UPDATES

കായികം

സ്പെയിന് ജയിക്കണം; തല്‍ക്കാലം ഒരു സമനിലയായാലും മതി ഇറാന്

ഇറാനും സ്‌പെയിനും ആദ്യമായാണ് പരസ്പരം ഏറ്റു മുട്ടുന്നത്

മൊറോക്കോക്കെതിരെ നടന്ന മത്സരത്തില്‍ സെല്‍ഫ് ഗോളിന്റെ സഹായത്താല്‍ കഷ്ടിച്ചു രക്ഷപ്പെട്ട ഇറാനും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവിന് മുന്നില്‍ സമനിലയില്‍ കുരുങ്ങിയ മുന്‍ ലോക ചാമ്പ്യന്മാരായ സ്‌പെയിനും തമ്മിലാണ് ഇന്നത്തെ അവസാന മത്സരം. അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനത്തിന് സ്പാനിഷ് പടക്ക് ജയം കൂടിയേ തീരൂ. എന്നാല്‍ ഒരു സമനില പോലും ഇറാന്റെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളെ നിലനിര്‍ത്തും.

2014 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും ഇത്തവണയും സ്‌പെയിന്‍ ഫേവറിറ്റ് ടീമുകളുടെ ലിസ്റ്റില്‍ ഉണ്ട്. സ്‌പെയിന്‍ പോര്‍ച്ചുഗല്‍ ആദ്യ മത്സരം റൊണാള്‍ഡോ വേഴ്സസ് റാമോസ് എന്ന പ്രതീതി ആണ് ഉയര്‍ത്തിയതെങ്കില്‍ കളിക്കളത്തില്‍ ചിത്രം മാറി. സ്‌പെയിനും റൊണാള്‍ഡോയും തമ്മിലായിരുന്നു മത്സരം. ലോകകപ്പിലെ ആദ്യ ഹാട്രിക് കുറിച്ച സൂപ്പര്‍ താരം റൊണാള്‍ഡോയുടെ പടയോട്ടത്തിനു മുന്നില്‍ കേളി കേട്ട സ്പാനിഷ് പ്രതിരോധം തകര്‍ന്നു. മല്‍സരം അവസാനിക്കാന്‍ രണ്ടു മിനിറ്റ് ബാക്കിനില്‍ക്കെ ട്രേഡ്മാര്‍ക്ക് ഫ്രീകിക്ക് ഗോളിലൂടെ ഹാട്രിക് തികച്ചാണ് മുന്‍ ലോക ചാമ്പ്യന്മാരെ പോര്‍ച്ചുഗല്‍ വരിഞ്ഞു മുറുക്കിയത്.

പോര്‍ച്ചുഗല്‍ vs സ്‌പെയിന്‍ ഹൈലെറ്റ്‌സ്

ആദ്യ മത്സരത്തില്‍ തന്നെ ഇരട്ട ഗോള്‍ നേടിയ ഡീഗോ കോസ്റ്റ ഫോമിലാണെന്നത് സ്പാനിഷ് പടയുടെ ആത്മവിശ്വാസം ഉയര്‍ത്തും. തുല്യ ശക്തികള്‍ക്ക് മുന്നിലെ സമനിലയില്‍ സ്പാനിഷ് ക്യാംപിനു അങ്കലാപ്പുണ്ടാവാന്‍ വഴിയില്ല. എന്നിരുന്നാലും പ്രതിരോധത്തിലെ പാളിച്ചകളും, ഗോളി ഡേവിഡ് ഡേ ഗിയയുടെ ഫോമും കോച്ച് ഫെര്‍ണാണ്ടോ ഹിയറോക്ക് തലവേദന സൃഷ്ട്ടിക്കും. ഇറാനെതിരെ ജയം അനിവാര്യമായത് കൊണ്ട് ഒരു തരത്തിലുള്ള വലിയ മാറ്റങ്ങളും ടീമില്‍ ഉണ്ടാവില്ല എന്നാണു നിരീക്ഷകരുടെ വിലയിരുത്തല്‍. ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാവും സ്പാനിഷ് പട ഇറാനെതിരെ ഇറങ്ങുന്നത്.

സെല്‍ഫ് ഗോളില്‍ ആണെങ്കിലും തുല്യശക്തികളായ മൊറോക്കോയെ മറികടന്നതിന്റെ ആശ്വാസത്തിലാണ് ഇറാന്‍. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ സമനിലയിലേക്ക് നീങ്ങിയ കളിയില്‍ 95-ാം മിനിറ്റില്‍ വീണുകിട്ടിയ സെല്‍ഫ് ഗോളില്‍ആണ് മൊറോക്കോയ്ക്കെതിരെ ഇറാന്‍ ജയം കണ്ടെത്തിയത്. തുടക്കം മുതല്‍ വ്യക്തമായ ആധിപത്യത്തോടെ കളം നിറഞ്ഞ മൊറോക്കോയ്ക്ക് അവസാന നിമിഷത്തെ പിഴവില്‍ മൂന്ന് പോയന്റ് നഷ്ടപ്പെട്ടപ്പോള്‍ ഇറാന്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെ മൂന്നു പോയന്റ് സ്വന്തമാക്കി ഗ്രൂപ്പില്‍ ഒന്നാമതെത്തി.

മൊറോക്കോ vs ഇറാന്‍ ഹൈലെറ്റ്‌സ്

മൊറോക്കോ അല്ല സ്‌പെയിന്‍ എന്ന മുന്നറിയിപ്പ് ഇറാന്‍ പരിശീലകന്‍ കാര്‍ലോസ് തന്റെ കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. ഇന്നൊരു സമനിലയെങ്കിലും സ്വന്തമാക്കിയത് പ്രീ ക്വര്‍ട്ടര്‍ പ്രവേശന സാധ്യതകള്‍ ഊഷ്മളമാക്കാം. പരിക്കേറ്റ മിഡ്ഫീല്‍ഡര്‍ ഇബ്രാഹിമിക്ക് സ്‌പെയിനിനെതിരെ ഉള്ള മത്സരം നഷ്ടമായേക്കും പകരം ഹോസയ്‌നി ഇറങ്ങാനാണ് സാധ്യത. ഇറാന്റെ അടുത്ത മത്സരം പോര്‍ച്ചുഗലുമായാണ്, അഗ്‌നിപരീക്ഷയാണ് അറേബ്യന്‍ സംഘത്തിന് ഇനി ഉള്ള മത്സരങ്ങള്‍.

ഇറാനും സ്‌പെയിനും ആദ്യമായാണ് പരസ്പരം ഏറ്റു മുട്ടുന്നത്. കസാന്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 11.30-നാണ് മത്സരം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍