UPDATES

കായികം

ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന് ചരിത്ര നേട്ടം; ബംഗ്ലാദേശിന് തോല്‍വിയുടെ റെക്കോര്‍ഡും

398 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലദേശിന് 30 റണ്‍സെടുത്തു നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി.

ടെസ്റ്റ് ക്രിക്കറ്റില്‍ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍ ടീം. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ 224 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ ചരിത്രജയം സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാന്‍ മുന്നോട്ടു വെച്ച 398 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ബംഗ്ലാദേശ് 173 റണ്‍സിന് പുറത്തായി. 6 വിക്കറ്റെടുത്ത ക്യാപ്റ്റന്‍ റാഷിദ് ഖാനാണ് ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞത്. 44 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാ ടോപ്പ് സ്‌കോറര്‍. തോല്‍വിയോടെ ടെസ്റ്റ് പദവിയുള്ള 10 രാജ്യങ്ങളോട് പരാജയപ്പെട്ട ഒരേയൊരു ടീം എന്ന നാണക്കേടും ബംഗ്ലാദേശിനു സ്വന്തമായി.

ആറു വിക്കറ്റെടുത്ത് റാഷിദ് ഖാനൊപ്പം മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് നബിയും തന്റെ അവസാന ടെസ്റ്റ് മത്സരത്തില്‍ തിളങ്ങി. 398 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലദേശിന് 30 റണ്‍സെടുത്തു നില്‍ക്കെ ആദ്യ വിക്കറ്റ്
നഷ്ടമായി. ലിറ്റണ്‍ ദാസി (9)നെ പുറത്താക്കിയ സാഹിര്‍ ഖാനാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. മൊസദ്ദക് ഹൊസൈന്‍ (12), മുഷ്ഫിക്കര്‍ റഹിം (23), മോമിനുല്‍ ഹഖ് (3) എന്നിവര്‍ വേഗം പുറത്തായതോടെ ബംഗ്ലാദേശ് മുന്‍നിര തകര്‍ന്നു. മൊസദ്ദക്കിന്റെ വിക്കറ്റ് സാഹിര്‍ ഖാന്‍ വീഴ്ത്തിയപ്പോള്‍ മറ്റു രണ്ട് വിക്കറ്റുകള്‍ റാഷിദ് ഖാനാണ് സ്വന്തമാക്കിയത്. ഇതിനിടെ 41 റണ്‍സെടുത്ത ഷദ്മന്‍ ഇസ്ലാമിനെ മുഹമ്മദ് നബി പുറത്താക്കിയതോടെ ബംഗ്ലാദേശ് 106-5 എന്ന നിലയില്‍ തകര്‍ന്നു.

മഹ്മൂദുല്ല (7), തൈജുല്‍ ഇസ്ലാം (0), മെഹദി ഹസന്‍ (12) എന്നിവരെ പുറത്താക്കിയ റാഷിദ് അഞ്ചു വിക്കറ്റ് നേട്ടം കുറിച്ചു. ഷാക്കിബ് അല്‍ ഹസനെ (44) സാഹിര്‍ ഖാന്‍ മടക്കി അയച്ചു. അവസാന വിക്കറ്റില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച സൗമ്യ സര്‍ക്കാറിനെ പുറത്താക്കിയ റാഷിദ് ആറാം വിക്കറ്റും അവിസ്മരണീയ വിജയവും സ്വന്തമാക്കി. നേരത്തെ ആദ്യ ഇന്നിഗ്‌സിലും ബംഗ്ലാദേശിനെ തകര്‍ത്തത് റാഷിദ് ഖാനായിരുന്നു. രണ്ട് ഇന്നിംഗ്‌സുകളിലുമായി 11 വിക്കറ്റുകള്‍ വീഴ്ത്തിയ റാഷിദാണ് കളിയിലെ തരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍