UPDATES

ട്രെന്‍ഡിങ്ങ്

PREVIEW:കൊളംബിയയുടെ ലാറ്റിനമേരിക്കന്‍ ചുവടുകളോ, ഇംഗ്ലണ്ടിന്റെ വേഗതയോ?

ആദ്യ മത്സരം തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കൊളംബിയ എത്തുന്നത്. അതെ സമയം ബെല്‍ജിയത്തോട് തോറ്റ് രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ടിന്റെ വരവ്.

യൂറോപ്യന്‍ കരുത്തും ലാറ്റിനമേരിക്കന്‍ സൗന്ദര്യവും മൈതാനത്ത് കൊമ്പുകോര്‍ക്കുകയാണിന്ന്. നോക്കൗട്ട് റൗണ്ടായതിനാല്‍ ഇംഗ്ലണ്ടിനും കൊളംബിയയ്ക്കും നിര്‍ണായകം. ആദ്യ മത്സരം തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കൊളംബിയ എത്തുന്നത്. അതെ സമയം ബെല്‍ജിയത്തോട് തോറ്റ് രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ടിന്റെ വരവ്.

ഇംഗ്ലണ്ടിനെ് സംബന്ധിച്ച് ഗ്രൂപ്പ് ഘട്ടത്തില്‍ അവസാനം ബെല്‍ജിയവുമായി നടന്ന മത്സരം അവര്‍ക്ക് പരീക്ഷണമാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇംഗ്ലണ്ട് യഥാര്‍ത്ഥ പരീക്ഷണം ഇന്ന് നേരിടാന്‍ പോകുന്നേയുള്ളൂ. ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ എട്ട് പ്രധാന താരങ്ങളെ പുറത്തിരുത്തിയ ഇംഗ്ലണ്ട് തങ്ങളുടെ ബെഞ്ച് നിരയുടെ ശക്തി പരീക്ഷിക്കുകയാണ് ചെയ്തത്. മുന്നോട്ടിനിയും മത്സരങ്ങള്‍ കിടക്കുമ്പോള്‍ ആലയിലെ ആയുധങ്ങളുടെ മൂര്‍ച്ച പരിശോധിക്കുകയാണ് ഗാരത് സൗത്ത്ഗേറ്റ് എന്ന തന്ത്രജ്ഞനായ കോച്ച് ചെയ്തത്. തോറ്റെങ്കിലും ഇംഗ്ലണ്ടിന്റെ പകരക്കാരുടെ നിര അമ്പരപ്പിച്ചു. ഫസ്റ്റ് ഇലവനില്‍ കളിക്കുന്ന ഓരോ കളിക്കാരന്റെ പൊസിഷന് പറ്റിയ പകരക്കാരനെ സൗത്ത്ഗേറ്റ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രാത്രി 11.30-ന് മോസ്‌കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍ മത്സരത്തിനിറങ്ങുമ്പോള്‍ ഇംഗ്ലണ്ടിന് ആത്മവിശ്വാസവും കൊളംബിയയ്ക്ക് നേരിയ ആശങ്കയുമാണ് കൂട്ട്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പരിക്ക് മൂലം കൊളംബിയയുടെ നട്ടെല്ലായ ഹാമിഷ് റോഡ്രിഗസിന് ആദ്യ പകുതിയില്‍ തന്നെ പുറത്തേക്ക് പോകേണ്ടി വന്നിരുന്നു. റോഡ്രിഗസിന്റെ പരിക്കാണ് കൊളംബിയയെ വലയ്ക്കുന്നത്. റോഡ്രിഗസിനെ ഹോസെ പെക്കര്‍മാന്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യം കണ്ട് തന്നെ അറിയണം. റോഡ്രിഗസിന്റെ മൈതാനത്തുണ്ടാവേണ്ടതിന്റെ ആവശ്യകത കൊളംബിയ പോളണ്ടിനെതിരെ കളിച്ച കളി കണ്ടാല്‍ മനസിലാവും. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പോളണ്ടിനെ മുട്ടുകുത്തിച്ച മത്സരത്തില്‍ കൊളംബിയ പുറത്തെടുത്തത് അമ്പരപ്പിക്കുന്ന കളിയായിരുന്നു. പേരുകേട്ട പലരും ഇന്ന് ഏറെക്കുറെ കൈവിട്ട പത്തരമാറ്റ് ലാറ്റിനമേരിക്കന്‍ ശൈലി. രണ്ട് മികച്ച അസിസ്റ്റുകളുമായി അന്ന് കളംനിറഞ്ഞത് റോഡ്രിഗസ് ആയിരുന്നു.

ESPN- England vs Colombia preview

ഹാമിഷ് റോഡ്രിഗസ് – യുവാന്‍ ക്വാഡ്രാഡോ – യുവാന്‍ ഫെര്‍ണാണ്ടോ ക്വിന്ററോ എന്നീ അപകടകാരികളായ മൂന്ന് മിഡ്ഫീല്‍ഡര്‍മാരും ഇവര്‍ നല്‍കുന്ന പന്തുകളാല്‍ എതിര്‍ ഗോള്‍ മുഖത്ത് നാശം വിതക്കാന്‍ കെല്‍പ്പുള്ള റഡാമല്‍ ഫല്‍ക്കാവോ എന്ന സ്ട്രൈക്കറുമാണ് കൊളംബിയയുടെ കരുത്ത്. ഇതില്‍ റോഡ്രിഗസ് ഇറങ്ങിയില്ലെങ്കില്‍ ലൂയിസ് മുറിയസിനെ പെക്കര്‍മാന്‍ ഇറക്കിയേക്കും. ക്യാപ്റ്റന്‍ റഡാമല്‍ ഫല്‍ക്കാവോയെ ഏക സ്ട്രൈക്കറാക്കി ആക്രമിച്ച് കളിക്കുന്ന മൂന്ന് പേരെ മധ്യനിരയില്‍ വിന്യസിക്കുന്നതാണ് കൊളംബിയയുടെ തന്ത്രം. 4-2-3-1 എന്ന ശൈലി.

ഇതുവരെയുള്ള പ്രകടനം കൊണ്ടും താരനിരകൊണ്ടും ശക്തര്‍ ഇംഗ്ലണ്ട് തന്നെയാണ്. എന്നാല്‍ ആദ്യ കളി തോറ്റിട്ടും പിന്നീടുള്ള രണ്ട് കളികളില്‍ ജയിച്ച് കയറിയ കൊളംബിയയുടെ പോരാട്ട വീര്യം സമ്മതിക്കുക തന്നെ വേണം. കഴിഞ്ഞ ലോകകപ്പില്‍ ഗോളടിച്ച് കൂട്ടി ഗോള്‍ഡന്‍ ബോള്‍ നേടിയ ഹാമിഷ് റോഡ്രിഗസും ഈ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ടിന് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്നും തമ്മിലുള്ള നേര്‍ക്കു നേര്‍ പോരാട്ടമാണിത്.

റോഡ്രിഗസ് കഴിഞ്ഞ തവണ അഞ്ച് ഗോളടിച്ചാണ് ഗോള്‍ഡന്‍ ബോള്‍ നേടിയത്. കെയ്ന്‍ ഇപ്പോള്‍ തന്നെ അഞ്ചെണ്ണം അടിച്ച് വരവറിയിച്ച് കഴിഞ്ഞു. മികച്ച ആക്രമണ നിരയാണ് ഇരു ടീമിന്റേതും. എടുത്തു പറയേണ്ട കാര്യം കോച്ചുകളുടെ ടീമാണ് രണ്ടും എന്നതാണ്. ഇരു ടീമുകളുടെയും മുന്നേറ്റത്തില്‍ തന്ത്രജ്ഞരായ രണ്ടു കോച്ചുകളുടെ തലയുണ്ട്. പ്രതിഭാശാലിയായ ഹോസെ പെക്കര്‍മാന്‍ ആണ് കൊളംബിയയുടെ ആശാനെങ്കില്‍ ടീമംഗങ്ങളെ സുഹൃത്തുക്കളെ പോലെ കണ്ട് ഇടപെടുന്ന അവര്‍ക്ക് വേണ്ടുവോളം സ്വാതന്ത്ര്യം നല്‍കുന്ന ഗാരത് സൗത്ത്ഗേറ്റ് ആണ് ഇംഗ്ലണ്ടിന്റെ പരിശീലകന്‍. ഒരൊറ്റ തീരുമാനം കൊണ്ട് കളിയെ മാറ്റി മറിക്കാന്‍ ശേഷിയുള്ള കോച്ചുമാരാണ് ഇരുവരും.

പതിറ്റാണ്ടുകളായുള്ള കിരീട വരള്‍ച്ചയ്ക്ക് അന്ത്യം കുറിക്കാന്‍ കച്ചകെട്ടിത്തന്നെ ഇക്കുറി ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഒത്തിണക്കം ഇല്ലായ്മ എന്ന ദുഷ്പേര് ഇംഗ്ലണ്ടിന് ഇപ്പോള്‍ പഴങ്കഥ മാത്രമാണ്. ക്ലബ്ബ് പോരുകളും ഒരു പൊസിഷനില്‍ തന്നെ ഒന്നിലധികം പ്രതിഭകള്‍ വരുമ്പോഴുമുള്ള ഈഗോയും പ്രശ്നങ്ങളും ഇംഗ്ലണ്ടിന് ഇപ്പോഴില്ല. വമ്പന്‍ താരങ്ങള്‍ എന്ന പേരില്ലെങ്കിലും പ്രതിഭയ്ക്ക് ഒരു കുറവുമില്ലാത്ത ചോരത്തിളപ്പുള്ള ചെറുപ്പക്കാരുടെ സംഘമാണ് ഇംഗ്ലണ്ട്. സര്‍വ മേഖലയിലുമുള്ള യുവത്വത്തിന്റെ സാന്നിധ്യമാണ് ഇംഗ്ലണ്ടിന്റെ കരുത്ത്.

പ്രതിരോധത്തിലൂന്നി കളിക്കുന്ന ലിവര്‍പൂളിന്റെ ജോര്‍ദാന്‍ ഹെന്‍ഡേഴ്സണാണ് ഇംഗ്ലണ്ടിന്റെ മധ്യനിര നിയന്ത്രിക്കുന്നത്. ഒറ്റ സ്ട്രൈക്കര്‍ എന്ന നിലയില്‍ ഹാരി കെയ്നിനെ മുഴുവന്‍ സമയം നിയോഗിക്കുന്ന ഇംഗ്ലണ്ട് തൊട്ടു പിന്നിലായി വിങ്ങുകളിലൂടെ മധ്യനിരയിലും മുന്നേറ്റനിരയിലുമായി കയറിയും ഇറങ്ങിയും കളിക്കാന്‍ റഹീം സ്റ്റെര്‍ലിങിനെ ഏല്‍പ്പിച്ചിട്ടുണ്ട്. 3-5-2 അല്ലെങ്കില്‍ 3-3-2-2 എന്ന ശൈലിയില്‍ ആണ് ഇംഗ്ലണ്ട് കളിക്കാന്‍ സാധ്യത്. മധ്യനിരയില്‍ നിന്ന് നിരന്തരം ആക്രമണം വിതച്ചു കൊണ്ട് ജെസ്സെ ലിങ്ഗാര്‍ഡ് കയറി വരും. ഇവര്‍ക്ക് മൂന്ന് പേര്‍ക്കുമാണ് ആക്രമണത്തിന്റെ ചുമതല. മധ്യനിരയിലെ ബാക്കി 3 പേര്‍ വിങ്ങുകളിലൂടെ കയറിയും ഇറങ്ങിയും കളിക്കും. മധ്യനിരയിലെ ദെലെ അലി, മാര്‍കസ് റാഷ്ഫോര്‍ഡ് എന്നിവരെ പ്രകടനം ഈ ഘട്ടത്തില്‍ നിര്‍ണായകമാകും. ഡിഫന്‍ഡര്‍മാരായ ആഷ്ലി യങ്, ട്രിപ്പ്യര്‍ എന്നിവരും വിങ്ങര്‍മാരുടെ ചുമതല വഹിക്കും.

കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയാണെങ്കില്‍ ഇരുടീമുകളും നെഞ്ചിടിപ്പ് കൂടും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയാല്‍ കുറേക്കൂടി മേല്‍ക്കൈ കൊളംബിയയ്ക്ക് ലഭിച്ചേക്കും. ഇംഗ്ലണ്ട് എപ്പോഴും ഭയന്നിട്ടുള്ളത് പെനാല്‍റ്റി ഷൂട്ടൗട്ടുകളെയാണ്. മികച്ച ടീം ഉണ്ടായിട്ടും മുന്‍പ് പലപ്പോഴും ഷൂട്ടൗട്ടില്‍ തോറ്റതിന്റെ കയ്പുനീര് കുടിച്ചവരാണ് ഇംഗ്ലണ്ട്. അത്തരമൊരു ഓര്‍ക്കാനിഷ്ടമില്ലാത്ത അനുഭവമുള്ളയാളാണ് ഇംഗ്ലണ്ടിന്റെ കോച്ച് സൗത്ത്ഗേറ്റ് പോലും. 1996 യൂറോ കപ്പില്‍ ജര്‍മനിക്കെതിരെ പാഴാക്കിയ പെനാല്‍റ്റി സൗത്ത്ഗേറ്റിനെ ഇപ്പോഴും വേട്ടയാടുന്നുണ്ടാവണം. അതുകൊണ്ട് തന്നെ ഷൂട്ടൗട്ടിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും ഇംഗ്ലണ്ട് തയ്യാറാവില്ല. ഷൂട്ടൗട്ടിലും സെറ്റ് പീസുകളും കോര്‍ണറുകളിലും നിരന്തര പരിശീലനം ഇംഗ്ലണ്ട് നടത്തുന്നുണ്ട്. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍, ജെസ്സെ ലിങ്ഗാര്‍ഡ്, ആഷ്ലി യങ്, കൈറണ്‍ ട്രിപ്പ്യര്‍ എന്നിവരാവും ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി സ്പെഷലിസ്റ്റുകള്‍. അതെ സമയം ഫല്‍ക്കാവോ, ക്വാഡ്രാഡോ, റോഡ്രിഗസ് ഉണ്ടെങ്കില്‍ റോഡ്രിഗസ്, കാര്‍ലോസ് സാഞ്ചസ്, ക്വിന്ററോ, യാരെ മിന എന്നിവരാണ് കൊളംബിയക്കായി പെനാല്‍റ്റി എടുക്കാന്‍ സാധ്യത.

ഇംഗ്ലണ്ടിന്റെ വേഗമേറിയ ടോട്ടല്‍ ഫുട്ബോളും ചടുലമായ ലാറ്റിനമേരിക്കന്‍ ചുവടുകളുമായി കൊളംബിയയും കളിക്കളത്തിലേറ്റുമുട്ടുമ്പോള്‍ മികച്ച മത്സരം തന്നെയാവും അതെന്നതില്‍ രണ്ടഭിപ്രായമില്ല.

അരുണ്‍ലാല്‍ ലെനിന്‍

അരുണ്‍ലാല്‍ ലെനിന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍