രണ്ടാം പാദ സെമിയില്‍ 5 ഗോള്‍ വിജയം നേടിയാല്‍ മാത്രം ലിവര്‍പൂളിന് സാധ്യത
മെസിയുടെ അറുനൂറാമത്തെ ഗോളായിരുന്നു അത്. ചാംപ്യന്‍സ് ലീഗ് സെമി ഫൈനലിലിന്റെ ആദ്യ പാദ മത്സരത്തില്‍ ലിവര്‍പൂളിന്റെ പ്രതീക്ഷകളെ തകിടം മറിക്കുന്നതായി എഴുപത്തിയഞ്ചാം മിനുട്ടില്‍ നേടിയ ആ ഗോള്‍. പിന്നീട് അധിക സമയം കാത്ത് നില്‍ക്കേണ്ടി വന്നില്ല. 7 മിനുട്ടുകള്‍ക്ക് ഇപ്പുറം രണ്ടാമത്തെ ഗോളും ഒരു തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ മെസിയുടെ മാന്ത്രിക ബൂട്ടില്‍ നിന്നും പിറന്നു. ബുധനാഴ്ച നടന്ന മത്സരത്തില്‍ ബാര്‍സലോണ ലിവര്‍പൂളിനെ തകര്‍ത്തത് 3-0 എന്ന സ്കോറില്‍.
ഇനി എന്താണ് ഈ ഫുട്ബോള്‍ ജീനിയസിനെ വിശേഷിപ്പിക്കുക എന്ന് ഫുട്ബോള്‍ പ്രേമികളെ അമ്പരപ്പിക്കുന്നതായിരുന്നു പത്താം നംബര്‍ ജേഴ്സി അണിഞ്ഞ ഈ കുറിയ മനുഷ്യന്റെ ക്യാമ്പ് നോവിലെ ഇന്നലത്തെ പ്രകടനം. പെലെ, ഡീഗോ മറഡോണ, അല്ലെങ്കില്‍ മാറ്റാരെങ്കിലും മെസിയെക്കാള്‍ മികച്ച ഫുട്ബോള്‍ കളിച്ചിട്ടുണ്ടോ എന്ന ചോദ്യവുമായി ഇനിയും ആരെങ്കിലും വരുമോ?
എന്തായാലും ലിവര്‍ പൂളിന് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ എത്തുക എന്നത് പരുക്കന്‍ യഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പായി. 1-0 എന്ന സ്കോറില്‍ ആയിരുന്നു കളി അവസാനിച്ചിരുന്നേകില്‍ യൂര്‍ഗന്‍ ക്ലോപ്പിനും സംഘത്തിനും കുറച്ചുകൂടി പ്രതീക്ഷ വെക്കാന്‍ സാധിക്കുമായിരുന്നു. ആന്‍ഫീല്‍ഡില്‍ അടുത്ത ചൊവ്വാഴ്ച നടക്കുന്ന രാണ്ടാം പാദ സെമിയില്‍ കുറഞ്ഞത് 5 തവണ വല ചലിപ്പിച്ചാല്‍ മാത്രമേ അത് സാധിക്കുകയുള്ളൂ.
ലിവര്‍പൂള്‍ ആണ് മികച്ച കളി പുറത്തെടുത്തതെങ്കിലും ആദ്യം വല ചലിപ്പിക്കാനുള്ള അവസരം കിട്ടിയത് ബാര്‍സലോണയ്ക്കാണ്. കളിയുടെ ആദ്യ പകുതിയില്‍ ലൂയി സുവാരസ് ആണ് ബാര്‍സലോണയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. ജോര്‍ദി ആല്‍ബ നല്‍കിയ ഒരു പാസ് അതിമനോഹരമായി സുവാരസ് ഗോള്‍ പോസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു.
തുടര്‍ന്ന് മെസിയുടെ ഊഴമായിരുന്നു. കളിയുടെ എഴുപത്തിയഞ്ചാം മിനുട്ടില്‍ സുവാരസ് എടുത്ത കിക്ക് തിരിച്ചു വന്നത് മെസിയുടെ കാലിലേക്ക്. ഒട്ടും അമാന്തിച്ചില്ല. മനോഹരമായ ഗോളിലൂടെ ബാര്‍സയെ ഒരു ഗോള്‍ കൂടി മുന്നിലേക്ക് നയിച്ചു മെസി.
എന്നാല്‍ എണ്‍പത്തിരണ്ടാം മിനുട്ടിലാണ് ചാംപ്യന്‍സ് ലീഗിലെ തന്നെ മനോഹരമായ ആ ഫ്രീ കിക്ക് പിറന്നത്. 25 അടി അകലെ നിന്ന് നാല് പ്രതിരോധക്കാരെയും ഗോള്‍ കീപ്പര്‍ അലിസാന്നിനെയും മറികടന്ന് പോസ്റ്റിന്റെ വലതു മൂലയിലേക്ക് ബോള്‍ കയറിയപ്പോള്‍ തകര്‍ന്നടിഞ്ഞത് ലിവര്‍പൂളിന്റെ ഫൈനല്‍ പ്രതീക്ഷയാണ്.
കളിയിലെ താരമായി മെസി തെരഞ്ഞെടുക്കപ്പെട്ടു.