UPDATES

ട്രെന്‍ഡിങ്ങ്

ഓ, ക്രിസ്റ്റ്യാനോ; ബൂട്ടഴിപ്പിക്കുമോ കാതറിന്‍ മയോര്‍ഗയുടെ ലൈംഗികാരോപണം?

ഉയരങ്ങളുടെ കൊടുമുടിയിൽ നിന്നും വൻ വീഴ്ചകളുടെ പട്ടികയിലേക്ക് ചിറക് കൊഴിഞ്ഞു വീണ ഒരുപാട് മനുഷ്യർ കാൽപ്പന്തു കളിയുടെ ചരിത്രത്തിലുണ്ട്.

Avatar

ഗിരീഷ്‌ പി

മെദീര എന്ന തീർത്തും ഒറ്റപ്പെട്ട ദ്വീപിനെ കുറിച്ച് ലോകം അറിയുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഒറ്റയാനിലൂടെയാണ്. പോര്‍ച്ചൂഗീസ് വന്‍കരയില്‍ നിന്നെത്രയോ ദൂരെ, അറ്റ്ലാന്റിക്കിലെ അഗാധവിശാലതയില്‍ ഉപേക്ഷിക്കപ്പെട്ടതുപോലെ ഒറ്റപ്പെട്ടു കിടന്ന മെദീര ഏകാന്തസഞ്ചാരികളുടെ ദ്വീപായിരുന്നു. ലോകത്തെങ്ങും കിട്ടാത്ത വീഞ്ഞാണ് മെദീരയുടെ പ്രലോഭനമെങ്കിൽ പ്രായം കൂടുന്തോറും കളിക്കളത്തിൽ വീര്യം കൂടുന്ന പ്രതിഭയാണ് മെദീരയുടെ പുത്രന്റെ സവിശേഷത.

12 വയസ്സ് വരെ മെദീരയുടെ തെരുവുകളിൽ പന്ത് തട്ടിയ കുഞ്ഞു റോണോ സ്പോർട്ടിങ് ലിസ്ബൺ എന്ന പോർച്ചുഗീസ് ക്ലബ്ബിലേക്ക് ചേക്കേറിയത് മുതൽ ആരംഭിച്ച പ്രയാണത്തിന് മുന്നിൽ ഫുട്ബാൾ ലോകത്ത് തകരാൻ ഇനി റെക്കോഡുകൾ ഒന്നും ബാക്കിയില്ല.

പോർച്ചുഗൽ ക്ലബായ സ്പോർട്ടിങ്ങ് ലിസ്ബണുമായി ഒരു സൗഹൃദ മത്സരത്തിന് എത്തിയതായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ഗ്ലാമർ ക്ലബ്ബുകളിൽ ഒന്നായ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം. വിഖ്യാത പരിശീലകൻ സർ അലക്സ് ഫെർഗുസൺ ആയിരുന്നു മാഞ്ചസ്റ്ററിന്റെ അന്നത്തെ പരിശീലകൻ. ഗോൾ അടിച്ചില്ലങ്കിലും തന്റെ ടീമിനെ കബളിപ്പിക്കുന്ന മുന്നേറ്റങ്ങൾ നടത്തി തന്റെ തന്ത്രങ്ങൾ തകർത്ത് മുന്നേറുന്ന ആ 17-കാരനെ മത്സരത്തിലുടനീളം വീക്ഷിച്ച അലക്സ് ഫെർഗൂസണ്‍ അന്ന് പോർച്ചുഗലിൽ നിന്നും അവനെ എന്തു കൊടുത്തും സ്വന്തമാക്കണം എന്ന നിശ്ചയത്തോടെയാണ് ഇംഗ്ലണ്ടിലേക്ക് വണ്ടി കേറിയതെന്ന് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

സ്പോർട്ടിങ്ങ് ലിസ്ബൺ കോച്ച് ഇന്നത്തെ പോർച്ചുഗൽ കോച്ചായ ഫെർണാണ്ടോ സാന്റോസിനോട് ഫെർഗുസൺ ചോദിച്ചിരുന്നു, ‘ആ പയ്യനെ എനിക്ക് തരുമോ’? സാന്റോസിന്റെ മറുപടി കിട്ടിയതും ആ പയ്യൻ പറന്നിറങ്ങിയത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ; അവിടെ തുടങ്ങുന്നു ഫുട്ബാൾ ലോകം അമ്പരന്നു നിന്നു പോയ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന അന്നത്തെ 17-കാരന്റെ കരിയർ.

ഡേവിഡ് ബെക്കാമിന്റെ, ജോര്‍ജ് ബെസ്റ്റയുടെ, റൗളിന്റെ, എറിക് കന്റോണയുടെയൊക്കെ ഇഷ്ടസംഖ്യയായ ‘7’-നെ നെഞ്ചേറ്റി കൊണ്ട് യൂറോപ്യൻ ഫുട്ബാൾ മൈതാനങ്ങളിൽ മാഞ്ചസ്റ്ററിനു വേണ്ടി ക്രിസ്റ്റ്യാനോ അടരാനിറങ്ങയപ്പോൾ ചാമ്പ്യൻസ് ലീഗ് കിരീടവും ഇംഗ്ളീഷ് പ്രീമിയർ ലീഗ് കിരീടവും ഒന്നിലധികം തവണ മാഞ്ചസ്റ്റർ സ്വന്തമാക്കി.

ക്ലബ് ഫുട്ബാളിൽ പ്രാവീണ്യം തെളിയിച്ച റോണോ അധികം വൈകാതെ പോർച്ചുഗൽ ദേശീയ ടീമിൽ ഇടം നേടി. 2009ല്‍ 131 മില്യണ്‍ ഡോളറിന് ക്രിസ്റ്റ്യാനോയെ മാഞ്ചസ്റ്ററിൽ നിന്നും റിയല്‍ മാഡ്രിഡ് സ്വന്തമാക്കിയത് മറ്റൊരു അത്ഭുതമായി.

ക്രിസ്റ്റ്യാനോ 2012-ല്‍ പോര്‍ച്ചുഗീസ് ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. പറങ്കികളുടെ ഇതിഹാസനായകരായ യുസേബിയോയ്ക്കും ലൂയി ഫിഗോയ്ക്കും കഴിയാത്തതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്. 2004-ലെ യൂറോ ഫൈനലില്‍ ഗ്രീസിനോട് തോൽക്കുമ്പോൾ ടീമിലംഗമായിരുന്ന റൊണാള്‍ഡോയ്ക്ക് പത്തൊന്‍പത് വയസായിരുന്നു പ്രായം. പിന്നീട് ക്ലബ് ഫുട്ബോളിലെ കിരീടങ്ങളും ബഹുമതികളും ഒട്ടേറെ വാരിക്കൂട്ടിയ ക്രിസ്റ്റ്യാനോയ്ക്ക് പോര്‍ച്ചുഗലിനായി ഒന്നും സമ്മാനിക്കാനായില്ലെന്ന വിമർശനങ്ങൾക്ക് 2016 യൂറോ കപ് വിജയത്തോടെ അന്ത്യമായി.

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍. എതിര്‍ മുഖത്ത് ഫ്രാന്‍സ്. മുട്ടിനേറ്റ പരിക്ക് മൂലം 25 മിനുട്ട് മാറിനിന്ന ഇടവേള. ഗാലറിയില്‍ ഇരുന്ന് കളി നിയന്ത്രിച്ച ക്രിസ്റ്റ്യാനോയുടെ 1-0 ബലത്തില്‍ വിജയത്തിന്റെ ഉത്തുംഗ സീമയില്‍ കുടിയിരുത്തപ്പെട്ടു പോര്‍ച്ചുഗീസ്. മദീറയില്‍ പണിത പുതിയ വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കി അവിടത്തെ സര്‍ക്കാര്‍ അതിന് പ്രത്യുപകാരം കാട്ടി.

2014 ൽ ഫോബ്സ് ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന താരമായി അംഗീകരിക്കപ്പെട്ടു. ഒരു വർഷത്തേക്ക്, വേതനം, ബോണസ്, ഫുട്ബോൾ ഫീൽഡിനു പുറത്തുള്ള വിവിധ വരുമാനം എന്നിവയിലൂടെ 73 ദശലക്ഷം ഡോളർ സമ്പാദിച്ചു. യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം, യുവേഫ സൂപ്പര്‍ കപ്പ് കിരീടം, സ്പാനിഷ് ലാ ലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം, ഫിഫയുടെ ലോകത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്‌കാരം തുടങ്ങിയ നേട്ടങ്ങൾ ഒരേ വര്‍ഷം സ്വന്തമാക്കിയ അപൂർവ താരങ്ങളിൽ ഒരാൾ ആണ് ക്രിസ്റ്റ്യാനോ. അഞ്ചു തവണ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബല്ലാൻ ഡി ഓർ പുരസ്‌കാരം നേടുന്ന ആദ്യ താരവും റോണോ തന്നെ.

മറഡോണ മുതൽ ക്രിസ്റ്റ്യാനോ വരെയുള്ള ഫുട്ബാൾ അതികായകരുടെ കരിയറിൽ വിവാദങ്ങൾക്കും എന്നും സ്ഥായിയായ ഇടങ്ങൾ ഉണ്ട്. മറഡോണ മരുന്നടിയുടെ പേരിൽ ആണ് കുടുങ്ങിയതെങ്കിൽ ക്രിസ്റ്റ്യാനോ നികതി വെട്ടിപ്പിനും കാമുകിമാരുമായുള്ള പ്രശ്നങ്ങളുടെ പേരിലും പുലിവാല് പിടിച്ചിട്ടുണ്ട്.

റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ യുറഗ്വായോടു തോറ്റ മല്‍സരമായിരുന്നു പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ റൊണാള്‍ഡോയുടെ അവസാന മത്സരം. ഇപ്പോൾ പുറത്തു വരുന്ന ഒരു പ്രധാന വാർത്ത നടക്കാനിരിക്കുന്ന പോളണ്ടിനും സ്‌കോട്‌ലന്‍ഡിനും എതിരായ യുവേഫ നേഷന്‍സ് ലീഗ്, രാജ്യാന്തര സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള ടീമില്‍നിന്നും റൊണാള്‍ഡോ പുറത്തായിരിക്കുന്നു എന്നതാണ്. പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ക്രിസ്റ്റ്യാനോ അഥവാ പോർച്ചുഗൽ, പോർച്ചുഗൽ അഥവാ ക്രിസ്റ്റ്യാനോ എന്ന സമവാക്യം നിലനിൽക്കുന്ന ഒരു കാലത്താണ് ഈ തീരുമാനം എന്നോർക്കണം. അതും മോശം ഫോമിന്റെ പേരിലോ പരിക്കോ അല്ല കാരണം.

അമേരിക്കക്കാരിയായ യുവതി ഉയര്‍ത്തിയ പീഡനാരോപണമാണ് താരത്തിന് തിരിച്ചടിയായതെന്നാണ് വാർത്തകൾ. കാതറിന്‍ മയോര്‍ഗയെന്ന 34-കാരിയാണ് റൊണാള്‍ഡോയ്‌ക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. 2009-ല്‍ ലാസ് വെഗാസില്‍ വെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു ഇവരുടെ ആരോപണം. പിന്നീട് ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ റൊണാള്‍ഡോ തനിക്ക് 375000 ഡോളര്‍ നല്‍കിയതായും യുവതി ആരോപിച്ചിരുന്നു.

റിപ്പോര്‍ട്ടനുസരിച്ച് ക്രിസ്റ്റ്യാനോ റയല്‍ മാഡ്രിഡിനായി കളിക്കുന്ന സമയത്ത് 2009-ല്‍ ലാസ് വെഗാസിലാണ് സംഭവം നടന്നതായി പറയുന്നത്. ക്രിസ്റ്റ്യാനോ കോടതിക്ക് പുറത്ത് 375,000 ഡോളര്‍ (രണ്ടു കോടി 70 ലക്ഷം) നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തി. 2007-ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലായിരുന്ന കാലത്ത് സമാന കുറ്റത്തിന് താരം അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചിരുന്ന ക്രിസ്റ്റ്യാനോക്കെതിരെ മതിയായ തെളിവുകള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കേസ് ഇല്ലാതാകുകയായിരുന്നു.

അതേസമയം, മാ​ഗസിനിൽ വന്ന ആരോപണങ്ങൾ തെറ്റാണെന്നും അതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ക്രിസ്റ്റ്യാനോയുടെ അഭിഭാഷകർ പ്രതികരിച്ചു. പീഡന ആരോപണത്തെ കുറിച്ച് റോയിട്ടേഴ്സ് പ്രതികരണം ആരാഞ്ഞപ്പോഴാണ് റൊണാൾഡോയുടെ അഭിഭാഷകർ ഇക്കാര്യം വ്യക്തമാക്കിയത്.

ഉയരങ്ങളുടെ കൊടുമുടിയിൽ നിന്നും വൻ വീഴ്ചകളുടെ പട്ടികയിലേക്ക് ചിറക് കൊഴിഞ്ഞു വീണ ഒരുപാട് മനുഷ്യർ കാൽപ്പന്തു കളിയുടെ ചരിത്രത്തിലുണ്ട്. നിർണായക മത്സരങ്ങളിൽ പെനാൽറ്റി തുലച്ചവർ, ചുകപ്പ് കാർഡ് കണ്ടു പുറത്തു പോയവർ ഒരുപാട് ഉദാഹരണങ്ങളുണ്ട്. എന്നാൽ ഇതെല്ലം കളിക്കളത്തിന് അകത്ത് ആയത് കൊണ്ട് മുഖം രക്ഷിച്ചെടുക്കാം.

Also Read: ‘ആ വാർത്ത വ്യാജം’; ഹോട്ടലില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

മൈതാനത്തിനു പുറത്ത് മയക്കു മരുന്ന് ഉപയോഗത്തിന്റെ പേരിൽ, നികുതി വെട്ടിപ്പ്, പീഡനം ഇത്തരം വിഷയങ്ങളിൽ ബൂട്ടഴിക്കേണ്ടി വരുന്ന ഒരു താരത്തെ വലയം ചെയ്യുന്ന ഒരു കറുത്ത നിഴൽ ഇപ്പോഴും കൂട്ടിനുണ്ടാകും. യുവതി ആരോപണവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ പോർച്ചുഗൽ ദേശീയ ടീമും റൊണാൾഡോയെ കൈവിട്ട മട്ടാണ്. ഇപ്പോള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒരു പരിധിയിൽ കൂടുതൽ ഇത്തരം വിഷയങ്ങളിൽ നിശബ്ദമായിരിക്കാൻ റൊണാൾഡോ ഇപ്പോൾ കളിക്കുന്ന ഇറ്റാലിയൻ ക്ലബ് യുവന്റസിനും കഴിയില്ല. ഫിഫയ്ക്ക് പരാതി നൽകും എന്നും യുവതിയുടെ അഭിഭാഷകൻ പറഞ്ഞതായി വാർത്തകൾ ഉണ്ട്. അതിനൊപ്പമാണ് ലോകത്തിലെ വന്‍ സ്പോട്സ് ഉപകരണ നിര്‍മാതാക്കളായ നൈക്ക്, സംഭവത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് രംഗത്തു വന്ന സംഭവം. തങ്ങള്‍ സംഭവഗതികള്‍ സൂക്ഷ്മമായി വീക്ഷിക്കുകയാണ് എന്നാണ് നൈക്ക് വക്താവ് വ്യക്തമാക്കിയത്. ഫോര്‍ബ്സ് മാഗസിന്‍ പറയുന്നത് അനുസരിച്ച്, നൈക്കുമായി ആജീവനാന്ത കരാര്‍ ഉള്ള മൂന്ന് താരങ്ങളില്‍ ഒരാളാണ് ക്രിസ്റ്റ്യാനോ. അമേരിക്കന്‍ ബാസ്ക്കറ്റ് ബോള്‍ ഇതിഹാസങ്ങളായ ലെബ്രോണ്‍ ജയിംസ്, മൈക്കല്‍ ജോര്‍ദാന്‍ എന്നിവരാണ് മറ്റു രണ്ടു പേര്‍. നൈക്ക് സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയാല്‍ അത് ക്രിസ്റ്റ്യാനോക്ക് വന്‍ തിരിച്ചടിയാകും എന്നതില്‍ സംശയമില്ല.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന മാന്ത്രികനായ ഫുട്ബോള്‍ സഞ്ചാരി കടല്‍ കടന്നു വന്‍കരയിലെത്തി തന്റെ ജൈത്രയാത്ര തുടരുന്നതിനിടെ കാലിലേറ്റ ഒരു മുറിവായി മാത്രം ഈ വിവാദം അവസാനിക്കുമോ ? അതോ എതിർ ഗോൾ മുഖങ്ങളിലേക്ക് ചീറ്റപ്പുലി കണക്കെ പാഞ്ഞടുക്കുന്ന ആ കാലുകൾ ഇനി കളിക്കളങ്ങളിൽ ചലനരഹിതമാകുമോ?

ഈ ചോദ്യങ്ങൾക്കായിരിക്കും റൊണാൾഡോ ആരാധകരും ഫുട്ബാൾ പ്രേമികളും ഇനി കാതോർക്കുക.

ഒരു കുഞ്ഞിനെക്കൂടി വളർത്താൻ ശേഷിയില്ലെന്നു വന്നപ്പോൾ ഉദരത്തിൽവച്ചേ കൊന്നുകളയാൻ റോണോയുടെ അമ്മ തീരുമാനിച്ചു. പക്ഷേ, ആ ടാക്കിളും അതിജീവിച്ച് ജീവിതത്തിന്റെ ടീമിൽ റോണോ ഇടംപിടിച്ചു. ദാരിദ്ര്യത്തെയും അവൻ തോൽപ്പിച്ചു. ലോകത്തിലെ ഏറ്റവും സമ്പന്നനായ കായികതാരങ്ങളിൽ ഒരാളായി വളർന്നു. ക്രിസ്റ്റ്യാനോ തമാശയായി അമ്മയോടു പറയാറുണ്ട്: ‘എന്നെ, കൊന്നുകളയാൻ തീരുമാനിച്ചിട്ട് ഇപ്പോഴെന്തായി, കുടുംബത്തെയാകെ ഞാൻ ചുമലിലേറ്റുന്നില്ലേ’.

ബസില്‍ നിന്നു തിരിച്ചിറങ്ങി കുഞ്ഞാരാധകന് ഉമ്മകൊടുത്തു റൊണാള്‍ഡോ (വീഡിയോ)

ലുക്കാ മോഡ്രിച്; അഭയാര്‍ത്ഥിയില്‍ നിന്നും സുവര്‍ണ്ണ രാജകുമാരനിലേക്ക്

‘ആ വാർത്ത വ്യാജം’; ഹോട്ടലില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍