UPDATES

കായികം

ഷമി രണ്ടു ദിവസം ദുബായില്‍ ഉണ്ടായിരുന്നുവെന്നു ബിസിസിഐ; ഹസിന്‍ ജഹാന്റെ ആരോപണങ്ങളില്‍ ദുരൂഹതകള്‍ തുടരുന്നു

ഇന്ത്യന്‍ ടീം ആ സമയത്ത് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമദ് ഷമിയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തി വിട്ട ആരോപണങ്ങള്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറെ വിടാതെ പിന്തുടരുകയാണ്. തനിക്ക് നേരെ കൊലപാതകശ്രമം വരെ ഷമിയും കുടുംബവും നടത്തി എന്നതു കൂടാതെ ഷമി ഒത്തുകളിക്കായി പണം വാങ്ങിയെന്ന ഹസിന്റെ ആരോപണവും ഇപ്പോള്‍ ബംഗാള്‍ താരത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. പാകിസ്താനി യുവതിയായ അലിഷ്ബയുമായി ഷമിക്കുള്ള ബന്ധമാണ് ഒത്തുകളി വിവാദത്തിലേക്ക് താരത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഷമിയും അലിഷ്ബയുമായി തമ്മില്‍ അടുത്ത ബന്ധമാണെന്നും ഇരുവരും ലൈംഗികബന്ധത്തില്‍ വരെ ഏര്‍പ്പെട്ടിട്ടുണ്ടെന്നുമായിരുന്നു ഹസിന്റെ ആരോപണം. അലിഷ്ബയെ കാണാന്‍ ഷമി ദുബായില്‍ പോകകുമെന്നും അവിടെ വച്ചാണ് ഒത്തുകളിക്കായി പണം വാങ്ങിയതെന്നും ഹസിന്‍ പറയുന്നു.

അതേസമയം ഹസിന്റെ പരാതിയില്‍ അന്വേഷണം നടത്തുന്ന കൊല്‍ക്കത്ത പൊലീസിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ വിവരം അനുസരിച്ച് ഫെബ്രുവരിയില്‍ രണ്ടു ദിവസം ഷമി ദുബായില്‍ ഉണ്ടായിരുന്നുവെന്നാണ്. ഫെബ്രുവരി മാസത്തെ ഷമിയുടെ ക്രിക്കറ്റ് ഷെഡ്യൂളമായി ബന്ധപ്പെട്ട് വിവരം ആരാഞ്ഞ് പൊലീസ് നല്‍കിയ കത്തിനു മറുപടിയായാണ് ബിസിസിഐ ഷമി ദുബായില്‍ പോയിരുന്ന കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരിയില്‍ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ തിരക്കിലായിരുന്നു. എന്നാല്‍ ഈ ടീമില്‍ ഷമി ഇടം പിടിച്ചിരുന്നില്ല. എന്നാല്‍ ഷമി ബിസിസിഐയുടെ സ്‌പോണ്‍സര്‍ഷിപ്പിലാണോ അതോ വ്യക്തിപരമായ കാര്യത്തിനാണോ ദുബായില്‍ പോയതെന്ന കാര്യം തങ്ങള്‍ അന്വേഷിക്കുകയാണെന്നു കൊല്‍ക്കത്ത പൊലീസ് പറഞ്ഞു. ബിസിസിഐയുടെ പക്കല്‍ നിന്നുള്ള കത്തില്‍ പറയുന്നത് ഫെബ്രുവരി 17,18 തീയതികളില്‍ ഷമി ദുബായില്‍ ആയിരുന്നുവെന്നാണ്. ഈ യാത്രയുമായി മറ്റെന്തെങ്കിലും കാര്യങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിക്കുകയാണ്; പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം ഉത്തര്‍പ്രദേശില്‍ തങ്ങള്‍ക്ക് ഷമിയുടെ കുടുംബത്തെ കാണാന്‍ സാധിച്ചില്ലെന്നും കൊല്‍ക്കത്ത പൊലീസ് പറയുന്നു. തനിക്ക് ഉറക്ക ഗുളിക നല്‍കി തന്നെ കൊല്ലാന്‍ ഷമിയുടെ ബന്ധുക്കള്‍ ശ്രമിച്ചു എന്ന പരാതിയും ഹസിന്‍ നല്‍കിയിരുന്നു. ഹസിനെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ പക്കല്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം തനിക്കും ഷമിക്കും ഇടയില്‍ ഹസിന്‍ ജഹാന്‍ ആരോപിക്കുന്ന തരത്തിലുള്ള യാതൊരുബന്ധവും നിലനില്‍ക്കുന്നില്ലെന്ന് പാകിസ്താനിയായ അലിബ്ഷ മാധ്യമങ്ങളോട് പ്രതികരിച്ചു. താനും ഷമിയും ദുബായില്‍ കണ്ടുമുട്ടിയെന്ന കാര്യം സമ്മതിക്കുന്നുവെന്നും എന്നാല്‍ ആ കൂടിക്കാഴ്ചയില്‍ എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന ആരോപണം തെറ്റാണെന്നും അലിഷ്ബ വ്യക്തമാക്കി.

താന്‍ സ്ഥിരമായി ദുബായില്‍ പോകാറുണ്ടെന്നും ഷാര്‍ജയില്‍ തന്റെ സഹോദരി താമസിക്കുന്നുണ്ടെന്നും അലിഷ്ബ പറഞ്ഞു. ഒരു ആരാധിക എന്ന നിലയിലാണ് എനിക്ക് ഷമിയോട് ഇഷ്ടം. തങ്ങള്‍ ആരാധിക്കുന്ന വ്യക്തിയെ നേരില്‍ കാണുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. മറ്റെല്ലാ ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട താരത്തെ നേരില്‍ കാണുന്ന അതേ ആഗ്രഹത്തോടെ തന്നെയാണ് ഷമിയെ താന്‍ കണ്ടതും, അതൊരിക്കലും എന്തെങ്കിലും വലിയൊരു ഇടപാടിന്റെ ഭാഗമായിട്ടല്ല എന്നും അലിഷ്ബ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍