UPDATES

കായികം

വിമര്‍ശകര്‍ക്ക് മറുപടിയായി അത്ഭുത ഗോളിലൂടെ തിരിച്ചു വരവ് അറിയിച്ച് മുഹമ്മദ് സലാ

ആഫ്രിക്കന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള യോഗ്യത മത്സരത്തിലാണ് സലായുടെ അത്ഭുത ഗോള്‍ പിറന്നത്

വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സലാ. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച സലാക്ക് ഈ സീസണില്‍ മികവോടെ കളിക്കാന്‍ സാധിക്കുന്നില്ലെന്നും കഴിവ് പൂര്‍ണമായും പുറത്തെടുക്കാന്‍ സാധിക്കാതെ പരാജയപ്പെടുകയാണെന്നുമാണ് വിമര്‍ശകര്‍ പറഞ്ഞത്.

ലിവര്‍പൂളിന് വേണ്ടി കഴിഞ്ഞ നാലു മത്സരങ്ങളില്‍ ഇറങ്ങിയ താരത്തിന് ഗോളുകള്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ലായിരുന്നു. ഒരു സീസണിലെ അത്ഭുതം മാത്രമാണ് സലായെന്നുമാണ് താരത്തെ പലരും പരിഹസിച്ചത്. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം ഇന്നലെ മറുപടി പറയുകയായിരുന്നു താരം. ഇന്നലെ നടന്ന മത്സരത്തില്‍ കോര്‍ണറില്‍ നിന്നും ഗോള്‍ നേടിയാണ് തന്റെ മാജിക് കൈമോശം വന്നിട്ടില്ലെന്ന് സലാ തെളിയിച്ചത്.

ഈജിപ്ത് ഒന്നിനെതിരെ നാലു ഗോളുകള്‍ക്കു മത്സരത്തില്‍ വിജയിച്ചു. 2019ല്‍ നടക്കാനിരിക്കുന്ന ആഫ്രിക്കന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള യോഗ്യത മത്സരത്തിലാണ് സലായുടെ അത്ഭുത ഗോള്‍ പിറന്നത്. സ്വാസിലാന്‍ഡിനെതിരെ ഇടവേളക്കു തൊട്ടു മുന്‍പാണ് സലാ ഗോള്‍ നേടിയത്. താരമെടുത്ത കോര്‍ണര്‍ ഗോള്‍ പോസ്റ്റിലേക്കു വളഞ്ഞ് കയറിയപ്പോള്‍ ഗോള്‍കീപ്പര്‍ക്ക് പോലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മത്സരത്തില്‍ വിജയം നേടിയ ഈജിപ്ത് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ടുണീഷ്യയാണ് ഈജിപ്തിനു മുന്നില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്.

അതേസമയം മത്സരത്തില്‍ സലാ ഗോള്‍ നേടിയെങ്കിലും താരത്തിനേറ്റ പരുക്ക് ആരാധകരെ നിരാശരാക്കി. തുടര്‍ന്നുള്ള മത്സരങ്ങളില്‍ സലായ്‌ക്കേറ്റ പരുക്ക് ലിവര്‍പൂളിനു തിരിച്ചടിയായേക്കും. തുടയിലെ പേശികള്‍ക്കാണു പരിക്കു പറ്റിയ താരത്തിന്റെ പരുക്ക് എത്ര മാത്രമാണെന്നുള്ള വിവരങ്ങളും എത്ര ദിവസം വിശ്രമം ആവശ്യം വരുമെന്നും വ്യക്തമല്ല. പ്രിമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള ലിവര്‍പൂളും നാലാം സ്ഥാനത്തുള്ള ആഴ്‌സനലും തമ്മില്‍ നടക്കുന്ന പോരാട്ടത്തിനു മുന്‍പ് താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍