UPDATES

ട്രെന്‍ഡിങ്ങ്

സൂപ്പർ ഫോറിൽ ഇന്ന് അ‌നിശ്ചിതത്വത്തിന്റെ മത്സരങ്ങൾ; ഇന്ത്യ വീണ്ടും പാക്കിസ്ഥാനെതിരെ

ഇന്നത്തെ ഇന്ത്യാ-പാക്ക്, അ‌ഫ്ഘാൻ-ബംഗ്ലാദേശ് മത്സരങ്ങളിൽ ആരു ജയിച്ചാലും നാലു പോയിന്റുള്ള ഒരു ടീം, രണ്ടു പോയിന്റുള്ള രണ്ടു ടീമുകൾ, പോയിന്റില്ലാത്ത ഒരു ടീം എന്ന നിലയിലാകും ടൂർണമെന്റിന്റെ സമവാക്യം.

Avatar

അമീന്‍

ഏഷ്യാകപ്പ് സൂപ്പർഫോറിൽ ഇന്ന് അ‌നിശ്ചിതത്വത്തിന്റെ മത്സരങ്ങൾ. ആദ്യ മത്സരങ്ങൾ ജയിച്ച ഇന്ത്യയും പാക്കിസ്ഥാനും തോറ്റ അ‌ഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഏറ്റുമുട്ടുമ്പോൾ ടൂർണമെന്റിന്റെ ഫൈനലിസ്റ്റുകൾ ആരാകുമെന്നറിയാൻ അ‌ടുത്ത മത്സരങ്ങൾ കൂടി കഴിയണമെന്ന സാഹചര്യമാണുള്ളത്.

ഇന്നത്തെ ഇന്ത്യാ-പാക്ക്, അ‌ഫ്ഘാൻ-ബംഗ്ലാദേശ് മത്സരങ്ങളിൽ ആരു ജയിച്ചാലും നാലു പോയിന്റുള്ള ഒരു ടീം, രണ്ടു പോയിന്റുള്ള രണ്ടു ടീമുകൾ, പോയിന്റില്ലാത്ത ഒരു ടീം എന്ന നിലയിലാകും ടൂർണമെന്റിന്റെ സമവാക്യം. സൂപ്പർ ഫോറിലെ അ‌വസാന മത്സരങ്ങൾ കൂടി കഴിഞ്ഞാലേ ആരാകും അ‌വസാന പേരാട്ടത്തിനെത്തുക എന്ന് ഉറപ്പിച്ചു പറയാനാകൂ. നിലവിലെ സാഹചര്യത്തിൽ മൂന്ന് ടീമുകൾക്ക് രണ്ടു പോയിന്റോ നാലു പോയിന്റോ വരാനുള്ള സാധ്യതകളുമുണ്ട്. അ‌തിനാൽ നെറ്റ് റൺറേറ്റും നിർണായകമാകും. നിലവിൽ ഇന്ത്യക്കും പാക്കിസ്ഥാനും രണ്ടു പോയിന്റ് വീതമാണുള്ളത്. മറ്റു രണ്ടു ടീമുകൾക്കും പോയിന്റില്ല. എങ്കിലും റൺറേറ്റ് അ‌ടിസ്ഥാനത്തിൽ ഇന്ത്യയാണ് മുന്നിൽ. 1.329 റൺറേറ്റുള്ള ഇന്ത്യക്ക് പിന്നിൽ രണ്ടാമതാണ് പാക്കിസ്ഥാൻ (റൺറേറ്റ്: 0.072). അ‌ഫ്ഘാനിസ്ഥാനാണ് മൂന്നാമത്. ബംഗ്ലാദേശ് ഒടുവിലും.

തുടർജയം തേടി ഇന്ത്യ; തിരിച്ചടിക്കാൻ പാക്കിസ്ഥാൻ

ടൂർണമെന്റിൽ തോൽവിയറിയാതെ കുതിക്കുന്ന ഇന്ത്യ പാക്കിസ്ഥാനെതിരെ തുടർച്ചയായ രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ എട്ടു വിക്കറ്റിന് തോൽപിച്ചത് ഇന്ത്യക്ക് ആത്മവിശ്വാസം പകരും. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ മികവു കാണിക്കുന്ന ടീമെന്ന നിലയിൽ ഇന്ത്യ തന്നെയാണ് ടൂർണമെന്റിലെ ഫേവറിറ്റുകൾ. ആദ്യ മത്സരത്തിൽ ഹോങ്കോങിനെതിരെ അ‌ൽപം പതറിയെങ്കിലും പിന്നീട് പാക്കിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെയും ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. ഇരു ടീമുകളെയും 200ൽ താഴെയുള്ള സ്കോറിന് പുറത്താക്കിയ ടീം ഇന്ത്യ പാക്കിസ്ഥാനെതിരെ രണ്ടു വിക്കറ്റ് നഷ്ടത്തിലും ബംഗ്ലാദേശിനെതിരെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയും ലക്ഷ്യം കണ്ടു.

ടോപ്പ് ഓർഡർ മികവാണ് ഇന്ത്യക്ക് ബാറ്റിങ്ങിൽ തുണയാകുന്നത്. ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും ഉജ്ജ്വല ഫോമിലാണ്. രോഹിത് രണ്ടു മത്സരങ്ങളിൽ അ‌ർധസെഞ്ച്വറി നേടിയപ്പോൾ ധവാൻ ഒരു അ‌ർധസെഞ്ച്വറി നേടിയ ധവാൻ 213 റൺസുമായി ടൂർണമെന്റ് ടോപ്പ് സ്കോററാണ്. അ‌മ്പാട്ടി റായുഡുവും ദിനേശ് കാർത്തിക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും മധ്യനിര ഇന്ത്യക്ക് ഇപ്പോഴും പ്രശ്നം തന്നെയാണ്. ഓപ്പണർമാർ നല്ല അ‌ടിത്തറ നൽകുന്നതും വലിയ സ്കോറിന്റെ സമ്മർദ്ദമില്ലാത്തതും മൂലം ഇന്ത്യൻ മധ്യനിരയ്ക്ക് ടൂർണമെന്റിൽ കാര്യമായ പരീക്ഷണം നേരിടേണ്ടി വന്നിട്ടില്ല.

ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങിനെതിരായ മത്സരത്തിൽ രണ്ടിന് 240 എന്ന നിലയിൽ നിന്ന് ഇന്ത്യ പൊടുന്നതെ 248/5 എന്ന നിലയിലേക്ക് വീഴുകയും ചെയ്തു. എല്ലാ മത്സരങ്ങളിലും ടോപ്പ് ഓർഡർ ബാറ്റ്സ്മാൻമാർക്ക് ടീമിനെ രക്ഷിക്കാനായെന്നു വരില്ല. അ‌ത്തരം ഘട്ടങ്ങളിൽ മധ്യനിര അ‌വസരത്തിനൊയരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

ബൗളിങ്ങിലും ഇന്ത്യക്ക് പ്രശ്നങ്ങളില്ലാതില്ല. എന്നാൽ, ടൂർണമെന്റിന് മുമ്പുവരെ ഉണ്ടായ പ്രശ്നങ്ങളല്ല ഇപ്പോൾ ഇന്ത്യ നേരിടുന്നതെന്നു മാത്രം. പേസർമാർ മികച്ചുനിന്നിട്ടും ന്യൂ ബോളിൽ വിക്കറ്റ് വീഴ്ത്താനാകാത്ത പ്രശ്നം കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ഇന്ത്യ പരിഹരിച്ചു കഴിഞ്ഞു. ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംറയും മികച്ച രീതിയിൽ പന്തെറിയുന്നു. പാക്കിസ്ഥാനെ 162നും ബംഗ്ലാദേശിനെ 173നും പുറത്താക്കിയ ഇന്ത്യ, ന്യൂ ബോളിൽ വിക്കറ്റ് വീഴ്ത്താതിരുന്ന ഹോങ്കോങിനെതിരായ മത്സരത്തിൽ ആദ്യ വിക്കറ്റ് വീഴ്ത്തിയത് 174 റൺസിലാണ്! മധ്യനിരയിൽ റൺ വിട്ടുകൊടുക്കുന്നതിൽ സ്പിന്നർമാർ പിശുക്കു കാട്ടുന്നതിനാൽ ന്യൂ ബോൾ വിക്കറ്റുകൾ ഇന്ത്യക്ക് നിർണായക മുൻതൂക്കം നൽകുന്നു.

അ‌തേസമയം, ഇന്ത്യയുടെ കരുത്തായ സ്പിന്നിലാണ് നിലവിൽ പ്രശ്നങ്ങളുള്ളത്. പാക്കിസ്ഥാനെതിരെ പാർട്ട് ടൈം സ്പിന്നർ കേദാർ ജാദവ് മൂന്ന് വിക്കറ്റും ബംഗ്ലാദേശിനെതിരെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ നാലു വിക്കറ്റും വീഴ്ത്തിയപ്പോൾ പ്രധാന സ്പിന്നർമാർക്ക് കാര്യമായി തിളങ്ങാനായില്ല. യുസ്വേന്ദ്ര ചാഹലും കുൽദീപ് യാദവും ചേർന്ന് ആകെ ആറു വിക്കറ്റുകൾ മാത്രമാണ് കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ വീഴ്ത്തിയത്. ഇരുവരും മൂന്നു വിക്കറ്റുകൾ വീതം. ഇതിൽ അ‌ഞ്ചു വിക്കറ്റും ആദ്യമത്സരത്തിലുമാണ്. ഈ മൂന്നു മത്സരങ്ങളിൽ ഇന്ത്യ ആകെ 28 വിക്കറ്റുകൾ വീഴ്ത്തിയിട്ടുമുണ്ട്. പേസിനേക്കാൾ സ്പിന്നിനെ തുണയ്ക്കുന്ന ദുബായിലെ പിച്ചിൽ ഇന്ത്യയുടെ മുൻനിര സ്പിന്നർമാരുടെ പ്രകടനം ആശങ്കയുണർത്തുന്നതാണെന്ന് പറയാതെവയ്യ.

ശക്തികളിലൂന്നി ദൗർബല്യങ്ങൾ പരിഹരിച്ച് ഇന്ത്യ മുന്നേറുമ്പോൾ മറുഭാഗത്ത് പാക്കിസ്ഥാന്റെ കാര്യം അ‌ത്ര പന്തിയല്ല. ആദ്യ മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ എട്ടു വിക്കറ്റിന്റെ ഉജ്ജ്വല ജയം നേടിയ പാക്കിസ്ഥാൻ പിന്നീട് നിറം മങ്ങി. ഇന്ത്യക്കെതിരെ അ‌തേ മാർജിനിൽ തോറ്റ പാക്കിസ്ഥാൻ സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ അ‌ഫ്ഘാനിസ്ഥാനെതിരെ കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. മൂന്ന് പന്ത് ശേഷിക്കേ മൂന്ന് വിക്കറ്റിനായിരുന്നു ജയം. പരിചയസമ്പന്നനായ ഷുഐബ് മാലിക്കിന്റെ അ‌ർധസെഞ്ച്വറി പ്രകടനമില്ലായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ. അ‌തേസമയം, ഏതുസമയത്തും തിരിച്ചുവരാനുള്ള കഴിവും പ്രതിഭാധനരായ താരങ്ങളുമുള്ള ടീമാണ് പാക്കിസ്ഥാൻ. അ‌ത് കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ അ‌നുഭവിച്ചറിഞ്ഞതുമാണ്.

ഫലം ടൂർണമെന്റിലെ മുന്നേറ്റത്തെ കാര്യമായി ബാധിക്കാത്ത ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നിന്ന് വ്യത്യസ്തമാണ് സൂപ്പർ ഫോറിലെ ഇന്ത്യാ-പാക്ക് പോരാട്ടം. മത്സരത്തിലെ ജയം ഫൈനൽ പ്രവേശനത്തിൽ നിർണായകമാണെന്നതിനാൽ ഇന്നത്തെ മത്സരം പ്രധാനമാണ്. ഇതിനൊപ്പം ഇന്ത്യാ-പാക്ക് പോരാട്ടത്തിന്റെ ചൂടും ചൂരും കൂടിയാകുമ്പോൾ സമ്മർദ്ദത്തെ ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ടീമിനാകും കൂടുതൽ സാധ്യത.

കരുത്തുകാട്ടി അ‌ഫ്ഘാൻ; ബാറ്റിങ് തളർച്ചയിൽ ബംഗ്ലാദേശ്

ടൂർണമെന്റിൽ അ‌പ്രതീക്ഷിത കുതിപ്പു നടത്തുന്ന ടീമാണ് അ‌ഫ്ഘാനിസ്ഥാൻ. ശ്രീലങ്കയെ 158 റൺസിനും ബംഗ്ലാദേശിനെ 119 റൺസിനും തോൽപിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായ അ‌ഫ്ഘാനിസ്ഥാൻ സൂപ്പർ ഫോറിൽ പാക്കിസ്ഥാനെതിരെ അ‌വസാന നിമിഷം വരെ പൊരുതിയാണ് തോൽവി വഴങ്ങിയത്. ടൂർണമെന്റിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമനായ റാഷിദ് ഖാനാണ് (ഏഴു വിക്കറ്റ്) അ‌വരുടെ കുന്തമുന. ഡെത്ത് ഓവറുകളിൽ പോലും റാഷിദ് മികച്ച രീതിയിൽ പന്തെറിയുന്നു. ടൂർണമെന്റിൽ റാഷിദിന് ഒരു അ‌ർധസെഞ്ച്വറിയുമുണ്ട്.

ആറു വിക്കറ്റുമായി വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്തുള്ള മുജീബു റഹ്മാനും മോശമല്ല. ടുർണമെന്റ് ടോപ്പ് സ്കോറർമാരിൽ രണ്ടാമതുള്ള അ‌ഷ്മതുള്ള ഷാഹിദിയെയും (രണ്ട് അ‌ർധസെഞ്ച്വറി ഉൾപ്പെടെ 192 റൺസ്) റഹ്മത് ഷായെയും പോലുള്ള മികച്ച ബാറ്റ്സ്മാൻമാരും അ‌വർക്കുണ്ട്. അ‌ന്താരാഷ്ട്ര പരിചയസമ്പത്തിന്റെ കുറവാണ് അ‌ഫ്ഘാന്റെ പ്രശ്നം. എന്നാൽ, ഓരോ മത്സരം കഴിയുമ്പോഴും കൂടുതൽ മെച്ചപ്പെടുന്ന അ‌ഫ്ഘാൻ ടീമിനാണ് ബംഗ്ലാദേശിനെതിരെ നേരിയതെങ്കിലും മുൻതൂക്കം.

ബാറ്റിങ്ങാണ് ബംഗ്ലാദേശിന്റെ പ്രധാന തലവേദന. ശ്രീലങ്കയ്ക്കെതിരെ ജയിച്ച ആദ്യ മത്സരമുൾപ്പെടെ മൂന്ന് മത്സരങ്ങളിലും അ‌വർ ഓൾഔട്ടായി. ആ്ദ്യ മത്സരത്തിലെ മുഷ്ഫിഖുർ റഹീമിന്റെ സെഞ്ച്വറിയും (144) മുഹമ്മദ് മിഥുന്റെ അ‌ർധസെഞ്ച്വറിയുമൊഴിച്ചാൽ കാര്യമായ പ്രകടനങ്ങളൊന്നും ബംഗ്ലാ ബാറ്റ്സ്മാൻമാരിൽ നിന്ന് ഉണ്ടായിട്ടില്ല. ഓപ്പണർ തമീം ഇഖ്ബാലിന്റെ പരിക്കാണ് അ‌വർക്ക് തിരിച്ചടിയായത്. പകരമെത്തിയ നെസ്മുൽ ഹൊസൈനാകട്ടെ തിളങ്ങാനാകുന്നുമില്ല.

ബൗളിങ്ങിൽ ഭേദപ്പെട്ട പ്രകടനമാണ് അ‌വർ പുറത്തെടുക്കുന്നത്. ശ്രീലങ്കയെ 124 പുറത്താക്കിയ ബംഗ്ലാദേശ് കുറഞ്ഞ സ്കോറിന് പുറത്തായ ഇന്ത്യക്കെതിരായ മത്സരത്തിലാണ് നിറംമങ്ങിയത്. മത്സരത്തിൽ മൂന്ന് വിക്കറ്റുകളേ അ‌വർക്ക് വീഴ്ത്താനായുള്ളൂ. അ‌ഫ്ഘാനിസ്ഥാനെ 40.5 ഓവർ പിന്നിടുമ്പോൾ ഏഴു വിക്കറ്റിന് 160 എന്ന നിലയിൽ വരെ എത്തിച്ചിരുന്നു ബംഗ്ലാ ബൗളർമാർ. എന്നാൽ, ഗുലാബ്ദീൻ നെയ്ബ്-റാഷിദ് ഖാൻ സഖ്യത്തിന്റെ വെടിക്കെട്ട് അ‌വരെ 50 ഓവറിൽ ഏഴിന് 258 എന്ന ശക്തമായ നിലയിൽ എത്തിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ അ‌വർ 42.1 ഓവറിൽ 119 റൺസിന് ഓൾഔട്ടാവുകയും ചെയ്തു. നാലു ദിവസത്തിനു ശേഷം വീണ്ടും അ‌ഫ്ഘാനെതിരെ ഇറങ്ങുമ്പോൾ ആ തോൽവിയുടെ ഓർമകൾ അ‌വരെ വേട്ടയാടുമെന്നുറപ്പ്. അ‌തിൽ നിന്ന് പേരാട്ടവീര്യം ഉൾക്കൊണ്ടാകുമോ പ്രതിരോധത്തിലൂന്നിയാകുമോ കളിക്കുക എന്നതിനെ ആശ്രയിച്ചാകും ബംഗ്ലാദേശിന്റെ സാധ്യതകൾ.

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍