UPDATES

ട്രെന്‍ഡിങ്ങ്

18 വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ട് മണ്ണില്‍ ഓസ്‌ട്രേലിയയ്ക്ക് ആഷസ് പരമ്പര

സ്റ്റീവ് സ്മിത്താണ് മാന്‍ ഓഫ് ദി മാച്ച്

സ്റ്റീവ് സ്മിത്തിന്റെ തോളിലേറിയ ഓസ്‌ട്രേലിയ ആഷസ് ടെസ്റ്റ് പരമ്പരയുടെ നാലാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കി. ഒരു ടെസ്റ്റ് കൂടി പരമ്പരയില്‍ അവശേഷിക്കുന്നുണ്ടെങ്കിലും 2017-18-ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ആഷസ് പരമ്പര 4-0-ത്തിന് സ്വന്തമാക്കിയതിനാല്‍ കപ്പ് ടിം പെയ്ന്‍സിനും കൂട്ടര്‍ക്കുമുള്ളതാണ്. നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ട് മണ്ണില്‍ ആഷസ് നിലനിര്‍ത്തുന്നത്. ഇതിനു മുമ്പ് 2002-03-ലായിരുന്നു ഈ നേട്ടം.

ആദ്യ ഇന്നിംഗ്‌സില്‍ 211, രണ്ടാം ഇന്നിംഗ്‌സില്‍ 85-ഉം റണ്‍സ് നേടിയ സ്മിത്തിന്റെ മികവില്‍ 185 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ബെന്‍ സ്‌റ്റോക്‌സിലുടെ അപ്രതീക്ഷിതമായി തിരിച്ചടിച്ച ഇംഗ്ലണ്ട് പരമ്പര 1-1ന് സമനിലയിലാക്കിയിരുന്നു. ലോഡ്‌സിലെ ലോകകപ്പ് വിജയത്തിന്റെ പിന്നാലെ മൂന്നാം ടെസ്റ്റിലും അത്ഭുത പ്രകടനം നടത്തിയ ബെന്‍ സ്‌റ്റോക്കിലായിരുന്നു ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ പ്രതീക്ഷ. എന്നാല്‍ സ്റ്റീവ് സ്മിത്ത് എന്ന ലോകത്തിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ഓള്‍ഡ് ട്രാഫോഡില്‍ കത്തിക്കയറിയതോടെ ഇത് പൊലിഞ്ഞു. സ്മിത്താണ് മാന്‍ ഓഫ് ദി മാച്ച്.

സ്റ്റീവ് സ്മിത്തിന്റെ 211-ന്റെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയ 497 റണ്‍സാണ് ഒന്നാം ഇന്നിംഗ്‌സില്‍ സ്‌കോര്‍ ചെയ്തത്. 118-ല്‍ നില്‍ക്കെ ജാക്ക് ലീച്ചിന്റെ ബോളില്‍ സ്മിത്ത് ഔട്ടായെങ്കിലും ഇത് നോബോള്‍ ആയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 301-ല്‍ അവസാനിച്ചു. ജോസ് ബട്‌ലര്‍ അവസാന നിമിഷം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഫോളോ ഓണ്‍ ഒഴിവാക്കുകയായിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നാലിന് 44 എന്ന സ്‌കോറില്‍ നില്‍ക്കെയാണ് സ്മിത്ത് ക്രീസിലെത്തുന്നത്. പൊടുന്നനെ 85 റണ്‍സ് അടിച്ചു കൂട്ടിയ സ്മിത്താണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഓസ്‌ട്രേലിയയെ കരകയറ്റിയത്. 383 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. റോറി ബേണ്‍സിനേയും ജോ റൂട്ടിനേയും പാറ്റ് കമ്മിന്‍സ് മടക്കി. മികച്ച ലെംഗ്തില്‍ പിച്ച് ചെയ്ത് ഓഫ് ജോ റൂട്ടിന്റെ ഓഫ് സ്റ്റംപിലേക്ക് പാഞ്ഞു കയറിയ ബോള്‍ ഒരു ഫാസ്റ്റ് ബൗളറുടെ ഏറ്റവും മികച്ച ബോളുകളില്‍ ഒന്നു കൂടിയാണ്.

അഞ്ചാം ദിവസം ഏതെങ്കിലും വിധത്തില്‍ തോല്‍വി ഒഴിവാക്കാനും മത്സരം സമനിലയിലാക്കാനുമുള്ള ശ്രമമായിരുന്നു ഇംഗ്ലണ്ടിന്റേത്. ജോ ഡെന്‍ലി, ജേസണ്‍ റോയി, ജോസ് ബട്‌ലര്‍, ക്രെയ്ഗ് ഓവര്‍ടോണ്‍ എന്നിവര്‍ പൊരുതുകയും ചെയ്തു. ഏഴാം വിക്കറ്റില്‍ ജോസ് ബട്‌ലറും ക്രെയ്ഗ് ഓവര്‍ട്ടണും ചേര്‍ന്ന് മത്സരം ഓസ്‌ട്രേലിയയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിപ്പിച്ചതാണ്. 21.1 ഓവറാണ് ഇരുവരും കൂടി ബാറ്റ് ചെയ്തത്. എന്നാല്‍ ജോഷ് ഹേസല്‍വുഡ് ജോസ് ബട്‌ലറുടെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.

അവസാന നിമിഷം മാര്‍നൂസ് ലാബൂഷെയ്ഗന്‍ എന്ന പാര്‍ട് ടൈം ലെഗ് സ്പിന്നറെ ഇറക്കാനുള്ള ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌ന്റെ തീരുമാനമാണ് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. ജാക്ക് ലീച്ചിനെ മടക്കിയയച്ചു കൊണ്ട് മാര്‍നൂസ് ഇംഗ്ലണ്ടിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയുമടിച്ചു.

2019 ആഷസില്‍ ഇതുവരെ 600-ലേറെ റണ്‍സാണ് സ്റ്റീവ് സ്മിത്ത് സ്‌കോര്‍ ചെയ്തത്. ഈ വിജയം തന്റെ ബക്കറ്റ് ലിസ്റ്റിില്‍ ഉള്‍പ്പെട്ടിരുന്ന ഒന്നാണെന്നാണ് മത്സരശേഷം സ്മിത്ത് പ്രതികരിച്ചത്. തങ്ങളുടെ പേസര്‍മാരെ കൃത്യമായി വിനിയോഗിച്ചതിലൂടെ കൂടിയാണ് ഓസ്‌ട്രേലിയ ഈ വിജയം സ്വന്തമാക്കിയത്.

സെപ്റ്റംബര്‍ 12-ന് ഓവലിലാണ് അവസാന മത്സരം. പരമ്പര നഷ്ടമായെങ്കിലും അടിയറ വച്ചു എന്ന പേരുദോഷം ഒഴിവാക്കാന്‍ ജോ റൂട്ടിനും സംഘത്തിനും ഒരുവിജയം അനിവാര്യമാണ്.

സ്കോര്‍: ഓസ്‌ട്രേലിയ- 497 (8) & 186 (ഡിക്ലയെര്‍ഡ്), ഇംഗ്ലണ്ട്- 301 & 197

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍