UPDATES

ട്രെന്‍ഡിങ്ങ്

നോക്കൗട്ട് ഉറപ്പിക്കാന്‍ റഷ്യ; സലാഹില്‍ പ്രതീക്ഷയര്‍പ്പിച്ച് ഈജിപ്ത്

ഈജിപ്തും റഷ്യയും ഏറ്റുമുട്ടുമ്പോള്‍ ഈജിപ്തിന്റെ സാധ്യതകള്‍ സലാഹിന്റെ ഫിറ്റ്നസിനെ ആശ്രയിച്ചാകും

Avatar

അമീന്‍

ആതിഥേയരായ റഷ്യ നോക്കൗട്ട് ഘട്ടമുറപ്പിക്കുന്ന ആദ്യ ടീമാകുമോ എന്ന ആകാംക്ഷയും ലോക ഫുട്ബോളിലെ ഈജിപ്ഷ്യന്‍ നക്ഷത്രമായ മുഹമ്മദ് സലാഹിന്റെ സാന്നിധ്യവുമാണ് ഗ്രൂപ്പ് എയിലെ റഷ്യ-ഈജിപ്ത് മത്സരത്തെ സജീവമാക്കുന്നത്. ആദ്യമത്സരത്തില്‍ സൗദിയ്ക്കെതിരെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ആധികാരികമായി ജയിച്ച റഷ്യയും ഗ്രൂപ്പിലെ ശക്തരായ ഉറുഗ്വായോട് അവസാന നിമിഷ ഗോളില്‍ തോറ്റ ഈജിപ്ത് നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുക എളുപ്പമാകില്ലെങ്കിലും ആതിഥേയരായ റഷ്യക്ക് മത്സരത്തില്‍ നേരീയ ആധിപത്യമുണ്ട്.

റഷ്യന്‍ ആരാധകരെന്നല്ല, കളിക്കാര്‍ പോലും പ്രതീക്ഷിക്കാത്ത വിജയമാണ് ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ റാങ്കിങില്‍ 70-ാം സ്ഥാനക്കാരായ അവര്‍ നേടിയത്. ആതിഥേയ രാജ്യമായി ലോകകപ്പിനെത്തിയ റഷ്യ, സ്വന്തം നാട്ടില്‍ ശക്തമായ പ്രകടനം നടത്താന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് അവരുടെ ആദ്യ മത്സരത്തിലെ പ്രകടനം വ്യക്തമാക്കുന്നു. റാങ്കിങില്‍ പിന്നിലെങ്കിലും, ഏറെ നാളത്തെ ഒരുക്കവും പരിശീലനവും ഈ ലോകകപ്പിലെ കരുത്തുറ്റ ടീമുകളിലൊന്നായി റഷ്യയെ മാറ്റുമെന്ന് മത്സരങ്ങള്‍ തുടങ്ങും മുമ്പ് തന്നെ പല ഫുട്ബോള്‍ വിദഗ്ധരും പ്രവചിച്ചിരുന്നു.

റഷ്യ-സൗദി മത്സരം

സെന്റ് പീറ്റേഴ്സ്ബെര്‍ഗില്‍ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ആദ്യ റൗണ്ടില്‍ പുറത്താകുന്ന ആതിഥേയ ടീമെന്ന അപഖ്യാതി ദക്ഷിണാഫ്രിക്കയ്ക്കൊപ്പം (2010) പങ്കിടാന്‍ റഷ്യക്കാര്‍ ഒരു കാരണവശാലും ആഗ്രഹിക്കുന്നുണ്ടാകില്ല. ഈജിപ്തിനെതിരെ ജയിച്ചാല്‍ ആറു പോയിന്റുമായി അവര്‍ക്ക് ഗ്രൂപ്പ് ഓഫ് 16 റൗണ്ട് ഏറെക്കുറെ ഉറപ്പാണ്. അല്ലെങ്കില്‍ ഗ്രൂപ്പിലെ ഒന്നിലേറെ മത്സരങ്ങളില്‍ അപ്രതീക്ഷിത ഫലങ്ങളുണ്ടാകണം. രണ്ടിലേറെ ടീമുകള്‍ ആറ് പോയിന്റുകള്‍ നേടിയാലും അഞ്ചു ഗോളുകള്‍ തങ്ങളുടെ പേരിലെഴുതിക്കഴിഞ്ഞ റഷ്യയെ ഗോള്‍ ഡിഫറന്‍സില്‍ മറികടക്കുകയും എളുപ്പമാകില്ല. അടുത്ത മത്സരം ഗ്രൂപ്പിലെ ശക്തരായ യുറുഗ്വായ്ക്ക് എതിരെയാണെന്നതിനാല്‍ ഈജിപ്തിനെതിരായ മത്സരത്തില്‍ തന്നെ നോക്കൗട്ട് ഉറപ്പിക്കുക എന്നതാകും റഷ്യയുടെ ലക്ഷ്യം. നിലവില്‍ അവര്‍ക്ക് അതിനുള്ള സാഹചര്യവുമുണ്ട്.

ആതിഥേയ ടീമെന്ന ആനുകൂല്യവും ഗ്രൗണ്ട് സപ്പോര്‍ട്ടും മാത്രമല്ല റഷ്യയുടെ മുന്‍തൂക്കത്തിന് കാരണം. വമ്പന്‍ ടീമുകള്‍ പോലും വീണുപോയ 21-ാം ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ ഏറ്റവും ആധികാരികമായി വിജയിച്ച (50) ടീം റഷ്യയാണ്. വേറൊരു ടീമിനും ഇതുവരെ നാലു ഗോളുകള്‍ പോലും സ്‌കോര്‍ ചെയ്യാനായിട്ടില്ല. നിരവധി മികച്ച കളിക്കാരുടെ സാന്നിധ്യവും റഷ്യക്ക് തുണയാണ്. അവസാന ഇലവനില്‍ മാത്രമല്ല റിസര്‍വ് ബെഞ്ചിലും തങ്ങള്‍ ശക്തരാണെന്ന് ആദ്യ മത്സരത്തിലൂടെ അവര്‍ തെളിയിച്ചുകഴിഞ്ഞു. സൗദിക്കെതിരെ അടിച്ച അഞ്ചില്‍ മൂന്ന് ഗോളും നേടിയത് പകരക്കാരായിരുന്നു. ഡെനിസ് ചെറിഷേവ് രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ ആര്‍ടെം സ്യൂബ ഒരു ഗോള്‍ നേടി. ആദ്യ ഇലവനിലുണ്ടായിരുന്ന അലക്സാണ്ടര്‍ ഗൊളോവിന്‍, യൂറി ഗാസിന്‍സ്‌കി എന്നിവരാണ് ഗോള്‍ നേടിയ മറ്റുള്ളവര്‍. സൗദി 60 ശതമാനം സമയത്തും പന്ത് കൈവശം വെച്ചിട്ടും ഒരു ഗോള്‍പോലും വഴങ്ങാതെ വമ്പന്‍ജയം നേടിയത് അവരുടെ ആക്രമണ-പ്രതിരോധ മികവിന്റെ നേര്‍ക്കാഴ്ചയായി.

സാധ്യതാ ടീം: ഇഗോള്‍ അക്കിന്‍ഫീവ്; മാരിയോ ഫെര്‍ണാണ്ടസ്, ഇല്യ കുറ്റെപ്പോവ്, സെര്‍ജി ഇഗ്‌നാസെവിച്ച്, യൂറി സിര്‍ക്കോവ്; റോമന്‍ സോബ്നിന്‍, യൂറി ഗാസിന്‍സ്‌കി, ദലേര്‍ കുസന്യേവ്; അലക്സാണ്ടര്‍ ഗൊളോവിന്‍, ഡെനിസ് ചെറിഷേവ്; ഫയദോര്‍ സ്മോലോവ്.

ഈജിപ്ത്-ഉറുഗ്വായ് മത്സരം

ആദ്യ മത്സരത്തില്‍ 14-ാം റാങ്കുകാരായ ഉറുഗ്വായെ അവസാന നിമിഷം വരെ പിടിച്ചുകെട്ടിയതിന്റെ ആത്മവിശ്വാസം റഷ്യക്കെതിരെ ഇറങ്ങുമ്പോള്‍ 45-ാം സ്ഥാനക്കാരായ ഈജിപ്തിനുണ്ടാകും. സുവാരസും കവാനിയുമൊക്കെയുള്ള ഉറുഗ്വായ്ക്കെതിരെ നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് ഈജിപ്തിന് സമനിലയും ഒരു പോയിന്റും നഷ്ടമായത്. ആ നഷ്ടം നികത്താന്‍ റഷ്യക്കെതിരെ വിജയം അനിവാര്യം. ഈ മത്സരം ജയിച്ചാല്‍ സൗദിയ്ക്കെതിരായ താരതമ്യേന എളുപ്പമായ അവസാന ഗ്രൂപ്പ് മത്സരത്തിലൂടെ ലോകകപ്പില്‍ ആദ്യമായി നോക്കൗട്ടിലെത്താനും അവര്‍ക്കായേക്കും.

ഉറുഗ്വായ്ക്കെതിരായ മത്സരത്തേക്കാളും ഈജിപ്തിന് ഊര്‍ജം പകരുക മുഹമ്മദ് സലാഹെന്ന സൂപ്പര്‍ സ്ട്രൈക്കറുടെ തിരിച്ചുവരവാകും. ഈജിപ്ത്-റഷ്യ മത്സരത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്ന ഘടകവും സലാഹിന്റെ സാന്നിധ്യം തന്നെ. ഈജിപ്തിന് 28 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിലേക്ക് വഴിയൊരുക്കിയ സലാഹ് സീസണില്‍ ലിവര്‍പൂളിനായി നേടിയത് 44 ഗോളുകളാണ്. ആഫ്രിക്കന്‍ ഫുട്ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും സ്വന്തമാക്കിയ സലാഹ് ലോകകപ്പിലെ എണ്ണം പറഞ്ഞ താരങ്ങളിലൊരാളാണ്.

സലാഹ് 2018 സീസണില്‍

ഈ ലോകകപ്പില്‍ ഈജിപ്ത് മുന്നോട്ടു പോകുന്നെങ്കില്‍ അത് സലാഹിന്റെ ചുമലിലേറിയായിരിക്കുമെന്നതില്‍ സംശയം വേണ്ട. പരിക്ക് പൂര്‍ണമായും മാറാനായി സലാഹിനെ റിസര്‍വ് ബെഞ്ചില്‍ ഇരുത്തിയില്ലായിരുന്നെങ്കില്‍ ഉറുഗ്വായ്ക്കെതിരെ ഒരുപക്ഷേ വിജയം തന്നെ ഈജിപ്തിന് സ്വന്തമാക്കാനാകുമായിരുന്നു. സലാഹ് പൂര്‍ണമായും ഫിറ്റാണെന്നാണ് ടീം നല്‍കുന്ന സൂചനയെങ്കിലും എഎഫ്പി പോലുള്ള ചില വാര്‍ത്താ ഏഏജന്‍സികള്‍ പരിശീലന സമയത്തും മറ്റും അദ്ദേഹത്തിന്റെ ശാരീരിക ക്ഷമതയില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ശരാശരിയിലൊതുങ്ങിയ ഉറുഗ്വായ്ക്കെതിരെ ഗോളടിക്കാന്‍ കഴിയാതിരുന്ന ഈജിപ്തും സൗദിയെ ദൗര്‍ബല്യങ്ങളെല്ലാം മുതലെടുത്ത റഷ്യയും ഏറ്റുമുട്ടുമ്പോള്‍ ഈജിപ്തിന്റെ സാധ്യതകള്‍ സലാഹിന്റെ ഫിറ്റ്നസിനെ ആശ്രയിച്ചാകും. മികച്ച സേവുകളിലൂടെ ഉറുഗ്വായ്ക്കെതിരായ മത്സരത്തിലെ താരമായ ഗോള്‍ കീപ്പര്‍ മുഹമ്മദ് എല്‍ ഷെനാവിയും ഈജിപ്ഷ്യന്‍ പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നു.

സാധ്യതാ ടീം: മുഹമ്മദ് എല്‍ ഷെനാവി; അലി ഗാബര്‍, അഹ്മദ് ഹെഗാസി, അഹ്മദ് ഫത്തി, മുഹമ്മദ് അബ്ദല്‍ഷാഫി; താരീഖ് ഹമെദ്, മുഹമ്മദ് എല്‍ നെനി, മഹ്മൂദ് ട്രെസെഗെ, അബ്ദുല്ല അല്‍ സെയ്ദ്; മുഹമ്മദ് സലാഹ്, മര്‍വാന്‍ മൊഹ്സെന്‍.

 

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍