UPDATES

ട്രെന്‍ഡിങ്ങ്

ഇടിക്കൂട്ടിലെ കരുത്തുള്ള വനിത; ലോക ബോക്‌സിങില്‍ ആറാം സ്വര്‍ണം നേടിയ മേരി കോമിന് കുറിച്ച് അറിയാം

2001 ല്‍ അമേരിക്കയില്‍ നടന്ന വനിതകളുടെ ലോക അമേച്വര്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനമായിരുന്നു താരത്തിന്റെ രാജ്യത്തിനു വേണ്ടിയുള്ള ആദ്യ നേട്ടം.

വനിതാ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണ്ണം. യുക്രൈന്റെ ഹന്ന ഒഖട്ടോയെയാണ് മേരി കോം ഫൈനലില്‍ തോല്‍പ്പിച്ചത്. സ്വര്‍ണത്തോടെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറു തവണ സ്വര്‍ണ്ണം നേടുന്ന വനിതയെന്ന നേട്ടമാണ് മേരി കോം സ്വന്തമാക്കിയത്. ക്യൂബന്‍ ഇതിഹാസ താരം ഫെലിക്‌സ് സാവോന്റെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് മേരി. 2010ലാണ് മേരി അവസാനമായി സ്വര്‍ണ്ണം നേടിയത്. 48കെ.ജി സെക്ഷനിലായിരുന്നു താരത്തിന്റെ നേട്ടം. ഈ വിഭാഗത്തിലാണ് താരം ആറ് സ്വര്‍ണ നേട്ടവും കുറിച്ചത്.

മണിപ്പൂരി ബോക്സിങ് താരമായ ജിങ്കോ സിങിന്റെ പ്രകടനങ്ങളായിരുന്നു മേരി കോമിന് ബോക്‌സിംഗ് റിംഗിലേക്ക് ക്ഷണിച്ചത്. തന്റെ വഴി ബോക്സിങ് ആണെന്ന് മേരി തെരഞ്ഞെടുക്കുകയായിരുന്നു. മണിപ്പൂരിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് മേരി കോമിന്റെ ജനനം. പെണ്‍കുട്ടി ആയതിനാല്‍ ബോക്സിങ്ങിലേക്കിറങ്ങുമ്പോള്‍ താരത്തിന് പ്രതിബന്ധങ്ങള്‍ ഏറെയായിരുന്നു മേരിക്ക്. ബോക്സിങ് ഒരു പ്രൊഫഷനായെടുക്കാന്‍ തീരുമാനിച്ചതോടെ വീട്ടുകാരുടെ എതിര്‍പ്പും ശക്തമായി. പക്ഷേ ഒന്നിന് മുന്നിലും കീഴടങ്ങാന്‍ മേരി തയ്യാറായിരുന്നില്ല.

മണിപ്പൂരിന്റെ സംസ്ഥാന ബോക്സിങ് പരിശീലകനായ നര്‍ജിത് സിങിന്റെ കീഴില്‍ 2000 ല്‍ ആണ് മേരി ബോക്സിങ്ങ് പരിശീലനത്തിനിറങ്ങുന്നത്. 2001 മുതല്‍ ബോക്സിങിലെ ഇന്ത്യന്‍ സാന്നിധ്യമായി മേരി കോം മാറുകയായിരുന്നു. ഇപ്പോള്‍ ആറാം തവണ ലോക ബോക്സിങ് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയിരിക്കുന്നു. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു റെക്കോര്‍ഡ്.

2012 ലെ ലണ്ടന്‍ ഒളിംപിക്സില്‍ ഇന്ത്യക്ക് വെങ്കല മെഡല്‍ സമ്മാനിച്ച താരമാണ് മേരി കോം. തന്റെ ഭാര വിഭാഗത്തില്‍ മത്സരമില്ലാത്തതിനാല്‍ ഉയര്‍ന്ന ഭാര വിഭാഗത്തിലായിരുന്നു അന്ന് മേരിക്ക് മത്സരിക്കേണ്ടി വന്നത്. 2016ലെ ഒളിമ്പിക്‌സോടെ വിരമിക്കാനായിരുന്നു മേരികോമിന്റെ തീരുമാനം. എന്നാല്‍ റിയോയലേക്ക് മേരിക്ക് യോഗ്യത നേടാനായില്ല. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി മേരികോമിനെ റിയോയിലെത്തിക്കാന്‍ ബോക്‌സിംഗ് അസോസിയേഷന്‍ ശ്രമിച്ചിരുന്നെങ്കിലും ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റി അനുമതി നല്കിയില്ല.

ഇപ്പോള്‍ ഒരു ഒളിമ്പിക്‌സ് സ്വര്‍ണം നേടണമെന്ന ലക്ഷ്യത്തിലാണ് മേരി. അതിനായുള്ള പരിശീലനത്തിലാണ് താരം. 2020 ഒളിമ്പിക്സില്‍ തന്റെ ഇനം ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് താരം. ഒളിമ്പിക്‌സില്‍ സ്വര്‍ണ നേട്ടം നേട്ടു കുറിക്കാതെ വിശ്രമമില്ലെന്ന് പറഞ്ഞ 31 കാരിയായ മേരികോം രണ്ട് കുട്ടികളുടെ അമ്മയാണ്. 2005 ല്‍ നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് മേരി കോം ഒണ്‍ലെര്‍ കോം എന്ന ചെറുപ്പക്കാരനുമായി വിവാഹിതിയാകുന്നത്.

2013 ല്‍ രാജ്യം മേരി കോമിനെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2010 ല്‍ പത്മശ്രീയും മേരിക്ക് സമ്മാനിച്ചിരുന്നു. 2009 ല്‍ രാജ്യം മേരി കോമിന് ഖേല്‍ രത്ന പുരസ്‌കാരം സമ്മാനിച്ചു. മേരി കോമിന്റെ ജീവിത കഥയാണ് അവരുടെ അതേ പേരില്‍ സഞ്ജയ് ലീല ബന്‍സാരി സിനിമയാക്കിയത്. ഒമങ് കുമാറാണ് സിനിമ സംവിധാനം ചെയ്തത്. പ്രിയങ്ക ചോപ്രയാണ് മേരി കോമിനെ അവതരിപ്പിച്ചത്. മേരി കോമിന്റെ ആത്മകഥയുടെ പേരാണ് അഭേദ്യം. സ്‌കൂള്‍ പഠനകാലത്ത് മൂന്ന് തവണയാണ് മേരി കോം സ്‌കൂളുകള്‍ മാറിയത്. മെട്രിക്കുലേഷന്‍ പാസ്സായില്ല. വീണ്ടും സ്‌കൂളിലേക്ക് പോകാന്‍ മേരി തയ്യാറായില്ല. ഓപ്പണ്‍ സ്‌കൂളില്‍ പരീക്ഷയെഴുതി പാസായി. പിന്നീട് ചുരാചന്ദ്പുര്‍ കോളേജില്‍ നിന്ന് ബിരുദം നേടുകയായിരുന്നു.

പറയേണ്ട കഥകള്‍, കാണേണ്ട കാഴ്ചകള്‍; അഭ്രപാളിയിലെ മേരി കോം

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ആറ് സ്വര്‍ണ്ണം : ഐതിഹാസിക നേട്ടവുമായി മേരി കോം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍