UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കായികസംസ്കാരം വളര്‍ത്താനുള്ള ആഹ്വാനം തീവ്രദേശീയതയുടെ മറ്റൊരു പതിപ്പാകുമ്പോള്‍

Avatar

സഞ്ജയ് ശ്രീവാസ്തവ

ഏതാണ്ട് ശൂന്യമായ പതക്കങ്ങളുടെ പത്തായം അടുത്ത നാലുകൊല്ലത്തേക്ക് കൂടി നമുക്ക് പൂട്ടിവെക്കാറായി. ചെറിയ നഗരങ്ങളില്‍ നിന്നും വന്ന സ്ത്രീ, പുരുഷന്മാര്‍ അവരുടെ ചെറിയ നഗരങ്ങളിലേക്ക് തിരിച്ചുപോകും. അപൂര്‍വ്വം ചിലര്‍ക്ക് ഒളിമ്പിക്സിലെ പങ്കാളിത്തം അവരുടെ സാധാരണയായ കടുത്ത ജീവിതങ്ങളില്‍ നിന്നും രക്ഷ നല്‍കിയേക്കും. സര്‍ക്കാരിന്റെ ചില അംഗീകാരങ്ങള്‍, സമ്മാനത്തുകകള്‍, പിന്നെ ഭാഗ്യമുണ്ടെങ്കില്‍ ഒരു സര്‍ക്കാര്‍ ജോലി. ഒന്നോ രണ്ടോ ഗുസ്തിക്കാര്‍ പൊലീസ് ഉദ്യോഗസ്ഥരാകും. സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ത്യയുടെ പതക്ക വരള്‍ച്ചയെക്കുറിച്ചുള്ള ക്ഷോഭവും നിരാശയും പതിയെ കെട്ടടങ്ങും. ഒളിമ്പിക് നഗരത്തിലെ മദിച്ചുകൂത്താടിയ രാവുകളുടെ നിറമുള്ള കഥകളുമായി ഉദ്യോഗസ്ഥവൃന്ദം തങ്ങളുടെ സുഖലാവണങ്ങളിലേക്ക് തിരിച്ചെത്തും (വിശിഷ്ട വ്യക്തി പരിഗണന വേണ്ടത്ര കിട്ടിയില്ല എന്ന പരാതിയും ചിലര്‍ക്ക് കാണും). സ്വാര്‍ത്ഥരായ രാഷ്ട്രീയക്കാരും തന്‍കാര്യം നോക്കാനല്ലാതെ മറ്റൊന്നിനും കൊള്ളാത്ത ഉദ്യോഗസ്ഥവൃന്ദവും ഈ വലിയ രാജ്യത്തെ മുരടിപ്പിച്ചുനിര്‍ത്തിയതിനെ ശപിച്ചും നിരാശപൂണ്ടും നാം നമ്മുടെ ചെറിയ ജീവിതങ്ങളിലേക്ക് മുറുമുറുത്ത് വീണ്ടും ഇറങ്ങിപ്പോകും.” സഞ്ജയ് ശ്രീവാസ്തവ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ സ്ക്രോളില്‍ എഴുതുന്നു

പക്ഷേ, എല്ലായ്പ്പോഴും അവിടെ ക്രിക്കറ്റുണ്ട്. 

കായിക മത്സരങ്ങളിലെ വിജയത്തെ നമ്മളെങ്ങനെയാണ് അളക്കുന്നത്? നമ്മുടെ കായികതാരങ്ങളുടെ പ്രതിബന്ധങ്ങളുടെ കീഴാള ജീവിതത്തിനെക്കാളേറെ, പതക്കങ്ങളുടെ എണ്ണക്കണക്കില്‍ അളക്കുന്നത് ശരിയല്ലാത്ത അവരുടെ അസാധാരണമായ പരിശ്രമങ്ങളെ ഒരു ദേശീയ സ്വഭാവമുള്ള പ്രതിസന്ധിയായി മാറ്റുന്നതെങ്ങനെയാണ്? എങ്ങനെയാണ്-തങ്ങളുടെ ഗതികേടുകളില്‍ നിന്നും ഓടുകയും ചാടുകയും ഗുസ്തി പിടിക്കുകയും ചെയ്യുന്ന- പാവപ്പെട്ട ഇന്ത്യക്കാര്‍ നമ്മുടെ മുഹമ്മദ് അലിമാര്‍ ആകുന്നത്; അടിസ്ഥാന ജീവിത സൌകര്യങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍ ഒരു രാജ്യത്തിന് കീര്‍ത്തി കൊണ്ടുവരാന്‍ നിയോഗിക്കപ്പെടുന്നത്? കായിക വിജയം ആഗോള ശക്തിയാകാനുള്ള അഭിനിവേശത്തിലേക്ക് മുതല്‍ക്കൂട്ടുന്നതാകാം.

എത്തിച്ചേരല്‍ മാത്രമാണ് കണക്കിലെടുക്കുന്നത്, യാത്ര എത്ര കഠിനമാണെങ്കിലും. യാത്രയോടുള്ള അവഗണനയും മികവിനെ സൃഷ്ടിക്കുന്ന കൂട്ടായ ജീവിതത്തിനേക്കാളുപരി മികച്ച വ്യക്തികളുടെ പിറകെപ്പോകുന്ന രീതിയുമാണ് ഒളിമ്പിക് പതക്കത്തിനായുള്ള ഈ നിരാശയുടെ രണ്ടു മുഖങ്ങള്‍. മികച്ച വ്യക്തി എന്ന ആശയം വ്യക്തിവാദത്തിന്റെ സ്വപ്നങ്ങളെ താലോലിക്കുന്നു; നമ്മുടെ ജീവിതത്തിന്റെ ഹൃദയത്തിലെ ഘടനാപരമായ ഇരുട്ടിനെ നമുക്ക് അപനിര്‍മ്മിക്കേണ്ടതില്ല എന്ന്. ജാതിവ്യവസ്ഥയുടെ അടിസ്ഥാനഘടനകളെ ചോദ്യം ചെയ്യാതെ നമ്മള്‍ ദളിതനായ കായികതാരത്തിന്റെ വിജയത്തിനെ ആഘോഷിക്കുന്നു. വീട്ടുവേലക്കാരായ മാതാപിതാക്കളുടെ മക്കളായ ദരിദ്ര കായികതാരങ്ങളെ നമ്മള്‍ ഇഷ്ടപ്പെടുന്നു. പക്ഷേ ആ വീട്ടുവേലക്കാര്‍ എപ്പോഴും അതേ ദാരിദ്ര്യത്തില്‍ത്തന്നെ കഴിയുന്നു എന്നും നമ്മള്‍ ഉറപ്പുവരുത്തും. നമുക്കുവേണ്ടി സന്തോഷം സൃഷ്ടിക്കാന്‍ ദരിദ്രരുടെ ഒരു സൈന്യത്തെ നാമെപ്പോഴും സജ്ജരാക്കി നിര്‍ത്തുന്നു.

നൈസര്‍ഗികമായ കഴിവും ദേശീയ കീര്‍ത്തിയും
ഇക്കാലത്ത് കായിക സങ്കല്‍പ്പങ്ങളെക്കാളും അപലപനീയമായ മറ്റൊന്നുമില്ല. വിജയം ഒരു ‘സ്വാഭാവിക’ ശേഷിയാണെന്ന്  അത് നമ്മളെ വിശ്വസിപ്പിക്കുന്നു. സ്വാഭാവിക ശേഷി എന്ന ആശയത്തിന്റെ വളര്‍ച്ച, സാമൂഹ്യ സാഹചര്യങ്ങളുടെ മണ്ണില്‍ മാത്രമേ സ്വാഭാവിക ശേഷി വളരുകയുള്ളൂ എന്നതിനെ വിസ്മരിക്കുന്നു. അതിരൂക്ഷമായ സാമൂഹികാസമത്വങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഒരു പ്രത്യേകതരം വിഭ്രമം നിലനിര്‍ത്താന്‍ ഈ സ്വാഭാവിക ശേഷിയുടെ സിദ്ധാന്തം സഹായിക്കുന്നുണ്ട്; ആര്‍ക്കും വിജയിക്കാം, പക്ഷേ അതിനവര്‍ കഠിനമായി പരിശ്രമിക്കണമെന്ന് മാത്രം. മത്സരാധിഷ്ഠിതമായ, ആഗോളീകരിക്കപ്പെട്ട, കോര്‍പ്പറേറ്റ് താത്പര്യങ്ങളുള്ള കായികരംഗം സമത്വത്തിന്റെ മേഖലയല്ല, മറിച്ച് അത് നിലവിലെ സ്ഥിതിയെ ന്യായീകരിക്കാനുള്ള ഏറ്റവും ലളിതമായ ആയുധമാണ്; നമ്മള്‍ മികവ് കാണിക്കാതിരിക്കുന്നതിന് കാരണം നൈസര്‍ഗികമായ കഴിവില്ലാത്തതാണ്, നമ്മള്‍ മികവ് കാണിച്ചാല്‍, അത് കായികതാരത്തിന്റെ നൈസര്‍ഗിക ശേഷിയാണ്. കായികരംഗത്ത് സ്വാഭാവികമായ ഈ ചിന്തരീതിക്ക് വ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. സാധാരണ കഴിവുകളുള്ള  വലിയ വിഭാഗം ജനങ്ങളുടെ ക്ഷേമത്തിന്നായുള്ള നടപടികളിലൂടെയാണ് സാമൂഹ്യ ക്ഷേമം വരുന്നതെന്ന വസ്തുതയെ കാണാനാകാത്ത വിധം നമ്മളെ ഈ ചിന്താരീതി അന്ധരാക്കുന്നു. സമൂഹത്തിന്റെ പൊതുവായ ക്ഷേമവും അതിലെ പുരോഗതിയുമാണ് അസാധാരണ കഴിവുള്ള വ്യക്തികളെ വലിയ തോതില്‍ സൃഷ്ടിക്കുന്നതെന്നുള്ള സത്യത്തില്‍ നിന്നും അത് മുഖം തിരിക്കുന്നു. സാമൂഹ്യ-സാമ്പത്തിക ശ്രേണിയുടെ താഴെ തട്ടിലുള്ള മനുഷ്യരുടെ കഴിവുകളെ അത് വിസ്മരിക്കുന്നു.

കായികരംഗത്തെക്കുറിച്ച് നമുക്ക് ശരിക്കും ആകുലതയുണ്ടെങ്കില്‍ ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിനും മികച്ച ആരോഗ്യരക്ഷ ഒരുക്കുന്നതിനും വിദ്യാഭ്യാസത്തിനും ഗതാഗത സംവിധാനങ്ങള്‍ക്കും വേണ്ട സൌകര്യങ്ങളാണ് ഒരുക്കേണ്ടത്. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന സാമൂഹ്യരീതികളെയും ചട്ടങ്ങളെയുമാണ് തകര്‍ക്കേണ്ടത്. ഇപ്പോഴെങ്കിലും തിരിച്ചറിയേണ്ട കാര്യം കായികരംഗത്തെ പണം ചെലവാക്കല്‍ കൊണ്ടുമാത്രം  പ്രത്യേകിച്ചു കായികനേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയില്ലെന്നാണ്. ധനികരാഷ്ട്രങ്ങള്‍ പതക്കങ്ങള്‍ നേടുന്നതിനു ഏറെ ചെലവാക്കുന്നുണ്ട്; അടുത്തിടെ വന്ന ഒരു പഠനം കാണിക്കുന്നത് പരിശീലനത്തിനും മറ്റുമുള്ള ചെലവുകള്‍ വെച്ചുനോക്കിയാല്‍ ആസ്ട്രേലിയന്‍ നികുതിദായകര്‍  ഒരു സുവര്‍ണ്ണ പതക്കത്തിന് ശരാശരി 11 ദശലക്ഷം ഡോളര്‍ ചെലവാക്കുന്നു എന്നാണ്. അവര്‍ക്കാ ചെലവ് താങ്ങാനാകുമായിരിക്കും. ഒരു ക്ഷേമസമൂഹത്തിന്റെ ദീര്‍ഘകാല ആശങ്കകളുടെ അടിസ്ഥാനത്തിലല്ലാതെ ഉടനടിയുള്ള വിജയത്തിന്റെ ആശയങ്ങള്‍ വെച്ചുകൊണ്ടു മാത്രം ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്ന വീക്ഷണപ്പിഴവും കൂടിയാണത്.

ഇന്ത്യ നേടിയ ചുരുക്കം പതക്കങ്ങള്‍ വീണ്ടും ‘കായിക സംസ്കാരത്തിന്റെ’ അഭാവത്തെക്കുറിച്ചുള്ള വിലാപങ്ങള്‍ ഉയര്‍ത്തിവിടുന്നുണ്ട്. നിര്‍ഭാഗ്യകരമായ കാര്യം ഇത് തീവ്ര ദേശീയതയുടെ മറ്റൊരു ഭാഷ്യം മാത്രമാണെന്നാണ്. കായിക സംസ്കാരം ഇല്ലാത്തതാണ് ഇന്ത്യ കായികമികവ് കാട്ടാതിരിക്കാന്‍ കാരണമെന്ന വാദം ക്രൂരമായ തമാശയാണ്. ഇന്ത്യയിലെ നിരവധി കായികതാരങ്ങള്‍ക്ക് കായികരംഗം എന്നത് ദാരിദ്ര്യത്തില്‍ നിന്നും കഷ്ടപ്പാടില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു വഴിയാണ്. അതൊരു ജീവിതശൈലി പ്രവര്‍ത്തിയല്ല. അതുകൊണ്ടാണ് ധനികരുടെയും ഉന്നതരുടെയും മക്കളെയൊന്നും നാം കായികരംഗത്ത് കാണാത്തത്. കായിക സംസ്കാരം വളര്‍ത്തിയെടുക്കാനുള്ള ആഹ്വാനം ഈ പശ്ചാത്തലത്തില്‍ എവിടെയാണ് പ്രതിധ്വനിക്കുന്നത്?

ദരിദ്രരുടെയും കഷ്ടപ്പെടുന്നവരുടെയും സദാ സജ്ജമാക്കി നിര്‍ത്തിയ ഒരു സൈന്യത്തെ കായിക നേട്ടങ്ങളിലൂടെ ദേശീയ കീര്‍ത്തി പൊക്കിനിര്‍ത്താന്‍ നിയോഗിക്കുക എന്ന സ്വാര്‍ത്ഥമായ ചിന്തയെക്കാളേറെ മറ്റൊന്നും ഇതിലില്ല. അവരുടെ യാത്രയുടെ ദുരിതപാതകള്‍ തീര്‍ത്തും അവഗണനീയമാണ്; നമ്മള്‍ എത്തിച്ചേരുന്നതാണ് പ്രധാനം.

അവര്‍ കായിക സംസ്കാരം ഭക്ഷിക്കട്ടെ എന്നത്രേ നാം അത്യുദാരന്മാരായി ചിന്തിക്കുന്നത്.

(സഞ്ജയ് ശ്രീവാസ്തവയുടെ ലേഖനത്തിന്റെ സ്വാതന്ത്ര പരിഭാഷ)

 

 (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍