UPDATES

ട്രെന്‍ഡിങ്ങ്

PREVIEW: മത്സരം ഐസ്‌ലന്‍ഡും നൈജീരിയയും തമ്മില്‍; ചങ്കിടിപ്പ് അര്‍ജന്റീനയ്ക്ക്!

ഗ്രൂപ്പ് ഡിയി-ല്‍ അര്‍ജന്റീന ക്രൊയേഷ്യയോട് തോറ്റതോടെ കുഞ്ഞന്‍മാരുടെ വമ്പന്‍ മത്സരമായി മാറിയിരിക്കുന്നു ഐസ്‌ലാന്‍ഡ്-നൈജീരിയ പോര്

Avatar

അമീന്‍

കന്നി ലോകകപ്പില്‍ നോക്കൗട്ട് ലക്ഷ്യമിട്ട് ഐസ്‌ലന്‍ഡും സാധ്യതകള്‍ നിലനിര്‍ത്താന്‍ നൈജീരിയയും വോള്‍ഗോഗ്രാഡ് അറീനയില്‍ ഇന്ന് അങ്കത്തിനിറങ്ങുമ്പോള്‍ ചങ്കിടിപ്പ് കൂടുതല്‍ ഗ്രൂപ്പിലെ പ്രബലരായ അര്‍ജന്റീനയ്ക്കും അവരുടെ ആരാധകര്‍ക്കുമാണ്. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ മൂന്ന് ഗോളിന് അടിയറവ് പറഞ്ഞതോടെ ഇനി ഗ്രൂപ്പിലെ മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിച്ചാകും അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍. രണ്ടു മത്സരങ്ങളിലും ജയിച്ച് ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച സാഹചര്യത്തില്‍ അര്‍ജന്റീനയ്ക്ക് ഏറ്റവും നിര്‍ണായകമായ മത്സരമാണ് ഇന്ന് ഐസ്‌ലന്‍ഡും നൈജീരിയയും തമ്മില്‍ നടക്കുക. ഇതില്‍ ഏത് ടീം ജയിച്ചാലും അര്‍ജന്റീനയെ മറികടക്കാനാകും. പിന്നീട് ഗ്രൂപ്പിലെ അവസാന ഘട്ട മത്സരങ്ങളാകും പ്രീ ക്വാര്‍ട്ടറിലെത്തുന്ന ടീമിനെ നിശ്ചയിക്കുക. ഗ്രൂപ്പില്‍ താരതമ്യേന ദുര്‍ബലരായ നൈജീരിയക്കെതിരെ ഒരു മത്സരം ബാക്കിയുള്ളതിനാലും ആദ്യ മത്സരത്തില്‍ അവര്‍ തോറ്റ് നില്‍ക്കുന്നതിനാലും നൈജീരിയയുടെ ജയമാകും അര്‍ജന്റീന ആരാധകര്‍ക്ക് പഥ്യം.

ഗ്രൂപ്പ് ഡി പോയിന്റ് പട്ടിക

ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ച ഐസ്‌ലന്‍ഡ് ഇന്നത്തെ കളിയില്‍ ജയിച്ചാല്‍ നാലു പോയിന്റുമായി അവര്‍ ഗ്രൂപ്പില്‍ രണ്ടാമതെത്തും. ക്രൊയേഷ്യക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം സമനിലയിലായാല്‍ പോലും ഐസ്‌ലന്‍ഡ് അഞ്ചു പോയിന്റുമായി നോക്കൗട്ടിലെത്തും. യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ക്രൊയേഷ്യ ഉള്‍പ്പെടുന്ന ഐ ഗ്രൂപ്പില്‍ നിന്ന് ഒന്നാംസ്ഥാനക്കാരായാണ് ഐസ്‌ലന്‍ഡ് ലോകകപ്പിന് എത്തുന്നതെന്നതും ശ്രദ്ധേയം. പത്തു മത്സരങ്ങളില്‍ ഏഴു ജയവും ഒരു സമനിലയുമുള്‍പ്പെടെ ഐസ്‌ലന്‍ഡ് 22 പോയിന്റ് നേടിയപ്പോള്‍ ക്രൊയേഷ്യ ആറു ജയവും രണ്ടു സമനിലയുമായ 20 പോയിന്റ് സ്വന്തമാക്കി രണ്ടാമതെത്തി. യോഗ്യതാ റൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ക്രൊയേഷ്യയോട് ആദ്യമത്സരത്തില്‍ 2-0ന് തോറ്റെങ്കിലും അടുത്ത മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച ചരിത്രവും ഐസ്‌ലന്‍ഡിനുണ്ട്. അര്‍ജന്റീനയെ സംബന്ധിച്ച് മത്സരം സമനിലയില്‍ കലാശിച്ച് ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിടുന്നതാകും ഏറ്റവും അഭികാമ്യമായ മത്സരഫലം.

ഐസ്‌ലന്‍ഡ്

അര്‍ജന്റീനയ്‌ക്കെതിരായ ഞെട്ടിക്കുന്ന സമനിലയോടെ ലോകകപ്പില്‍ അരേങ്ങറിയ ഐസ്‌ലന്‍ഡ് ഇത്തവണ കറുത്ത കുതിരകളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ടീമുകളിലൊന്നാണ്. നിലവിലെ ഫോമില്‍ നൈജീരിയക്കെതിരെ ഐസ്‌ലന്‍ഡിന് തന്നെയാണ് സാധ്യത. ആദ്യമത്സരത്തില്‍ പ്രബലരായ എതിരാളികള്‍ക്ക് പന്ത് വിട്ടുകൊടുത്ത് 512-നെതിരെ വെറും 89 പാസുകളുമായി ഗോള്‍മുഖം കാത്ത ഐസ്‌ലന്‍ഡ് ഇന്ന് നൈജീരിയക്കെതിരേ തന്ത്രം മാറ്റുമോ എന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ തിരയുന്നത്. മുന്നോട്ടുള്ള പ്രയാണത്തിന് ജയം അനിയവാര്യമായ മത്സരത്തില്‍ ടീമിന് പ്രതിരോധത്തിലൂന്നിയ കളി ഫലം ചെയ്യില്ല. ഐസ്‌ലന്‍ഡ് മുന്നേറ്റനിരയാകും ഇന്നത്തെ മത്സരത്തില്‍ കൂടുതല്‍ പരീക്ഷിക്കപ്പെടുക.


അര്‍ജന്റീന-ഐസ്‌ലന്‍ഡ് മത്സരം

22 ശതമാനം ബോള്‍ പൊസഷനില്‍ ഒതുങ്ങിയെങ്കിലും തങ്ങളുടെ 89 പാസുകള്‍ക്കിടെ അര്‍ജന്റീനയ്‌ക്കെതിരെ ഒരു ഗോള്‍ കണ്ടെത്തിയ ഐസ്‌ലന്‍ഡ് മുന്നേറ്റവും പ്രതീക്ഷയര്‍പ്പിക്കാവുന്ന ഡിപ്പാര്‍ട്ട്‌മെന്റാണ്. 19-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂരോയിലൂടെ മുന്നിലെത്തിയ അര്‍ജന്റീനയ്‌ക്കെതിരെ വെറും നാലു മിനിറ്റിനുള്ളിലാണ് അവര്‍ സമനില പിടിച്ചത്. അര്‍ജന്റീനന്‍ പ്രതിരോധത്തെ തുളച്ച് ഫിന്‍ബൊഗാസണ്‍ നേടിയ ഗോള്‍ ഐസ്‌ലന്‍ഡ് പകരുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.

സാധ്യതാ ടീം: ഹാനസ് ഹാള്‍ഡോര്‍സണ്‍; ബിര്‍കിര്‍ സേവാര്‍സണ്‍, കാരി ആര്‍നസണ്‍, നാഗ്‌നാര്‍ സിഗുര്‍ഡ്സണ്‍, ഹോര്‍ദോര്‍ മഗ്‌നുസണ്‍; എമില്‍ ഹാല്‍ഫ്രെഡ്സണ്‍, ആരോണ്‍ ഗുന്നാര്‍സണ്‍; ഗില്‍ഫി സിഗുര്‍ഡ്സണ്‍, ബിര്‍കിര്‍ ജാര്‍നസണ്‍, റൂറിക് ജിസ്ലാസണ്‍; ആല്‍ഫ്രെഡ് ഫിന്‍ബോഗ്സണ്‍.

നൈജീരിയ

കാമറൂണ്‍, സാംബിയ, അള്‍ജീരിയ എന്നിവരുള്‍പ്പെട്ട ആഫ്രിക്കന്‍ ഗ്രൂപ്പില്‍ നിന്നും ലോകകപ്പിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ടീമല്ല നൈജീരിയ. എന്നാല്‍, അവര്‍ ഗ്രൂപ്പില്‍ ഒന്നാമന്‍മാരായി ലോകകപ്പിനെത്തി, ആരും പ്രതീക്ഷിക്കാത്ത കുതിപ്പോടെ. ആറു മത്സരങ്ങളില്‍ നാലിലും ജയിച്ച നൈജീരിയ അവസാന മത്സരത്തില്‍ അള്‍ജീരിയയോട് മാത്രമാണ് തോറ്റത്. കാമറൂണുമായുള്ള ഒരു മത്സരം സമനിലയിലായി.


ക്രൊയേഷ്യ-നൈജീരിയ മത്സരം

ലോകകപ്പിലെ മികവ് പരിശോധിച്ചാലും പിന്നിലല്ല ഈ ആഫ്രിക്കന്‍ ടീം. ഇതിനു മുമ്പ് അഞ്ചു തവണ ലോകകപ്പ് യോഗ്യത നേടിയപ്പോള്‍ മൂന്ന് തവണ നോക്കൗട്ടിലെത്തിയ ചരിത്രമുണ്ടവര്‍ക്ക്. 1994-ലെ ആദ്യ ലോകകപ്പില്‍ അര്‍ജന്റീനയും ഗ്രീസും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് ജേതാക്കളായാണ് അവര്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. അര്‍ജന്റീനയോട് തോറ്റെങ്കിലും ഗ്രീസിനെയും ബള്‍ഗേറിയയെയും തകര്‍ത്ത് ആഫ്രിക്കന്‍ കരുത്തന്‍മാര്‍ പ്രീക്വാര്‍ട്ടറിലെത്തി. 1998-ല്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിനെത്തിയ നൈജീരിയ സ്‌പെയിനിനെ അട്ടിമറിച്ചാണ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. 2002-ല്‍ ഇംഗ്ലണ്ടിനോട് ഗോള്‍രഹിത സമനില മാത്രമായി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടങ്ങി. 2006-ല്‍ യോഗ്യത നേടിയില്ല. 2010-ല്‍ ആദ്യറൗണ്ട് കടക്കാനായില്ലെങ്കിലും ബ്രസീല്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലെത്തി. ഇറാനോട് സമനിലയും ബോസ്‌നിയയോട് ജയവും അര്‍ജന്റീനയോട് തോല്‍വിയും വാങ്ങിയാണ് അവര്‍ റൗണ്ട് ഓഫ് 16-ല്‍ എത്തിയത്. എന്നാല്‍, ഫ്രാന്‍സിനോട് തോറ്റ് പുറത്താകാനായിരുന്നു സൂപ്പര്‍ ഈഗിള്‍സിന്റെ വിധി.

ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് എത്തിയതെങ്കിലും ക്രൊയേഷ്യക്കെതിരായ ആദ്യ മത്സരം നൈജീരിയക്ക് നിരാശയുടേതായിരുന്നു. ഭാവനാശൂന്യമായി കളിച്ച പ്രതിരോധം ഒത്തിണക്കമുള്ള ക്രൊയേഷ്യന്‍ മുന്നേറ്റത്തില്‍ നിഷ്പ്രഭരായിപ്പോയി. ആദ്യ മത്സരത്തിലെ പിഴവുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാല്‍ സാധ്യതകളില്ലാത്തവരല്ല ലെസ്റ്റര്‍ സിറ്റിയുടെ വില്‍ഫ്രഡ് എന്‍ഡിഡിയും ചെല്‍സിയുടെ വിക്ടര്‍ മോസസും ആഴ്‌സനലിന്റെ അലെക്‌സ് ഇവോബിയുമൊക്കെ അണിനിരക്കുന്ന നൈജീരിയയുടെ യുവനിര.

സാധ്യതാ ടീം: ഫ്രാന്‍സിസ് ഉസോഹോ; അബ്ദുള്ളാഹി ഷേഹു, വില്ല്യം ട്രൂസ്റ്റ് എക്കോങ്, ലിയോണ്‍ ബലോഗണ്‍, ബ്രയാന്‍ ഇഡോവു; വില്‍ഫ്രഡ് എന്‍ഡിഡി, ജോണ്‍ ഒബി മൈക്കല്‍, ഒഗനെക്കാരോ എറ്റബോ; വിക്ടര്‍ മോസസ്, ഓഡിയോണ്‍ ഇഘാലോ, അലക്സ് ഇവോബി.

 

PREVIEW: മെസി നല്‍കുന്ന പാഠം, അത് നെയ്മറിന് കൂടി ഉള്ളതാണ്; ഇന്ന് ബ്രസീല്‍ × കോസ്റ്റാറിക്ക മത്സരം

 

ഇനി അര്‍ജന്‍റീനയുടെ സാധ്യത ഇങ്ങനെ; ഭാഗ്യദേവത കൂടി കടാക്ഷിച്ചാല്‍….

 

അല്ല ചങ്ങായ്മാരേ, ഇനി ജയിച്ച് രണ്ടാം റൗണ്ടിലെത്തിയിട്ട് എന്താക്കാനാണ്? ഫ്രാന്‍സ്‌ കാണും അവിടെ!

 

മെസ്സിക്കും കബല്ലേരോയ്ക്ക് അര്‍ജന്‍റീനയുടെ ആരാധകര്‍ മാപ്പ് നല്‍കുമോ?

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍