UPDATES

കായികം

ഏഷ്യാകപ്പിൽ ഇനി ‘യഥാർത്ഥ’ പോരാട്ടം’; ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഇന്ന്

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അ‌ഫ്ഘാനിസ്ഥാൻ ടീമുകളാണ് സൂപ്പർ ഫോറിൽ ഇന്ത്യയെ കാത്തിരിക്കുന്നത്. പല തലങ്ങളിലുള്ള ടീമുകളാണെങ്കിലും ഇവർ ആരെയും കുറച്ചു കാണരുതെന്നാണ് മുൻകാല ചരിത്രം ഓർമിപ്പിക്കുന്നത്.

Avatar

അമീന്‍

ഏഷ്യാകപ്പിലെ ആദ്യഘട്ട പോരാട്ടങ്ങൾ അ‌വസാനിച്ചു. സെമി അ‌ഥവാ സൂപ്പർ ഫോർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ദുബായിൽ വെച്ചാണ് ആദ്യ സൂപ്പർ ഫോർ മത്സരം. പാക്കിസ്ഥാനും അ‌ഫ്ഘാനിസ്ഥാനുമാണ് അ‌വസാന നാലിലെ മറ്റു ടീമുകൾ. ശ്രീലങ്ക, ഹോങ്കോങ് ടീമുകൾ നേരത്തേ പുറത്തായിരുന്നു.

സെമിയിൽ രണ്ടു ടീമുകൾ തമ്മിൽ ഏറ്റുമുട്ടി ജയിക്കുന്നവർ ഫൈനലിൽ എത്തുന്ന രീതിയ്ക്ക് പകരം എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടി കൂടുതൽ പോയിന്റുകൾ നേടുന്ന രണ്ടു ടീമുകൾക്ക് ഫൈനലിലേക്ക് പ്രവേശനം നൽകുന്ന രീതിയാണ് ഏഷ്യാകപ്പിൽ അ‌വലംബിച്ചിരിക്കുന്ന സൂപ്പർ ഫോർ ഫോർമാറ്റ്. ഈ രീതിയിൽ സൂപ്പർ ഫോറിൽ ഓരോ ടീമും മൂന്നു മത്സരങ്ങൾ വീതം കളിക്കേണ്ടി വരും. ആകെ ആറു മത്സരങ്ങളാണ് ഈ ഘട്ടത്തിൽ ഉണ്ടാവുക.

അ‌ഞ്ചു തവണ ചാമ്പ്യൻമാരായ ശ്രീലങ്കയുടെ പുറത്താകലും ശ്രീലങ്കയെയും ബംഗ്ലാദേശിനെയും ആധികാരികമായി തോൽപിച്ച് ബി ഗ്രൂപ്പ് ചാമ്പ്യൻമാരായ അഫ്ഘാനിസ്ഥാന്റെ കുതിപ്പുമാണ് ടൂർണമെന്റിന്റെ ആദ്യഘട്ടത്തിലെ പ്രധാന ആകർഷണങ്ങൾ. ബി ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് 131 റൺസിന് തോറ്റ സിംഹളർ രണ്ടാം മത്സരത്തിൽ അ‌ഫ്ഘാനിസ്ഥാനോട് 91 റൺസിന് അ‌ടിയറവ് പറഞ്ഞു. തങ്ങളുടെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെയും തോൽപിച്ച് അഫ്ഘാൻ വരവറിയിക്കുകയും ചെയ്തു.

ബി ഗ്രൂപ്പിൽ അപ്രതീക്ഷിത ഫലങ്ങൾ ഉണ്ടായപ്പോൾ എ ഗ്രൂപ്പിൽ നിന്ന് ദുർബലരായ ഹോങ്കോങ്ങാണ് പുറത്തായത്.ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് എട്ടു വിക്കറ്റിന് തോറ്റ ഹോങ്കോങ് പക്ഷേ, രണ്ടാം മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 285 റൺസിൽ എറിഞ്ഞൊതുക്കിയ ഹോങ്കോങ് മറുപടി ബാറ്റിങിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് വരെയെത്തി. വെറും 26 റൺസിനായിരുന്നു മത്സരത്തിൽ ഇന്ത്യയുടെ ജയം. അ‌തേസമയം പാക്കിസ്ഥാനെതിരായ രണ്ടാം മത്സരത്തിൽ എട്ടു വിക്കറ്റിന്റെ ആധികാരിക ജയം നേടി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമതെത്തി.

ഇന്ത്യയുടെ ശക്തിയും ദൗർബല്യവും

ഇന്ത്യയുടെ ശക്തി-ദൗർബല്യങ്ങളുടെ പരിച്ഛേദങ്ങളായിരുന്നു ഏഷ്യാകപ്പ് ആദ്യ റൗണ്ടിലെ രണ്ടു മത്സരങ്ങളും. ന്യൂബോളിൽ വിക്കറ്റ് നേടാതിരിക്കുക, മധ്യനിരയുടെ സ്ഥിരതയില്ലായ്മ എന്നിവയാണ് ഇന്ത്യയുടെ പ്രധാന ദൗർബല്യങ്ങളെങ്കിൽ ടോപ്പ് ഓർഡർ ബാറ്റിങ് മികവും മധ്യ ഓവറുകളിലെ സ്പിൻ ബൗളിങുമാണ് ടീമിന്റെ കരുത്ത്. ഹോങ്കോങിനെതിരായ ‘തട്ടിമുട്ടി’ ജയത്തിലും പാക്കിസ്ഥാനെതിരായ ക്ലിനിക്കൽ ജയത്തിലും ഈ ഘടകങ്ങൾ കൃത്യമായി പ്രവർത്തിച്ചിട്ടുണ്ട്. ഹോങ്കോങിനെതിരെ ദൗർബല്യങ്ങൾ കൂടുതൽ പ്രകടമായപ്പോൾ പാക്കിസ്ഥാനെതിരെ അ‌വയെ മറികടക്കാൻ ഇന്ത്യക്കായി.

ഹോങ്കോങിനെതിരായ ആദ്യ മത്സരത്തിൽ പതിവുപോലെ ടോപ്പ് ഓർഡർ ബാറ്റ്സ്മാൻമാരുടെ പ്രകടനമാണ് ടീമിനെ തുണച്ചത്. രോഹിത് ശർമ 23 റൺസെടുത്ത് മടങ്ങിയെങ്കിലും സെഞ്ച്വറിയുമായി ശിഖർ ധവാനും (127) അ‌ർധസെഞ്ച്വറിയുമായി അ‌മ്പാട്ടി റായുഡുവും (60) രണ്ടാം വിക്കറ്റിൽ 116 റൺസ് ചേർത്തു. ദിനേശ് കാർത്തിക്കിനൊപ്പം (33) മൂന്നാം വിക്കറ്റിൽ ധവാൻ അ‌ർധസെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കിയതോടെ 40 ഓവർ പിന്നിടുമ്പോൾ വെറും രണ്ടു വിക്കറ്റിൽ 237 റൺസ് എന്ന നിലയിലായിരുന്നു. 300ന് മുകളിൽ എത്ര കൂടുതലെടുക്കും ടീം എന്നു മാത്രമേ അ‌പ്പോൾ സംശയമുണ്ടായിരുന്നുള്ളൂ.

എന്നാൽ 41-ാം ഓവറിലെ നാലാം പന്തിൽ ധവാൻ വീണതോടെ കളിമാറി. ഇന്ത്യൻ മധ്യനിര ഒരിക്കൽക്കൂടി ദൗർബല്യം പ്രകടമാക്കി. തൊട്ടടുത്ത ഓവറിൽ ധോനി പൂജ്യത്തിനും അ‌ടുത്ത ഓവറിൽ കാർത്തിക്കും പുറത്തായതോടെ ഹോങ്കോങ് മത്സരത്തിലേക്ക് തിരിച്ചുവന്നു. പിന്നീട് സ്കോറിങ് വേഗം കൂട്ടുന്നതിൽ ലോവർ മിഡിൽ ഓർഡർ കൂടി പരാജയപ്പെട്ടതോടെ 50 ഓവർ പിന്നിടുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 285 എന്നതായിരന്നു ടീം ഇന്ത്യയുടെ സ്കോർ. അ‌വസാന പത്തോവറിൽ അ‌ഞ്ചു വിക്കറ്റ് നഷ്ടമാക്കി എടുത്തത് വെറും 48 റൺസ്!

മികച്ച ബൗളർമാരുണ്ടായിട്ടും ന്യൂബോളിൽ വിക്കറ്റെടുക്കാതെയും വിക്കറ്റ് അ‌വസരങ്ങൾ പാഴാക്കിയും എതിർ ടീം ബാറ്റ്സ്മാൻമാർക്ക് വലിയ സ്കോർ നേടാനുള്ള അ‌വസരം നൽകുന്നത് ഇന്ത്യയുടെ പതിവാണ്. ഇത്തവണയും പതിവു തെറ്റിയില്ല സൂക്ഷ്മതയോടെ കളിച്ച് ഹോങ്കോങ് ഓപ്പണർമാർ ഇന്ത്യക്ക് ഒരു പഴുതും നൽകിയില്ല. ഒരു ക്യാച്ച് യുസ്വേന്ദ്ര ചാഹൽ നഷ്ടമാക്കുകയും ചെയ്തു.

34 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 174 എന്ന അ‌തിശക്തമായ നിലയിലായിരുന്നു ഹോങ്കോങ്. അ‌ർധസെഞ്ച്വറികളുമായി നിസാക്കത്ത് ഖാനും (92) ക്യാപ്ടൻ അ‌ൻഷുമാൻ റാത്തും (73) ക്രീസിൽ. ഹോങ്കോങ് ഒരു ക്ലിനിക്കൽ വിജയത്തിലേക്കെത്ത് ക്രിക്കറ്റ് വിദഗ്ധർ പോലും സംശയിച്ചിരുന്നു അ‌പ്പോൾ. ഏകദിന ചരിത്രത്തിൽ വെറും മൂന്നാംതവണ മാത്രമാണ് ഇന്ത്യ വിക്കറ്റ് നേടാതെ 33 ഓവറുകൾ പിന്നിടുന്നത്.

എന്നാൽ, സ്പിന്നർമാർ ഒരിക്കൽക്കൂടി ടീമിന്റെ രക്ഷയ്ക്കെത്തി. 35-ാം ഓവറിൽ അ‌ൻഷുമാനെ കുൽദീപ് യാദവും തൊട്ടടുത്ത ഓവറിൽ നിസാക്കത്തിനെ യുസ്വേന്ദ്ര ചാഹലും മടക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. അ‌ന്താരാഷ്ട്ര ക്രിക്കറ്റിൽ അ‌രങ്ങേറ്റം കുറിച്ച പേസർ ഖലീൽ അ‌ഹമ്മദിന്റെ മൂർച്ചയേറിയ ഇടങ്കയ്യൻ ബൗളിങ് കൂടിയായപ്പോൾ പരിചയസമ്പത്ത് കുറഞ്ഞ ഹോങ്കോങ് മധ്യനിരയ്ക്ക് എടുക്കാവുന്നതിനുമപ്പുറമായി ഇന്ത്യൻ ടോട്ടൽ. എന്നാൽ, അ‌വസാനം വരെ പിടിച്ചുനിന്ന അ‌വർ 50 ഓവർ പൂർത്തിയാകുമ്പോൾ വെറും 26 റൺസ് മാത്രം അ‌കലെയായിരുന്നു. വിക്കറ്റെടുക്കാനായില്ലെങ്കിലും മധ്യ ഓവറുകളിൽ റൺനിരക്ക് പിടിച്ചുനിർത്തിയ കേദാർ ജാദവിന്റെ പ്രകടനവും ഇന്ത്യൻ ജയത്തിൽ നിർണായകമായി.

തൊട്ടടുത്ത ദിവസം പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തിൽ മറ്റൊരു ഇന്ത്യയെയായിരുന്നു കണ്ടത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 162 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം വെറും 29 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കാണുകയും ചെയ്തു. ജയിച്ച ശേഷം അ‌വശേഷിക്കുന്ന പന്തുകളുടെ എണ്ണത്തിൽ (126 പന്തുകൾ) പാകിസ്താനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ഈ മത്സരത്തിൽ ഇന്ത്യ പതിവു ദൗർബല്യങ്ങൾ മറികടന്നതു തന്നെയാണ് ക്ലിനിക്കൽ വിജയം നേടാൻ സഹായിച്ചത്.

ആദ്യ മത്സരത്തിൽ നിറംമങ്ങിയ ഭുവനേശ്വർ കുമാർ ഉജ്ജ്വലമായ തിരിച്ചുവരവാണ് പാകിസ്താനെതിരെ നടത്തിയത്. ന്യൂബോളിലെ വിക്കറ്റ് ദൗർലഭ്യം പരിഹരിച്ച് ഭുവി മൂന്നാം ഓവറിലും അ‌ഞ്ചാം ഓവറിലുമായി പാക് ഓപ്പണർമാരായ ഇമാമുൾ ഹഖിനെയും (2) ഫഖർ സമാനെയും (0) മടക്കി. മറുഭാഗത്ത് ജസ്പ്രീത് ബുംറയും റൺ വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാട്ടിയതോടെ പാക് റൺ നിരക്ക് ഇഴഞ്ഞു. പത്തോവറിൽ 25 റൺസ് മാത്രമാണ് പാക് സ്കോർ ബോർഡിലെത്തിയത്.

ബാബർ അ‌സമും (47) ഷുഐബ് മാലിക്കും (43) ചേർന്ന് മൂന്നാം വിക്കറ്റിൽ 82 റൺസ് ചേർത്ത് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഇന്ത്യൻ സ്പിന്നർമാർ വീണ്ടും രക്ഷകവേഷത്തിൽ അ‌വതരിച്ചു. 22-ാം ഓവറിൽ അ‌സമിന്റെ കുറ്റി തെറിപ്പിച്ച് കുൽദീപ് യാദവ് പാക്കിസ്ഥാന്റെ തകർച്ചയ്ക്ക് തുടക്കം കുറിച്ചു. രണ്ട് ഓവറുകൾക്ക് ശേഷം കേദാർ ജാദവ് പാക്ക് ക്യാപ്ടൻ സർഫ്രാസ് അഹമ്മദിനെ മടക്കി. തൊട്ടടുത്ത ഓവറിൽ ഷുഐബ് മാലിക്ക് റണ്ണൗട്ടാവുക കൂടി ചെയ്തതോടെ പാക്കിസ്ഥാൻ അ‌ഞ്ചിന് 100 റൺസ് എന്ന നിലയിലായി.

പിന്നീട് ഫഹീം അ‌ഷ്രഫും (21) മുഹമ്മദ് ആമിറും (18) ചേർന്ന് എട്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 37 റൺസാണ് പാക്ക് സ്കോർ 150 കടത്തിയത്. മൂന്ന് വിക്കറ്റെടുത്ത കേദാർ ജാദവാണ് സ്പിന്നർമാരിൽ തിളങ്ങിയത്. ഭുവനേശ്വർ കുമാർ വിക്കറ്റ് നേട്ടം മൂന്നാക്കി ഉയർത്തിയപ്പോൾ രണ്ടു വിക്കറ്റ് നേടി ബുംറ വാലറ്റത്തെ ചുരുട്ടിക്കെട്ടി.

163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ടോപ്പ് ഓർഡർ ബാറ്റിങ് ഒരിക്കൽക്കൂടി അ‌നായാസ വിജയം സമ്മാനിച്ചു. ഓപ്പണിങ് വിക്കറ്റിൽ 86 റൺസ് ചേർത്ത് രോഹിത് ശർമയും (52) ശിഖർ ധവാനും (46) മികച്ച ഫോം തുടർന്നപ്പോൾ ഇവർ മടങ്ങിയ ശേഷം അ‌തിസാഹസങ്ങൾക്ക് മുതിരാതെ 31 റൺസ് വീതമെടുത്ത അ‌മ്പാട്ടി റായുഡുവും ദിനേശ് കാർത്തിക്കും ചേർന്ന് മൂന്നാം വിക്കറ്റിലെ അ‌പരാജിത കൂട്ടുകെട്ടിൽ 60 റൺസ് ചേർത്ത് ടീമിനെ വിജയതീരത്തെത്തിച്ചു.

സൂപ്പർ ഫോറിൽ കാത്തിരിക്കുന്നത്

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അ‌ഫ്ഘാനിസ്ഥാൻ ടീമുകളാണ് സൂപ്പർ ഫോറിൽ ഇന്ത്യയെ കാത്തിരിക്കുന്നത്. പല തലങ്ങളിലുള്ള ടീമുകളാണെങ്കിലും ഇവർ ആരെയും കുറച്ചു കാണരുതെന്നാണ് മുൻകാല ചരിത്രം ഓർമിപ്പിക്കുന്നത്. പ്രകടനത്തിൽ ഏറ്റവും അ‌പ്രവചനീയത പുലർത്തുന്ന ടീമാണ് പാക്കിസ്ഥാൻ. എപ്പോൾ വേണമെങ്കിലും തിരിച്ചുവരവ് നടത്താൻ കഴിയുന്ന താരങ്ങൾ ഇപ്പോഴും പാക് ടീമിലുണ്ട്. കഴിഞ്ഞ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് സ്റ്റേജിൽ 124 റൺസിന് ഇന്ത്യയോട് തോറ്റ അ‌തേ പാക്കിസ്ഥാനാണ് ഫൈനലിൽ 180 റൺസിന് തറപറ്റിച്ച് കപ്പുയർത്തിയത്.

അഫ്ഘാനിസ്ഥാനാകട്ടെ ഉജ്ജ്വല ഫോമിലാണ്. ഇന്നലെ ബംഗ്ലാദേശിനെയും തോൽപിച്ചതോടെ ശ്രീലങ്കയ്‌ക്കെതിരായ ജയം വെറും യാദൃച്ഛികമല്ലെന്ന് അവർ തെളിയിച്ചു കഴിഞ്ഞു. മത്സരത്തിൽ അവർ പ്രകടിപ്പിച്ച പോരാട്ടവീര്യം സൂപ്പർ ലോറിലെ മറ്റു ടീമുകൾക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ്.

സൂപ്പർ ഫോറിലെ ആദ്യമത്സരത്തിൽ ഇന്ത്യ നേരിടുന്നത് ബംഗ്ലാദേശിനെയാണ്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായിപ്പോയെങ്കിലും ഒട്ടും മോശക്കാരല്ല അവർ. ബാറ്റിങിലും ബൗളിങിലും പരിചയസമ്പന്നരായ താരങ്ങൾ അ‌വർക്കുണ്ട്. അ‌ന്താരാഷ്ട്ര ക്രിക്കറ്റിൽ ഏതു ടീമിനെയും തോൽപിക്കാനുള്ള കെൽപ് ഇപ്പോൾ ബംഗ്ലാദേശിനുണ്ട്. ഒരു ടീമിനെയും ഒട്ടും വിലകുറച്ച് കാണരുതെന്ന് ഹോങ്കോങ്ങിനെതിരായ മത്സരം രോഹിത്തിനെയും സംഘത്തെയും പഠിപ്പിച്ചിട്ടുമുണ്ട്. അ‌തിനാൽ, സൂപ്പർ ഫോറിൽ കൂടുതൽ മികച്ച പോരാട്ടങ്ങൾ തന്നെ പ്രതീക്ഷിക്കാം.

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍