UPDATES

സേവ് മൂന്നാര്‍ ക്യാമ്പയിന്‍

പാപ്പാത്തിച്ചോലയില്‍ തകര്‍ന്നു വീണത് കോടികളുടെ ആത്മീയ ടൂര്‍ പാക്കേജ്

തുടക്കത്തില്‍ കന്യാമറിയത്തിന്റെ രൂപം വച്ച് തുടങ്ങിയ പ്രാര്‍ത്ഥനാ കൂട്ടായ്മയാണ് പിന്നീട് കുരിശ് സ്ഥാപിച്ച് പാപ്പാത്തിച്ചോലയിലെ മലമുകളിലേക്ക് മാറ്റിയത്

സൂര്യനെല്ലിക്കടുത്ത് പാപ്പാത്തിച്ചോലയിലെ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന സ്ഥാപിച്ച കുരിശ് മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി പൊളിച്ചു നീക്കിയതോടെ ഭക്തിവ്യവസായത്തിന്റെ അമ്പരപ്പിക്കുന്ന കഥകളാണ് പുറത്തു വരുന്നത്. സര്‍ക്കാര്‍ പൊളിച്ചുനീക്കിയ സ്റ്റീല്‍ കുരിശിന് പകരം ഇന്നലെ രാത്രിയോടെ പുതിയ മരക്കുരിശ് സ്ഥാപിച്ചതിന് പിന്നില്‍ ആത്മീയതയുടെയും വിശ്വാസത്തിന്റെയും പേരില്‍ ഈ പ്രദേശം കയ്യേറി കോടികള്‍ കൊയ്യാനുള്ള സ്പിരിറ്റ് ഇന്‍ ജീസസിന്റെ പദ്ധതികളാണ് എന്നാണ് ആരോപണം.

തുടക്കത്തില്‍ കന്യാമറിയത്തിന്റെ രൂപം വച്ച് തുടങ്ങിയ പ്രാര്‍ത്ഥനാ കൂട്ടായ്മയാണ് പിന്നീട് കുരിശ് സ്ഥാപിച്ച് പാപ്പാത്തിച്ചോലയിലെ മലമുകളിലേക്ക് മാറ്റിയത്. ആദ്യം സ്ഥാപിച്ച മരക്കുരിശ് മാറ്റി ആറ് മാസം മുമ്പാണ് ഇരുമ്പുകൊണ്ടുള്ള ഭീമന്‍കുരിശ് ഇവിടെ സ്ഥാപിച്ചത്. പിന്നീട് സോഷ്യല്‍ മീഡിയകളിലൂടെ കുരിശിന്റെ മഹത്വം വിവരിക്കുന്ന വീഡിയോകളും ഇവിടെ പ്രചരിപ്പിച്ചു. പാപ്പാത്തിമലയില്‍ എത്തി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് അനുഭവപ്പെടുന്ന അത്ഭുതങ്ങളായിരുന്നു ഈ വീഡിയോകളുടെ ഉള്ളടക്കം. സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ ടോം സക്കറിയയുടെ പ്രസംഗങ്ങളുടെ വീഡിയോകളും ഇത്തരത്തില്‍ പ്രചരിപ്പിച്ചു. ഇതോടെ ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും നൂറുകണക്കിന് ആളുകളാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും ഇവിടെ എത്തി തുടങ്ങിയത്.

പണം മുടക്കി പണം വാരുന്ന രീതിയായിരുന്നു സ്പിരിറ്റ് ഇന്‍ ജീസസിന്റേത്. വിശ്വാസികള്‍ക്കായി ചിന്നക്കനാലില്‍ നിരവധി റിസോര്‍ട്ടുകള്‍ ഇവര്‍ക്കുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കയ്യേറ്റ മാഫിയകള്‍ കൈവശം വച്ചിരിക്കുന്ന ഈ റിസോര്‍ട്ടുകളില്‍ പലതും സംഘടനയുമായി ബന്ധപ്പെട്ടവരുതാടേതാണെന്നും ആരോപണമുണ്ട്. മറ്റുള്ളവ വാടകയ്‌ക്കെടുത്തും വിശ്വാസികളെ പാര്‍പ്പിച്ചിരുന്നു. വിശ്വാസികളെ ചിന്നക്കനാലില്‍ എത്തിച്ച് റിസോര്‍ട്ടുകളില്‍ പാര്‍പ്പിച്ച ശേഷം പാപ്പാത്തിച്ചോലയിലെ കുരിശ് വണങ്ങാന്‍ കൊണ്ടുപോകുന്ന ടൂര്‍ പാക്കേജാണ് സംഘടന നടത്തിയിരുന്നത്.

സംഘടന കുരിശ് സ്ഥാപിച്ച് പാപ്പാത്തിച്ചോല പിടിച്ചെടുക്കുകയും ഇവിടം ഒരു വന്‍കിട ആത്മീയ കേന്ദ്രമായി വളരുകയും ചെയ്താല്‍ തങ്ങളുടെ വരുമാനം കൂടുമെന്ന റിസോര്‍ട്ട് മാഫിയയുടെ കണക്കുകൂട്ടലുകളാണ് വലിയ കുരിശ് സ്ഥാപിക്കുന്നതില്‍ എത്തിച്ചേര്‍ന്നത്. ഒപ്പം ആത്മീയതയിലൂടെ പണം വാരാനുള്ള നീക്കങ്ങളും. നിലവില്‍ അര സെന്റില്‍ മാത്രമാണ് കുരിശ് നില്‍ക്കുന്നതെങ്കിലും വിശ്വാസികള്‍ കൂടുതലായി എത്തുന്നതോടെ സര്‍ക്കാര്‍ ഭൂമിയില്‍ പള്ളി നിര്‍മ്മിച്ച് 200 ഏക്കര്‍ സ്ഥലം സ്വന്തമാക്കാനുള്ള ഗൂഢപദ്ധതിയായിരുന്നു സംഘടനയ്ക്കുണ്ടായിരുന്നത് എന്നും ആരോപണങ്ങളുണ്ട്. കുരിശ് സ്ഥാപിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് വര്‍ഷം മുമ്പ് തന്നെ ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ സബ്കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. എന്നാല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ല.

പാപ്പാത്തിച്ചോലയില്‍ പൊളിച്ച കുരിശിന് പകരം സ്ഥാപിച്ച മരക്കുരിശ്‌

മൂന്നാറിലെ വന്‍കിട കയ്യേറ്റക്കാരനെന്ന് ആരോപണമുള്ള ജിമ്മി സക്കറിയയുടെ സഹോദരനാണ് ടോം സക്കറിയ. എവര്‍ഗ്രീന്‍ എസ്‌റ്റേറ്റ് എന്ന പേരില്‍ 1500 ഏക്കര്‍ വരുന്ന ഏലത്തോട്ടത്തിന്റെ ഉടമയാണ് ജിമ്മി സക്കറിയയും കുടുംബവും. ഇതില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഭൂമി കയ്യേറിയതാണെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജനയുഗം റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘടനയുടെ വെബ്‌സൈറ്റില്‍ പറയുന്ന വിവരങ്ങള്‍ അനുസരിച്ച്‌ 1988ല്‍ സൂര്യനെല്ലിയിലാണ് ടോം സക്കറിയ സ്പിരിറ്റ് ഇന്‍ ജീസസ് മിനിസ്ട്രി സ്ഥാപിച്ചത്. കരിസ്മാറ്റിക് ധ്യാനങ്ങള്‍ സംഘടിപ്പിച്ച് കത്തോലിക്ക സഭയ്‌ക്കൊപ്പം നിന്നായിരുന്നു ഇതിന്റെ വളര്‍ച്ച. 1997ല്‍ സമാഗത കൂടാരം എന്ന പേരില്‍ ദേവികുളത്ത് പ്രാര്‍ത്ഥനാലയം സ്ഥാപിച്ചു. കേരളത്തിലെ എല്ലാ രൂപതകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചതോടെ 2000ല്‍ പ്രവര്‍ത്തന കേന്ദ്രം തൃശൂര്‍ ജില്ലയിലെ മണ്ണുത്തിയിലേക്ക് മാറ്റി. കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ രൂപതകളും സ്പിരിറ്റ് ജീസസിന്റെ വചന പ്രഭാഷണങ്ങളും ധ്യാന കൂട്ടായ്മകളും പ്രോത്സാഹിപ്പിച്ചിരുന്നു.

എന്നാല്‍ സ്പിരിറ്റ് ജീസസിനെ തനിക്ക് വളരാനുള്ള ഏജന്‍സിയാക്കാനാണ് പിന്നീട് ടോം സക്കറിയ ശ്രമിച്ചത്. സംഘടനയെ വ്യക്തികേന്ദ്രീകൃതമാക്കി വളര്‍ത്തുന്നതില്‍ ഇയാള്‍ വിജയിക്കുകയും ചെയ്തു. സഭയുടെ വിശ്വാസങ്ങളില്‍ നിന്നും മാറി ജനങ്ങളെ അന്ധവിശ്വാസത്തിലേക്ക് നയിക്കുന്ന രീതിയിലേക്ക് സംഘടനയുടെ കൂട്ടായ്മയെ ഇയാള്‍ മാറ്റിയെടുത്തു. ഇതോടെ കത്തോലിക്ക സഭ ഇയാളെയും സ്പിരിറ്റ് ഇന്‍ ജീസസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെയും സഭയില്‍ നിന്നും പുറത്താക്കി.

ഇതിനിടെ സംഘടനയുടെ പ്രവര്‍ത്തനം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കാന്‍ ടോം സക്കറിയയ്ക്ക് സാധിച്ചു. ബംഗളൂരു, വേളാങ്കണ്ണി, ചെന്നൈ, ഡല്‍ഹി, മുംബൈ, പൂനൈ എന്നിവിടങ്ങളിലും സംഘടന കേന്ദ്രങ്ങള്‍ ആരംഭിച്ചു. പൂനെയിലാണ് ഇപ്പോള്‍ സംഘടനയുടെ ദേശീയ ആസ്ഥാനം. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ അന്തര്‍ദേശീയ ആസ്ഥാനവും പ്രവര്‍ത്തിക്കുന്നുണ്ട്. അമ്പതിനായിരത്തിലേറെ അംഗങ്ങളാണ് ഇന്ന് ഈ സംഘടനയിലുള്ളത്. അതേസമയം സൂര്യനെല്ലിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സംഘടനയ്ക്ക് നൂറില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് ഇടുക്കിയിലുള്ളത്.

അതേസമയം പാപ്പാത്തിച്ചോലയില്‍ തങ്ങള്‍ കയ്യേറിയെന്ന് ആരോപിക്കപ്പെടുന്ന ഭൂമി മരിയ സൂസെ എന്നയാളുടെ പേരിലുള്ളതാണെന്നാണ് സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇക്കാര്യം ഇന്നലെ സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകനായ ജോസഫ് ടി ഒ അഴിമുഖത്തോട് വെളിപ്പെടുത്തിയിരുന്നു. കുരിശ് പൊളിക്കുന്നതിനെക്കുറിച്ച് തങ്ങളെ മുന്‍കൂട്ടി അറിയിച്ചില്ലെന്നും അവര്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പറയുന്നു. മരിയ സൂസെയുടെ വല്യപ്പന്‍ അറുപത് വര്‍ഷമായി കൈവശം വച്ച് അനുഭവിക്കുന്ന ഈ ഭൂമിക്ക് രാജകുമാരി പഞ്ചായത്തില്‍ രണ്ട് പ്രാവശ്യം പട്ടയത്തിന് അപേക്ഷിച്ചിട്ടുണ്ട്. അതുപോലെ ടോം സക്കറിയ ഒളിവിലാണെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം ഇപ്പോള്‍ യുകെയിലാണെന്നുമാണ് ഇവര്‍ പറയുന്നത്.

ഇടുക്കിക്ക് പുറത്തു നിന്നുള്ളവര്‍ സംഘടനയില്‍ അംഗങ്ങളാകുന്നതാണ് ഇവരുടെ വ്യവസായത്തിനും എല്ലാക്കാലവും നല്ലത്. ഇടുക്കിക്കകത്തുള്ളവരില്‍ നിന്നും റിസോര്‍ട്ടുകളിലൂടെ പണം സമ്പാദിക്കാന്‍ സാധിക്കില്ല എന്നതാണ് അതിന് കാരണം. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോകളിലൂടെയാണ് ഇവര്‍ക്ക് വിദേശങ്ങളിലുള്‍പ്പെടെ വിശ്വാസികളെ ലഭിച്ചത്. ഇവരില്‍ നിന്നും നേടുന്ന പണം ഉപയോഗിച്ച് സ്പിരിറ്റ് ഇന്‍ ജീസസിലൂടെ തഴച്ചു വളരുകയായിരുന്നു ടോം സക്കറിയ. ഇതിനായി തനിക്ക് യേശുവിന്റെ ദര്‍ശനം ലഭിച്ചുവെന്ന് ഉള്‍പ്പെടെ വിശ്വാസികളെ ധരിപ്പിക്കാനും ഇയാള്‍ക്ക് സാധിച്ചിരുന്നു. ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്ത ടോം സക്കറിയയും മൂന്നാറിലെ റിസോര്‍ട്ട് മാഫിയയും തയ്യാറാക്കിയ വന്‍കിട കയ്യേറ്റവും ഭക്തിവ്യവസായവുമാണ് കഴിഞ്ഞ ദിവസം ഒരു കുരിശിന്റെ രൂപത്തില്‍ തകര്‍ന്നുവീണത്.

(നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ടോം സക്കറിയയുടെ ഭാഗം കേള്‍ക്കുന്നതിനായി അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് അവ ഉള്‍പ്പെടുത്തുന്നതായിരിക്കും)

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍