UPDATES

ട്രെന്‍ഡിങ്ങ്

എങ്ങനെയാണ് ഒരാള്‍ രാഷ്ട്രീയ ഗുണ്ടയായി മാറുന്നത്? കേരളത്തിലെ രാഷ്ട്രീയ അധോലോകത്തെ അക്രമത്തിന്റെ വ്യാപാരികള്‍-പരമ്പര ആരംഭിക്കുന്നു

വടിവാളും കഠാരയും കത്തിയുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന നമ്മുടെ രാഷ്ട്രീയ അധോലോകത്തേക്ക് എകെ-47 പോലുള്ളവ കടന്നു വരാനും അധിക സമയമൊന്നും ആവശ്യമില്ല

കഥ വളരെ ലളിതമാണ്. എങ്ങനെയാണ് ഒരാള്‍ രാഷ്ട്രീയ ഗുണ്ടയായി മാറുന്നത്?

ഒരു കൗമാരക്കാരന്‍ ഏതെങ്കിലുമൊരു രാഷ്ട്രീയാശയത്തില്‍ ആകൃഷ്ടനായി മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിയിലോ ആര്‍എസ്എസ്/പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളിലോ അംഗമാകുന്നു. അവിടെയവന്‍ തന്റെ കായികബലം കൊണ്ടും അക്രമത്തിലുള്ള കഴിവും കൊണ്ട് നേതാക്കളുടെ മതിപ്പ് നേടിയെടുക്കുന്നു. എതിരാളികളെ അടിച്ചു വീഴ്ത്താന്‍ അവന്‍ മുന്‍നിരയില്‍ നില്‍ക്കുന്നു, ഹര്‍ത്താലുകള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ മികവ് കാട്ടുന്നു, തന്റെ നേതാക്കളെ സംരക്ഷിക്കുന്നവനാകുന്നു. പിന്നീടവന്‍ തന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്കായി ശ്രമിക്കുന്നതോടെ, വിദ്യാഭ്യാസം ഉപേക്ഷിക്കുന്നു, പൂര്‍ണസമയ രാഷ്ട്രീയ പ്രവര്‍ത്തകനായി തീരുന്നു. പക്ഷേ, രാഷ്ട്രീയത്തില്‍ അവനുള്ള കഴിവ് അക്രമത്തില്‍ മാത്രമാണ്, നേതൃപാടവത്തിലോ ആശയങ്ങളുടെ അടിത്തറയിലോ അല്ല.

അക്രമം അഭിവൃദ്ധി പ്രാപിക്കുന്ന ഒരു വ്യവസായമാണ്.

അക്രമത്തിന് കേരളത്തില്‍ ഇന്ന് വളരെയേറെ ആവശ്യകതയുണ്ട്. തര്‍ക്കത്തില്‍ കിടക്കുന്ന സ്വത്ത് കൈവശപ്പെടുത്താന്‍, വായ്പ്പ് തിരിച്ചു പിടിക്കാന്‍, ബിസിനസുകാര്‍ക്ക് തങ്ങളുടെ പ്രതിയോഗികളെ ഇല്ലാതാക്കാന്‍, മനുഷ്യ വിസര്‍ജ്യമടക്കം കടത്തിക്കൊണ്ടു പോയി എവിടെയെങ്കിലും തള്ളുന്നതുപോലുള്ള, വൃത്തിക്കെട്ടതെങ്കിലും ലാഭകരമായ പ്രവര്‍ത്തികള്‍ നടത്താന്‍; ഇതിനെല്ലാം അക്രമത്തിന്റെ പിന്തുണ ആവശ്യമാണ്. വാസ്തവത്തില്‍, കേരളത്തിലെ ഇത്തരം കുഴപ്പം പിടിച്ച കമ്പോളങ്ങള്‍, അക്രമം അടിച്ചേല്‍പ്പിക്കാനും ഭയം പടര്‍ത്താനുമുള്ള കഴിവ് വളരെയേറെ ആവശ്യപ്പെടുന്നുണ്ട്. മറ്റേതൊരു കഴിവുകള്‍ കൊണ്ടും കിട്ടുന്നതിനെക്കാള്‍ വരുമാനം ഈ രണ്ടു കഴിവുകളും കൊണ്ട് കിട്ടുന്നുമുണ്ട്. ഇവിടുത്തെ ഒരു പാര്‍ട്ടി ഗുണ്ട, ലാഭകരമായ വ്യാപാരം ഏതാണെന്ന് തനിക്കുള്ള കഴിവുകള്‍ വച്ച് മനസിലാക്കി കഴിഞ്ഞിരിക്കുന്നു.

അക്രമത്തിലുള്ള ഒരു യുവാവിന്റെ കഴിവിന് രാഷ്ട്രീയ തത്വസംഹിതകള്‍ക്കുപരിയായി ഇവിടെ ആവശ്യക്കാരുണ്ട്. ഇതു മനസിലാക്കി, ആസൂത്രിത അക്രമങ്ങള്‍ നടത്തിയും തനിക്കൊപ്പമുള്ള ഗുണ്ടകളെ വാടകയ്ക്ക് നല്‍കിയും അയാള്‍ സ്വന്തം നിലയ്ക്ക് ലാഭകരമായൊരു ബിസിനസ് കെട്ടിപ്പൊക്കുന്നു. പക്ഷേ, അപ്പോഴും തന്റെ രാഷ്ട്രീയം അവര്‍ കൈവിടുന്നില്ല. തന്റെ പാര്‍ട്ടിക്ക് കായികമായി വേണ്ടുന്ന സഹായം എപ്പോഴും നല്‍കിപ്പോരുന്നു. ഈ സഹകരണം കൊണ്ട് പൊലീസില്‍ നിന്നും അധികാര കേന്ദ്രങ്ങളില്‍ നിന്നും വലിയ തോതിലുള്ള സംരക്ഷണം നേടിയെടുക്കുന്നതിന് അവനെ സഹായിക്കുന്നു.

ഇതാണ് കേരളത്തിലെ രാഷ്ട്രീയ അധോലോകത്തിന്റെ കഥ. ഈ അധോലോകത്തില്‍ നിന്നാണ് രാഷ്ട്രീയ കുറ്റവാളികളെ വാടകയ്ക്ക് ലഭിക്കുന്നത്. ഇവര്‍ എല്ലായിടത്തുമുണ്ട്. നമ്മുടെ അയല്‍പക്കങ്ങളിലും സൗഹൃദവൃന്ദങ്ങളിലുമുണ്ട്.

കാസര്‍കോഡ് രണ്ടു ചെറുപ്പക്കാരെ കൊലപ്പെടുത്തിയതില്‍ പ്രതിയായ പിതാംബരന്‍ ഇവരില്‍ ഒരാളാണ്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയും ഇതേപോലെ പണം കൊടുത്താല്‍ കിട്ടുന്നൊരു രാഷ്ട്രീയ ക്രിമിനലാണ്. ഇവര്‍ക്ക് അനുഭാവം സിപിഎമ്മിനോടാണെങ്കില്‍ ബ്ലേഡ് മാഫിയയും മണല്‍ കടത്തുമൊക്കെയായി തങ്ങളുടെ ഉയര്‍ച്ചയ്ക്ക് ആര്‍എസ്എസിന്റെ കയ്യൂക്കിന്റെ പിന്‍ബലം ഇപ്പോഴും ഉപയോഗിക്കുന്ന  നേതാക്കള്‍ ബിജെപിയിലുണ്ട്, രാഷ്ട്രീയ എതിരാളികളെ കൊല്ലാനുള്ള ക്വൊട്ടേഷന്‍ സംഘങ്ങള്‍ നടത്തുന്നവരുണ്ട്, സ്വന്തമായി ഗുണ്ടകളെ തീറ്റിപ്പോറ്റുന്ന നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്, എന്തിനേറെ, ഏതു പാര്‍ട്ടിയിലാണ് ഇല്ലാത്തത്? ഇത് ഈ കഥയിലെ ലളിതമായ പശ്ചാത്തലമാണ്.

എന്നാല്‍ ഇനി ഈ കഥയ്‌ക്കൊരു സങ്കീര്‍ണമായ പശ്ചാത്തലമുണ്ട്

അത് ഈ വിധത്തിലുള്ള അക്രമങ്ങള്‍ കേരളത്തില്‍ വളരെ സാധാരണ കാര്യമായി മാറ്റപ്പെടുടുന്നു എന്നിടത്താണ്. ഭരണസംവിധാനത്തിന്റെ താഴെത്തട്ട് ഗുരുതരമായ രീതിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ട് കിടക്കുകയാണ്. രാഷ്ട്രീയ സ്വാധീനം മൂലം നിഷ്പക്ഷമായ രീതിയില്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ പോലീസ് സംവിധാനവും പരാജയപ്പെടുന്നു. അതുമൂലം ഈ രാഷ്ട്രീയ ഗുണ്ടകള്‍ അഴിച്ചുവിടുന്ന അക്രമങ്ങള്‍ ഇപ്പോഴൊരു സാധാരണകാര്യമെന്ന നിലയിലേക്ക് മാറിയിരിക്കുന്നു.

കാരണം, ഇതൊരു ചെറിയ കാര്യമല്ല, ചരിത്രം അതാണ്‌ നമ്മോടു പറയുന്നത്.

കൊളംബിയ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണോ ഡ്രഗ് മാഫിയയാണോ ഭരിച്ചിരുന്നത് എന്നു സംശയിച്ച ഒരു സമയമുണ്ടായിരുന്നു. രാഷ്ട്രീയക്കാരെയും രാഷ്ട്രീയപ്പാര്‍ട്ടികളേയും വിലയ്ക്കെടുക്കയും അതിനു പിന്നാലെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത പാബ്ലോ എസ്കോബാര്‍ ഒടുവില്‍ ചെയ്തത് സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപീകരിക്കുകയാണ്.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് തുടങ്ങിയതാണ്‌ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധ പോരാട്ടങ്ങളും സായുധ സംഘങ്ങളും. സ്വയംഭരണവും സ്വന്തന്ത്ര്യവും ഒക്കെ ആവശ്യപ്പെട്ടു തുടങ്ങിയ ആ മുന്നേറ്റങ്ങള്‍ ഒക്കെ ഇന്ന് അവസാനിച്ചിരിക്കുന്നത് തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലാണ്. മോഹഭംഗം വന്ന യുവാക്കള്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയതോടെ ആയുധമെടുക്കുന്നത് ക്രിമിനല്‍ കാര്യങ്ങള്‍ക്കാണ് എന്നുവന്നു.

ബീഹാറില്‍ അടിമുടി നിറഞ്ഞിരുന്ന രാഷ്ട്രീയ-അധോലോക-ക്രിമിനല്‍ ഗാംഗ് 1980-90 കാലഘട്ടത്തില്‍ മാറിയത് അതിനേക്കാള്‍ രൂക്ഷമായ സാഹചര്യത്തിലേക്കാണ്. അന്നാണ് ഈ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളിലേക്ക് കാശ്മീരില്‍ നിന്നുള്ള എകെ-47 തോക്കുകള്‍ ആദ്യമായി കടന്നു വരുന്നത്. അതിന്റെ തലപ്പത്ത് മുഹമ്മദ്‌ ഷഹാബുദ്ദീനെ പോലെ ഇന്നും ബീഹാര്‍ രാഷ്ട്രീയത്തിലുള്ള നേതാക്കളായിരുന്നു. ബീഹാറില്‍ സജീവമായിരുന്ന ഇടത്-ട്രേഡ് യൂണിയന്‍ നേതാക്കളെയും പ്രസ്ഥാനങ്ങളെ തന്നെയും ഇല്ലായ്മ ചെയ്യലും ഇതിന്റെ ബാക്കിയായിരുന്നു.

ഡല്‍ഹിയുടെ ഉപഗ്രഹ നഗരങ്ങളായ ഹരിയാനയിലെ ഗുഡ്ഗാവ്, ഫരീദാബാദ്, യുപിയിലെ നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലൊക്കെ 2000-ത്തിന്റെ തുടക്കം മുതല്‍ വന്‍തോതിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്രധാനമായും റിയാല്‍ എസ്റ്റേറ്റിലൂടെ പുഷ്ടിപ്പെട്ട ഈ മേഖലയില്‍ പണം വന്നു കുമിഞ്ഞതോടെ രാഷ്ട്രീയക്കാര്‍ക്ക് സ്വന്തമായി ക്രിമിനല്‍ സംഘങ്ങളുണ്ടായി. എതിരാളികളെ കൊലപ്പെടുത്തുകയും തട്ടിക്കൊണ്ടു പോവുകയും പണം തട്ടിയെടുക്കുകയും ഒക്കെ ചെയ്യുന്ന ഈ ക്രിമിനല്‍ സംഘങ്ങളെ നയിക്കുന്നത് രാഷ്ട്രീയക്കാര്‍ തന്നെയാണ്.

കേരളത്തിലേക്ക് വന്നാല്‍

നമ്മള്‍ ഇപ്പോഴും ഇത്രയൊന്നും പ്രശ്നങ്ങള്‍ അനുഭവിക്കുന്നില്ലല്ലോ എന്നു പറഞ്ഞു തള്ളാന്‍ വരട്ടെ. വടിവാളും കഠാരയും കത്തിയുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന നമ്മുടെ രാഷ്ട്രീയ അധോലോകത്തേക്ക് എകെ-47 പോലുള്ളവ കടന്നു വരാനും അധിക സമയമൊന്നും ആവശ്യമില്ല. അത്തരത്തിലുള്ള ദുരന്തങ്ങളുടെ സൂചനകളാണ് നമുക്ക് ചുറ്റും നടക്കുന്ന വിവിധ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കൊച്ചിയില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമാണ് നമ്മുടെ കണ്മുന്നില്‍ ഇടക്കെങ്കിലും പ്രത്യക്ഷപ്പെടുന്നത് എന്നു മാത്രം.

നാളെ മുതല്‍ ആരംഭിക്കുന്ന ഈ പരമ്പര കേരളത്തിലെ രാഷ്ട്രീയ അധോലോകങ്ങളിലൂടെ നടത്തുന്ന ഒരു യാത്രയാണ്. അറിയാതിരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കാത്ത കേരളത്തെ കുറിച്ചുള്ള കഥയാണിത്. നമ്മുടെ രാഷ്ട്രീയക്കാര്‍ ഇതുവരെ പറയാന്‍ തയ്യാറാകാതിരുന്ന കഥ. നമ്മുടെ പരമ്പരഗാത മാധ്യമങ്ങളും ഇതുവരെ വ്യക്തതയോടെ പറയാന്‍ കൂട്ടാക്കാതിരുന്ന കഥ. കേരളത്തിന്റെ പുകള്‍പ്പെറ്റ ജനാധിപത്യനേട്ടങ്ങളെ നിര്‍വീര്യമാക്കുന്ന കഥകള്‍ കൂടിയാണിത്. ഇത് അക്രമങ്ങളെക്കുറിച്ചാണ്, രക്തപങ്കിലവും അസ്വസ്ഥതപ്പെടുത്തുന്നതുമാണവ. എന്നിരിക്കില്‍ പോലും, ഇത് തീര്‍ച്ചയായും പറയേണ്ട കാര്യങ്ങള്‍.

അത് തുടങ്ങുന്നത്, കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകത്തില്‍ നിന്ന് തന്നെയാണ്.

(തയാറാക്കുന്നത്: കെ എ ആന്‍റണി, സാജു കൊമ്പന്‍, രാകേഷ് സനല്‍, കെ.ആര്‍ ധന്യ, അരുണ്‍ ടി. വിജയന്‍, ശ്രീഷ്മ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍