UPDATES

ട്രെന്‍ഡിങ്ങ്

കൊളംബിയയുടെ ഗോളടി യന്ത്രം ഹാമിസിനെ ഭയക്കണം; ജപ്പാന്‍ മാത്രമല്ല, ആരും

റഷ്യ ലോകകപ്പിലെ ആദ്യ മത്സരം തന്നെ ജയിച്ചുകൊണ്ട് തങ്ങളായിരിക്കും ഇത്തവണത്തെ കറുത്ത കുതിരകളെന്ന് തെളിയിക്കാുള്ള ഒരുക്കത്തിലായിരിക്കും കൊളംബിയ

‘കറുത്ത കുതിരകളുടെ ഗ്രൂപ്പ്’ എന്നറിയപ്പെടുന്ന ഗ്രൂപ്പ് എച്ച്-ലെ പ്രീക്വാര്‍ട്ടര്‍ ഫേവറിറ്റുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊളംബിയയും ഏഷ്യയിലെ വമ്പന്‍മാരായ ജപ്പാനും തമ്മിലാണ് ഇന്നത്തെ ആദ്യ മത്സരം. പോളണ്ടും, സെനഗലും ആണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. സാറന്‍സ്‌ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 5.30-ന് ആണ് മത്സരം.

കൊളംബിയ

ബ്രസീല്‍ ലോകകപ്പിനു പിന്നാലെ റഷ്യയിലും കുതിപ്പ് തുടരാനുറച്ചാണ് കൊളംബിയ കച്ച കെട്ടുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്താന്‍ കൊളംബിയക്ക് കഴിഞ്ഞിരുന്നു. ക്വാര്‍ട്ടറില്‍ ബ്രസീലിനോട് പൊരുതി തോറ്റാണ് അവര്‍ പുറത്തു പോയത്. ആറാം തവണയാണ് കൊളംബിയ ഫിഫ ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്.

2014 ബ്രസീല്‍ ലോകകപ്പിലെ ടോപ് സ്‌കോറര്‍ക്കുള്ള അഡിഡാസ് ഗോള്‍ഡന്‍ ബൂട്ട് നേടിയ ഹാമിസ് റോഡ്രിഗസ് എന്ന ഗോളടി യന്ത്രത്തില്‍ ആണ് കൊളംബിയന്‍ പടയുടെ മുഴുവന്‍ പ്രതീക്ഷകളും. ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക് ക്ലബ്ബില്‍ വായ്പാടിസ്ഥാനത്തില്‍ കളിക്കുന്ന റോഡ്രിഗസ് മികച്ച ഫോമിലാണ്. റോഡ്രിഗസ് ഫോമിലായാല്‍ ലോകത്തിലെ ഏതൊരു പ്രതിരോധ നിരയും സമ്മര്‍ദ്ദത്തിലാവും. മറ്റൊരു താരം മൊണോക്കോ സ്ട്രൈക്കര്‍ റഡാമെല്‍ ഫല്‍കാവോയും മികച്ച ഫോമിലാണ്.

ഫിഫ റാങ്കിംഗ് : 16
കോച്ച്: ജോസ് പെക്കര്‍മാന്‍
സാധ്യത ടീം: ഡേവിഡ് ഓസ്പിന , സാന്റിയാഗോ ഏരിയാസ്, ഏറി മൈന, ഡേവിന്‌സണ് സാഞ്ചസ്, ജോഹന്‍ മോജിക, ആബേല്‍ അഗൈലാര്‍, കാര്‍ലോസ് സാഞ്ചസ്, ജുവാന്‍ ക്യൂഡ്രാഡോ, ജെയിംസ് റോഡ്രിഗ്സ്സ്, ലൂയിസ് മുരിയില്‍, റഡാമെല്‍ ഫാല്‍ക്കയോ

 

ജപ്പാന്‍

2014 ബ്രസീല്‍ ലോകകപ്പില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് കൊളംബിയയില്‍ നിന്നേറ്റ തോല്‍വിക്ക് പകരം ചോദിയ്ക്കാന്‍ ഉള്ള അവസരം ആണ് ജപ്പാന്‍ നിരയ്ക്ക് ലഭിച്ചിട്ടുള്ളത്. കൊളംബിയയുടെ താര നിരയോട് കിട പിടിക്കാന്‍ മാത്രം ജപ്പാന്റെ പക്കല്‍ ആയുധങ്ങള്‍ ഇല്ല. എന്നിരുന്നാലും ഒരു അട്ടിമറിക്കു ഇറങ്ങി തന്നെയാവും അവര്‍ ഇന്ന് ബൂട്ട് കെട്ടുക. 5 തവണ ലോകകപ്പില്‍ പങ്കെടുത്ത ജപ്പാന്‍ 2002, 2010 വര്‍ഷങ്ങളില്‍ പ്രീ ക്വാര്‍ട്ടര്‍ വരെ എത്തിയതാണ് ലോകകപ്പ് ചരിത്രത്തിലെ അവരുടെ ഏറ്റവും വലിയ നേട്ടം.

മയ യോഷിദ എന്ന പ്രതിരോധത്തിലെ ശക്തിസാന്നിധ്യമാണ് ജപ്പാന്‍ നിരയുടെ കരുത്ത്. ഒരേ സമയം ഡിഫന്‍സിലും അറ്റാക്കിങ് മിഡ്ഫീല്‍ഡിലും പന്ത് തട്ടുന്ന യോഷിദ അപകടകാരിയായ താരം ആണ് എന്നാല്‍ മുന്നേറ്റ നിരയില്‍ ചൂണ്ടി കാണിക്കാന്‍ വലിയ പ്രതിഭകള്‍ ഒന്നും ഇല്ലാത്തതാണ് ജപ്പാന്‍ നേരിടുന്ന പ്രധാന വെല്ലുവിളി, യൊസുകെ ഇഡെഗൂചിയുടെ സാന്നിധ്യം ആണ് ഏക ആശ്വാസം.

കോച്ച്: അകിറ നിഷിനോ
ഫിഫ റാങ്കിങ് : 60
സാധ്യത ടീം: എജി കവാഷിമ, ഹിറോക്കി സ്‌കൈ, മയ യോഷിദ, ടോമോക്കി മക്കിനോ, യുടോ നാഗേറ്റോമോ, മക്കോട്ടോ ഹസീബ്, ജാക് ഷിബാസാകി, ഗെങ്കി ഹരഗുച്ചി, കെയ്സ്‌കെ ഹോണ്ട, തകാഷി ഇനിയ, യുയ ഓസ്‌കോ

ഇരു ടീമുകളും ഇത് വരെ 3 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 2003 ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ കൊളംബിയ മറുപടിയില്ലാത്ത ഒരു ഗോളിന് ജപ്പാനെ തോല്‍പ്പിച്ചു, മറ്റൊരു സൗഹൃദ മത്സരം ഗോള്‍രഹിത സമനിലയിലായി. അവസാനം ബ്രസീല്‍ ലോകകപ്പില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് കൊളംബിയ ജപ്പാനെ തകര്‍ത്തു. ഇത് വരെ ഒരു ജയം പോലും കൊളംബിയക്കെതിരെ നേടാന്‍ ആകാത്തതിന്റെ ക്ഷീണം തീര്‍ക്കാനുള്ള ശ്രമത്തിലായിരിക്കും ജപ്പാന്‍. റഷ്യ ലോകകപ്പിലെ ആദ്യ മത്സരം തന്നെ ജയിച്ചുകൊണ്ട് തങ്ങളായിരിക്കും ഇത്തവണത്തെ കറുത്ത കുതിരകളെന്ന് തെളിയിക്കാുള്ള ഒരുക്കത്തിലായിരിക്കും കൊളംബിയ. ഏതായാലും കാത്തിരുന്നു കാണാം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍