UPDATES

കായികം

148 പന്തില്‍ നിന്നും 257 റണ്‍സ് ; ഓസീസ് താരത്തിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

15 ഫോറും 23 സിക്സും സഹിതമായിരുന്നു ഡാന്‍സി ഷോര്‍ട്ടിന്റെ ഇന്നിംഗ്സ്

തകര്‍പ്പന്‍ ഇരട്ടസെഞ്ച്വറിയുമായി ഏകദിന ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയന്‍ താരം ഡാര്‍സി ഷോര്‍ട്ട്. ഹര്‍സ്റ്റ്വില്ലെ ഓവലില്‍ നടന്ന ജെ.എല്‍.ടി കപ്പില്‍ ക്യൂന്‍സ്ലാന്‍ഡിനെതിരായ മത്സരത്തില്‍ താരം അടിച്ചു കൂട്ടിയത് 148 പന്തില്‍ നിന്നും 257 റണ്‍സാണ്. 15 ഫോറും 23 സിക്സും സഹിതമായിരുന്നു ഡാന്‍സി ഷോര്‍ട്ടിന്റെ ഇന്നിംഗ്സ്. ബൗണ്ടറികളില്‍ നിന്ന് മാത്രം 198 റണ്‍സാണ് ഷോര്‍ട്ട് അടിച്ചു കൂട്ടിയത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ എന്ന നേട്ടം ഷോര്‍ട്ട് സ്വന്തമാക്കി.

ഒരു ഘട്ടത്തില്‍ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഷോര്‍ട്ട് സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും 46-ം ഓവറില്‍ മാത്യൂ കുനിമാന് മുന്നില്‍ ഷോര്‍ട്ട് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. 268 റണ്‍സ് നേടിയ ഇംഗ്ലണ്ട് താരം അലി ബ്രൗണിന്റെ പേരിലാണ് ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 264 റണ്‍സെടുത്ത ഇന്ത്യന്‍ താരം രോഹിത് ശർമയാണ്  രണ്ടാം സ്ഥാനത്ത്.

83 പന്തില്‍ സെഞ്ചുറി തികച്ച താരം ഇരട്ടസെഞ്ചുറിയിലെത്താന്‍ 45 പന്ത് മാത്രമാണ് ചിലവഴിച്ചത്. ഇതോടെ 128 പന്തിനുള്ളില്‍ ഡാര്‍സി 200 റണ്‍സ പൂര്‍ത്തിയാക്കി. 24 സിക്സ് അടിച്ചു കയറ്റിയ ഷോര്‍ട്ട് ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രവും കുറിച്ചു. ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ ന്യൂസീലന്‍ഡിന്റെ കോളിന്‍ മണ്‍റോ അടിച്ച 23 സിക്‌സിനെ മറികടന്നായിരുന്നു ഷോര്‍ട്ടിന്റെ പുതിയ റെക്കോര്‍ഡ്. ഷോര്‍ട്ടിന്റെ ഇരട്ട സെഞ്ച്വറിയിലൂടെ 47 ഓവറില്‍ 387 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേണ്‍ ഓസ്ട്രേലിയ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിലെ  ബിഗ് ബാഷില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഷോര്‍ട്ട്. ഐ.പി.എല്‍ മ്ത്സരത്തില്‍ ഫോം ആവര്‍ത്തിക്കാന്‍ താരത്തിനു കഴിഞ്ഞിരുന്നില്ല. രാജസ്ഥാന്‍ റോയല്‍സില്‍ മുന്‍നിര ബാറ്റ്‌സ്മാനായിരുന്ന ഷോര്‍ട്ടിനെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താക്കുകകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍