട്ടങ്ങളെ നിര്‍വീര്യമാക്കുന്ന കഥകള്‍ കൂടിയാണിത്. ഇത് അക്രമങ്ങളെക്കുറിച്ചാണ്, രക്തപങ്കിലവും അസ്വസ്ഥതപ്പെടുത്തുന്നതുമാണവ. എന്നിരിക്കില്‍ പോലും, ഇത് തീര്‍ച്ചയായും പറയേണ്ട കാര്യങ്ങള്‍. ആദ്യ ആറ്‌ ഭാഗങ്ങള്‍ ഇവിടെ വായിക്കാം:

1. കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകവും പീതാംബരന്‍ എന്ന ലോക്കല്‍ നേതാവും

2. കണ്ണൂരിലെ കരുത്തന്‍; കയ്യൂക്കിന്റെ രാഷ്ടീയവും ക്വൊട്ടേഷന്‍ മാഫിയകളും

3. ആലപ്പുഴ: കേരളത്തിലെ ഗുണ്ടകളുടെ ‘രാഷ്ട്രീയ’ തലസ്ഥാനം

4. ഫ്രഞ്ചുകാരനായ അന്ത്രെ മൊല്ലന്തേന്‍ എഴുതിയ കൊടി സുനിയുടെ ഡിഎന്‍എ

5. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ക്വൊട്ടേഷൻ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ്സ്

6. ടി.കെ ഫയാസിനും അബു ലൈസിനും ഒപ്പം നിന്ന് സെൽഫി എടുക്കുന്ന മലബാര്‍ രാഷ്ട്രീയം; സ്വര്‍ണ്ണക്കടത്ത്, കുഴല്‍പ്പണ മേഖലയിലെ പുതിയ താരോദയങ്ങള്‍ 

ഭാഗം 7: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി, എസ്എന്‍ഡിപി യൂത്ത് മൂവ്മെന്‍റ് ജില്ലാ ട്രഷറര്‍; പോള്‍ മുത്തൂറ്റ് കൊലക്കേസ് സാക്ഷി ഓംപ്രകാശിന്റെ ഗുണ്ടാ ‘റൂട്ട്’ ഇങ്ങനെ

2009 ആഗസ്റ്റ് 21 അര്‍ദ്ധരാത്രി. ചങ്ങനാശേരിയില്‍ നിന്നും ആലപ്പുഴയ്ക്കുള്ള യാത്രയിലായിരുന്നു ഒരു ഫോര്‍ഡ് എന്‍ഡവര്‍ കാര്‍. വഴിയില്‍ വച്ച് ഈ കാര്‍ ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചിടുകയും നിര്‍ത്താതെ പോകുകയും ചെയ്യുന്നു. ഏതാണ്ട് രണ്ടര കിലോമീറ്റര്‍ ദൂരത്ത് പൊങ്ങ ജംഗ്ഷന് സമീപം കാറിന് കേടുപാടെന്തെങ്കിലും സംഭവിച്ചോയെന്ന് പരിശോധിക്കാന്‍ കാര്‍ നിര്‍ത്തിയപ്പോള്‍ പിന്നാലെയെത്തിയ ഒരു സംഘം കാറിലുണ്ടായിരുന്നവരുമായി വാക്കുതര്‍ക്കത്തിലാകുകയും ഒരാളെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്യുന്നു. പറഞ്ഞുവരുന്നത് കേരള രാഷ്ട്രീയ മണ്ഡലത്തില്‍ ഇന്നും ഇടയ്ക്കിടെ ചര്‍ച്ചയാകാറുള്ള മുത്തൂറ്റ് പോള്‍ എം ജോര്‍ജ്ജിന്റെ കൊലപാതകത്തെക്കുറിച്ചാണ്. എംസി റോഡിലെ ജ്യോതി ജംഗ്ഷനില്‍ വച്ചാണ് സംഭവം നടന്നത്. നെടുമുടി മാത്തൂര്‍ ക്ഷേത്രത്തിലേക്ക് തിരിയുന്ന റോഡാണ് ജ്യോതി ജംഗ്ഷന്‍.

റോഡരികിലെ വീടിന്റെ മതിലില്‍ ചേര്‍ത്തു നിര്‍ത്തിയാണ് പോളിനെ കുത്തിയത്. കാരി സതീഷ് എസ് കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയെന്നും പോള്‍ സംഭവസ്ഥലത്ത് മരിച്ചെന്നുമാണ് പോലീസ് പറയുന്നത്. പോളിനൊപ്പമുണ്ടായിരുന്ന മനു എന്നയാള്‍ക്കും കുത്തേറ്റു. ചങ്ങനാശേരി നാലുകോടി സ്വദേശികളും ക്വട്ടേഷന്‍ സംഘാംഗങ്ങളുമായ ജയചന്ദ്രന്‍, സതീഷ് എന്ന കാരി സതീഷ്, സത്താര്‍ എന്നിവര്‍ ഉള്‍പ്പെടെ 19 പേരാണ് കേസില്‍ പിടിയിലായത്. കാരി സതീഷ് ഉപയോഗിച്ച എസ് കത്തി ആര്‍എസ്എസുകാര്‍ ഉപയോഗിക്കുന്നതാണെന്ന് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചതോടെ പോളിന്റെ കുടുംബാംഗങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇത് അനുവദിക്കുകയും ചെയ്തു. തിരുവല്ല സ്വദേശിയായ ബിജു സഞ്ചരിച്ചിരുന്ന ബൈക്കിലാണ് പോള്‍ ഓടിച്ച കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. മണ്ണഞ്ചേരിയില്‍ മറ്റൊരു ക്വട്ടേഷനായി രണ്ട് ടെമ്പോ ട്രാവലുകളിലായി പോയ കാരി സതീഷും സംഘവും ഇത് കാണുകയും കാറിനെ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തുകയുമായിരുന്നു. ടെമ്പോ ട്രാവലറിലുണ്ടായിരുന്നവരും പോള്‍ ജോര്‍ജ്ജും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ സംഘത്തിലുണ്ടായിരുന്ന കാരി സതീഷ് എസ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നുമാണ് പോലീസ് ഭാഷ്യം. ആദ്യം ആലപ്പുഴ ലോക്കല്‍ പോലീസും പിന്നീട് സിബിഐയുമാണ് കേസ് അന്വേഷിച്ചത്.

നിരവധി കേസുകളില്‍ പ്രതിയും പായിപ്പാട് സ്വദേശിയുമായ കാരി സതീഷ് കുപ്രസിദ്ധനായത് പോള്‍ മുത്തൂറ്റ് വധക്കേസിലൂടെയാണ്. കൂര്‍ത്ത മുള്ളിന് കുത്തുന്ന കാരി മീനിന്റെ സ്വഭാവമായതിനാലാണ് കാരി സതീഷ് എന്ന് ഇയാള്‍ക്ക് പേര് വന്നതെന്ന് പോലീസ് പറയുന്നു. തോടുകളില്‍ മീന്‍ പിടിത്തത്തിന് പോയിരുന്ന സതീഷ് കാരി മീനിനെ പിടികൂടി കടിച്ചു പിടിക്കുന്നതിനാലാണ് ഈ പേര് വന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. കിണറുകള്‍ക്ക് റിംഗ് ഇറക്കുന്നതും സതീഷിന്റെ ജോലിയായിരുന്നു. സംഭവദിവസം കൂട്ടുകാരോടൊപ്പം പോകുന്നതിന് മുമ്പും പണിക്ക് പോയിരുന്നു. വൈകിട്ട് സംഘത്തോടൊപ്പം ചേര്‍ന്ന് ചങ്ങനാശേരിയിലെ ബാറിലിരുന്ന് മദ്യപിച്ച ശേഷമാണ് ആലപ്പുഴയ്ക്ക് പോയത്. കാരി സതീഷ് ഉപയോഗിച്ചെന്ന് പറഞ്ഞ എസ് കത്തിയും വിവാദം സൃഷ്ടിച്ചു. സതീഷിനെ തെളിവെടുപ്പിനായി നാലുകോടിയിലെ വീട്ടിലെത്തിച്ചപ്പോള്‍ ഒരു പോലീസുകാരനാണ് എസ് കത്തി കട്ടിലനടിയില്‍ ഒളിപ്പിച്ചതെന്ന് സതീഷിന്റെ മാതാവ് വിലാസിനിയും മുത്തശിയും വെളിപ്പെടുത്തിയിരുന്നു.

കാരി സതീഷിനെ പോലെ ഈ കൊലപാതകത്തിന് ശേഷം എല്ലാവരും ശ്രദ്ധിച്ച പേരാണ് ഓംപ്രകാശിന്റേത്. പോളിന്റെ യാത്ര സംബന്ധിച്ചും പോളിനൊപ്പം കാറിലുണ്ടായിരുന്നെന്ന് പറയപ്പെടുന്നവരെ കുറിച്ചും നിറംപിടിച്ച കഥകളാണ് പുറത്തുവന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും മക്കള്‍ക്കും ഈ കൊലപാതകത്തില്‍ പങ്കെടുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ ഈ കേസില്‍ രാഷ്ട്രീയ ക്വട്ടേഷന്‍റെ സാധ്യതകള്‍ ഉയര്‍ന്നു. ഓംപ്രകാശിനും സംഘത്തിനും ഡിവൈഎഫ്‌ഐയിലും എസ്എഫ്‌ഐയിലുമുള്ള ബന്ധമാണ് രാഷ്ട്രീയ ഗുണ്ടായിസമെന്ന സാധ്യതകള്‍ ഉയരാന്‍ കാരണമായത്.

മുത്തൂറ്റ് പോളിന്റെ കൊലപാതകത്തോടെയാണ് തിരുവനന്തപുരത്ത് മാത്രം കേട്ടിരുന്ന ഓം പ്രകാശ് എന്ന ഗുണ്ടാത്തലവന്റെ പേര് കേരളത്തിലാകമാനം ഉയര്‍ന്നു കേട്ടത്. ഈ കേസില്‍ പ്രതിസ്ഥാനത്തായിരുന്നില്ലെങ്കിലും പോള്‍ സഞ്ചരിച്ച കാറില്‍ ഓംപ്രകാശും പുത്തന്‍പാലം രാജേഷുമുണ്ടായിരുന്നെന്ന സാക്ഷിമൊഴികളാണ് അന്വേഷണം ഇവരെ കേന്ദ്രീകരിച്ചാകാന്‍ കാരണം. രണ്ട് ഗുണ്ടകളെയും കൂട്ടി സഞ്ചരിക്കേണ്ട ആവശ്യം പോളിനെന്തായിരുന്നുവെന്ന് തുടങ്ങി ഇവരുടെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് വരെ അഭ്യൂഹങ്ങള്‍ പരന്നു. ഇവര്‍ സഞ്ചരിച്ച എന്‍ഡവര്‍ കാര്‍ ഓംപ്രകാശും രാജേഷും ചേര്‍ന്ന് സംഭവസ്ഥലത്തു നിന്നും മാറ്റിയെന്ന കഥകളും പ്രചരിച്ചു. നിറംപിടിപ്പിച്ച കഥകളോടെയാണ് സുന്ദരനായ ഈ ഗുണ്ടാത്തലവന്റെ കഥകള്‍ അന്ന് മാധ്യമങ്ങളില്‍ പ്രചരിച്ചത്. മലയിന്‍കീഴ് സ്വദേശിയായ ഓംപ്രകാശ് അവിടെയുണ്ടായ പാര്‍ട്ടി കൊലപാതകത്തെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് എത്തിയത്. എസ്എഫ്‌ഐയുടെ കോട്ടയായ യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലാണ് ഇയാള്‍ അന്ന് ഒളിവില്‍ കഴിഞ്ഞത്. ആറ്റിങ്ങല്‍ അയ്യപ്പന്‍, മലയിന്‍കീഴ് അജി എന്നിവരുടെ ശിഷ്യനെന്ന നിലയില്‍ വഞ്ചിയൂരില്‍ എത്തിയ ഓംപ്രകാശ് അവിടെ പുത്തന്‍പാലം രാജേഷിനെയും മറ്റ് ഗുണ്ടകളെയും കോര്‍ഡിനേറ്റ് ചെയ്യുന്ന ഒരു ശക്തിയായി മാറി. അമ്പലമുക്കില്‍ വച്ച് രമേശ് എന്ന ഗുണ്ടയുടെ അച്ഛനെ വെട്ടിയതോടെയാണ് തിരുവനന്തപുരത്ത് ഓംപ്രകാശ് പേരെടുക്കുന്നത്. അധികം വൈകാതെ നഗരത്തിലെ ഗുണ്ടാ സംഘങ്ങളുടെ നിയന്ത്രണം ഇയാള്‍ക്കായി മാറി. ഒരുകാലത്ത് തന്റെ ആശാനായിരുന്ന മലയിന്‍കീഴ് അജിയെ കൊലപ്പെടുത്തിയതും ഓംപ്രകാശിന്റെ നേതൃത്വത്തിലാണ്.

അന്ന് വരെ നഗരം കണ്ട് ശീലിച്ചിരുന്നത് കോളനികള്‍ കേന്ദ്രീകരിച്ച് അവിടുത്തെ സാമൂഹിക സാഹചര്യം മൂലം ഗുണ്ടകളായി തീരുന്നവരെയാണ്. എന്നാല്‍ കോളനി പശ്ചാത്തലത്തിലല്ലാത്ത, വിദ്യാഭ്യാസമുള്ള, വളരെ സ്റ്റൈലിഷ് ആയ ഒരു ഗുണ്ടയെയാണ് ഓംപ്രകാശില്‍ തിരുവനന്തപുരം കണ്ടത്. സ്‌റ്റൈലന്‍ വസ്ത്രങ്ങള്‍ ധരിക്കുകയും അടിച്ചുപൊളിച്ച് ജീവിക്കുകയും ചെയ്തിരുന്ന ഓംപ്രകാശ് മറ്റ് ഗുണ്ടകള്‍ക്കും മാതൃകയായി. ടീഷര്‍ട്ടും ജീന്‍സും ധരിച്ച് കഴുത്തിലെ കട്ടിയുള്ള മാലയും കാലിലെ വിലയേറിയ ഷൂസും സണ്‍ഗ്ലാസുമെല്ലാം തലസ്ഥാനത്തെ കോളനി നിവാസികളായിരുന്ന ഗുണ്ടകള്‍ക്ക് പുതുമയായിയുരുന്നു. തിരുവനന്തപുരത്തെ ഗുണ്ടാസംഘങ്ങളുടെ ജീവിതത്തില്‍ തന്നെ അത് മാറ്റങ്ങള്‍ വരുത്തി. തിരുവനന്തപുരം അധോലോകത്തിന്റെ മുഖം മാറ്റിയത് ഓംപ്രകാശ് ആണെന്നാണ് പറയപ്പെടുന്നത്. തനിക്ക് പരിചയമുള്ള ചില പെണ്‍കുട്ടികള്‍ ഓംപ്രകാശിന്റെ കടുത്ത ആരാധകനായിരുന്നെന്നാണ് അക്കാലത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ചിരുന്ന ഒരു സുഹൃത്ത് പറഞ്ഞത്. ഗുണ്ടാത്തലവന്‍ എന്ന ഇമേജില്‍ നില്‍ക്കുമ്പോഴും ഒരു സൂപ്പര്‍ ഹീറോയായാണ് യൂണിവേഴ്‌സിറ്റി കോളേജിലും ഹോസ്റ്റലിലും ഓംപ്രകാശ് വിലസി നടന്നത്. അതേസമയം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വന്ന കാലത്ത് വളരെ നിശബ്ദനായ ഒരു വ്യക്തിയായിരുന്നു ഇയാളെന്ന് അന്ന് അവിടെയുണ്ടായിരുന്ന ചിലര്‍ പറയുന്നു. പത്താം ക്ലാസ് ഡിസ്റ്റിംഗ്ഷനോടെ പാസായെന്നാണ് ഓംപ്രകാശിനെക്കുറിച്ച് പ്രചരിക്കുന്ന ഒരു കഥ. എന്നാല്‍ തിരുവനന്തപുരം മ്യൂസിക് കോളേജിലാണ് ഇയാള്‍ പ്രീഡിഗ്രി ചെയ്തത്. സാധാരണഗതിയില്‍ മറ്റൊരു കോളേജിലും അഡ്മിഷന്‍ ലഭിക്കാത്തവരാണ് മ്യൂസിക് കോളേജില്‍ എത്തുന്നത്. അതിനാല്‍ തന്നെ ഡിസ്റ്റിംഗ്ഷന്‍ കഥ കഥമാത്രമാകാനാണ് സാധ്യതയെന്ന് തിരുവനന്തപുരത്തെ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

പാളയത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ കേന്ദ്രീകരിച്ചും ഓംപ്രകാശിന് ഒരു കളമുണ്ടായിരുന്നു. പല ഗുണ്ടകളുടെയും ഒളിത്താവളമായിരുന്നു ഒരു കാലത്ത് ഹോസ്റ്റല്‍. യൂണിവേഴ്‌സിറ്റി കോളേജിലെ ഏതെങ്കിലും വിദ്യാര്‍ത്ഥികളുമായി അടുപ്പം സ്ഥാപിച്ചാണ് ഇവര്‍ ഹോസ്റ്റലില്‍ കയറിപ്പറ്റുന്നത്. ഏതെങ്കിലും കേസില്‍ പെടുമ്പോള്‍ എസ്എഫ്‌ഐയുടെ ശക്തികേന്ദ്രമായ ഹോസ്റ്റലില്‍ പോലീസ് കയറില്ലെന്ന ധൈര്യത്തിലാണ് ഇവിടെ ഒളിക്കുന്നത്. എസ്എഫ്‌ഐ തന്നെ പരാതി നല്‍കി കമ്മിഷണര്‍ ഹോസ്റ്റലിലെത്തുകയും ഗുണ്ടകളെയെല്ലാം അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ ചില എസ്എഫ്‌ഐക്കാര്‍ക്ക് ഇവരെ സംരക്ഷിക്കുന്നതില്‍ പങ്കുണ്ടായിരുന്നു താനും. ആറ്റിങ്ങല്‍ അയ്യപ്പനെ പാര്‍ട്ടി ഇടപെട്ടാണ് ഹോസ്റ്റലില്‍ താമസിപ്പിച്ചിരുന്നത്. ഒരു കോണ്‍ഗ്രസ് നേതാവിനെ വെട്ടിയ കേസിനായിരുന്നു ഇത്. എന്നാല്‍ ഇയാള്‍ ഓംപ്രകാശിനെയും മറ്റ് ചിലരെയും ഹോ്‌സ്റ്റലില്‍ എത്തിക്കുകയും ഗുണ്ടകളുടെ താവളമായി അവിടം മാറുകയും ചെയ്തു. അയ്യപ്പനും ഗുണ്ടുകാട് സാബുവും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു. സാബു കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്. ലോ കോളേജിലെ ഒരു പ്രശ്‌നത്തില്‍ അയ്യപ്പന്‍ ഇടപെടുകയും എസ്എഫ്‌ഐക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു. എസ്എഫ്‌ഐക്കാരെ എസ്എഫ്‌ഐക്കാര്‍ സംരക്ഷിക്കുന്നവര്‍ തന്നെ മര്‍ദ്ദിച്ചപ്പോഴാണ് ഇവരുടെ ഇവിടുത്തെ താമസത്തിനെതിരെ പാര്‍ട്ടി രംഗത്തെത്തിയത്. കൂടാതെ ഒരു പോലീസുകാരന്റെ മകനെ ഇവരുടെ അക്കാലത്തെ സങ്കേതമായ ചാലൂക്ക്യ ബാറില്‍ വച്ച് ഇവര്‍ പിടികൂടിയിരുന്നു. മദ്യപിച്ച് ലക്കുകെട്ട് തങ്ങളുടെ ബൈക്കില്‍ ചാരിനിന്നതിനാണ് ഇയാളെ അയ്യപ്പന്റെ നേതൃത്വത്തിലുള്ളവര്‍ പിടികൂടിയത്. ഇയാളെ ഹോസ്റ്റല്‍ മുറിയിലെത്തിച്ച് മര്‍ദ്ദിക്കുകയും സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തു. അതിന് ശേഷം കഴക്കൂട്ടത്തിന് സമീപം ഇയാളെ ഉപേക്ഷിച്ച് കടക്കുകയായിരുന്നു. ഈ സംഭവവും എസ്എഫ്‌ഐ നേതൃത്വത്തിന് ഇവരൊട് അവമതിപ്പുണ്ടാക്കി.

മറ്റ് ഗുണ്ടകളെ അപേക്ഷിച്ച് സാമൂഹിക സ്ഥിതിയില്‍ ഏറെ മുന്നിലായിരുന്നു ഓംപ്രകാശ്. മറ്റുള്ളവര്‍ വിദ്യാഭ്യാസത്തിന്റെയും കോളനി വാസത്തിന്റെയും പേരില്‍ പലയിടങ്ങളിലും ഇടിച്ചുകയറാന്‍ മടിച്ചു നിന്നപ്പോള്‍ ഓംപ്രകാശിന് അത്തരമൊരു തടസമുണ്ടായിരുന്നില്ല. ഓംപ്രകാശ് വരുന്ന കാലത്ത് നഗരത്തിലുണ്ടായിരുന്ന ഗുണ്ടകളായ ആല്‍ത്തറ വിനീഷ്, പുത്തന്‍പാലം രാജേഷ് തുടങ്ങിയവര്‍ കോളനികളിലെ സാമൂഹിക അവസ്ഥ മൂലം ഏതെങ്കിലും കേസില്‍ പ്രതികളാകുകയും പിന്നീട് പിടിച്ച് നില്‍ക്കാന്‍ ഗുണ്ടാ പ്രവര്‍ത്തനത്തില്‍ സജീവമായവരുമാണ്. സാമൂഹികമായ പിന്നോക്കാവസ്ഥയുടെ വൈകാരിക പ്രശ്‌നങ്ങളെല്ലാം ഇവര്‍ക്കുണ്ട്. എന്നാല്‍ ഓംപ്രകാശ് നഗരത്തിലെത്തുന്നത് തന്നെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കായാണ്. ഓംപ്രകാശ് തന്റെ കായികശേഷിയ്‌ക്കൊപ്പം ബുദ്ധി കൂടി ഉപയോഗിച്ച് കളിച്ചയാളാണെന്ന് അയാളുടെ ചില പഴയകാല സുഹൃത്തുക്കള്‍ക്ക് അഭിപ്രായമുണ്ട്. ഓംപ്രകാശ് എല്ലാം ഒരുക്കുന്നയാളായാണ് നിന്നത്. കൊലപാതമാണെങ്കിലും കയ്യേറ്റമാണെങ്കിലും മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുകയെന്നതായിരുന്നു ഇയാളുടെ രീതി. ഒരാള്‍ക്കെതിരെ ക്വട്ടേഷനുണ്ടായാല്‍ അയാളെ എവിടെ വച്ച് പിടിക്കാമെന്നതാണ് ആദ്യം ചിന്തിക്കുകയെന്ന് ഇപ്പോള്‍ സജീവമല്ലാത്ത ഒരു പഴയകാല ഗുണ്ടാ നേതാവ് പറയുന്നു. റൂട്ട് ഇടുകയെന്നാണ് ഇതിന് പറയുന്നത്. ആക്രമിക്കപ്പെടേണ്ട-അല്ലെങ്കില്‍ കൊല്ലപ്പെടേണ്ട ആള്‍ ഏതൊക്കെ വഴികളിലൂടെ പതിവായി സഞ്ചരിക്കുന്നുവെന്നും ഇതില്‍ ഏറ്റവും സുരക്ഷിതമായി പിടികൂടാന്‍ പറ്റുന്നതെവിടെയെന്നും നിശ്ചയിക്കുന്ന രീതിയാണ് ഇത്. അതിന് ശേഷമാണ് ഓപ്പറേഷന്‍ നടപ്പാക്കുന്നത്. പലപ്പോഴും പലയാവര്‍ത്തി റൂട്ടിട്ട ശേഷമായിരിക്കും കൃത്യം നിര്‍വഹിക്കാന്‍ സാധിക്കുന്നത്.

ഓംപ്രകാശിന്റെ സിപിഎം ബന്ധം ആരോപിച്ചത് ഇയാളുടെ മാതാപിതാക്കള്‍ തന്നെയാണ്. ഓം പ്രകാശ് സി.പി.എമ്മിലെ വിഭാഗീയതയുടെ ഇരയാണെന്നാണ് ഓം പ്രകാശിന്റെ അച്ഛന്‍ പ്രസന്ന കുമാരന്‍ അന്ന് ആരോപിച്ചിരുന്നത്. താനും തന്റെ കുടുംബവും കമ്മ്യൂണിസ്റ്റ് അനുഭാവികളാണ്. ഓം പ്രകാശ് ഡി.വൈ.എഫ്.ഐ മലയിന്‍കീഴ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു. എന്നാല്‍ വിഭാഗീയത മൂലം പാര്‍ട്ടിയില്‍ നിന്ന് പുറംതള്ളി. ഓം പ്രകാശ് ആദ്യ കേസില്‍ പ്രതിയായതു സി.പി.എമ്മിനു വേണ്ടിയായിരുന്നു. പിന്നീട് കേസുകള്‍ ഓം പ്രകാശിന്റെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി. അതേസമയം പ്രസന്ന കുമാരന് ഒരാള്‍ അടുത്തിരുന്ന് ഇതെല്ലാം പറഞ്ഞുകൊടുക്കുന്നതിന്റെ വീഡിയോ കൈരളി ചാനല്‍ പിന്നീട് പുറത്തുവിടുകയും ചെയ്തു.

എന്തായാലും വഞ്ചിയൂരില്‍ പാര്‍ട്ടിക്കാരുമായി ഓംപ്രകാശിന് ബന്ധമുണ്ടായിരുന്നെന്ന് ഉറപ്പാണ്. എന്നാല്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് ഇയാളെ ഉപയോഗിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരത്തെ ചില സിപിഎം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ലോക്കല്‍ ലെവലിലെ ഗ്രൂപ്പിസത്തിന് ഓംപ്രകാശിനെ ഉപയോഗിച്ചാല്‍ മറ്റവന് അവിടെ നില്‍ക്കാന്‍ പറ്റുമോയെന്നാണ് അവര്‍ ചോദിക്കുന്നത്. മാത്രമല്ല, പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്‌നമാണെങ്കില്‍ പോലും ഗുണ്ടാ ബന്ധമുള്ളവരെ ഉപയോഗിക്കാറില്ലെന്നാണ് അവര്‍ പറയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകന്‍ ഗുണ്ടാ ബന്ധങ്ങളിലേക്ക് കടന്നാല്‍ അവരെ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കുകയാണ് ചെയ്യാറ്. അത് എല്ലാ പാര്‍ട്ടികളുടെയും രീതിയാണ്. ആര്‍എസ്എസ് പ്രവര്‍ത്തനത്തിലൂടെ ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ആല്‍ത്തറ വിനീഷിനെ പിന്നീട് അവര്‍ പുറത്താക്കിയിരുന്നു. അതുപോലെ ഗുണ്ടുകാട് സാബു ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ടും സിപിഎം ഇയാളെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ലാത്തതും പാര്‍ട്ടിക്ക് ഗുണ്ടകളുമായി ബന്ധമില്ലാത്തതിന്റെ തെളിവാണെന്നാണ് പറയപ്പെടുന്നത്. വലിയ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഗുണ്ടകളെ താഴേത്തട്ടില്‍ തന്നെ ഒറ്റപ്പെടുത്താമെന്നല്ലാതെ അടിച്ച് തീര്‍ക്കാന്‍ പാര്‍ട്ടി ശ്രമിക്കാറില്ല. എന്നാല്‍ ആര്‍എസ്എസുകാരുമായി പ്രശ്‌നമുണ്ടായാല്‍ പിന്നെ ഗുണ്ടകളുമായി ബന്ധമില്ലാതെ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് തിരുവനന്തപുരത്തുള്ളത്. ആര്‍എസ്എസിന് വഞ്ചിയൂരിലുണ്ടായിരുന്ന സ്വാധീനം പൊളിച്ചത് ഓംപ്രകാശും പുത്തന്‍പാലം രാജേഷും ചേര്‍ന്നാണ്.

റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളാണ് ഓംപ്രകാശിനെയും പോള്‍ എം ജോര്‍ജ്ജിനെയും ഒരുമിപ്പിക്കുന്നത്. പാര്‍ട്ടിയില്‍ നിന്നും പുറത്തായതോടെ അവരുടെ സംരക്ഷണം ലഭിക്കില്ലെന്ന് ഉറപ്പായ ഓംപ്രകാശ് പോളിന്റെ പണവും സ്വാധീനവും പ്രയോജനപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരത്ത് പലയിടങ്ങളിലും ഭൂമി മേടിച്ചിട്ടിരുന്ന പോള്‍ ഇടപാടുകള്‍ക്കായി തിരുവനന്തപുരത്ത് എത്തുമ്പോഴെല്ലാം ഓംപ്രകാശിനൊപ്പമാണ് താമസിച്ചിരുന്നത്. പ്രശ്‌നമാകുന്ന ഇടപാടുകള്‍ പരിഹരിക്കുന്നതാകട്ടെ ഓംപ്രകാശിന്റെ കയ്യൂക്കും. കൊലപാതകം നടന്ന ദിവസം ഓംപ്രകാശും പുത്തന്‍പാലം രാജേഷും പോളും മദ്യപിച്ചിരുന്നുവെന്നും ആദ്യം ഇരുന്ന സ്ഥലത്തുനിന്നും അടുത്ത സ്ഥലത്തേക്ക് പോയപ്പോളാണ് കൊലപാതകത്തില്‍ കലാശിച്ച സംഭവമുണ്ടായത്. ഓംപ്രകാശും രാജേഷും കാറിലുള്ള ധൈര്യത്തില്‍ പോള്‍ ആണ് ചെങ്ങനാശേരിയിലെ ക്വട്ടേഷന്‍ ടീമുമായി ഉടക്കിയതെന്ന് ഓംപ്രകാശിന്റെ ചില സുഹൃത്തുക്കള്‍ പറയുന്നു. സംഘര്‍ഷമുണ്ടായപ്പോള്‍ ഇരുവരും ഇടപെട്ടെങ്കിലും എതിരാളികളില്‍ നിന്നും നല്ല മര്‍ദ്ദനമേറ്റതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതൊരു മുന്‍കൂട്ടി പ്ലാന്‍ ചെയ്ത കൊലപാതകമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ സംഭവിച്ചതാണെന്നും പോലീസ് അന്ന് കണ്ടെത്തിയിരുന്നു. അതിനാലാണ് ഈ കേസില്‍ ഇരുവരും ശിക്ഷിക്കപ്പെടാതെ പോയതും സാക്ഷികളായി മാറിയതും.

ഇരുവരും തമ്മിലുള്ള അടുപ്പത്തില്‍ നഗരത്തിലെ ഗുണ്ടാ സംഘങ്ങള്‍ക്ക് അതൃപ്തിയുമുണ്ടായിരുന്നു. ഓംപ്രകാശിനെ പോള്‍ കൊണ്ടുപോകുകയാണെന്ന ആശങ്കയാണ് ഓംപ്രകാശുമായി അടുപ്പമുണ്ടായിരുന്നവര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ആ വിഷയം കത്താനുള്ള സാവകാശം ലഭിച്ചില്ല. അപ്പോഴേക്കും പോള്‍ കൊല്ലപ്പെടുകയും ചെയ്തു.

ഓംപ്രകാശ് ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഇടക്കാലത്ത് എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്‌മെന്റിന്റെ തിരുവനന്തപുരം ജില്ലാ ട്രഷററായി ഇയാള്‍ നിയമിക്കപ്പെട്ടിരുന്നു. 2011ല്‍ വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഓംപ്രകാശും ഒരുമിച്ചുള്ള ഫ്‌ളക്‌സുകളും തിരുവനന്തപുരത്ത് ഉയര്‍ന്നിരുന്നു. ഇത് സംഘടനയ്ക്കുള്ളില്‍ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തു. പുത്തന്‍പാലം രാജേഷ് എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ ഒരു വിശദീകരണം എവിടെ നിന്നും ലഭിച്ചിട്ടില്ല. കുപ്രസിദ്ധ ഗുണ്ട അപ്രാണി കൃഷ്ണകുമാര്‍ വധക്കേസിലാണ് ഇപ്പോള്‍ ഓംപ്രകാശ് ശിക്ഷ അനുഭവിക്കുന്നത്. ഈ കേസില്‍ നാല് പേര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. അമ്പലമുക്ക് കൃഷ്ണകുമാര്‍, ഓംപ്രകാശ്, പീലി ഷിബു, കരാട്ടെ സുരേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 2007 ഫെബ്രുവരിയില്‍ കോടതിയില്‍ നിന്നും കഴക്കൂട്ടത്തേക്ക് പോകുന്നതിനിടെയാണ് കൃഷ്ണകുമാറിനെ റോഡിലിട്ട് വെട്ടികൊല്ലുന്നത്. ബോംബെറിഞ്ഞു വീഴ്ചത്തിയാണ് ഇവര്‍ ആക്രമണം നടത്തിയത്. കൃഷ്‌കുമാറുമായിട്ടുള്ള മറ്റ് ഗുണ്ടകളുടെ കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഏറെ നാള്‍ ഇരുവിഭാഗത്തിലെയും ഗുണ്ടകള്‍ നഗരത്തില്‍ ഏറ്റുമുട്ടി ഭീകരാന്തീക്ഷം സൃഷ്ടിച്ചിരുന്നു.

കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം 2008 ഏപ്രിലില്‍ ഗുണ്ടാ സംഘങ്ങള്‍ വെട്ടിക്കൊന്ന വിഷ്ണുവിന്റെ വലംകൈ ആയിരുന്നു അമ്പലമുക്ക് കൃഷ്ണകുമാര്‍. വിഷ്ണുവിന്റെ കൊലപാതകത്തിന് പകരം വീട്ടുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. 2008 സെപ്തംബറില്‍ മണ്ണന്തലയ്ക്ക് സമീപം പച്ചക്കറി കടയിലിട്ട് വിഷ്ണു വധക്കേസിലെ പ്രധാനപ്രതി രഞ്ജിത്തിനെ കൊലപ്പെടുത്തി. കേസില്‍ അറസ്റ്റിലായ കൃഷ്ണകുമാര്‍ ജാമ്യത്തിലിറങ്ങിയെങ്കിലും വീണ്ടും ഗുണ്ടാരംഗത്ത് സജീവമായി. ഇയാളുടെ സംഘാംഗങ്ങളായ കൊക്കോട്ട് ശ്യാമും പ്രവീണും കരകുളത്ത് വച്ച് വെട്ടേറ്റ് മരിച്ചു. 2011 നവംബര്‍ 2ന് നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയായിരുന്ന കണ്ണാടി ഷാജിയെ നഗരമദ്ധ്യത്തില്‍ കവടിയാര്‍ പൈപ്പ് ലൈന്‍ റോഡിലിട്ട് വെട്ടിക്കൊന്നു. അമ്പലമുക്ക് കൃഷ്ണകുമാര്‍, സാനിഷ് എന്നീ ഗുണ്ടകളടക്കം 12 പേരാണ് കണ്ണാടിഷാജി വധക്കേസില്‍ പിടിയിലായത്. 2016 ആഗസ്റ്റില്‍ കണ്ണമ്മൂല തോട്ടുവരമ്പില്‍ വീട്ടില്‍ രാജീവിനെയും ഭാര്യ ബീനയെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നിലും ഗുണ്ടകളുടെ കുടിപ്പകയാണ് കാരണം. പുത്തന്‍പാലം രാജേഷും ഡിനി ബാബുവും തമ്മിലുള്ള പകയാണ് ആക്രമണത്തിന് പിന്നില്‍. ഡിനി ബാബുവിന്റെ അനിയന്‍ സുനില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ പ്രതികാരമായിരുന്നു ആക്രമണം.

ക്വട്ടേഷന് പുറമേ മേനംകുളം സിഡ്‌കോയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മണല്‍ ലേലത്തില്‍ പിടിച്ച് കൂടിയ വിലയ്ക്ക് ആവശ്യക്കാര്‍ക്കെത്തിക്കുന്നതാണ് ഗുണ്ടാസംഘത്തിന്റെ മറ്റൊരു പ്രധാന വരുമാനം. കുന്നിടിക്കല്‍, മണ്ണിട്ട് നികത്തല്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയാണ് ഇവരുടെ പ്രധാന ബിസിനസുകള്‍. എല്ലാത്തിനും രാഷ്ട്രീയക്കാരുടെ പിന്തുണയുണ്ടെന്നാണ് പറയപ്പെടുന്നത്. കുറഞ്ഞ വിലയ്ക്ക് ഭൂമിവാങ്ങി മണ്ണിട്ട് നികത്തി കൂടിയ വിലയ്ക്ക് വില്‍ക്കുന്നത് ഗുണ്ടാസംഘങ്ങള്‍ പതിവാക്കിയിട്ടുണ്ട്. വാഹന വ്യാപാരമാണ് ഗുണ്ടകളുടെ മറ്റൊരുമേഖല. സി.സി പിടിത്തത്തിനായി വന്‍ സംഘമാണ് ഇപ്പോഴും തലസ്ഥാനത്തുള്ളത്. കള്ളനോട്ട് വ്യാപാരത്തിലും നഗരത്തിലെ ഗുണ്ടാസംഘങ്ങള്‍ സജീവമാണ്. പ്രധാനമന്ത്രി നോട്ട് നിരോധിച്ചപ്പോള്‍ തലസ്ഥാനത്തെ ചില പോക്കറ്റുകളില്‍ നിരോധിച്ച പഴയ നോട്ടുകള്‍ മാറ്റിക്കിട്ടിയിരുന്നു. പക്ഷെ പത്തും ഇരുപതും ശതമാനം കമ്മിഷനാണ് അവര്‍ ഈടാക്കിയതെന്ന് മാത്രം. ഇതിന് പിന്നിലും ഗുണ്ടകള്‍ തന്നെയാണ്.

വനിതാ ഗുണ്ടയായ ശോഭാജോണിന്റെ സഹായം ഇപ്പോഴും തലസ്ഥാനത്തെ ഗുണ്ടകള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് അറിവ്. അമ്മയ്‌ക്കൊരു മകന്‍ സോജു, കേപ്പന്‍ അനി എന്നിവര്‍ ശോഭയുടെ സംഘാംഗങ്ങളാണ്. ആല്‍ത്തറ വിനീഷ് വധക്കേസില്‍ കേപ്പന്‍ അനി, ശോഭാ ജോണ്‍ എന്നിവര്‍ ജയിലിലായിരുന്നു. ആല്‍ത്തറ വിനീഷിന്റെ മരണവും കുടിപ്പകയായിരുന്നു. മറ്റൊരു കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുകയായിരുന്ന വിനീഷ് ഒപ്പിടാന്‍ പോലീസ് സ്‌റ്റേഷനില്‍ പോകുമ്പോള്‍ ആയുധം കയ്യിലുണ്ടാകില്ലെന്നതിനാല്‍ ആ സമയം റൂട്ട് ചെയ്താണ് ആല്‍ത്തറ അമ്പലത്തിന് സമീപത്ത് വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ആല്‍ത്തറയിലെ റോഡരികിലുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയ വിനീഷിനെ അവിടെയിട്ടും വെട്ടി. പട്ടാപ്പകല്‍ നടന്ന ഈ കൊലപാതകം അന്ന് നഗരത്തിന് വലിയ നടുക്കമായിരുന്നു.

ജെറ്റ് സന്തോഷ് വധക്കേസിലും മുഖ്യപ്രതിയായ അമ്മയ്‌ക്കൊരു മകന്‍ സോജുവിനെ 2013ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ച് സഹതടവുകാരായ ഗുണ്ടകള്‍ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരായ അമ്പലമുക്ക് കൃഷ്ണകുമാറിനെയും സനുവിനെയും പൂജപ്പുരയിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു ആക്രമണം. ഈ ആക്രമണത്തിന് പിന്നിലും മുന്‍വൈരാഗ്യമായിരുന്നു കാരണം.

നഗരത്തില്‍ അവസാനമായി ഉയര്‍ന്നു കേട്ട ഒരു ഗുണ്ടാ ആക്രമണം ശ്രീകാര്യത്ത് ആര്‍എസ്എസ് നേതാവ് രാജേഷ് കൊല്ലപ്പെട്ടതാണ്. ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയ സംഘത്തിലെ മിക്കവരും ജില്ലയിലെ ക്വട്ടേഷന്‍, ഗുണ്ടാ പട്ടികയിലുള്ളവരാണ്. സംഭവത്തില്‍ രാഷ്ട്രീയ ബന്ധം ആരോപിച്ച് ആര്‍എസ്എസ് ഹര്‍ത്താല്‍ നടത്തിയെങ്കിലും നടന്നത് ഗുണ്ടകള്‍ തമ്മിലുള്ള പകപോക്കലാണെന്ന് പിന്നീട് തെളിഞ്ഞു. പ്രധാനപ്രതി മണിക്കുട്ടന്‍ 2008ല്‍ ഗുണ്ടാപ്രവര്‍ത്തനത്തിന് കരുതല്‍ തടങ്കലിലായിരുന്നു. ഇയാള്‍ 23കേസുകളില്‍ പ്രതിയാണ്. രണ്ടാംപ്രതി വിജിത്ത് അഞ്ച് കേസിലും മൂന്നാംപ്രതി പ്രമോദ് രണ്ട് കേസിലും നാലാംപ്രതി എബി അഞ്ച് കേസുകളിലും പ്രതിയാണ്. മറ്റുള്ളവര്‍ക്കെതിരെയും നിരവധി കേസുകളുണ്ട്.

എന്തായാലും പ്രധാനപ്പെട്ട ഗുണ്ടകളെല്ലാം പരസ്പരം പോരടിച്ച് കൊല്ലപ്പെടുകയോ ജയിലിലാകുകയോ ചെയ്തിരിക്കുകയാണ് ഇപ്പോള്‍. മറ്റ് ചിലര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം മാറിനില്‍ക്കുകയും ചെയ്യുന്നു. ശക്തമായ നേതൃത്വമില്ലാത്തതിനാല്‍ ചെറുകിട ഗുണ്ടകളും സജീവമല്ല. നിലവില്‍ നഗരത്തിലെ ഗുണ്ടാവിളയാട്ടം അല്‍പ്പം ശമിച്ചിരിക്കുകയാണെന്ന് പറയാം.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍