UPDATES

ട്രെന്‍ഡിങ്ങ്

PREVIEW: ഇന്ന് മുന്നില്‍ നിന്ന് കളിക്കുന്ന നായകരുടെ കളി

മുന്നില്‍ നിന്ന് നയിക്കുന്ന നായകരാണ് ഇരുടീമുകളെയും ഒന്നിപ്പിക്കുന്ന മറ്റൊരു ഘടകം. ഹാരി കെയ്‌നും, ലൂക്ക മോഡ്രിച്ചും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും ഇന്ന് നടക്കുക.

Avatar

അമീന്‍

ഈ ലോകകപ്പിന്റെ തുടക്കത്തില്‍ അധികമാളുകള്‍ പ്രതീക്ഷിച്ച ടീമുകളല്ല ഇംഗ്ലണ്ടും ക്രൊയേഷ്യയും. എന്നാല്‍, ചിലപ്പോഴൊക്കെ ശങ്കിച്ചെങ്കിലും ഒടുവില്‍ ഫേവറിറ്റുകളെയും കരുത്തന്‍മാരെയുമൊക്കെ ചവിട്ടിക്കടന്ന് അവര്‍ അവസാന നാലിലെത്തി. ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കി തങ്ങളുടെ ശക്തികളിലൂന്നി കളിച്ചു എന്നതാണ് ഇവരുടെ കുതിപ്പിനു കാരണം. മുന്നില്‍ നിന്ന് നയിക്കുന്ന നായകരാണ് ഇരുടീമുകളെയും ഒന്നിപ്പിക്കുന്ന മറ്റൊരു ഘടകം. ഹാരി കെയ്‌നും, ലൂക്ക മോഡ്രിച്ചും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആരെ ഭാഗ്യം തുണയ്ക്കുമെന്ന് കളി കഴിയുന്നിടം വരെ കാത്തിരുന്നേ പറ്റൂ.

ഇംഗ്ലണ്ട്

ജി ഗ്രൂപ്പില്‍ നിന്നും സെമിയില്‍ ഇടംപിടിച്ച രണ്ടാമത്തെ ടീമാണ് ഇംഗ്ലണ്ട്. ബെല്‍ജിയം ചാമ്പ്യന്‍മാരായ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായിരുന്നു ഇംഗ്ലണ്ട്. ആദ്യ രണ്ടു മത്സരങ്ങളില്‍ ടുണീഷ്യയെയും പനാമയെയും തോല്‍പിച്ച് നോക്കൗട്ട് ഉറപ്പിച്ച ഇംഗ്ലണ്ട് അവസാന മത്സരത്തില്‍ ബെല്‍ജിയത്തോട് തോറ്റിരുന്നു. ഡെന്‍മാര്‍ക്കിനെതിരായ പ്രീ ക്വാര്‍ട്ടറിലും അത്ര ആശാവഹമായിരുന്നില്ല കാര്യങ്ങള്‍. മുഴുവന്‍ സമയത്തും അധികസമയത്തും 1-1 ആയിരുന്നു സ്‌കോര്‍. പിന്നീട് ഷൂട്ടൗട്ടില്‍ 4-3ന് ഡെന്‍മാര്‍ക്കിനെ മറികടന്നാണവര്‍ ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍, സ്വീഡനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആധികാരികമായി ജയിച്ചാണവര്‍ സെമിയിലെത്തുന്നത്.

സെറ്റ് പീസ് ഗോളുകളാണ് (ഫ്രീകിക്ക്, കോര്‍ണര്‍, ത്രോ തുടങ്ങിയവയില്‍ നിന്നും നേടുന്ന ഗോളുകള്‍) ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ കരുത്ത്. ഇതുവരെ ഇംഗ്ലണ്ട് നേടിയ 11 ഗോളുകളില്‍ എട്ടും സെറ്റ് പീസ് ഗോളുകളായിരുന്നു. സെറ്റ് പീസ് ഗോളുകള്‍ വഴങ്ങുന്ന ക്രൊയേഷ്യന്‍ ദൗര്‍ബല്യം ഇംഗ്ലീഷുകാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെതിരെയും ക്വാര്‍ട്ടറില്‍ റഷ്യക്കെതിരെയും വഴങ്ങിയ സെറ്റ് പീസ് ഗോളുകളാണ് ക്രൊയേഷ്യയെ ഷൂട്ടൗട്ടില്‍ എത്തിച്ചത്.

ടൂര്‍ണമെന്റില്‍ നിലവിലെ ടോപ് സ്‌കോററും ക്യാപ്റ്റനുമായ ഹാരി കെയ്ന്‍ തന്നെയാണ് ഇംഗ്ലണ്ടിന്റെ മുന്നണിപ്പോരാളി. നാലു മത്സരങ്ങളില്‍ നിന്നും മൂന്ന് പെനാല്‍റ്റികള്‍ ഉള്‍പ്പെടെ ആറു ഗോളുകളാണ് ഈ ഇരുപത്തിനാലുകാരന്‍ നേടിയത്. ഹാരി മഗ്യൂര്‍, ഡെലി അലി, ജോര്‍ദന്‍ ഹെന്‍ഡേഴ്സണ്‍, ജോര്‍ദാന്‍ പിക്ക്‌ഫോണ്ട്.. മുന്നേറ്റ നിരയില്‍ തുടങ്ങി ഗോള്‍ കീപ്പര്‍ വരെ പ്രതിഭയ്ക്കും പഞ്ഞമില്ല ഇംഗ്ലണ്ടിന്റെ യുവനിരയില്‍.
സ്ഥിരം ഫോര്‍മേഷനായ 3-3-2-2ല്‍ നിന്ന് ടീമിനെ മാറ്റാന്‍ കോച്ച് ഗാരെത് സൗത്ത്‌ഗേറ്റിന് താല്‍പര്യമില്ലെന്നാണ് ഇംഗ്ലീഷ് ക്യാമ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍ ഇടംപിടിക്കുന്നത്. ബെക്കാമിനും റൂണിയ്ക്കുമൊന്നും കൈപ്പിടിയിലൊതുക്കാനാകാത്ത നേട്ടം. 1966-ല്‍ ചാമ്പ്യന്‍മാരായിട്ടുള്ള ഇംഗ്ലണ്ടിന് 1990-ല്‍ സെമിയിലെത്തിയതാണ് എടുത്തുപറയാനുള്ള നേട്ടം. സെമിയില്‍ പശ്ചിമ ജര്‍മനിയോട് തോറ്റ അവര്‍ ലൂസേഴ്‌സ് ഫൈനലില്‍ ഇറ്റലിയോടും അടിയറവ് പറഞ്ഞ് നാലാംസ്ഥാനത്തായി. ഇപ്പോഴത്തെ ക്യാപ്റ്റനുള്‍പ്പെടെ ടീമിലെ മിക്കവാറും പേര്‍ അന്ന് ജനിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കാല്‍ നൂറ്റാണ്ടിന് ശേഷം സെമിയിലെത്തുമ്പോള്‍ ലോകകിരീടം തന്നെ ലക്ഷ്യമിട്ടാണ് അവരുടെ മുന്നേറ്റവും.

സാധ്യതാ ടീം: ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ്; കൈല്‍ വാക്കര്‍, ജോണ്‍ സ്റ്റോണ്‍സ്, ഹാരി മഗ്വെയ്ര്‍; കീറണ്‍ ട്രിപ്പിയര്‍, ഡെലെ, ഡോര്‍ദാന്‍ ഹെന്‍ഡേര്‍സണ്‍; ജെസ്സി ലിങ്ഗാര്‍ഡ്, ആഷ്‌ലി യങ്; റഹീം സ്റ്റെര്‍ലിങ്, ഹാരി കെയ്ന്‍.

ഇത്തവണത്തെ ലോകകപ്പ് കുടിയേറ്റക്കാര്‍ കൊണ്ടുപോകും; പെലെയുടെ സ്വപ്നം യാഥാർത്ഥ്യമാകും!

ക്രൊയേഷ്യ

ഈ ലോകകപ്പിലെ മികച്ച കളി പുറത്തെടുത്ത ടീമുകളില്‍ ഒന്ന് ക്രൊയേഷ്യയാണ്. ഉജ്ജ്വലമായാണവര്‍ ലോകകപ്പ് ആരംഭിച്ചത്. ആദ്യ മത്സരത്തില്‍ നൈജീരിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചു. രണ്ടാം മത്സരത്തില്‍ ഫേവറിറ്റുകളായ അര്‍ജന്റീനയ്‌ക്കെതിരെ 3-0ന്റെ അട്ടിമറി ജയം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഐസ്‌ലാന്‍ഡിനെതിരെ 2-1ന്റെ ജയം. അര്‍ജന്റീന ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്നും ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടറിലേക്ക്. എന്നാല്‍, ഇംഗ്ലണ്ടില്‍ നിന്നും വിഭിന്നമായി നന്നായി തുടങ്ങി പിന്നീടല്‍പം നിറംമങ്ങിയ പ്രകടനമാണ് ലൂക്ക മോഡ്രിച്ചിന്റെ ടീം പിന്നീട് പുറത്തെടുത്തത്. ഐസ്ലാന്‍ഡിനെതിരായ മത്സരത്തില്‍ തന്നെ അല്‍പം ബുദ്ധിമുട്ടിയ ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെതിരെയും ക്വാര്‍ട്ടറില്‍ റഷ്യക്കെതിരെയും പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് തോല്‍പിച്ചത്.

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ ക്രൊയേഷ്യക്ക് അത്ര ശുഭകരമല്ലാതാകുന്നത് മുഴുവന്‍ സമയത്തും അധികസമയത്തും സമനില വഴങ്ങി എന്നതുകൊണ്ട് മാത്രമല്ല സമ്മര്‍ദ്ദമേറിയ മത്സരങ്ങളില്‍ ദീര്‍ഘനേരം ഗ്രൗണ്ടില്‍ ചിലവിടേണ്ടിവന്നത് താരങ്ങളുടെ ഫിറ്റ്‌നസിനെയും ബാധിച്ചിരിക്കുമെന്നതിനാലാണ്. ഇംഗ്ലണ്ടിനെതിരായ സെമിയിലാകും ക്രൊയേഷ്യന്‍ താരങ്ങളുടെ കായികക്ഷമത യഥാര്‍ത്ഥത്തില്‍ പരീക്ഷിക്കപ്പെടാന്‍ പോകുന്നത്. അതേസമയം, പന്ത് ‘കാല്‍’വശം വെക്കുന്നതിലുള്ള ക്രൊയേഷ്യയുടെ മിടുക്കിനെ നേരിടുക ഇംഗ്ലണ്ടിനും എളുപ്പമാകില്ല. പ്രത്യാക്രമണ തന്ത്രത്തിലും തങ്ങള്‍ മിടുക്കരാണെന്ന് ക്രൊയേഷ്യ അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തില്‍ അവര്‍ തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡറുടെയും മധ്യനിരയുടെയും സാന്നിധ്യമാണ് ക്രൊയേഷ്യയുടെ കരുത്ത്. ലൂക്ക മോഡ്രിച്ച് എന്ന താരത്തിന്റെ പ്രതിഭാവിലാസം ലോകം അംഗീകരിച്ചത് ഈ ലോകകപ്പിലാണ്. മധ്യനിരയില്‍ കളിമെനയുന്നതിലും അവ വേഗത്തില്‍ എതിര്‍ ഗോള്‍ മുഖത്തെത്തിക്കുന്ന മുന്നേറ്റങ്ങളാക്കി മാറ്റുന്നതിലും മോഡ്രിച്ചും സംഘവും അസാധാരണ മികവാണ് കാണിക്കുന്നത്. റാക്കിറ്റിച്ചും പെരിസിച്ചും ബ്രൊസോവിച്ചുമൊക്കെ ചേരുന്ന മധ്യനിര ലോകത്തെ തന്നെ മികച്ചതാണ്. മുന്നേറ്റത്തില്‍ മന്‍സൂക്കിച്ച് ക്രൊയേഷ്യക്ക് വേണ്ടത് നല്‍കുന്നുണ്ട്.

ആറു ദിവസത്തിനിടെ 240 മിനിറ്റ് കളിച്ച താരങ്ങളുടെ ഫിറ്റ്‌നസ് തന്നെയാകും ക്രൊയേഷ്യന്‍ പരിശീലകന്‍ സ്ലാറ്റ്‌കോ ഡെലികിന്നെ അലട്ടുന്ന ഘടകം. ഗോള്‍ കീപ്പര്‍ സുബാസിച്ച് പരിക്കിന്റെ പിടിയിലാണെന്നത് ക്രൊയേഷ്യന്‍ ക്യാമ്പില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ സുബാസിച്ച് ഉണ്ടാകുമെന്ന് തന്നെയാണ് വിവരം. ടീം ഘടനയില്‍ മാറ്റമില്ലാതെ തന്നെയാകും ക്രൊയേഷ്യക്കാര്‍ ലൂഷ്‌നിക്കിയിലും ഇറങ്ങുക.

1998-ല്‍ ഫ്രാന്‍സിനോട് സെമിയില്‍ തോറ്റ് നെതര്‍ലന്‍ഡിനെ തോല്‍പിച്ച് മൂന്നാംസ്ഥാനം നേടിയിട്ടുള്ള ക്രൊയേഷ്യയുടെ കടുത്ത ആരാധകര്‍ പോലും ഈ ലോകകപ്പ് സെമി സ്വപ്നം കണ്ടിരിക്കാനിടയില്ല. രണ്ടു ജയം മാത്രമകലെ നില്‍ക്കുന്ന ലോകകിരീടം നേടാന്‍ അവര്‍ക്ക് ലഭിക്കുന്ന ഏറ്റവും നല്ല അവസരമാകുമിത്.

സാധ്യതാ ടീം: ഡാനിയേല്‍ സുബാസിച്ച്; സിമേ വ്രസാല്‍കോ, ദെയാന്‍ റവ്‌ലേന്‍, ദോമഗോജ് വിദ, ഇവാന്‍ സ്ട്രിനിക്; ഇവാന്‍ റാക്കിട്ടിച്ച്, മാര്‍സെലോ ബ്രൊസോവിച്ച്, ആന്റെ റെബിക്, ലൂക്ക മോഡ്രിച്ച്, ഇവാന്‍ പെരിസിച്ച്, മാരിയോ മന്‍സൂക്കിച്ച്.

ഫിഫ വേള്‍ഡ് കപ്പിലെ ‘ഇംഗ്ലണ്ട് × ക്രൊയേഷ്യാ’ കളിയുടെ പ്രിവ്യൂമായി അഴിമുഖം സ്‌പോര്‍ട്‌സ് കോളമിസ്റ്റ് കരുണാകര്‍..

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍