UPDATES

കായികം

PREVIEW: അര്‍ജന്റീനയുടെ വിധി നിര്‍ണയിക്കാന്‍ ഐസ്‌ലാന്‍ഡ് ക്രൊയേഷ്യക്കെതിരെ

നൈജീരിയക്കെതിരെ അര്‍ജന്റീന ജയിച്ചാല്‍ പോലും ഐസ്‌ലാന്‍ഡ്-ക്രൊയേഷ്യ മത്സരത്തിന്റെ ഫലത്തെ കൂടി അനുസരിച്ചിരിക്കും മെസ്സിപ്പടയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍

Avatar

അമീന്‍

റഷ്യ ലോകകപ്പിലെ ഏറ്റവും അനിശ്ചിതത്വം നിറഞ്ഞ നിമിഷങ്ങള്‍ക്കാകും ഇന്ന് അര്‍ധരാത്രി സാക്ഷിയാവുക. എന്തും സംഭവിക്കാവുന്ന ഗ്രൂപ്പ് ഡിയില്‍ ഒരേ സമയം നടക്കുന്ന രണ്ട് മത്സരങ്ങളിലായി മൂന്ന് ടീമുകളാണ് പ്രീക്വാര്‍ട്ടര്‍ പ്രവേശത്തിനായി പോരാടുന്നത്. അതിലൊന്ന് ലയണല്‍ മെസ്സിയുടെ സാക്ഷാല്‍ അര്‍ജന്റീനയാണെന്നതാണ് ഇന്നത്തെ മത്സരങ്ങളുടെ ആവേശമേറ്റുന്നത്. നൈജീരിയക്കെതിരെ അര്‍ജന്റീന ജയിച്ചാല്‍ പോലും ഐസ്‌ലാന്‍ഡ്-ക്രൊയേഷ്യ മത്സരത്തിന്റെ ഫലത്തെ കൂടി അനുസരിച്ചിരിക്കും മെസ്സിപ്പടയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍.

ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ക്രൊയേഷ്യ ഗ്രൂപ്പില്‍ നിന്ന് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ന് ക്രൊയേഷ്യയ്‌ക്കെതിരെ ജയിച്ചാല്‍ ഐസ്‌ലാന്‍ഡിനും, അര്‍ജന്റീനയെ തോല്‍പിച്ചാല്‍ നൈജീരിയയ്ക്കും പ്രീക്വാര്‍ട്ടറിന് സാധ്യതയുണ്ട്. കന്നി ലോകകപ്പ് കളിക്കുന്ന ഐസ്‌ലാന്‍ഡ് പ്രീക്വാര്‍ട്ടറിനായി കൈമെയ് മറന്നുകളിക്കുമെന്നുറപ്പ്. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ച ആത്മവിശ്വാസവുമുണ്ടവര്‍ക്ക്.

ക്രൊയേഷ്യ

ഈ ലോകകപ്പില്‍ ആരവങ്ങളില്ലാതെ വന്ന് നിശബ്ദവിപ്ലവം നടത്തിയ ടീമാണ് ക്രൊയേഷ്യ. ആദ്യ മത്സരത്തില്‍ നൈജീരിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് അവര്‍ ലോകകപ്പ് തുടങ്ങിയത്. നൈജീരിയയ്‌ക്കെതിരെ പ്രതിരോധത്തില്‍ മികച്ചുനിന്നെങ്കിലും മുന്നേറ്റത്തിലെ ദൗര്‍ബല്യങ്ങള്‍ പ്രശ്‌നമായിരുന്നു. എന്നാല്‍, ക്രൊയേഷ്യന്‍ ടീമിന്റെ യഥാര്‍ത്ഥ കരുത്ത് പുറത്തുവന്നത് അടുത്ത മത്സരത്തിലായിരുന്നു. രണ്ടാം മത്സരത്തില്‍ കരുത്തരായ അര്‍ജന്റീനയ്‌ക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകളടിച്ച് അവര്‍ മുന്നേറ്റത്തിലെ കുറവുകള്‍ തീര്‍ത്തു.


ക്രൊയേഷ്യ-അര്‍ജന്റീന മത്സരം

ആദ്യ രണ്ടു മത്സരങ്ങളില്‍ ജയിച്ചെങ്കിലും അവസാന ഗ്രൂപ്പ് മത്സരത്തിലും വിജയത്തേര് തെളിച്ചുകൊണ്ട് പ്രീ ക്വാര്‍ട്ടറില്‍ എത്താനാകും ക്രൊയേഷ്യ ആഗ്രഹിക്കുക. നൈജീരിയ ജയിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാനുള്ള വിദൂര സാധ്യത ഒഴിവാക്കാനും ഐസ്‌ലാന്‍ഡിനെതിരെ നേടുന്ന പോയിന്റ് അവരെ പ്രാപ്തരാക്കും. അതിനാല്‍ ജയം തേടി തന്നെയാകും ക്രൊയേഷ്യ ഇന്നിറങ്ങുക. അതേസമയം, രണ്ടു മത്സരങ്ങളില്‍ നിന്നുതന്നെ നോക്കൗട്ടില്‍ എത്തിയതിന്റെ ആനുകൂല്യം മുതലാക്കാനാണ് പരിശീലകന്‍ ഡെലികിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഒരു മഞ്ഞക്കാര്‍ഡുള്ള ഇവാന്‍ റാക്കിട്ടിച്ച്, മാരിയോ മന്‍സൂക്കിച്ച്, റെബിക്, സിമേ വസ്രാല്‍കോ എന്നിവര്‍ ഐസ്ലാന്‍ഡിനെതിരെ ഇറങ്ങാനിടയില്ല. മോഡ്രിച് ഉള്‍പ്പെടെയുള്ള മറ്റു പ്രമുഖ താരങ്ങള്‍ക്കും നോക്കൗട്ടിന് മുന്നോടിയായി വിശ്രമമനുവദിച്ചേക്കും. സബ്സ്റ്റിറ്റിയൂഷനായി ഇവര്‍ ഇറങ്ങിയേക്കാമെങ്കിലും ആദ്യ ഇലവനില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

സാധ്യതാ ടീം: ലൊവ്രെ കാലിനിച്; ടിന്‍ ജെഡ്വാ, വെഡ്രാന്‍ കൊര്‍ലൂക്ക, ദോമഗോജ് വിദ, ജോസിപ് പിവാരിച്ച്; മിലാന്‍ ബാദെല്‍ജ്, മത്തേയോ കൊവാസിച്, ഫിലിപ് ബ്രദാരിച്; മാര്‍കോ പ്യാക്ക, ആന്ദ്രെ ക്രമാരിച്, ഇവാന്‍ പെരിസിച്.

ഐസ്‌ലാന്‍ഡ്

ആദ്യ ലോകകപ്പില്‍ നന്നായി തുടങ്ങി രണ്ടാം മത്സരത്തില്‍ നിറംമങ്ങിപ്പോയ ടീമാണ് ഐസ്‌ലാന്‍ഡ്. അര്‍ജന്റീനയെ സമനിലയില്‍ തളച്ച ഐസ്‌ലാന്‍ഡ് രണ്ടാം മത്സരത്തില്‍ നൈജീരിയയ്‌ക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റു. ക്രൊയേഷ്യയ്‌ക്കെതിരെ ലോകകപ്പിലെ ആദ്യ ജയവും പ്രീക്വാര്‍ട്ടറും പ്രതീക്ഷിച്ചാണ് അവരിറങ്ങുന്നത്. ജയമില്ലാത്ത എട്ടു മത്സരങ്ങളിലൂടെയാണ് അവര്‍ കടന്നുപൊയ്‌ക്കെണ്ടിരിക്കുന്നത്. അവസാന എട്ടു മത്സരങ്ങളില്‍ അഞ്ച് തോല്‍വിയും മൂന്ന് സമനിലയുമാണ് സമ്പാദ്യം. എന്നാല്‍, തോല്‍വികളില്‍ നിന്ന് അപ്രതീക്ഷിതമായി തിരിച്ചുവരാനുള്ള കഴിവാണ് ഐസ്‌ലാന്‍ഡ് ടീമിനെ അപകടകാരികളാക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഫിഫ റാങ്കിങില്‍ നൂറിലേറെ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തുകയും മുന്‍ചാമ്പ്യന്‍മാരായ ഇറ്റലിയെ വരെ അട്ടിമറിച്ച് ലോകകപ്പ് യോഗ്യത നേടുകയും ചെയ്ത ഐസ്‌ലാന്‍ഡില്‍ നിന്ന് എന്തും പ്രതീക്ഷിക്കാം.


ഐസ്ലാന്‍ഡ്-അര്‍ജന്റീന മത്സരം

ആദ്യ മത്സരത്തില്‍ അര്‍ജന്റീനയ്‌ക്കെതിരെ കളിച്ച 4-5-1 ന്ന പ്രതിരോധത്തിലൂന്നിയ ശൈലിയാകും ക്രൊയേഷ്യയ്‌ക്കെതിരെയും ഐസ്‌ലാന്‍ഡ് പരീക്ഷിക്കുക. 4-4-2 ശൈലിയായിരുന്നു നൈജീരിയയ്‌ക്കെതിരെ അവര്‍ സ്വീകരിച്ചിരുന്നത്. ക്രൊയേഷ്യ, പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നു എന്നതും ഐസ്‌ലാന്‍ഡുകാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏറ്റു മുട്ടിയപ്പോള്‍ ഹോം മാച്ചില്‍ ക്രൊയേഷ്യയ്‌ക്കെതിരെ ജയം കണ്ടെത്താനും ഐസ്‌ലാന്‍ഡിനായിരുന്നു.

ഒരു ജയം കൊണ്ടുമാത്രം ഐസ്‌ലാന്‍ഡിന് നോക്കൗട്ട് ഉറപ്പിക്കാനാവില്ല. അര്‍ജന്റീന – നൈജീരിയ മത്സരഫലവും കൂടിയാകും അവരുടെ മുന്നോട്ടുള്ള പ്രയാണത്തെ നിശ്ചയിക്കുക. മത്സരത്തില്‍ നൈജീരിയ ജയിച്ചാല്‍ ഐസ്‌ലാന്‍ഡിന് നാട്ടിലേക്ക് പോകാം. മറിച്ച് അര്‍ജന്റീനയാണ് ജയിക്കുന്നതെങ്കില്‍ ഗോള്‍ വ്യത്യാസവും കൂടി പരിഗണിക്കേണ്ടിവരും. നിലവില്‍ ഐസ്‌ലാന്‍ഡിന് -2ഉം അര്‍ജന്റീനയ്ക്ക് -3മാണ് ഗോള്‍ വ്യത്യാസം. ഇരു ടീമുകളും ജയിച്ചാല്‍ മത്സരത്തിലെ സ്‌കോറുകളാകും നിര്‍ണായകമാവുക.

സാധ്യതാ ടീം: ഹാനസ് ഹാള്‍ഡോര്‍സണ്‍; ബിര്‍കിര്‍ സേവാര്‍സണ്‍, കാരി ആര്‍നസണ്‍, റാഗ്‌നാര്‍ സിഗുര്‍ഡ്സണ്‍, ഹോര്‍ദോര്‍ മഗ്‌നുസണ്‍; എമില്‍ ഹാല്‍ഫ്രെഡ്സണ്‍, ആരോണ്‍ ഗുന്നാര്‍സണ്‍; ജെവഹാന്‍ ഗുഡ്മുണ്ട്‌സണ്‍, ഗില്‍ഫി സിഗുര്‍ഡ്സണ്‍; ബിര്‍കിര്‍ ജാര്‍നസണ്‍, ആല്‍ഫ്രെഡ് ഫിന്‍ബോഗ്സണ്‍.

വേള്‍ഡ് കപ്പ് ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ലൈംഗികാതിക്രമം!

അര്‍ജന്റീന ടീമില്‍ അടി തുടരുന്നു? മെസി നിരാശനും ദുഖിതനുമെന്ന് സബലെറ്റ

അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്താതെ ഞാന്‍ വിരമിക്കില്ല: മെസി

PREVIEW: മെസി, ഇന്നില്ലെങ്കില്‍ ഇനി ഇല്ല

മെസിയെ ഞങ്ങള്‍ക്കിഷ്ടമാണ്, പക്ഷെ അദ്ദേഹത്തിന്റെ കളി കാണാനല്ല ഞങ്ങളിവിടെ വന്നിരിക്കുന്നത്: നൈജീരിയന്‍ കോച്ച്‌

ടീം മുഴുവന്‍ സമ്മര്‍ദ്ദത്തിലും നിരാശയിലുമാണ്: എല്ലാം മെസിയുടെ തലയില്‍ വയ്ക്കരുത്: മഷറാനോ (വീഡിയോ)

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍