UPDATES

ട്രെന്‍ഡിങ്ങ്

മികവ് ആവര്‍ത്തിക്കാന്‍ ക്രിസ്റ്റിയാനോ; ചരിത്രത്തില്‍ കണ്ണുനട്ട് മൊറോക്കോ

പോര്‍ച്ചുഗലിനെതിരെ സമനില വഴങ്ങിയപ്പോള്‍ സ്പെയിന്‍ കളിക്കാര്‍ക്കും ആരാധകര്‍ക്കും തോന്നിയിരിക്കണം- പോര്‍ച്ചുഗലെന്ന ടീമല്ല, റൊണാള്‍ഡോയെന്ന കാല്‍പ്പന്ത് മാന്ത്രികനാണ് തങ്ങളുടെ ജയം തട്ടിയെടുത്തതെന്ന്..

Avatar

അമീന്‍

‘ഇന്ത്യയെന്ന ടീമിനോടല്ല, സച്ചിനെന്ന കളിക്കാരനോടാണ് ഞങ്ങള്‍ തോറ്റത്‘- ഇന്ത്യക്കെതിരായ ഒരു ക്രിക്കറ്റ് മത്സരത്തിനു ശേഷം ഓസ്ട്രേലിയന്‍ താരം മാര്‍ക്ക് ടെയ്ലര്‍ പറഞ്ഞ വാക്കുകളാണിവ. കഴിഞ്ഞ ദിവസം പോര്‍ച്ചുഗലിനെതിരെ സമനില വഴങ്ങിയപ്പോള്‍ സ്പെയിന്‍ കളിക്കാര്‍ക്കും ആരാധകര്‍ക്കും തോന്നിയിരിക്കണം- പോര്‍ച്ചുഗലെന്ന ടീമല്ല, റൊണാള്‍ഡോയെന്ന കാല്‍പ്പന്ത് മാന്ത്രികനാണ് തങ്ങളുടെ ജയം തട്ടിയെടുത്തതെന്ന്. തന്റെ നാലാം ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ഹാട്രിക്കോടെ വരവറിയിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഗ്രൂപ്പ് ബിയിലെ പോര്‍ച്ചുഗല്‍-മൊറോക്കോ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. നെയ്മറും മെസ്സിയുമെല്ലാം ആദ്യ മത്സരത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ ക്രിസ്റ്റിയാനോ സ്പയിനില്‍ നിന്ന് സമനില പിടിച്ചുവാങ്ങുകയായിരുന്നു.

പോര്‍ച്ചുഗല്‍

റാങ്കിങില്‍ നാലാംസ്ഥാനത്തുള്ള പോര്‍ച്ചുഗലിന് 41-ാം സ്ഥാനത്തുള്ള മൊറോക്കോ അത്ര പ്രബലരായ എതിരാളികളല്ല. എന്നാല്‍, ലോകകപ്പിലെ മറ്റു മത്സരഫലങ്ങള്‍ പോര്‍ച്ചുഗലിനെയും ഭയപ്പെടുത്തുന്നുണ്ടാകണം. അര്‍ജന്റീനയെ ഐസ്ലന്‍ഡും ബ്രസീലിനെ സ്വിറ്റ്സര്‍ലന്‍ഡും സമനിലയില്‍ തളച്ചപ്പോള്‍ ചാമ്പ്യന്‍മാരായെത്തിയ ജര്‍മനിയെ മെക്സിക്കോ എതിരില്ലാത്ത ഒരു ഗോളിന് കെട്ടുകെട്ടിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ 16-ാം സ്ഥാനക്കാരായ കൊളംബിയയെ 61-ാം റാങ്കിലുള്ള ജപ്പാന്‍ 2-1ന് തോല്‍പിച്ചു. അതിനാല്‍ കടലാസിലെ ശക്തി മാത്രം പോരാ കളിക്കളത്തിലെ ജയത്തിനെന്ന് വ്യക്തം.

സ്പെയിന്‍-പോര്‍ച്ചുഗല്‍ മത്സരം

യൂറോ ചാമ്പ്യന്‍മാരെന്ന പെരുമയോടെയാണ് എത്തിയതെങ്കിലും സ്പെയിനിനെതിരെ പോര്‍ച്ചുഗലിന്റെ പ്രകടനം അത്ര ആശാവഹമായിരുന്നില്ല. ക്രിസ്റ്റിയാനോയെ ഒഴിച്ചു നിര്‍ത്തിയാല്‍ ശരാശരിക്കപ്പുറം പ്രകടനം നടത്താന്‍ പോര്‍ച്ചുഗീസ് നിരയില്‍ ആര്‍ക്കുമായില്ല. ക്രിസ്റ്റിയാനോ ഒരുക്കിയ അവസരങ്ങള്‍ സഹതാരങ്ങള്‍ തുലയ്ക്കുന്ന സാഹചര്യവുമുണ്ടായി. എന്നാല്‍, 62 ശതമാനം ബോള്‍ പൊസഷനുമായി കളം നിറഞ്ഞ സ്പാനിഷ് ടീമിനെതിരെ മികച്ച പ്രത്യാക്രമണമൊരുക്കാന്‍ അവര്‍ക്കായി. മുന്നേറ്റ നിരയില്‍ ഗോണ്‍സാലോ ഗ്യൂഡസോ ആന്ദ്രെ സില്‍വയോ അവസരത്തിനൊത്തുയര്‍ന്നാല്‍ പോര്‍ച്ചുഗലിന്റെ ആക്രമണത്തിന് മൂര്‍ച്ചയേറും. നോക്കൗട്ടില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ബെര്‍നാഡോ സില്‍വയും ജോവോ മരിയോയും മൗട്ടീന്യോയും ബെര്‍ണാഡോ സില്‍വയുമൊക്കെ മധ്യനിരയില്‍ കളി മെനയുന്നതില്‍ മികവ് കാണിക്കേണ്ടിയിരിക്കുന്നു.

സാധ്യതാ ടീം: റൗള്‍ പാട്രീഷ്യോ; സെഡ്രിക്, പെപെ, ഹോസെ ഫോണ്ടെ, റാഫേല്‍ ഗ്യുറെയ്റോ; വില്ല്യം കാര്‍വാലോ, ജോവോ മൗട്ടീന്യോ, ബര്‍ണാഡോ സില്‍വ, ജോവോ മരിയോ; ആന്ദ്രെ സില്‍വ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

മൊറോക്കോ

പോര്‍ച്ചുഗലിനെതിരെ കളിമികവിനൊപ്പം ചരിത്രത്തെ കൂടി മൊറോക്കോ കൂട്ടുപിടിക്കുന്നുണ്ട്. ലോകകപ്പില്‍ ഇതിനു മുമ്പ് പോര്‍ച്ചുഗലിനെ നേരിട്ടപ്പോള്‍ മൊറോക്കോയ്ക്കായിരുന്നു ജയം. 1986 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിനെ 3-1ന് തോല്‍പിച്ചാണ് മൊറോക്കോ ആദ്യമായി (അവസാനമായും) നോക്കൗട്ട് ഘട്ടത്തില്‍ എത്തിയത്. പോളണ്ടിനെയും ഇംഗ്ലണ്ടിനെയും ഗോള്‍രഹിത സമനിലയില്‍ തളച്ച മൊറോക്കോ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായാണ് റൗണ്ട് ഓഫ് 16-ല്‍ എത്തിയത്. എന്നാല്‍ പശ്ചിമ ജര്‍മനിയോട് പൊരുതി തോല്‍ക്കാനായിരുന്നു (10) അവരുടെ വിധി. അതിനു മുമ്പ് ഒരു തവണയും (1970) ശേഷം രണ്ടു തവണയും (1994, 1998) ലോകകപ്പ് യോഗ്യത നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. രണ്ടു പതിറ്റാണ്ടിനിപ്പുറം വീണ്ടും ലോകകപ്പിനെത്തുമ്പോള്‍, ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗല്‍ തന്നെ എതിരാളികളായെത്തുമ്പോള്‍ 1986 ആവര്‍ത്തിക്കാമെന്ന പ്രതീക്ഷ മൊറോക്കോക്കാരുടെ ഉള്ളിലുണ്ടാകും. അന്ന് പ്രീ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന ഖ്യാതിയും അവര്‍ സ്വന്തമാക്കിയിരുന്നു.

മൊറോക്കോ-ഇറാന്‍ മത്സരം

മൊറോക്കോയുടെ ആദ്യ മത്സരം നിരാശയില്‍ മുങ്ങിയതായിരുന്നു. ഇറാനെതിരെ മികച്ച കളിയാണ് അവര്‍ പുറത്തെടുത്തത്. നിര്‍ഭാഗ്യം കൊണ്ട് ഗോള്‍ നേടാനായില്ലെന്ന് മാത്രം. എന്നാല്‍ കളിയുടെ അവസാന നിമിഷം ആ നിര്‍ഭാഗ്യം സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ ദുരന്തമായി പരിണമിക്കുകയായിരുന്നു. ഗോള്‍രഹിത സമനിലയില്‍ പിരിയേണ്ട മത്സരത്തിലെ അന്ത്യത്തില്‍ എഹ്സാന്‍ ഹാജി സാഫിയുടെ ഫ്രീകിക്ക് തടയാന്‍ ശ്രമിച്ച മൊറോക്കന്‍ താരം ബൗഹാദൗസിന് പിഴച്ചു. പന്ത് സ്വന്തം വലയില്‍! തിരിച്ചടിക്കാന്‍ പോയിട്ട് സംഭവിച്ചതെന്തെന്ന് മൊറോക്കോ തിരിച്ചറിയുമ്പോഴേക്കും ഫൈനല്‍ വിസില്‍ മുഴങ്ങിയിരുന്നു. ശക്തരായ പോര്‍ച്ചുഗലിനെയും സ്പെയിനെയും നേരിടും മുമ്പ് വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് അവര്‍ കൈവിട്ടത്. അതിനാല്‍ തന്നെ ഇനിയൊരു തോല്‍വി മൊറോക്കോയുടെ നോക്കൗട്ട് സാധ്യതകള്‍ തന്നെ ഇല്ലാതാക്കും.

യോഗ്യതാ റൗണ്ടില്‍ ആഫ്രിക്കയിലെ ഗ്രൂപ്പ് സിയില്‍ നിന്നും ഒന്നാംസ്ഥാനക്കാരായാണ് മൊറോക്കോ ലോകകപ്പിനെത്തിയത്. യോഗ്യതാ റൗണ്ടിലെ ആറു മത്സരങ്ങളില്‍ മൂന്ന് ജയവും മൂന്ന് സമനിലയും സ്വന്തമാക്കിയ മൊറോക്കന്‍ പ്രതിരോധനിര ഒരു ഗോള്‍ പോലും വഴങ്ങിയില്ലെന്നതും ശ്രദ്ധേയമാണ്. യോഗ്യതാ റൗണ്ടിലെ ടോപ് സ്‌കോററായ ഖാലിദ് ബൗത്തെയ്ബ് നയിക്കുന്ന ആക്രമണ നിര അവശ്യഘട്ടങ്ങളില്‍ ഗോളടിക്കാനും പ്രാപ്തരാണ്. തോറ്റാല്‍ ലോകകപ്പിലെ മുന്നേറ്റം തന്നെ അസാധ്യമാകുമെന്നതിനാല്‍ ഒരു അട്ടിമറി ലക്ഷ്യമിട്ടാകും മൊറോക്കോ നാളെ സെന്റ് പീറ്റേഴ്സ്ബെര്‍ഗിലിറങ്ങുക. പോര്‍ച്ചുഗലിനെതിരായ മത്സരം തങ്ങള്‍ക്ക് ‘ഫൈനലാ’ണെന്ന് മൊറോക്കന്‍ താരം സബീല്‍ ദിദാറും വ്യക്തമാക്കിയിട്ടുണ്ട്.

സാധ്യതാ ടീംമൊനീര്‍ എല്‍ കജ്വായ്; അഷ്റഫ് ഹകീമി, ഗനെം സെയ്സ്, മെഹ്ദി ബെനാഷ്യ, ഹംസ മെന്‍ഡില്‍; കരിം എല്‍ അഹ്മദി, ഹകിം സിയാച്, എംബാര്‍ക്ക് ബൗസുഫ, യൂനസ് ബെല്‍ഹാന്‍ഡ, നൂറുദ്ദിന്‍ അമ്രബത്; ഖാലിദ് ബൗത്തെയ്ബ്.

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍