UPDATES

കുറിച്യ കോളനിയില്‍ നിന്നും ലോകോത്തര കായികതാരമായി വളര്‍ന്ന പ്രിയ സി.സിയെ എത്രപേര്‍ക്കറിയാം?

ഹോങ്കോങ്ങില്‍ നടക്കുന്ന ഏഷ്യന്‍ ബേസ്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കണമെങ്കില്‍ പ്രിയയ്ക്ക് സര്‍ക്കാര്‍ ധനസഹായം ഉള്‍പ്പെടെ കിട്ടിയേ മതിയാവൂ.

പ്രിയ സി.സി എന്ന പേരില്‍ മലയാളിയായ ഒരു ലോകോത്തര കായിക താരമുണ്ടെന്ന് ഇവിടെ എത്ര പേര്‍ക്കറിയാം? ബേസ് ബോള്‍ എന്നൊരു കായികയിനമുണ്ടെന്നും ലോക വനിത ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുള്ള താരമാണ് പ്രിയ സി.സി എന്നുമുള്ള നമ്മുടെ അറിവില്ലായ്മകള്‍ അങ്ങനെ കുറെ ഉണ്ട്. പലര്‍ക്കും പ്രിയയെ അറിയാന്‍ സാധ്യതിയില്ല. എന്നാല്‍ ലോകത്തെ ബേസ് ബോള്‍ പ്രേമികള്‍ക്ക് അറിയാം പ്രിയ എന്ന ഈ കായിക താരത്തിന്റെ കഴിവ്. 2016-ല്‍ സൗത്ത് കൊറിയയിലെ ജിം ജാങ്ങില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനം, സെപ്റ്റംബര്‍ 2 മുതല്‍ 7 വരെ ഹോങ്കോങ്ങില്‍ നടക്കുന്ന പ്രഥമ ഏഷ്യന്‍ വനിതാ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഏക മലയാളി താരം; ഇതൊക്കെ പറയുമ്പോഴും നമുക്കറിയാവുന്ന ചില യാതാര്ത്യങ്ങളുമുണ്ട് ഈ ഇരുപത്തിനാലുകാരിയുടെ ജീവിതത്തില്‍. അത് ഒരു ആദിവാസി കോളനിയില്‍ നിന്നും ലോകമറിയുന്ന കായികതാരമായി വളര്‍ന്ന ഒരു പെണ്‍കുട്ടി കടന്നുപോകുന്ന കഷ്ടപ്പാടുകള്‍ നിറഞ്ഞ ലോകത്തിന്റെതാണ്.

വായാട് കുറിച്യ കോളനിയില്‍ നിന്നും ഹോങ്കോങ്ങിലേക്ക്
കോഴിക്കോട് വിലങ്ങാട് മലനിരകളിലെ വായാട് കുറിച്യ കോളനിയിലെ കുട്ടിയരപ്പന്റെയും ദേവിയുടെയും മകളായ പ്രിയ സി.സി കഠിനമായ ജീവിത ദുരിതങ്ങള്‍ക്കിടയിലും കഠിനാധ്വാനവും ഇച്ഛാശക്തിയും ഒന്നു കൊണ്ടു മാത്രമാണ് ഇന്ന് കാണുന്ന ലോകത്തര താരമായത്. നന്നെ ചെറുപ്പം മുതല്‍ തന്നെ പ്രിയ കായിക രംഗത്ത് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. വിലങ്ങാട് സെന്റ് ജോസഫ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ അനവധി തവണ ഹൈജംപില്‍ സംസ്ഥാന തലത്തില്‍ മത്സരിച്ചിട്ടുണ്ട്. പ്ലസ് ടുവിന് കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷണ്‍ സ്‌കൂളില്‍ ചേര്‍ന്ന പ്രിയ ഹൈജംപില്‍ നിന്നും ജാവലിന്‍ ത്രോയിലേക്ക് ചുവടുമാറ്റുന്നു. ഇതിനു ശേഷം ഡിഗ്രി പഠനത്തിനായി ചങ്ങനാശ്ശേരി അസംപക്ഷന്‍ കോളേജില്‍ എത്തിയതാണ് പ്രിയയുടെ കായിക ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായത്. കോളേജില്‍ വെച്ചാണ് പ്രിയ ആദ്യമായി ബേസ്‌ബോള്‍ എന്തെന്ന് അറിയുന്നതും അടുത്തു പരിചയപെടുന്നതും. അസംപ്ഷനിലെ കായികാധ്യാപകന്‍ ഷിബു ശിവദാസിന്റെ നിര്‍ബന്ധത്തില്‍ ബേസ്‌ബോള്‍ ടീമില്‍ ചേരുന്ന പ്രിയ അതിവേഗം മികച്ച ബേസ്‌ബോള്‍ കളിക്കാരിയായി മാറുകയായിരുന്നു.


അസംപ്ക്ഷന്‍ കോളേജില്‍ അവസാന വര്‍ഷ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥി കൂടിയാണ് പ്രിയ. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചണ്ഡിഘട്ടില്‍ സമാപിച്ച സെലക്ഷന്‍ ക്യാമ്പിലാണ് പ്രിയയെ ദേശീയ ടീമിലേക്ക് തിരെഞ്ഞെടുത്തത്.

പക്ഷെ, ഈ ലോകോത്തര താരത്തിന് പറയാന്‍ കഷ്ടപ്പാടുകളുടെ കഥകള്‍ മാത്രമെയുള്ളൂ. സ്വന്തമായി ബാറ്റും ഹെല്‍മറ്റും ഇല്ലാത്ത പ്രിയക്ക് കൂലിപ്പണിക്കാരനായ അച്ഛന്‍ കടം വാങ്ങിയാണ് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ചിലവിനുള്ള പണം കണ്ടെത്തുന്നത്. സെപ്റ്റബറില്‍ ഹോങ്കോങ്ങില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള പരീശീലത്തിനായി വരും ദിവസങ്ങളില്‍ ഭുവനേശ്വറിലേക്ക് യാത്ര തിരിക്കാനിരിക്കുകയാണ് പ്രിയ. മത്സരത്തില്‍ പങ്കെടുക്കുന്നതിനും പരിശീലത്തിനുമായി ഏതാണ്ട് ഒരു ലക്ഷത്തിലധികം രൂപ ചിലവ് വരും. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും മകളെ വലിയ കായിക താരമാക്കണമെന്ന സ്വപ്നം കാണുന്ന ഈ ആദിവാസി കുടുംബം സര്‍ക്കാര്‍ സഹായം പ്രതിക്ഷിച്ച് കഴിയുകയാണ്.

‘ഭൂവനേശ്വറില്‍ നടക്കുന്ന രണ്ടാം ഘട്ട പരിശീലനത്തിന് പോകാന്‍ തയ്യാറെടുക്കുകയാണ്. യാത്ര ചിലവ് തന്നെ വലിയ പൈസയാകും. അത് കൂടാതെ യാത്ര, പരിശീലനത്തിനും മറ്റുമായി 40000 രൂപയോളം ബേസ്‌ബോള്‍ ഫെഡറേഷനില്‍ അടക്കണം. വീട്ടില്‍ പൈസ ഇല്ലാത്തതു കൊണ്ട് അച്ഛന്‍ കടം മേടിച്ചാണ് പൈസ തന്നത്. കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പിന് പോകാന്‍ പൈസ ഇല്ലാതിരുന്നപ്പോള്‍ അമ്മയുടെ സ്വര്‍ണ്ണ കമ്മല്‍ വിറ്റാണ് പോയത്. നാട്ടുകാരും ബേസ്‌ബോള്‍ അസോസിയേഷന്‍കാരും കോളേജുകാരും ഒരു പാട് സഹായിച്ചിരുന്നു. ഈ പ്രാവശ്യം സഹായിക്കണമെന്നാവശ്യപ്പെട്ട് സ്‌പോര്‍ട്സ് കൗണ്‍സിലിനും പട്ടികവര്‍ഗ്ഗ വകുപ്പിനും അപേക്ഷ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നു‘- പ്രിയ അഴിമുഖത്തിനോട് പറഞ്ഞു.

കഠിനാധ്വാനവും ഇച്ഛാശക്കതിയും ഒന്നു മാത്രമാണ് പ്രിയയുടെ വിജയത്തിന്റെ രഹസ്യമെന്ന് കായികാധ്യാപകന്‍ ഷിബു ശിവദാസ് പറയുന്നു. ‘കഠിനാധ്വാനത്തിന്റെ ഫലമാണ് പ്രിയയുടെ വിജയം. ഒരുപാട് ജീവിത പ്രതിസന്ധികള്‍ക്കിടയിലും തളരാതെ പോരാടുന്ന പ്രിയ അത്ഭുതമാണ്. പിച്ചിങ്ങിലും പന്ത് എറിയുന്നതിലും അസാമാന്യമായ പാടവവും വേഗതയുമാണ് പ്രിയയ്ക്ക്. 2006-ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമായിരുന്നു പ്രിയ നടത്തിയത്. ഇത്തരത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വലിയ നേട്ടങ്ങള്‍ കൊയ്യുന്ന കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ഉണ്ടാകേണ്ടതാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കായിക താരങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കണം.’ ഷിബു പറയുന്നു.

കൂലിപ്പണിക്കു പോകുന്ന അച്ഛനും അമ്മയും മൂന്ന് സഹോദരങ്ങളുമടങ്ങുന്നതാണ് പ്രിയയുടെ കുടുംബം. പ്രതിസന്ധികളെ തോല്‍പ്പിച്ച് ഏഷ്യന്‍ ബേസ്‌ബോള്‍ കിരീടം നേടാന്‍ പ്രിയ യാത്രയാവുകയാണ്. കോഴിക്കോട് വിലങ്ങാട് മലനിരകളിലെ വായാട് കുറിച്യ കോളനിയില്‍ വീട്ടില്‍ നിന്നും ഭുവനേശ്വറിലേക്ക്. അവിടെ നിന്നും പിന്നീട് ഹോങ്കോങ്ങിലേക്കും. വിലങ്ങാട് മലമുകളിലെ വീട്ടില്‍ മകളുടെ കായിക സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ സഹായങ്ങളുമായി സുമനസ്സുകളെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.


ബേസ് ബോള്‍
ഒന്‍പതു കളിക്കാര്‍ വീതമുള്ള രണ്ടു ടീമുകള്‍ ഉരുണ്ട ബാറ്റും പന്തും ഉപയോഗിച്ചു കളിക്കുന്ന കായികവിനോദമാണ് ബേസ്ബാള്‍. ഏകദേശം ക്രിക്കറ്റ് ബോളിന്റെ വലിപ്പമുള്ള തുകല്‍ കൊണ്ടു പൊതിഞ്ഞ ബോള്‍ എറിയുന്ന ആളിനെ പിച്ചര്‍ എന്നാണു വിളിക്കുന്നത്. എതിര്‍ചേരിയിലെ ബാറ്റര്‍ എന്നു വിളിക്കുന്ന ബാറ്റ്സ്മാന്‍ മരം കൊണ്ട് നിര്‍മ്മിച്ച ഉരുളന്‍ തടിബാറ്റു കൊണ്ട് പന്ത് അടിച്ച് റണ്‍ എടുക്കാന്‍ ശ്രമിക്കുന്നു. സമയപരിമിതിയില്ലാത്ത ഒന്‍പതു ഇന്നിംഗ്സുകളുള്ള കളിയില്‍, ഓരോ ചേരിയുടേയും ഇന്നിംഗ്സ്, മൂന്ന് ബാറ്റര്‍മാര്‍ പുറത്തായാലാണ് അവസാനിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ വടക്കേ അമേരിക്കയില്‍ ആരംഭിച്ച ഈ കായികത്തിന് ഇന്ന് അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍, ജപ്പാന്‍, തായ്വാന്‍ എന്നിവിടങ്ങളില്‍ ആരാധകരുണ്ട്.

ആദര്‍ശ് ജോസഫ്

ആദര്‍ശ് ജോസഫ്

കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ ജേര്‍ണലിസം വിദ്യാര്‍ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍