UPDATES

കായികം

PREVIEW: അതിഥേയര്‍ക്ക് ഇന്ന് അഭിമാന പോരാട്ടം; മറ്റൊരു ലോകകപ്പിലേക്കുള്ള സ്‌പെയിന്റെ കുതിപ്പ് തുടരുമോ?

എ ഗ്രൂപ്പില്‍ നിന്ന് റഷ്യ അനായാസം പ്രീക്വാര്‍ട്ടറില്‍ എത്തിയപ്പോള്‍ ഒരൊറ്റ ജയത്തിന്റെ ബലത്തിലാണ് സ്പെയിന്‍ ആദ്യഘട്ടം കടന്നത്

Avatar

അമീന്‍

കിരീടമോഹവുമായി എത്തിയ സ്പെയിനും ആദ്യ റൗണ്ടില്‍ നാണംകെടുമോ എന്ന് ഭയന്നിരുന്ന റഷ്യയും.. പക്ഷേ, കളി നോക്കൗട്ടിലെത്തുമ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. കാരണം ലോകകപ്പ് ആരംഭിക്കുമ്പോഴുള്ള ടീമുകളല്ല ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ ഇവര്‍. എ ഗ്രൂപ്പില്‍ നിന്ന് റഷ്യ അനായാസം പ്രീക്വാര്‍ട്ടറില്‍ എത്തിയപ്പോള്‍ ഒരൊറ്റ ജയത്തിന്റെ ബലത്തിലാണ് സ്പെയിന്‍ ആദ്യഘട്ടം കടന്നത്. കഴിഞ്ഞ നവംബറില്‍ ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.

റഷ്യ

ലോകകപ്പില്‍ പ്രവേശിച്ചത് ആതിഥേയരെന്ന ആനുകൂല്യത്തില്‍. 32 ടീമുകളില്‍ ഏറ്റവും കുറഞ്ഞ റാങ്കിങ്. നാലുപാടു നിന്നും വിമര്‍ശനങ്ങള്‍. ലോകകപ്പ് തുടങ്ങും മുമ്പ് റഷ്യ ആദ്യ റൗണ്ട് കടക്കുമോ എന്ന് അവരുടെ ഏറ്റവും ശുഭാപ്തിവിശ്വാസിയായ ആരാധകന്‍ പോലും സംശയിച്ചിരിക്കണം. പക്ഷേ, റഷ്യ നോക്കൗട്ടിലെത്തി. ആധികാരികമായിത്തന്നെ.

ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്നുതന്നെ ആതിഥേയര്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ഉദ്ഘാടന മത്സരത്തില്‍ സൗദിയെ അഞ്ചു ഗോളിന് തറപറ്റിച്ച റഷ്യ, തങ്ങള്‍ പഴയ റഷ്യയല്ലെന്ന് തെളിയിച്ചു. തൊട്ടടുത്ത മത്സരത്തില്‍ ഈജിപ്തിനെ 3-1ന് തോല്‍പിച്ച് അവര്‍ നോക്കൗട്ട് ഉറപ്പാക്കി. അവസാന മത്സരത്തില്‍ ഉറുഗ്വായോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റത് ക്ഷീണമായെങ്കിലും ഏത് ടീമിനെയും തോല്‍പിക്കാമെന്ന ആത്മവിശ്വാസം അവര്‍ ഇതിനകം നേടിയെടുത്തു കഴിഞ്ഞു.

റഷ്യന്‍ കാര്‍ണിവലില്‍ നിന്ന് വിട പറയുന്ന മെസിയും ക്രിസ്റ്റിയാനോയും/ ചിത്രങ്ങള്‍

അതേസമയം, തങ്ങളുടെ പരിമിതികളെ കുറിച്ചും അവര്‍ തിരിച്ചറിയുന്നുണ്ട്. ‘സ്പെയിനിന് മികവുറ്റ താരങ്ങളാണുള്ളത്. അവരെല്ലാവരും തന്നെ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകള്‍ക്കായി കളിക്കുന്നവരാണ്. അവരുടെ നിലവാരത്തിലേക്ക് ഉയരാനാണ് ഞങ്ങളുടെ ശ്രമം’-ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ഗോളടിച്ച ചെറിഷേവ് റഷ്യയുടെ സൂപ്പര്‍താരമായ ചെറിഷേവിന്റെ വാക്കുകളാണിവ.

ചെറിഷേവിനെ കൂടാതെ സ്യൂബയെയും ഗാസിന്‍സ്‌കിയെയും ഗൊളോവിനെയും പോലുള്ള താരങ്ങള്‍ അവസരത്തിനൊത്ത് ഉയരുന്നതാണ് റഷ്യക്ക് തുണയാകുന്നത്. മിഡ്ഫീല്‍ഡര്‍ അലന്‍ സഗയോവ് പരിക്കില്‍ നിന്ന് മുക്തനായിട്ടുണ്ട്. അതേസമയം, ഉറുഗ്വായ്ക്കെതിരെ ചുവപ്പു കാര്‍ഡ് വാങ്ങിയ ഇഗോള്‍ സ്മോള്‍നിക്കോവ് ഈ മത്സരത്തിനുണ്ടാകില്ല.

സോവിയറ്റ് യൂണിയനില്‍ നിന്നും റഷ്യ ആയതില്‍ പിന്നെ ആദ്യമായാണ് ടീം ലോകകപ്പ് നോക്കൗട്ടിലെത്തുന്നത്. ഇതിനു മുമ്പ് മൂന്നു തവണ (1994, 2002, 2014) യോഗ്യത നേടിയെങ്കിലും ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയായിരുന്നു. എന്നാല്‍, സോവിയറ്റ് യൂണിയനായിരുന്നപ്പോള്‍ പലതവണ ക്വാര്‍ട്ടറിലും ഒരു തവണ (1966) സെമിയിലും കടന്ന ചരിത്രം അവര്‍ക്കുണ്ട്.

തങ്ങളുടെ കുറവുകള്‍ മനസ്സിലാക്കി അതിസമ്മര്‍ദ്ദമില്ലാതെ ഗ്രൗണ്ടിലിറങ്ങിയാല്‍ റഷ്യ ആയതിനുശേഷമുള്ള ആദ്യ ക്വാര്‍ട്ടര്‍ എന്നത് വെറും സ്വപ്നം മാത്രമായേക്കില്ല. പ്രത്യേകിച്ച് 80,000ലേറെ പേരെ ഉള്‍ക്കൊള്ളാനാകുന്ന ലൂഷ്നികി സ്റ്റേഡിയത്തിലെത്തുന്ന ആരാധകരുടെ പിന്തുണ കൂടിയാകുമ്പോള്‍.

സാധ്യതാ ടീം: ഇഗോള്‍ അക്കിന്‍ഫീവ്; മാരിയോ ഫെര്‍ണാണ്ടസ്, ഇല്യ കുറ്റെപ്പോവ്, സെര്‍ജി ഇഗ്‌നാസെവിച്ച്, യൂറി സിര്‍ക്കോവ്; റോമന്‍ സോബ്നിന്‍, ദലേര്‍ കുസന്യേവ്; അലക്‌സാണ്ടര്‍ സമദോവ്, അലക്സാണ്ടര്‍ ഗൊളോവിന്‍, ഡെനിസ് ചെറിഷേവ്; സ്യൂബ.

സ്പെയിന്‍

ഗ്രൂപ്പ് ഘട്ടത്തില്‍ പ്രതീക്ഷിച്ച കുതിപ്പ് നടത്താനായില്ലെങ്കിലും അര്‍ജന്റീനയും പോര്‍ച്ചുഗലും ജര്‍മനിയും പുറത്തായ സാഹചര്യത്തില്‍ ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഫേവറിറ്റുകളില്‍ ഒന്നാണ് സ്‌പെയിന്‍. ടീം ഘടനയിലും കളിമികവിലും റഷ്യയേക്കാള്‍ ഏറെ മുന്നിലാണവര്‍.

പോര്‍ച്ചുഗലിനെതിരായ ക്ലാസിക്ക് പോരാട്ടത്തോടെയാണവര്‍ ലോകകപ്പ് ആരംഭിച്ചത്. ഉജ്ജ്വലമായി കളിച്ച സ്പാനിഷ് ടീമിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന അതികായന് മുന്നിലാണ് സമനില വഴങ്ങേണ്ടി വന്നത്. രണ്ടാമത്തെ മത്സരത്തില്‍ ഇറാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചെങ്കിലും അവസാന മത്സരത്തില്‍ അവര്‍ക്ക് മൊറോക്കോയ്‌ക്കെതിരെയും സമനില വഴങ്ങേണ്ടിവന്നു.

‘ഇനി മുതല്‍ ഞാന്‍ ഒരു അര്‍ജന്റീന ആരാധകന്‍ മാത്രം’; മഷരാനോ ബൂട്ടഴിച്ചു

 

ഡീഗോ കോസ്റ്റയും ഇനിയേസ്റ്റയുമൊക്കെ അണിനിരക്കുന്ന സ്പാനിഷ് ടീം പ്രതിഭാസമ്പന്നമാണ്. എന്നാല്‍, സെര്‍ജിയോ റാമോസും പിക്വെക്കുമൊക്കെ ഉള്‍പ്പെടുന്ന പ്രതിരോധം ഇതുവരെ യഥാര്‍ത്ഥ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. മൂന്നു കളികളില്‍ അഞ്ചു ഗോള്‍ വഴങ്ങിയത് ഗോള്‍കീപ്പര്‍ ഡിഗിയക്കും നല്ല വാര്‍ത്തയല്ല.

ചാമ്പ്യന്‍മാരായ 2010 ഫൈനലിനു ശേഷം ആദ്യമായാണ് സ്‌പെയിന്‍ ലോകകപ്പ് നോക്കൗട്ട് കളിക്കുന്നത്. ആതിഥേയര്‍ക്കെതിരെ ആധികാരികമായൊരു ജയം തന്നെ ലക്ഷ്യമിട്ടാകും ഫെര്‍ണാണ്ടോ ഹിയറോ തന്റെ ടീമിനെ കളത്തിലെത്തിക്കുക.

സാധ്യതാ ടീം: ഡേവിഡ് ഡി ഗിയ; ഡാനി കാര്‍വാജല്‍, ജെറാര്‍സ് പിക്വെ, സെര്‍ജിയോ റാമോസ്, ജോര്‍ഡി ആല്‍ബ; സെര്‍ജിയോ ബുസ്‌കെറ്റ്‌സ്, കൊക്കെ, ആന്ദ്രെ ഇനിയേസ്റ്റ, ഇസ്‌കൊ; ഡീഗോ കോസ്റ്റ, ഇയാഗോ അസ്പസ്.

ഈ ലോകകപ്പ് മിസ് ചെയ്യുന്നത് കൊളീനയെ

‘ഇറാനിയന്‍ മെസി’ വിരമിച്ചു: അമ്മയുടെ ആരോഗ്യം മോശമായത് താന്‍ അപമാനിക്കപ്പെട്ടതില്‍ മനം നൊന്തെന്ന് ആരോപണം

 

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍