UPDATES

കായികം

ആറാം കപ്പില്‍ കണ്ണുനട്ട് മഞ്ഞപ്പട; മെസി പറഞ്ഞത് പോലെ ഫേവറിറ്റുകള്‍ ബ്രസീല്‍ തന്നെ

ഇത്തവണ തങ്ങളല്ല ഫേവറിറ്റുകളെന്നും ബ്രസീലും സ്‌പെയിനും ജര്‍മ്മനിയുമാണ് ഈ ലോകകപ്പിനെത്തുന്ന എറ്റവും മികച്ച ടീമുകളെന്നും പറഞ്ഞത് ഫുട്‌ബോള്‍ പ്രേമികളുടെ മിശിഹയും അര്‍ജന്റീനയുടെ ജീവാത്മാവുമായ ലയണല്‍ മെസിയാണ്.

Avatar

അമീന്‍

റഷ്യ ലോകകപ്പിലെ ഫേവറിറ്റുകളാണ് ബ്രസീല്‍. ഇത്തവണ തങ്ങളല്ല ഫേവറിറ്റുകളെന്നും ബ്രസീലും സ്‌പെയിനും ജര്‍മ്മനിയുമാണ് ഈ ലോകകപ്പിനെത്തുന്ന എറ്റവും മികച്ച ടീമുകളെന്നും പറഞ്ഞത് ഫുട്‌ബോള്‍ പ്രേമികളുടെ മിശിഹയും അര്‍ജന്റീനയുടെ ജീവാത്മാവുമായ ലയണല്‍ മെസിയാണ്. എന്തായാലും നെയ്മറിന്റെ നേതൃത്വത്തിലെത്തുന്ന ബ്രസീല്‍ ടീം ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും സന്തുലിതമായ നിരകളിലൊന്നാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നേരിട്ട് പ്രവേശനം നേടിയ ആതിഥേയരായ റഷ്യ കഴിഞ്ഞാല്‍ ഏറ്റവുമാദ്യം ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത് ബ്രസീല്‍ ആണെന്നത് തന്നെ അവരുടെ കരുത്ത് വ്യക്തമാക്കുന്നു. അര്‍ജന്റീനയും ഉറുഗ്വായും കൊളംബിയയും പെറുവും ചിലിയുമൊക്കെയുള്ള ദക്ഷിണ അമേരിക്കയില്‍ നിന്നാണവര്‍ ലോകകപ്പിലേക്ക് ആധികാരികമായി, വ്യക്തമായ മുന്‍തൂക്കത്തോടെ ചുവടുവെച്ചത്.

സ്വന്തം നാട്ടില്‍ നടന്ന 2014 ലോകകപ്പില്‍ നിന്ന് നെയ്മറിന്റെ ടീം ഏറെ മുന്നോട്ടുപോയെങ്കിലും സെമിയില്‍ ഏഴ് ഗോളിന് ജര്‍മ്മനിയോടേറ്റ തോല്‍വി അവരെ ഇന്നും വേട്ടയാടുന്നുണ്ടെന്നതാണ് വാസ്തവം. പരിക്കേറ്റ നായകന്‍ നെയ്മറില്ലാതെ സെമിയ്ക്കിറങ്ങിയ കാനറികള്‍ ബൊലെ ഹൊറിസോണ്ടയില്‍ ജര്‍മനിയോട് ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പിടഞ്ഞുവീണത്. 1950 ലോകകപ്പ് ഫൈനലില്‍ ഉറുഗ്വായോടേറ്റ തോല്‍വിക്ക് ശേഷം ബ്രസീലിനെ വേട്ടയാടുന്ന മാരക്കനായിലെ ആ രണ്ടാം ദുരന്തത്തിന്‍റെ മുറിവുണക്കാന്‍, ഫുട്ബോളിനെ ജീവതാളമാക്കിയ ബ്രസീല്‍ ജനതയ്ക്ക് ഇത്തവണ കിരീടം നേടിയേ തീരൂ.

ലോകകപ്പ് പെരുമ

ടീമിന്റെ മികവ് മാത്രമല്ല പാരമ്പര്യത്തിന്റെ തികവും ലോകകപ്പില്‍ ബ്രസീലിന് അവകാശപ്പെടാനുണ്ട്. ഏറ്റവും കൂടുതല്‍ തവണ ഫിഫ ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ള രാജ്യണ് ബ്രസീല്‍. അഞ്ച് തവണ. 1958, 1962, 1970, 1994, 2002 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ 1950ലും 1998ലും റണ്ണേഴ്സ് അപ്പായി. ഇതുകൂടാതെ നാല് തവണ സെമിയിലും എത്തിയിട്ടുണ്ട് മഞ്ഞപ്പട. ഇതില്‍ രണ്ട് തവണ (1938, 1978) മൂന്നാം സ്ഥാനവും സ്വന്തമാക്കി. 1930 മുതല്‍ ഇതുവരെയുള്ള 21 ലോകകപ്പുകളിലേക്കും യോഗ്യത നേടിയിട്ടുള്ള ഏക ടീമും ബ്രസീലാണ്.

നിലവില്‍ ലോക റാങ്കിംഗില്‍ ജര്‍മനിയ്ക്ക് പിന്നില്‍ രണ്ടാമതാണെങ്കിലും ഓള്‍ ടൈം ലോകകപ്പ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ബ്രസീലിന് തന്നെ. 21 ലോകകപ്പുകളിലെ 104 മത്സരങ്ങളില്‍ 70 ജയവും 17 വീതം സമനിലയും തോല്‍വിയുമാണ് ബ്രസീലിനുള്ളത്. ബ്രസീലിനേക്കാള്‍ കൂടുതല്‍ ലോകകപ്പ് മത്സരിച്ചിട്ടുള്ള ഒരേയൊരു ടീം ജര്‍മനിയാണ്. 19 ലോകകപ്പുകളിലെ അവരുടെ കണക്ക് ഇങ്ങനെ: 106 മത്സരങ്ങള്‍, 66 ജയം, 20 സമനില, 20 തോല്‍വി.

ആദ്യം പതറി, പിന്നെ കുതിച്ചു

18 മത്സരങ്ങളില്‍ പന്ത്രണ്ടിലും ജയം. അഞ്ച് സമനില. തോല്‍വി ഒന്നില്‍ മാത്രം. രണ്ടാം സ്ഥാനക്കാരില്‍ നിന്നും 10 പോയിന്റ് വ്യത്യാസം. ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ബ്രസീലിന്റെ മുന്നേറ്റം അനായാസമായിരുന്നെന്ന് തോന്നും. എന്നാല്‍, കണക്കുകള്‍ പറയുന്ന പോലെ എളുപ്പമായിരുന്നില്ല കാനറികളുടെ തുടക്കം.

യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ചിലിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണവര്‍ അടിയറവ് പറഞ്ഞത്. അടുത്ത മത്സരത്തില്‍ വെനിസ്വേലയ്ക്കെതിരെ സ്വന്തം തട്ടകത്തില്‍ 3-1ന് ജയിച്ചെങ്കിലും അര്‍ജന്റീനയ്ക്കെതിരായ എവേ മാച്ച് സമനിലയിലായി. പെറുവിനെതിതായ അടുത്ത മത്സരത്തില്‍ വീണ്ടും ജയം കണ്ടെത്താനായെങ്കിലും തുടര്‍ന്ന് ഉറുഗ്വായ്ക്കും പരഗ്വായ്ക്കുമെതിരെ തുടരെ രണ്ടു മത്സരങ്ങളില്‍ സമനില വഴങ്ങിയതോടെ ബ്രസീലിന്റെ കാര്യം പരുങ്ങലിലായി. യോഗ്യതാ റൗണ്ടിലെ മൂന്നിലൊന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ആറാം സ്ഥാനത്തായിരുന്നു ബ്രസീല്‍.

ഇതോടെ ലോകകപ്പ് സെമിയിലെ തോല്‍വിയ്ക്ക് ശേഷം ടീമിനെ പരിശീലിപ്പിച്ച ദുംഗയെ മാറ്റി ടിറ്റെയെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവന്നു. പിന്നീട് ലോകം കണ്ടത് ബ്രസീലിന്റെ കുതിപ്പായിരുന്നു. പൗളീന്യോയെയും ജീസസിനേയും ടീമിലെത്തിച്ച ടിറ്റെ, ടീമിന്റെ കേളീശൈലി തന്നെ മാറ്റിമറിച്ചു. പ്രതിരോധത്തിലും ആക്രമണത്തിലും ടിറ്റെ നടത്തിയ പരീക്ഷണങ്ങള്‍ അത്ഭുതപ്പെടുത്തുന്ന ഫലങ്ങളാണുണ്ടാക്കിയത്.

യോഗ്യതാ റൗണ്ടിലെ ആദ്യ ആറ് മത്സരങ്ങളില്‍ എട്ട് ഗോള്‍ വഴങ്ങി 11 ഗോളടിച്ച ബ്രസീല്‍ ടീം പിന്നീടുള്ള 12 മത്സരങ്ങളില്‍ വഴങ്ങിയത് വെറും മൂന്നു ഗോള്‍! അടിച്ചതോ 30 എണ്ണവും. 12 മത്സരങ്ങളില്‍ പത്തും ജയിച്ച് ഒരു തോല്‍വി പോലും വഴങ്ങാതെ ബ്രസീല്‍ ഒന്നാമതെത്തി. ആദ്യ മത്സരത്തില്‍ 2-0ന് തോല്‍പ്പിച്ച ചിലിയെ 3-0ന് തോല്‍പ്പിച്ചുകൊണ്ടാണ് ബ്രസീല്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് അവസാനിപ്പിച്ചത്.

ഗ്രൂപ്പിലെ ശക്തന്‍മാര്‍

സ്വിറ്റ്സര്‍ലന്‍ഡ്, കോസ്റ്ററിക്ക, സെര്‍ബിയ എന്നിവരുള്‍പ്പെടുന്ന ഇ ഗ്രൂപ്പിലെ ശക്തന്‍മാര്‍ ബ്രസീല്‍ തന്നെ. സ്വിറ്റ്സര്‍ലന്‍ഡുമായാണ് ബ്രസീലിന്റെ ആദ്യ മത്സരം. ഗ്രൂപ്പിലെ തീപാറുന്ന പോരാട്ടവും ഇതുതന്നെ. സ്വിറ്റ്സര്‍ലന്‍ഡിനെ മുമ്പ് എട്ട് തവണ നേരിട്ടപ്പോള്‍ മൂന്നു തവണ മാത്രമാണ് ജയം കാനറികള്‍ക്കൊപ്പം നിന്നത്. രണ്ട് തവണ തോല്‍വി രുചിച്ചപ്പോള്‍ മൂന്ന് തവണ മത്സരം സമനിലയിലായി. എന്നാല്‍, ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഒടുവില്‍ ക്രൊയേഷ്യയെ വരെ തോല്‍പ്പിച്ച് നില്‍ക്കുന്ന ബ്രസീല്‍ ടീമിന് തന്നെയാണ് മത്സരത്തില്‍ മുന്‍തൂക്കം. കഴിഞ്ഞ ലോകകപ്പിലെ ജര്‍മനിയ്ക്കെതിരായ തോല്‍വിക്ക് ശേഷം ഇറങ്ങുന്ന ലോകകപ്പ് മത്സരമെന്ന നിലയില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബ്രസീല്‍ ലക്ഷ്യമിടില്ല. സെര്‍ബിയയും കോസ്റ്റാറിക്കയും നിലവില്‍ ബ്രസീലിന് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന ടീമുകളല്ല. അതിനാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായിത്തന്നെ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാനാകും ബ്രസീലിന്റെ ശ്രമം.

ഇ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാല്‍ എഫ് ഗ്രൂപ്പ് റണ്ണറപ്പുകളുമായാകും ബ്രസീലിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരം. ജര്‍മനി, മെക്സിക്കോ, സ്വീഡന്‍, ദക്ഷിണ കൊറിയ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പില്‍ ജര്‍മനി ചാമ്പ്യന്‍മാരായാല്‍ മെക്‌സിക്കോയോ സ്വീഡനോ ആകും ബ്രസീലിന് എതിരാളികള്‍. ജി ഗ്രൂപ്പ് ചാമ്പ്യന്‍മാരും എച്ച് ഗ്രൂപ്പ് റണ്ണേഴ്സ് അപ്പും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ വിജയികളായിരിക്കും ക്വാര്‍ട്ടറിലെ ബ്രസീലിന്റെ എതിരാളികള്‍. ജി ഗ്രൂപ്പില്‍ നിന്ന് ബെല്‍ജിയം, ഇംഗ്ലണ്ട് ടീമുകള്‍ക്കും എച്ച് ഗ്രൂപ്പില്‍ നിന്ന് കൊളംബിയ, സെനഗല്‍ ടീമുകള്‍ക്കുമാണ് സാധ്യത എന്നതിനാല്‍ ഇവരില്‍ ആരെയെങ്കിലുമാകും ബ്രസീലിന് നേരിടേണ്ടി വരിക. നിലവിലെ ഫോമില്‍ ബ്രസീല്‍ സെമിയിലെങ്കിലും എത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ടിറ്റെയുടെ തന്ത്രങ്ങള്‍, ബ്രസീലിന്റെ കളിമികവ്

ടീമിന് ഏറ്റവും അനുയോജ്യമായ തന്ത്രങ്ങള്‍ മെനയുന്ന പരിശീലകനും അത് മികച്ച രീതിയില്‍ നടപ്പാക്കുന്ന കളിക്കാരും. ടിറ്റെയെന്ന പരിശീലകനും ബ്രസീലിയന്‍ താരങ്ങളുമായുള്ള ഈ കെമിസ്ട്രി തന്നെയാണ് നിലവില്‍ അവരെ ലോകത്തെ ഏറ്റവും മികച്ച ടീമാക്കി മാറ്റുന്നത്. ടിറ്റെയുടെ കീഴില്‍ കളിച്ച 20 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ബ്രസീല്‍ തോല്‍വിയറിഞ്ഞിട്ടുള്ളത്. ഇപ്പോഴും ബ്രസീലിന്റെ കുന്തമുന നെയ്മറാണെങ്കിലും ഒറ്റ താരത്തില്‍ മാത്രം കേന്ദ്രീകൃതമല്ല ടീമിന്റെ കളിമികവെന്നതാണ് 2014ല്‍ നിന്ന് 2018ല്‍ എത്തുമ്പോള്‍ മഞ്ഞപ്പടയ്ക്കുണ്ടായ ഏറ്റവും വലിയ വ്യത്യാസം.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലിനായി കൂടുതല്‍ ഗോള്‍ നേടിയത് ജീസസാണ്. ഏഴെണ്ണം. ആറ് ഗോളടിച്ച നെയ്മറിനൊപ്പം ഇത്രയും തന്നെ ഗോളുകളുമായി പൗളീഞ്ഞ്യോയുമുണ്ട്. മുന്‍നിരയില്‍ ഡഗ്ലസ് കോസ്റ്റയും മിഡ്ഫീല്‍ഡര്‍മാരായ കുട്ടീന്യോയും വില്യനുമൊക്കെ ചേരുമ്പോള്‍ മഞ്ഞപ്പടയുടെ ആക്രമണത്തില്‍ ആരും ഒരു മയവും പ്രതീക്ഷിക്കേണ്ട.

ബാറിന് കീഴില്‍ റോമയുടെ അലിസണ്‍ ബ്രസീലിന്റ വിശ്വസ്തനാണ്. ഫിലിപ്പ് ലൂയിസ്, മാഴ്സലോ, മിറാന്‍ഡ, സില്‍വ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പ്രതിരോധ നിരയും ഒട്ടും മോശമല്ല. എന്നാല്‍ ആക്രമണോത്സുകരായ വിങ്ങര്‍മാര്‍ കയറിക്കളിക്കുന്നത് എതിരാളികളുടെ പ്രത്യാക്രമണങ്ങളില്‍ വിനയായേക്കും. പ്രതിരോധത്തിലെ ഈ വിള്ളല്‍ ലക്ഷ്യമിട്ടാകും എതിര്‍ ടീമുകള്‍ ബ്രസീലിനെതിരെ തന്ത്രം മെനയുക. തുടര്‍ച്ചയായി നായകന്‍മാരെ മാറ്റുന്ന ടിറ്റെയുടെ തന്ത്രം വലിയ വേദിയില്‍ ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന് സംശയിക്കുന്നവരുമുണ്ട്. ഇഴകീറി പരിശോധിച്ചാല്‍ ദൗര്‍ബല്യങ്ങള്‍ കണ്ടെത്താമെങ്കിലും ഈ ലോകകപ്പിനെത്തുന്ന ബ്രസീല്‍ ടീമിനെ എതിരാളികളായി കിട്ടാന്‍ ഒരു ടീമും ആഗ്രഹിക്കില്ലെന്നുറപ്പ്.

ബ്രസീലിന് ശേഷം തുടര്‍ച്ചയായി ലോകകപ്പ് നേടുന്ന ടീമാകുമോ ജര്‍മ്മനി? 66 മുതല്‍ ലോകചാമ്പ്യന്മാര്‍ക്ക് സംഭവിച്ചത്

സൗദിക്ക് പ്രതീക്ഷിക്കാന്‍ കുതിപ്പ് മാത്രം

ലോകകപ്പ് മെസിയോട് നീതി കാട്ടുമോ?

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍