UPDATES

കായികം

PREVIEW:നോക്കൗട്ടിലേക്ക് ഇനി ബ്രസീലിന്റെ ഊഴം; കാനറികളില്‍ നിന്ന് ജയം തട്ടിയെടുത്താല്‍ സെര്‍ബിയക്കും സാധ്യത

ബ്രസീലിനും സെര്‍ബിയക്കും സ്വിറ്റ്‌സര്‍ലന്‍ഡിനും പ്രീക്വാര്‍ട്ടര്‍ സാധ്യതകളുണ്ട്

Avatar

അമീന്‍

തുലാസിലാടിയ സാധ്യതകള്‍ക്ക് ശേഷം ലോകകപ്പിലെ വമ്പന്‍മാരായ സ്‌പെയിനും പോര്‍ച്ചുഗലും അര്‍ജന്റീനയുമെല്ലാം നോക്കൗട്ട് ഉറപ്പിച്ചിരിക്കുന്നു. ഇന്ന് രണ്ടാം റാങ്കുകാരായ ബ്രസീലിന്റെ ഊഴമാണ്. സെര്‍ബിയക്കെതിരെ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങുമ്പോള്‍ അര്‍ജന്റീനയുടെ അത്രയും മോശമല്ല ബ്രസീലിന്റെ സ്ഥിതി. ഒരു സമനില മതി അവര്‍ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കാന്‍. ഗ്രൂപ്പില്‍ നിന്ന് ആരും ഇതുവരെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടില്ല. ആദ്യ രണ്ടു മത്സരത്തിലും തോറ്റ കോസ്റ്റാറിക്ക പുറത്താകുമെന്നുറപ്പ്. ബ്രസീലിനും സെര്‍ബിയക്കും സ്വിറ്റ്‌സര്‍ലന്‍ഡിനും പ്രീക്വാര്‍ട്ടര്‍ സാധ്യതകളുണ്ട്.

ഗ്രൂപ്പ് ഇ പോയിന്റ് പട്ടിക

സെര്‍ബിയക്കെതിരെ സമനിലയോ ജയമോ നിലവില്‍ മൂന്ന് പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമതുള്ള ബ്രസീലിന്റെ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കും. തോറ്റാലും ബ്രസീല്‍ പുറത്താകുമെന്നുറപ്പില്ല. പക്ഷേ, അവര്‍ക്ക് മുന്നേറാന്‍ കോസ്റ്റാറിക്കയ്‌ക്കെതിരെ സ്വിറ്റ്‌സര്‍ലന്‍ഡും തോല്‍ക്കണമെന്ന് മാത്രം. അങ്ങനെയെങ്കില്‍ ഇരു ടീമുകളും നാലു പോയിന്റില്‍ തന്നെ തുടരും. അപ്പോള്‍ ഗോള്‍ വ്യത്യാസമാകും പ്രീ ക്വാര്‍ട്ടറിലെ രണ്ടാമത്തെ ടീമിനെ നിശ്ചയിക്കുക. ബ്രസീലിനെതിരെ ജയിച്ചാല്‍ നിലവിലെ മൂന്ന് പോയിന്റ് ആറാക്കി ഉയര്‍ത്തി സെര്‍ബിയക്ക് പ്രീക്വാര്‍ട്ടറിലെത്താം. മത്സരം സമനിലയാണെങ്കില്‍ കോസ്റ്റാറിക്കയ്‌ക്കെതിരെ സ്വിറ്റ്‌സര്‍ലന്‍ഡ് തോറ്റാലും ഗോള്‍ വ്യത്യാസത്തില്‍ അവര്‍ മുന്നേറും. എന്നാല്‍, തോല്‍വി സെര്‍ബിയക്ക് പുറത്തേക്കുള്ള വഴി കാണിക്കും. സ്വിറ്റ്‌സര്‍ലന്‍ഡിനും ഒരു ജയമോ സമനിലയോ മതിയാകും പ്രീക്വാര്‍ട്ടറിന്. കോസ്റ്റാറിക്കയോട് തോറ്റാലും ബ്രസീല്‍ സെര്‍ബിയയെ തറപറ്റിച്ചാല്‍ അവര്‍ക്ക് പേടിക്കാനൊന്നുമില്ല. ബ്രസീല്‍-സെര്‍ബിയ മത്സരം സമനിലയോ സെര്‍ബിയ ജയിക്കുകയോ ചെയ്താല്‍ പിന്നീട് ഗോള്‍ വ്യത്യാസത്തിലെ കണക്കുകളാകും ഇ ഗ്രൂപ്പിലെ പ്രീക്വാര്‍ട്ടറുകാരെ തീരുമാനിക്കുക.

ബ്രസീല്‍

ലോക രണ്ടാം റാങ്കുകാര്‍. എല്ലാ ലോകകപ്പിലും കളിച്ചിട്ടുള്ള ഏക ടീം. വമ്പന്‍മാരെ തറപറ്റിച്ച കുതിപ്പുമായി റഷ്യക്ക് ശേഷം ലോകകപ്പ് യോഗ്യത നേടിയവര്‍. പേരിലും പെരുമയിലും ഫോമിലും ലോകകപ്പില്‍ സെമി വരെയെങ്കിലും എത്താതെ തിരിച്ചുപോരാന്‍ ഒരു സാധ്യതയുമില്ലാത്ത ടീമായിരുന്നു ബ്രസീലിന്റേത്. ഇ ഗ്രൂപ്പില്‍ നിന്ന് ബ്രസീലിന് കാര്യമായ വെല്ലുവിളികള്‍ ആരും പ്രതീക്ഷിച്ചിരുന്നുമില്ല. എന്നാല്‍, റഷ്യയിലെ അപ്രതീക്ഷിത റിസല്‍റ്റുകള്‍ എല്ലാം മാറ്റിമറിച്ചു. ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ബ്രസീലിനെ സമനിലയില്‍ തളച്ചു. കോസ്റ്റാറിക്കയ്‌ക്കെതിരെയും പതറിയ ബ്രസീലിന്റെ സാധ്യതകള്‍ ത്രിശങ്കുവിലായെന്നുറപ്പിച്ചതാണ്. എന്നാല്‍, ഇഞ്ചുറി ടൈമില്‍ രണ്ടു ഗോളുകള്‍ നേടി ബ്രസീല്‍ ഗ്രൂപ്പിലെ സാന്നിധ്യം ശക്തമാക്കി. ആ ആക്രമണവീര്യം തുടര്‍ന്നാല്‍ സെര്‍ബിയക്കെതിരെ ഒരു ജയം പ്രതീക്ഷിക്കാന്‍ ബ്രസീലിനവകാശമുണ്ട്.


ബ്രസീല്‍-കോസ്റ്റാറിക്ക മത്സരം

എന്നാല്‍, റഷ്യയില്‍ ഇതുവരെ ബ്രസീല്‍ തങ്ങളുടെ യഥാര്‍ത്ഥ ഫോമിലേക്ക് എത്തിയിട്ടില്ലെന്നതാണ് സെര്‍ബിയക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം. പരിക്കേറ്റ ഡഗ്ലസ് കോസ്റ്റ ഇന്നിറങ്ങാത്തതും ബ്രസീലിന് ക്ഷീണമാകും. ഡാനിലോയും പരിക്കിന്റെ പിടിയിലാണെന്നാണ് വിവരം. അതേസമയം, കോസ്റ്റാറിക്കയ്‌ക്കെതിരെ ഫൈനല്‍ വിസിലിന് സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കേ ഗോള്‍ നേടി ക്യാപ്റ്റന്‍ നെയ്മറും ഫോമിലേക്കുയര്‍ന്നത് ബ്രീസീലിന് പ്രതീക്ഷ നല്‍കുന്നു. രണ്ടു മത്സരങ്ങളിലും മൈതാനം നിറഞ്ഞ് കളിക്കുകയും രണ്ടിലും ഗോള്‍ നേടുകയും ചെയ്ത ഫിലിപ്പ് കുട്ടീന്യോയാണ് ലോകകപ്പില്‍ അവരുടെ ഭാഗ്യതാരം.


ബ്രസീല്‍-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം

സാധ്യതാ ടീം: അലിസണ്‍; ഫാഗ്‌നര്‍, തിയാഗോ സില്‍വ, മിറാന്‍ഡ, മാര്‍സെലോ; കാസെമിറൊ, പൗളീന്യോ; ഫിലിപ് കുട്ടീന്യോ, വില്യന്‍, നെയ്മര്‍, ഗബ്രിയേല്‍ ജീസസ്.

സെര്‍ബിയ

അഞ്ചാം മിനിറ്റില്‍ ഗോളടിച്ച് രണ്ടാം പകുതിയില്‍ സമനില വഴങ്ങി ഇഞ്ചുറി ?ടൈമില്‍ തോല്‍ക്കേണ്ടിവന്ന ദുര്യോഗമായിരുന്നു കഴിഞ്ഞ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ സെര്‍ബിയയെ കാത്തിരുന്നത്. ഗ്രൂപ്പില്‍ അവരെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിയത് അവസാന മിനിറ്റില്‍ ഷാക്കിരി നേടിയ ഗോളായിരുന്നു. എന്നാല്‍, കോസ്റ്റാറിക്കയ്‌ക്കെതിരെ മികച്ച മുന്നേറ്റങ്ങളോടെയാണ് അവര്‍ അര്‍ഹിച്ച ജയം സ്വന്തമാക്കിയത്. 23 മീറ്റര്‍ അകലെ നിന്ന് ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ കൊളറോവ് എടുത്ത ഫ്രീകിക്കിലൂടെ നേടിയ ഗോളിന് ജയത്തിന് അര്‍ഹതയുണ്ടായിരുന്നെതില്‍ ആര്‍ക്കും സന്ദേഹമുണ്ടാകാനിടയില്ല.


സെര്‍ബിയ-സ്വിറ്റ്‌സര്‍ലാന്‍ഡ് മത്സരം

കൊളറോവ് തന്നെയാണ് സെര്‍ബിയന്‍ ടീമിന്റെ കേന്ദ്രം കരുത്തുറ്റ പ്രതിരോധവും ആക്രമണങ്ങള്‍ക്ക് കളമൊരുക്കാനുള്ള കഴിവും കൊളറോവിനെ വ്യത്യസ്തനായ പോരാളിയാക്കുന്നു. തുടര്‍ച്ചയായ ആക്രമണങ്ങളായിരുന്നു കോസ്റ്റാറിക്കയ്‌ക്കെതിരെ സെര്‍ബിയക്ക് വിജയം നേടിക്കൊടുത്തതെങ്കില്‍ സ്വിസ് ടീമിനെതിരെ അവസാന നിമിഷങ്ങളില്‍ പ്രതിരോധത്തില്‍ സംഭവിച്ച പാളിച്ചകളാണ് വിനയായത്. ബ്രസീലിനെതിരെ ജയിച്ചേ മതിയാകൂ എന്നതാണ് അവസ്ഥയെങ്കിലും പ്രതിരോധത്തിലൂന്നിയ കളിയാകും പുറത്തെടുക്കുകയെന്നാണ് സൂചനകള്‍. മഞ്ഞക്കാര്‍ഡ് ലഭിച്ച ആറ് താരങ്ങളുണ്ടെങ്കിലും ബ്രസീലിനെതിരെ ഏറ്റവും മികച്ച ഇലവനെ തന്നെയാകും സെര്‍ബിയ അണിനിരത്തുക. തങ്ങളുടെ ശക്തിയിലൂന്നി കളിച്ചാല്‍ ബ്രസീലിന് കടുത്ത വെല്ലുവിളിയാകും സെര്‍ബിയന്‍ ടീം ഉയര്‍ത്തുക.


സെര്‍ബിയ-കോസ്റ്റാറിക്ക മത്സരം

സാധ്യതാ ടീം: വ്‌ലാദിമിര്‍ സ്റ്റൊയ്‌ക്കോവിച്ച്; ആന്റോണിയോ റുക്കാവിന, ബ്രാനിസ്ലാവ് ഇവാനോവിച്, ഡുസ്‌കോ ടോസിച്, അലക്‌സാണ്ടര്‍ കൊളറോവ്; നെമാന്‍ജ മാറ്റിക്, ലൂക്ക മിലിവോജിച്ച്, സെര്‍ജെ മിലിന്‍കോവിക് സാവിക്, ഡുസാന്‍ ടാഡിക്; ഫിലിപ്പ് കോസ്റ്റിക്, അലക്‌സാണ്ടര്‍ മിത്രോവിച്ച്.

സുവര്‍ണ പാദുകം ആരുനേടും? മുന്നില്‍ സെല്‍ഫ് ഗോള്‍

റോസ്‌ഗോദില്‍ പാലുകാച്ച്.. സെന്റ് പീറ്റേഴ്സ്ബെര്‍ഗില്‍ താലിക്കെട്ട്.. ക്ലൈമാക്‌സില്‍ അര്‍ജന്റീന

അവന്‍ ഇന്നലെ വെളിപ്പെട്ടു, സ്വപ്നങ്ങളില്‍ നമ്മോട് സംസാരിച്ചു

“എല്ലാവരും കയറിക്കളിക്കണം” ക്യാപ്റ്റന്‍ മെസി പറഞ്ഞു; അങ്ങനെയാണ് സെന്റ്‌ പീറ്റെഴ്സ്ബര്‍ഗിലെ പുല്ലിന് തീ പിടിച്ചത്

അവന്‍ ഉയര്‍ത്തെഴുന്നേറ്റു; അര്‍ജന്റീനയുടെ വിജയം ആഘോഷമാക്കി സോഷ്യല്‍ മീഡിയ

മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റ് മെസ്സി..ഹാ..!

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍