UPDATES

കായികം

നിയമം നിങ്ങള്‍ക്കു ബാധകമല്ലേ? രാജിവച്ചു പുറത്തുപോകൂ; ഗാംഗുലിക്കെതിരേ പടയൊരുക്കം

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സുബീര്‍ ഗാംഗുലിയെ പുറത്താക്കിയതാണ് പുതിയ നീക്കങ്ങള്‍ക്ക് കാരണം

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലെ ചേരിതിരിവ് രൂക്ഷമാകുന്നു. സൗരവ് ഗാംഗുലി വിരുദ്ധ വിഭാഗം മുന്‍ ഇന്ത്യന്‍ നായകന്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയണമെന്നാവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ്. ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍(സിഎബി) ജോയിന്റ് സെക്രട്ടറി സുബീര്‍ ഗാംഗുലിയുടെ പുറത്താക്കലാണ് സൗരവ് ഗാംഗുലിക്കെതിരായ നീക്കത്തിന് ഇപ്പോള്‍ ശക്തികൂട്ടിയിരിക്കുന്നത്. കാലാവധി പൂര്‍ത്തിയാക്കിയതിനാലാണ് സുബീറിനെ മാറ്റുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഒന്‍പതു വര്‍ഷമായി സിഎബിയുടെ ഔദ്യോഗിക ഭാരവാഹിത്വത്തിലുള്ളയാളാണ് സുബീര്‍. ലോധ കമ്മിറ്റി ശുപാര്‍ശപ്രകാരമുള്ള കൂളിംഗ് ഓഫ് ആണ് സുബീറിന്റെ കാര്യത്തില്‍ നടപ്പാക്കുന്നതെങ്കില്‍ ഇതേ മാനദണ്ഡം അനുസരിച്ച് സൗരവ് ഗാംഗുലിയും അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറണമെന്നാണ് എതിര്‍വിഭാഗത്തിന്റെ ആവശ്യം. ഈ ആവശ്യം വ്യക്തമാക്കി സുബീര്‍ സൗരവിന് കത്ത് അയക്കുകയും ചെയ്തു.

ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ മുന്‍ അംഗം കൂടിയായ സുബീര്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലെ മുതിര്‍ന്ന അംഗം കൂടിയാണ്. സിഎബി മുന്‍ ട്രഷറര്‍ ബിശ്വരൂപ് ഡേയുടെ നേതൃത്വത്തിലുള്ള സൗരവ് ഗാംഗുലി വിരുദ്ധ ചേരിയിലെ പ്രമുഖന്‍ കൂടിയാണ് സുബീര്‍. ബിശ്വരൂപ്, സുബീര്‍- സൗരവ് ഗാംഗുലി ചേരികളുടെ പോര് ബംഗാള്‍ ക്രിക്കറ്റില്‍ പരസ്യമായ കാര്യമാണ്.

തന്നെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയ നടപടി നിയമവിരുദ്ധമാണെന്നാണ് സുബീര്‍ പറയുന്നത്. തന്റെ കാലാവധി കഴിഞ്ഞിട്ടില്ലെന്നാണ് അതിനുള്ള കാരണമായി സുബീര്‍ പറയുന്നത്. എന്നാല്‍ സിഎബിയുടെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലേക്ക് സുബീറിന് ഇത്തവണ ക്ഷണം ഉണ്ടായില്ല. ഇതെ തുടര്‍ന്നു സൗരവിനെതിര രംഗത്തു വന്ന സുബീര്‍ തുറന്ന കത്തെഴുതിയതും. ജോയിന്റെ സെക്രട്ടറി സ്ഥാനത്തു നിന്നും എന്നെ നീക്കിക്കൊണ്ടുള്ള നിങ്ങളുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് സുബീര്‍ കത്തില്‍ പറയുന്നത്. സുുപ്രിം കോടതി നിയോഗിച്ച ലോധ കമ്മിറ്റി ശുപാര്‍ശ പ്രകാരമാണ് എന്നെ മാറ്റുന്നതെങ്കില്‍ അതേ നിയമം നിങ്ങളുടെ കാര്യത്തിലും ബാധകമാണ്. പ്രസിഡന്റ് സ്ഥാനത്ത് മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ നിങ്ങളും കൂളിംഗ് ഓഫിന് അര്‍ഹനാണ്. അതിനാല്‍ എത്രയും വേഗം പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറേണ്ടതുണ്ട്; സൗരവിനോടായി സുബീര്‍ പറയുന്നു.

2015 ല്‍ ആണ് സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി സ്ഥാനം ഏല്‍ക്കുന്നത്. 2014 ല്‍ സെക്രട്ടറി സ്ഥാനത്തെത്തിയ ഗാംഗുലി ജഗ്‌മോഹന്‍ ഡാല്‍മിയായുടെ നിര്യാണത്തെ തുടര്‍ന്നാണ് പ്രസിഡന്റാകുന്നത്.

സുബീറിന്റെ വാക്കുകളോട് ഞാന്‍ പ്രതികരിക്കില്ല. നാലുവര്‍ഷം ട്രഷറര്‍ ആയും അഞ്ചുവര്‍ഷം ജോയിന്റ് സെക്രട്ടറിയായും മൊത്തം ഒന്‍പതുവര്‍ഷം സുബീര്‍ സിഎബിയില്‍ ഔദ്യോഗിക പദവികള്‍ വഹിച്ച കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അദ്ദേഹത്തെ മാറ്റിയത് വര്‍ക്കിംഗ് കമ്മിറ്റി തീരുമാനപ്രകാരമാണ്, എന്റെ തീരുമാനമല്ല; ഈ വിവാദത്തില്‍ സൗരവ് ഗാംഗുലി പിടിഐയോടു നടത്തിയ പ്രതികരണം ഇതായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍