UPDATES

കായികം

ചൈന ഓപ്പണ്‍: മുന്‍ ഒളിമ്പിക് ചാമ്പ്യനെ തോല്‍പ്പിച്ച് പി.വി.സിന്ധു രണ്ടാം റൗണ്ടില്‍ കടന്നു

പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി-ചിരാഷ് ഷെട്ടി സഖ്യവും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

ലോകചാമ്പ്യന്‍ പി.വി.സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയത്തോടെ തുടക്കം. വനിതാ സിംഗിള്‍സില്‍ ടൂര്‍ണമെന്റ് അഞ്ചാം സീഡായ സിന്ധു രണ്ടാം റൗണ്ടില്‍ പ്രവേശിച്ചപ്പോള്‍ എട്ടാം സീഡായ സൈന പുറത്തായി. ചൈനയുടെ മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ ലീ സ്യു റൂയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-18, 21-12. മത്സരം മുപ്പത്തിനാല് മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. ഇതാദ്യമായാണ് സിന്ധു ലീയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലില്‍ ലോകകിരീടം ചൂടിയശേഷമുള്ള സിന്ധുവിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

അതേസമയം സൈനയ്ക്ക് തായ്ലന്‍ഡിന്റെ ബുസനന്‍ ഒഗ്ബാംറുങ്ഫാനോട് അപ്രതീക്ഷിത തോല്‍വി നേരിടേണ്ടിവന്നു. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്‌കോര്‍: 10-21, 17-21. പുരുഷ സിംഗിള്‍സിന്റെ ഒന്നാം റൗണ്ടില്‍ ബി.സായിപ്രണീത് തായ്ലന്‍ഡിന്റെ സുപ്പന്യു അവിഹിങ്സനോണിനെ ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കാണ് മറികടന്നത്. സ്‌കോര്‍: 21-19, 21-23, 21-14. രണ്ടാം റൗണ്ടില്‍ ചൈനയുടെ ലു ഗ്വാങ് സുവാണ് സായി പ്രണീതിന്റെ എതിരാളി.

പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി-ചിരാഷ് ഷെട്ടി സഖ്യവും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ഒന്നാം റൗണ്ടില്‍ കനേഡിയന്‍ ജോഡിയായ ജേസണ്‍ അന്തോണി ഹോഷ്യു-നൈല്‍ യാകുറ ടീമിനെയാണ് അവര്‍ തോല്‍പിച്ചത്. സ്‌കോര്‍: 21-7, 21-18.
മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്സായിരാജ് രാങ്കി റെഡ്ഡി-അശ്വിനി പൊന്നപ്പ ജോഡിയും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ഒന്നാം റൗണ്ടില്‍ അവര്‍ ഇന്‍ഡൊനീഷ്യയുടെ ആറാം സീഡ് പ്രവീണ്‍ ജോര്‍ദാന്‍- മെലാതി ദേവ ഒക്തവിയാന്തി ടീമിനെ അട്ടിമറിക്കുകയായിരുന്നു. സ്‌കോര്‍: 22-20, 17-21, 21-17.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍