UPDATES

കായികം

ചൈനീസ് ഇതിഹാസത്തെ അട്ടിമറിച്ച മലയാളി കരുത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടില്‍ രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനും അഞ്ച് തവണ ലോക ചാമ്പ്യനുമായിട്ടുള്ള ചൈനീസ് ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ഡാനെ അട്ടിമറിച്ച മലയാളി താരം എച്ച്.എസ്. പ്രണോയ് കൈയ്യടി നേടുകയാണ്. ഈ ലോക ചാമ്പ്യന്‍ഷിപ്പ് ഇതുവരെ കണ്ട ഏറ്റവും വലിയ അട്ടിമറിയിലാണ് പ്രണോയ് സൂപ്പര്‍ താരത്തെ കീഴടക്കിയത്.

ലോക ബാഡ്മിന്റനിലെ സകല കിരീടങ്ങളും നേടിയ ലിന്‍ ഡാന്‍ ഇപ്പോള്‍ അത്ര കരുത്തനല്ലായിരിക്കാം. എങ്കിലും താരത്തെ കീഴടക്കുക എന്നത്
ഏറെ പ്രയാസമുള്ള ഒന്ന് തന്നെയാണ്. ഇത് മൂന്നാം തവണയാണ് പ്രണോയ് ലിന്‍ ഡാനെ വീഴ്ത്തുന്നതെന്നതാണ് താരത്തിന്റെ മികവ് തെളിയിക്കുന്നത്. രണ്ട് ഒളിംപിക് സ്വര്‍ണം, അഞ്ച് ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണം, ആറ് ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍, രണ്ട് ലോകകപ്പ്, അഞ്ച് ഏഷ്യന്‍ ഗെയിംസ്, നാല് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് എന്നിവയെല്ലാം ലിന്‍ ഡാന്റെ നേട്ടങ്ങളാണ്. നിലവില്‍ ലോകറാങ്കിങ്ങില്‍ 17-ാം സ്ഥാനത്താണ് ലിന്‍ ഡാന്‍. പ്രണോയ് 31-ാം റാങ്കുകാരനും. 2018-ല്‍ ഇന്‍ഡൊനേഷ്യന്‍ ഓപ്പണിലും 2015-ല്‍ ഫ്രഞ്ച് ഓപ്പണിലുമായിരുന്നു ഇതിന് മുമ്പ് ഇന്ത്യന്‍ താരത്തിന്റെ വിജയം. 27കാരനായ പ്രണോയ് 2018ലെ ഗോള്‍കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും 2016ല്‍ ഗുവാഹത്തിയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണ്ണവും നേടിയിട്ടുണ്ട്. 2018ല്‍ വുഹാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും പ്രണോയി നേടിയിട്ടുണ്ട്.

2010 സമ്മര്‍ യൂത്ത് ഒളിമ്പിക്‌സില്‍ ആണ്‍കുട്ടികളുടെ സിംഗിള്‍സില്‍ വെള്ളി മെഡല്‍ നേടിയതിന് ശേഷമാണ് പ്രണോയ് അറിയപ്പെട്ട് തുടങ്ങിയത്. 2011 ല്‍ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ചലഞ്ചില്‍ പ്രണോയ് മറ്റൊരു വെള്ളി മെഡലും നേടി. എന്നാല്‍ ഈ നേട്ടങ്ങള്‍ക്ക് ശേഷം ഫോമില്ലായിമയും നിരന്തരമായ പരിക്കുകളും പ്രാണോയിയെ പിന്തുടര്‍ന്നു. 2015 ലെ ഇന്ത്യന്‍ സൂപ്പര്‍ സീരീസിന്റെ പ്രീ ക്വാര്‍ട്ടേഴ്‌സില്‍ ലോകോത്തര നമ്പര്‍ 2-നെ പരാജയപ്പെടുത്തിയാണ് പ്രണോയിയുടെ ഏറ്റവും വലിയ വിജയം. ജക്കാര്‍ത്തയില്‍ നടന്ന ഇന്‍ഡോനേഷ്യ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ ചെന്‍ ലോങിനെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച് പ്രണോയ് സെമിയിലെത്തി. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തിലെ മികച്ച ജയങ്ങളിലൊന്നായി കായികലോകം ഇതിനെ വിലയിരുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍