UPDATES

ലോകകപ്പില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ, സെമിയിലെ എതിരാളികളെ ഇന്നറിയാം

ഇംഗ്ലണ്ടോ ന്യൂസിലാന്‍ഡോ?

ലോകകപ്പിലെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഇന്ത്യക്ക് സെമിയിലെ എതിരാളികള്‍ ആരെന്ന് നിശ്ചയിക്കാനുളളതാണ് മത്സരം. മത്സരത്തില്‍ ലങ്കയെ തോല്‍പ്പിക്കുകയും ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയോട് പരാജയപ്പെടുകയും ചെയ്താല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം. അങ്ങനെ വന്നാല്‍ ഇപ്പോള്‍ നാലാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡ്‌ ആകും സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. ഇനി ഓസ്ട്രേലിയ ഇന്ന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ ഇന്ത്യയും ഇംഗ്ളണ്ടുമാകും സെമിയില്‍ ഏറ്റുമുട്ടുക.

പരിക്കേറ്റ വിജയ് ശങ്കറിന് പകരം ടീമിലെത്തിയ മായങ്ക് അഗര്‍വാള്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ടീമിലുള്ള ഓള്‍റൌണ്ടര്‍ രവീന്ദ്ര ജഡേജയും മായങ്കും മാത്രമാണ് ഇതുവരെ അവസാന ഇലവനില്‍ ഉള്‍പ്പെടാത്ത താരങ്ങള്‍. ഇവര്‍ക്ക് ഇന്ന് അവസരം ലഭിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

രോഹിത് ശര്‍മ- കെ.എല്‍ രാഹുല്‍ സഖ്യം ഓപ്പണ്‍ ചെയ്യും. മധ്യനിരയില്‍ വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവര്‍ കളിക്കും. ബംഗ്ലാദേശിനെതിരെ ലഭിച്ച ലോകകപ്പിലെ ആദ്യ അവസരത്തില്‍ കാര്‍ത്തിക് പരാജയപ്പെട്ടെങ്കിലും മാറ്റത്തിന് സാധ്യതയില്ല.

തുടര്‍ച്ചയായി മേല്ലെപ്പോക്കിന് പഴി കേള്‍ക്കുന്ന എംഎസ് ധോണിയും ഓള്‍ റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയും ടീമിലുണ്ടാവും. സ്പിന്നിന് പിന്തുണ ലഭിക്കാത്ത പിച്ചാണ് ലീഡ്സിലേത്. അതുകൊണ്ട് തന്നെ യുസ്വേന്ദ്ര ചാഹല്‍ മാത്രമായിരിക്കും ടീമിലെ സ്പിന്നര്‍. എന്നാല്‍ ലങ്കന്‍ ടീമില്‍ ഇടംകൈയന്‍ ബാറ്റ്സ്മാന്‍മാര്‍ ഏറെയുള്ളതിനാല്‍ കഴിഞ്ഞ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്ന കേദാര്‍ ജാദവിനെ തിരിച്ചു വിളിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ മത്സരം കളിച്ച ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തും. ഇവരില്‍ ബൂമ്ര, ഷമി എന്നിവരില്‍ ഒരാള്‍ക്ക് വിശ്രമം അനുവദിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

അടുത്തത് നിര്‍ണായക സെമി ആയതിനാല്‍ ഈ മത്സരത്തില്‍ മികച്ച വിജയം നേടി ആത്മവിശ്വാസം നിലനിര്‍ത്തുക എന്നതും ഇന്ത്യക്ക് ആവശ്യമാണ്. എന്നാല്‍ മധ്യനിര ഇപ്പോഴും വേണ്ടത്ര ശോഭിക്കാതിരിക്കുന്ന അവസ്ഥ എങ്ങനെ മറികടക്കും എന്നതും ഇന്നത്തെ മത്സരം തെളിയിക്കും. ലോകകപ്പില്‍ ഇതുവരെ ക്യാപ്റ്റന്‍ കോലിക്ക് സെഞ്ചുറി നേടാനായിട്ടില്ല, അഞ്ച് അര്‍ധ സെഞ്ചുറികളാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ സമ്പാദ്യം. അഞ്ച് സെഞ്ചുറികളും ഒരു അര്‍ധസെഞ്ചുറിയുമായി രോഹിത് ശര്‍മ കരുത്തനായി തുടരുന്നു എന്നത് ഇന്ത്യക്ക് ഗുണകരമാണ്.

തോറ്റാലും ജയിച്ചാലും ലങ്കയ്ക്ക് മാറ്റമൊന്നും ഉണ്ടാങ്കില്ലെങ്കിലും അവരുടെ ലസിത് മലിംഗയെന്ന എക്കാലത്തെയും മികച്ച ബൌളറുടെ ലോകകപ്പിലെ അവസാന മത്സരം കൂടിയാണ് ഇത് എന്നതിനാല്‍ ഒരു കൈമെയ് മറന്നുള്ള ഒരു പോരാട്ടത്തിന് ലങ്കയും തയാറായേക്കും. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ 320 എന്ന വിജയലക്ഷ്യം ലങ്ക മറികടന്നതിന്റെ ക്ഷീണം തീര്‍ക്കാനുള്ള അവസരമാണ് ഇന്നത്തെ മത്സരം കോലിപ്പടയ്ക്ക്.

സാധ്യതാ ടീം: കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, എം.എസ് ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍