UPDATES

കായികം

പി.യു. ചിത്രക്കും മുഹമ്മദ് അഫ്‌സലിനും അലക്സ് ആന്റണിക്കും സ്വര്‍ണം; ദോഹയിലേക്ക് ദൂരം ഏറുന്നു

ഇപ്പോള്‍ 83 പോയന്റുമായി കേരളം തന്നെയാണ് മുന്നില്‍.

ദേശീയ സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാംദിനം മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയുമായി കേരളം മെഡല്‍വേട്ട തുടരുന്നു. വനിതകളുടെ 800 മീറ്ററില്‍ പി.യു. ചിത്രയും പുരുഷന്‍മാരുടെ 800 മീറ്ററില്‍ മുഹമ്മദ് അഫ്‌സലും 400 മീറ്ററില്‍ അലക്സ് എ. ആന്റണിയും സ്വര്‍ണം നേടി. 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി. ഇര്‍ഫാന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജിതിന്‍ പോള്‍, വനിതകളുടെ 800 മീറ്ററില്‍ ജെസ്സി ജോസഫ് എന്നിവര്‍ വെള്ളി നേട്ടത്തിലും എത്തി. ഇപ്പോള്‍ 83 പോയന്റുമായി കേരളം തന്നെയാണ് മുന്നില്‍. .

അതേസമയം രണ്ട് ദിവസം കഴിയുമ്പോഴും ആരും ലോകചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടിയില്ല. വനിതകളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടിയ ചിത്രയ്ക്ക് (2 മിനിറ്റ് 02.96 സെ.) നേരിയ വ്യത്യാസത്തിന് ലോകചാമ്പ്യന്‍ഷിപ്പ് യോഗ്യത (2:00.60) നഷ്ടമായി. അതേസമയം, 1,500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യനായതിനാല്‍ ചിത്രയ്ക്ക് യോഗ്യത ലഭിക്കും. പുരുഷ വിഭാഗം ലോങ്ജമ്പില്‍ രാജ്യാന്തര താരം അര്‍പീന്ദര്‍ സിങ് മാത്രമാണ് യോഗ്യതാ മാര്‍ക്കിന്റെ അരികിലെങ്കിലും എത്തിയത്. ലഖ്നൗവിലെ പി.എ.സി. സ്റ്റേഡിയത്തില്‍ പ്രതികൂല കാലാവസ്ഥയില്‍ ലക്ഷ്യം കാണാനാകാതെ താരനിര ‘വിയര്‍ക്കുക’യാണ്.

മറ്റു സംസ്ഥാനങ്ങള്‍ക്കുവേണ്ടി മലയാളി താരങ്ങളായ നയന ജയിംസ് (ലോങ് ജമ്പ്, തമിഴ്‌നാട്) സ്വര്‍ണവും യു. കാര്‍ത്തിക് (ലോങ് ജമ്പ്, കര്‍ണാടകം) വെള്ളിയും സച്ചിന്‍ റോബി (400 മീറ്റര്‍, കര്‍ണാടകം) വെങ്കലവും നേടി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇറാന്‍ താരം മഹതി പിര്‍ജഹാന്‍ (49.33) സ്വര്‍ണം നേടിയതിനാല്‍ കര്‍ണാടകയുടെ ജഗദീഷ് ചന്ദ്രയ്ക്ക് (50.85) വെള്ളിയും ജിതിന്‍ പോളിന് (50.92) വെങ്കലവുമാണ് മീറ്റില്‍ സമ്മാനിച്ചത്. വിദേശതാരം ഒന്നാമതായതിനാല്‍ ജിതിന്റേത് വെള്ളിയായി കണക്കാക്കും. 400 മീറ്ററില്‍ ഒന്നാംസ്ഥാനം നേടിയ അലക്സ് ആന്റണി തന്റെ മികച്ച സമയം (46.17 സെക്കന്‍ഡ്) കണ്ടെത്തി. മുഹമ്മദ് അഫ്‌സല്‍ ഒരു മിനിറ്റ് 48.35 സെക്കന്‍ഡില്‍ 800 മീറ്റര്‍ പൂര്‍ത്തിയാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍