UPDATES

കായികം

ജിൻസൺ ജോൺസൻ : മലയോര മൈതാനത്ത് നിന്നും ലോകത്തിന്റെ നെറുകയിലേക്ക് ഒരു മാരത്തോൺ റൺ

ചക്കിട്ടപ്പാറ കുളച്ചൽ ജോൺസൻ- ഷൈലജ ദമ്പതികളുടെ മകനാണ് ജിൻസൺ. 800 ലെയും 1500 ലെയും ദേശീയ റെക്കോർഡ് ഈ പട്ടാളക്കാരന്റെ പേരിലാണ്.

‘ജിൻസൺ ജോൺസൺ’ ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് മത്സരങ്ങൾ ആരംഭിച്ചതു മുതൽ ഗാലറികളിൽ നിന്ന് ഏറ്റവും കൂടുതൽ മുഴങ്ങിയത് കോഴിക്കോട്, ചക്കിട്ടപാറ സ്വദേശിയായ കേരളത്തിന്റെ ഈ താരത്തിന്റെ പേരാണ്. കാണികളുടെ പ്രോത്സാഹനത്തിന് ട്രാക്കിൽ തന്നെ മറുപടി നൽകിയ ജിൻസൺ തനിക്ക് തകർക്കാൻ ഇനിയും റെക്കോർഡുകൾ ഉണ്ടെന്ന് തെളിയിക്കുകയായിരുന്നു. 800 മീറ്ററിൽ രണ്ടാമനായി വെള്ളി നേട്ടം കുറിച്ചെങ്കിലും ആവേശം ചോരാതെ പാഞ്ഞ ജിൻസൺ 1500 മീറ്ററിൽ സ്വർണത്തിൽ മുത്തമിട്ടു.

ഇന്നലെ 1500 മീറ്ററിൽ 56 വർഷത്തിന് ശേഷമാണ് ഇന്ത്യ ജിൻസണിലൂടെ സ്വർണ്ണത്തിൽ മുത്തമിട്ടത്. മൂന്നു മിനിറ്റ് 44.72 സെക്കൻഡ് കൊണ്ടാണ് ജിൻസൺ 1500 മീറ്റർ ഓടിയെത്തിയത്.
കണ്ണൂർ സ്വദേശിയായ മുഹമ്മദ് കുഞ്ഞിയുടെ ശിഷ്യനായി ആർമിയിലേക്ക് വന്നതോടെയാണ് ട്രാക്കിലെ ജിൻസന്റ കുതിപ്പിന് ജീവൻ വയ്ക്കുന്നത്. സമയത്തെ വേഗം കൊണ്ട് കീഴടക്കിയ ജിൻസൺ വിവിധ ഏഷ്യൻ ഗ്രാൻപ്രികളിൽ രാജ്യത്തിനു വേണ്ടി സ്വർണം നേടിയിട്ടുണ്ട്.

ജിൻസൺ ഉൾപ്പടെ ഹ്രസ്വ മധ്യ ദൂര താരങ്ങളെ ഭൂട്ടാനിലെ തിംഫുവിലെ ഹൈ ആർട്ടി റ്റ്യൂഡ് പരിശീലന കേന്ദ്രമാണ് ഏഷ്യൻ ഗെയിംസിനായി ഒരുക്കിയത്. തീവ്ര പരിശീലനത്തിന്റ നാളുകളായിരുന്നു ചരിത്രനേട്ടം സ്വന്തമാക്കാൻ താരത്തിന് സഹായകമായത്. നേരത്തെ ഊട്ടിയിലെ പരിശീലന കേന്ദ്രത്തിലായിരുന്നു പരിശീലനം.

ചക്കിട്ടപ്പാറ ഗ്രാമീൺ സ്പോർട്സ് അക്കാദമിയിലെ കെ.എം പീറ്റർ , കോട്ടയം ബസേലിയോസ് കോളജിലെ പഠനകാലത്ത് ഡോ.ജോർജ് ഇമ്മാനുവൽ ,പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന ശേഷം കരുത്ത് നൽകിയ എൻ.എ മുഹമ്മദ് കുഞ്ഞി, ഇപ്പോഴത്തെ പരിശീലകൻ ജെ.എസ് ഭാട്യ, എല്ലാവർക്കും ജിൻസന്റ നേട്ടത്തിൽ അഭിമാനിക്കാം. കഴിഞ്ഞ ദിവസം 800 മീറ്ററിൽ
സ്വർണം അടുത്തെത്തിയിട്ടും നേടിയെടുക്കാൻ സാധിക്കാതെ വന്നത് 1500 മീറ്ററിൽ കൂടുതൽ കരുതലോടെ ട്രാക്കിൽ പായാൻ താരം തീരുമാനമെടുത്തിരുന്നു .

ചക്കിട്ടപ്പാറ കുളച്ചൽ ജോൺസൻ- ഷൈലജ ദമ്പതികളുടെ മകനാണ് ജിൻസൺ. 800 ലെയും 1500 ലെയും ദേശീയ റെക്കോർഡ് ഈ പട്ടാളക്കാരന്റെ പേരിലാണ്. ഇന്നലെ സ്വർണ നേട്ടത്തിന് ശേഷം ഇന്ത്യൻ പതാക പുതച്ച് ഒരിക്കൽ കൂടി ട്രാക്കിന് പുറത്തു കൂടി ഓടി കാണികൾക്ക് കൈ വീശുന്ന ജിൻസന്റെ ചിത്രം പ്രളയദുരിതത്തിനിടയിലും കേരളക്കരക്കു ആശ്വാസവും, അഭിമാനവുമായി മാറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍