UPDATES

കായികം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യ എന്തിന് പിന്‍മാറണം? ഐഒഎ നിലപാടിനെതിരെ പ്രതിഷേധം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ ടോം ഡേഗന്‍ പ്രതികരണവുമായി രംഗത്തെത്തി.

2022 ല്‍ ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യ പിന്‍മാറുന്നതായുള്ള ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ(ഐഒഎ) നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്ത്യക്ക് ഏറെ മെഡല്‍ സാധ്യതയുള്ള ഷൂട്ടിംഗ് മത്സരങ്ങള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഐഒഎയുടെ പുതിയ തീരുമാനം. അതേസമയം ഈ വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നാണ് സംഘാടക സമിതി കഴിഞ്ഞ ദിവസം അറിയിച്ചത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വേദിയാകുന്ന നഗരത്തിന് ഗെയിംസിലെ മത്സര ഇനങ്ങളില്‍ ആവശ്യാനുസരണം ചിലത് ഒഴിവാക്കാനും കൂട്ടിച്ചേര്‍ക്കാനും കഴിയും. ഈ അധികാരത്തില്‍ ബര്‍മിംഗ്ഹാം ഷൂട്ടിംഗ് ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ മാസം നടന്ന കോമണ്‍ വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഷൂട്ടിംഗ് ഒഴിവാക്കാനും മൂന്ന് പുതിയ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്താനും തീരുമാനമായത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇന്ത്യപോലെ വലിയ ഒരു രാജ്യത്തിന് പ്രതിനിധികള്‍ ഇല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാനും കഴിഞ്ഞില്ല. എന്നാല്‍ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ശ്രമം നടന്നെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ഗെയിംസ് ബഹിഷ്‌കരിക്കുമെന്ന നിലപാട് ഐഒയെ സ്വീകരിച്ചത്.

സെപ്തംബറില്‍ റുവാണ്ടയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച ഇന്ത്യ റീജിയണല്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഐഒഎ സെക്രട്ടറി ജനറല്‍ രാജീവ് മേത്തയുടെയും സ്‌പോര്‍ട്‌സ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ നാംദേവ് ഷിറഗോങ്കറുടെയും സ്ഥാനാര്‍ത്ഥിത്വവും പിന്‍വലിച്ചിരുന്നു. ഇതിന് ശേഷം കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്ര കത്തെഴുതുകയും ഗെയിംസില്‍ നിന്ന് പിന്‍മാറുന്നത് സംബന്ധിച്ച് സൂചിപ്പിച്ചതും. ഐഒഎയുടെ നിലപാടിന് അനുകൂലമായ നിലപാട് കായിക മന്ത്രാലയവും സ്വീകരിച്ചെന്ന റിപോര്‍ട്ടുകളും പുറത്തു വന്നു.

ഇതേ തുടര്‍ന്നാണ് ഗെയിംസ് സംഘാടക സമിതി രംഗത്തെത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ ടോം ഡേഗന്‍ പ്രതികരണവുമായി രംഗത്തെത്തി. 2022 ബര്‍മിംഗ്ഹാം ഗെയിംസില്‍ ഇന്ത്യ പങ്കെടുക്കണമെന്നുതന്നെയാണ് സംഘാടക സമിതിയുടെ ആഗ്രഹമെന്നും വരുംമാസങ്ങളിലെ ചര്‍ച്ചകളില്‍ ഇന്ത്യയുമായുള്ള പ്രശ്‌നം പരിഹരിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സര്‍ക്കാരിന്റെയും മുന്‍ താരങ്ങളും ഈ നീക്കത്തിന് പിന്തുണയുമായി എത്തിയപ്പോള്‍ ഗെയിംസില്‍ നിന്ന് പിന്മാറാനുള്ള ഇന്ത്യന്‍ നീക്കത്തോട് യോജിക്കില്ലെന്ന് ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവും ഷൂട്ടിംഗ് ഇതിഹാസവുമായ അഭിനവ് ബിന്ദ്രയുടെ പ്രതികരണം. ബഹിഷ്‌കരണം രാജ്യത്തെ അപ്രസക്തമാക്കുകയും മറ്റ് കായികതാരങ്ങളെ ശിക്ഷിക്കുകയും ചെയ്യുന്നതിന് തുല്യമാണ്. ഗെയിംസില്‍ നിന്ന് പിന്മാറുന്നതിന് പകരം ഷൂട്ടിംഗ് മത്സരയിനമാക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും ബിന്ദ്ര പറഞ്ഞു. ഷൂട്ടിംഗ് ഒഴിവാക്കുന്നത് ഇന്ത്യയുടെ മെഡല്‍ സാധ്യതകളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒളിംപിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ താരമാണ് ബിന്ദ്ര.

1966ലാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗ് ഉള്‍പ്പെടുത്തിയത്.1970ലെ എഡിന്‍ബര്‍ഗ് ഗെയിംസിലൊഴിച്ച് പിന്നീടങ്ങോട്ട് എല്ലാ ഗെയിംസിലും ഷൂട്ടിംഗ് ഒരു മത്സര ഇനമായിരുന്നു.ഇന്ത്യയുടെ ഷൂട്ടിംഗ്. സമീപകാലത്ത് കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിത്തന്നത് ഷൂട്ടിംഗാണ്.. 2018 ഗോള്‍ഡ് കോസ്റ്റ് ഗെയിംസില്‍ ഇന്ത്യ ആകെ നേടിയത് 66 മെഡലുകളാണ്. ഇതില്‍ 16 എണ്ണം ഷൂട്ടിംഗില്‍ നിന്നായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍