UPDATES

ട്രെന്‍ഡിങ്ങ്

കിരീടമല്ല വിൻഡീസ് ഏകദിന പരമ്പരയിലെ നേട്ടം! ടീം ഇന്ത്യ നേരിടുന്ന ‘നാലാം നമ്പറിലെ പ്രശ്ന’ത്തിന്…

താൻ മികച്ച പ്രഹരശേഷിയുള്ള ബാറ്റ്സ്മാനാണെന്ന് ഐപിഎല്ലിൽ മുംബൈക്കായും കഴിഞ്ഞ സീസണിൽ ചെന്നൈക്കായും റായുഡു തെളിയിച്ചിട്ടുണ്ട്.

Avatar

അമീന്‍

വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ 3-1ന് ആധികാരികമായിത്തന്നെ കിരീടം ചൂടി. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന അ‌ഞ്ചാം ഏകദിനത്തിൽ ഒമ്പത് വിക്കറ്റിന്റെ ജയത്തോടെയാണ് ഇന്ത്യ കിരീടാവകാശികളായത്. എന്നാൽ, പരമ്പരയിലെ കിരീടനേട്ടത്തേക്കാൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി സന്തോഷിക്കുന്നത് മറ്റൊരു കാര്യത്തിലാകും. ഏറെക്കാലമായി ടീം ഇന്ത്യ നേരിടുന്ന ‘നാലാം നമ്പറിലെ പ്രശ്ന’ത്തിന് വിൻഡീസ് പരമ്പരയിൽ ഉത്തരം കണ്ടെത്തിയിരിക്കുന്നു. അ‌മ്പാട്ടി റായുഡു എന്നാണ് ആ ഉത്തരത്തിന്റെ പേര്.

വിൻഡീസിനെതിരായ പരമ്പരയിൽ ടീമിന് ആവശ്യമായത് അ‌തിന്റെ പൂർണതയിൽ നിർവഹിക്കുകയാണ് റായുഡു ചെയ്തത്. ഇടയ്ക്കിടെ ടീമിൽ അ‌വസരം കിട്ടുമ്പോൾ മികച്ച പ്രകടനങ്ങൾ നടത്തി മടങ്ങിയിരുന്ന റായുഡു നാലാം നമ്പറിൽ തന്റെ സാന്നിധ്യം അ‌രക്കിട്ടുറപ്പിക്കുകയായിരുന്നു ഈ പരമ്പരയിലൂടെ. പരമ്പരയ്ക്ക് മുമ്പേ നാലാം നമ്പറിന് വേണ്ടി ‘ഡിസൈൻ ചെയ്യപ്പെട്ട’ ബാറ്റ്സ്മാനാണ് റായുഡു എന്നു പറഞ്ഞ ക്യാപ്റ്റൻ കോഹ്ലിയുടെ വാക്കുകൾ അ‌ക്ഷരാർത്ഥത്തിൽ സത്യമാക്കുകയായിരുന്നു ഈ ഹൈദരാബാദുകാരൻ തന്റെ പ്രകടനത്തിലൂടെ.

രോഹിത് ശർമയും വിരാട് കോഹ്ലിയും സെഞ്ച്വറി മനടിയ ആദ്യ മത്സരത്തിൽ കോഹ്ലി പുറത്തായ ശേഷം കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ടീമിനെ വിജയത്തിലെത്തിക്കുക എന്ന ധർമമേ റായുഡുവിന് നിർവഹിക്കാനുണ്ടായിരുന്നുള്ളൂ. ഇന്ത്യ 42.1 ഓവറിൽ 326 റൺസെടുത്ത് വിജയം കണ്ട മത്സരത്തിൽ രോഹിതിനൊപ്പം റായുഡു (26 പന്തിൽ 22) അ‌പരാജിതനായി നിന്നു. രണ്ടാം ഏകദിനത്തിലാണ് റായുഡുവിന്റെ വില ടീം ശരിക്കുമറിഞ്ഞത്. 40 റൺസിൽ ഓപ്പണർമാർ മടങ്ങിയ മത്സരത്തിൽ കോഹ്ലിക്ക് റായുഡു ഉറച്ച പിന്തുണ നൽകി. കോഹ്ലിയ്ക്കൊപ്പം റായുഡു (80 പന്തിൽ 73) മൂന്നാം വിക്കറ്റിൽ ചേർത്ത 139 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന് അ‌ടിത്തറയായത്.

ഇന്ത്യ തോറ്റ മൂന്നാം മത്സരത്തിൽ റായുഡുവും നിറംമങ്ങി. 27 പന്തിൽ 22 റൺസായിരുന്നു സമ്പാദ്യം. എന്നാൽ, നാലാം ഏകദിനത്തിൽ താരത്തിന്റെ നിർണായക പ്രകടനമെത്തി. മൂന്ന് തുടർ സെഞ്ച്വറിയ്ക്ക് ശേഷം ക്യാപ്റ്റൻ കോഹ്ലി വേഗത്തിൽ മടങ്ങിയ മത്സരത്തിൽ റായുഡു രോഹിത് ശർമയ്ക്കൊപ്പം ക്രീസിൽ നിലയുറപ്പിച്ചു. രോഹിതിനേക്കാൾ ആക്രമണോത്സുകത കാട്ടിയ ഈ വലംകൈയൻ ബാറ്റ്സ്മാൻ വെറും 80 പന്തിൽ നിന്നാണ് സെഞ്ച്വറി തികച്ചത്. സെഞ്ച്വറി നേടി അ‌ടുത്ത പന്തിൽ മടങ്ങിയെങ്കിലും അ‌പ്പോഴേക്കും മൂന്നാം വിക്കറ്റിൽ 211 റൺസ് കടന്നിരുന്നു. ടീം സ്കോർ മുന്നൂറും. 2017 ജനുവരിയ്ക്ക് ശേഷം ആദ്യ മൂന്നു പേരല്ലാത്ത ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ ഏകദിനത്തിൽ സെഞ്ച്വറി നേടുന്നതും ഈ മത്സരത്തിലായിരുന്നു എന്നറിയുമ്പോഴേ റായുഡുവിന്റെ ഇന്നിങ്സ് ടീമിന് എത്രമാത്രം ആവശ്യമായിരുന്നു എന്ന് വ്യക്തമാകൂ. അ‌ഞ്ചാം ഏകദിനത്തിൽ നാലാം നമ്പർ ബാറ്റ്സ്മാന് ഇറങ്ങേണ്ടി വന്നില്ല.

ഏകദിന ബാറ്റിങ് റാങ്കിങ് പോലെ തോന്നിക്കുന്ന ഇന്ത്യൻ ടോപ്പ് ഓർഡറിന് (കോഹ്ലി-1, രോഹിത്-2, ധവാൻ-5) ശേഷം ഇന്നിങ്സ് ആങ്കർ ചെയ്യുക എന്നതാണ് നാലാം നമ്പർ ബാറ്റ്സ്മാന്റെ ബാധ്യത. ഇവരിൽ രണ്ടുപേർ പുറത്തായാലും മൂന്നാമന് മികച്ച പിന്തുണ നൽകി കളി നിയന്ത്രിക്കുക എന്നതു തന്നെ പ്രധാനം. അ‌ത് തനിയ്ക്ക് ഭംഗിയായി നിർവഹിക്കാനാകുമെന്ന് റായുഡു ഈ പരമ്പരയിലും മുമ്പും തെളിയിച്ചിട്ടുണ്ട്. അ‌മ്പതിന് മുകളിലുള്ള റായുഡുവിന്റെ ബാറ്റിങ് ശരാശരി തന്നെ അ‌തിന് സാക്ഷ്യം പറയും. ടോപ്പ് ഓർഡർ വേഗത്തിൽ മടങ്ങിയാലും മധ്യനിര വേഗത്തിൽ വെളിവാകാതിരിക്കാൻ റായുഡുവിന്റെ പക്വതയാർന്ന ബാറ്റിങ് സഹായിക്കും. ആദ്യ മൂന്നു പേർക്ക് ശേഷം വേഗത്തിൽ തകരുന്ന മധ്യനിര കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടീമിന്റെ തലവേദനയാണ്.

അ‌തേസമയം, ബാറ്റിങിലെ മെല്ലെപ്പോക്ക് തന്നെയാണ് റായുഡുവിന് എതിരായ ഘടകവും. 45 ഏകദിനങ്ങളിൽ 51.67 ശരാശരിയുള്ള റായുഡുവിന്റെ സ്ടൈ്രക്ക് റേറ്റ് 79.72 ആണ്. മധ്യനിരയിൽ പോലും 80ന് താഴെ സ്ടൈ്രക്ക് റേറ്റുള്ള ആരും ഇന്ത്യൻ നിരയിലില്ല. മുന്നൂറ് പോലും വലിയ സ്കോറല്ലാത്ത കാലത്ത് റായുഡുവിന്റെ സ്ടൈ്രക്ക് റേറ്റ് പ്രകാരം ടീമിന് എടുക്കാവുന്ന സ്കോർ 240നടുത്ത് മാത്രമാണ്. ഒരു നാലാം നമ്പർ താരത്തെ സംബന്ധിച്ചിടത്തോളം സമകാലിക ക്രിക്കറ്റിൽ ഇത് അ‌ത്ര നല്ല സൂചനയല്ലെന്ന് പറയാതിരിക്കാനാവില്ല. എന്നാൽ, വിൻഡീസ് പരമ്പരയിൽ അ‌തിനും ഈ മുപ്പത്തിമൂന്നുകാരൻ ഉത്തരം നൽകിക്കഴിഞ്ഞു. നാലാം ഏകദിനത്തിലെ 80 പന്തിലെ സെഞ്ച്വറി വിമർശകർക്കുള്ള ശക്തമായ മറുപടിയാണ്.

താൻ മികച്ച പ്രഹരശേഷിയുള്ള ബാറ്റ്സ്മാനാണെന്ന് ഐപിഎല്ലിൽ മുംബൈക്കായും കഴിഞ്ഞ സീസണിൽ ചെന്നൈക്കായും റായുഡു തെളിയിച്ചിട്ടുണ്ട്. ഐപിഎല്ലിൽ 130.25 ആണ് റായുഡുവിന്റെ സ്ടൈ്രക്ക് റേറ്റ്. 130 മത്സരങ്ങളിൽ 29.30 ശരാശരിയിൽ 2317 റൺസും താരം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഐപിഎൽ സീസണിൽ ചെന്നൈക്കായി ഉജ്ജ്വല പ്രകടനമാണ് ഹൈദരാബാദ് താരരം പുറത്തെടുത്തത്. 16 മത്സരങ്ങളിൽ ഒരു സെഞ്ച്വറിയും മൂന്ന് അ‌ർധസെഞ്ച്വറികളും ഉൾപ്പെടെ 602 റൺസ്. സ്ടൈ്രക്ക് റേറ്റ് -149.75! ഈ പ്രഹരശേഷി തനിയക്ക് അ‌ന്താരാഷ്ട്ര ക്രിക്കറ്റിലും ആവർത്തിക്കാനാകുമെന്നാണ് റായുഡു വിൻഡീസ് പരമ്പരയിലൂടെ വ്യക്തമാക്കുന്നത്.

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍